ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

 ശവപ്പെട്ടിയുടെ മുകളിൽ അവസാനത്തെ പിടി മണ്ണ് ഇട്ടതു ഞാൻ ആയിരുന്നൂ. എല്ലാവരും പോകുന്നത് വരെ ഞാൻ കാത്തു നിന്നൂ. ഒന്നു കാർക്കിച്ചു തുപ്പിയതിനു ശേഷം ഞാൻ ആ മണ്ണ് ആ പെട്ടിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. അത് വലിച്ചെറിയുമ്പോൾ മനസ്സിൽ ഒട്ടും സങ്കടം ഉണ്ടായിരുന്നില്ല. 

പകരം മനസ്സിൽ എവിടെയൊക്കെയോ ഒതുക്കി വച്ചിരുന്ന എൻ്റെ പക ആ മൺതരികൾക്കു ഒപ്പം ആ കുഴിയിലേക്ക് വീണു. 

"ദൈവത്തിൻ്റെ നീതി"

പെട്ടെന്ന് ആരോ തോളിൽ കൈ വച്ചു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു 

അമ്മയാണ്.

"വാ മോളെ, പോകാം."

ഞാൻ തലയാട്ടി. എന്നിട്ടു ആ കൈ തട്ടി തെറിപ്പിച്ചു. ഒറ്റയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ മനസ്സു ശൂന്യം ആയിരുന്നൂ.

ഈ പ്രായത്തിൽ എനിക്ക് ഇനി ആ കൈത്താങ്ങു ആവശ്യമില്ല. അത് വേണ്ടിയിരുന്ന പ്രായത്തിൽ ഈ കൈ പിടിച്ചു നടത്തുവാൻ ആരെയും ഞാൻ കണ്ടില്ല.

ഫ്ലാറ്റിൽ എത്തി കണ്ണടക്കുമ്പോൾ മനസ്സിൽ ഒരു നാലാം ക്ലാസ്സുകാരി വിങ്ങിപ്പൊട്ടി.

"ആരും തുണയില്ലാത്ത ഒരു പാവം കുട്ടി."

പെട്ടെന്നു കേട്ടു അമ്മയുടെ സ്വരം. 

"മോളെ, അമ്മ പൊക്കോട്ടെ, നിനക്കിവിടെ ഒരു കുറവും ഉണ്ടാകില്ല. അമ്മമ്മ നിന്നെ നന്നായി നോക്കിക്കൊള്ളും."

"വേണ്ട, എനിക്ക് അമ്മയോടൊപ്പം വരണം. എനിക്കിവിടെ നിൽക്കേണ്ട."

"നീ ഇങ്ങനെ വാശി പിടിക്കല്ലേ. ഞാൻ അവിടെ പോയി ഒന്ന് ജോലിക്കു പോയി തുടങ്ങട്ടെ, എന്നിട്ടു നിന്നെ കൂടെ കൊണ്ട് പോകാം."

"അപ്പയോട് എന്നെയും കൊണ്ട് പോകുവാൻ പറ. എനിക്കും വരണം. ഞാൻ കരഞ്ഞു കരഞ്ഞു ചത്ത് പോകും."

അമ്മയെ കെട്ടിപ്പിടിച്ച എൻ്റെ കൈകൾ കരഞ്ഞുകൊണ്ട് അമ്മ അഴിച്ചു മാറ്റി, പിന്നെ അമ്മ അപ്പയോടൊപ്പം പോയി. 

എല്ലാവരും പറഞ്ഞു 

"ഇനി ഒരു വർഷം കഴിഞ്ഞേ അമ്മ വരൂ.."

 അങ്ങനെ എല്ലാവരും ഉണ്ടായിട്ടും നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ അനാഥയായി. അന്ന് ആദ്യമായി തോന്നി അമ്മ നഴ്‌സ്‌ ആവേണ്ടിയിരുന്നില്ല എന്ന്. ഇല്ലെങ്കിൽ അപ്പ അമ്മയെ സൗദിയിലേക്ക് കൊണ്ടുപോകുമായിരുന്നില്ലല്ലോ .

ആ ദിവസ്സം മുതൽ അമ്മവീട്ടിൽ അവർക്കു ഒരു പുതിയെ വേലക്കാരിയെ കിട്ടി. രാവിലെ എഴുന്നേറ്റു പുര അടിച്ചു വാരണം, പിന്നെ അമ്മമ്മയെ അടുക്കളയിൽ സഹായിക്കണം. എന്നിട്ടാണ് എന്നും ഞാൻ സ്കൂളിൽ പോയിരുന്നത്. 

"പെൺകുട്ടികൾ അത്യാവശ്യം അടുക്കള പണികൾ അറിഞ്ഞിരിക്കണമത്രെ"

അമ്മമ്മയുടെ ഭാഷയിൽ നല്ലൊരു പെണ്ണാവാൻ അത് മാത്രം മതി.

പലപ്പോഴും സ്കൂളിൽ പഠിപ്പിച്ച കാര്യങ്ങൾ മനസ്സിലാകാതെ വന്നൂ. ശ്രദ്ധിക്കുവാൻ അമ്മ ഇല്ലല്ലോ. മനസ്സിൽ ആണെങ്കിൽ അമ്മ മാത്രമേ ഉളളൂ. പുസ്‌തകം പഠിക്കുവാൻ എടുക്കുമ്പോൾ പോലും കണ്ണ് നിറയും. ഒന്നും പഠിക്കുവാൻ തോന്നിയിരുന്നില്ല. 

അങ്ങനെ ആ തവണ ആദ്യമായി ഓണപ്പരീക്ഷയ്ക്കു പൊട്ടി. അങ്ങനെയാണ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ അമ്മാവൻ്റെ മുറിയിലേക്ക് എന്നെ മാറ്റുന്നത്. 

കമ്പനിയിൽ നിന്നും അമ്മാവൻ വരുവാൻ എന്നും വൈകും. അപ്പോഴേക്കും അമ്മമ്മ ഉറങ്ങിയിരിക്കും. രാത്രിയിൽ ആണ് പിന്നെ അമ്മാവന് എന്നെ പഠിപ്പിക്കുവാൻ കുറച്ചു സമയം കിട്ടുക. അത് കഴിഞ്ഞാൽ ആ മുറിയിൽ തന്നെ ഉറങ്ങുവാൻ തുടങ്ങി. അമ്മാവനെ എനിക്ക് എന്തോ ഒട്ടും ഇഷ്ടം ആയിരുന്നില്ല. 

അയാൾ എന്നെ എന്താണ് പഠിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പലപ്പോഴും അയാൾ എന്നെ എന്തൊക്കെയോ ചെയ്തു. അത് ആരോടെങ്കിലും പറഞ്ഞാൽ എന്നെ അയാൾ കൊല്ലുമെന്ന് പറഞ്ഞു. അതോടെ എല്ലാം ഞാൻ സഹിച്ചു. അമ്മയോട് സംസാരിക്കുവാൻ അമ്മാവൻ്റെ ഫോൺ ആണ് ഉപയോഗിക്കുക. അതുകൊണ്ടു തന്നെ അമ്മയോട് ഒന്നും പറയുവാൻ കഴിഞ്ഞില്ല.

അന്നാദ്യമായി എനിക്ക് അമ്മയോട് വെറുപ്പ് തോന്നി. ഞാൻ വളരുന്തോറും ആ വെറുപ്പും വളർന്നൂ. അയാളുടെ വിവാഹം നടക്കുന്നത് ഞാൻ എട്ടിൽ  പഠിക്കുമ്പോൾ ആയിരുന്നൂ. അതുവരെ അയാൾ എന്നെ ഉപദ്രവിച്ചിരുന്നൂ. പ്ലസ് വൺ മുതൽ അമ്മ എന്നെ ഹോസ്റ്റലിൽ നിറുത്തി. പഠിക്കുവാൻ നാടാണ് നല്ലതു എന്ന് പറഞ്ഞു എന്നെ ഒരിക്കലും കൂടെ കൊണ്ടുപോയില്ല. വാശിക്ക് പഠിച്ചു ഡോക്ടർ ആയപ്പോളും മനസ്സു സന്തോഷിച്ചില്ല. എന്നും ദുഃഖം മാത്രം ആയിരുന്നൂ മുതൽക്കൂട്ട്.  

"ഒരു പെണ്ണിന് വേണ്ടതെന്തൊക്കെയോ എവിടെയോ നഷ്ടമായി എന്നൊരു തോന്നൽ ആയിരുന്നൂ മനസ്സിൽ എന്നും. എത്രയൊക്കെ മോഡേൺ ആയി ചിന്തിക്കിമ്പോഴും ഉള്ളിനുള്ളിൽ ഒരു പാവം നാട്ടിൻപുറത്തുകാരി ഉറങ്ങി കിടന്നിരുന്നൂ."

ആയിടയ്ക്കാണ് അമ്മാവൻ ചികിത്സക്കായി എൻ്റെ അടുത്ത് വന്നത്. അതും ഒരു നിയോഗം ആകും. അല്ലെങ്കിൽ എന്തെ ഞാൻ ഓൺകോളജി തന്നെ എടുത്തു പഠിച്ചു. 

"വിശദമായി പരിശോദിച്ചു നോക്കുമ്പോൾ മനസ്സിലായി പ്രോസ്റ്റേറ്റ് ക്യാൻസർ ആണ്. അതും പടർന്നു പിടിച്ചിരിക്കുന്നൂ. ഇനി അയാളെ കൊണ്ട് ഒരാണിനെ പോലെ പെരുമാറുവാൻ ആകില്ല. ചികിത്സ തുടങ്ങുവാൻ ഒത്തിരി  വൈകിയിരിക്കുന്നു. Erectile dysfunction ഒന്നും അയാൾ ശ്രദ്ധിച്ചു കാണില്ല."

അന്നാദ്യമായി ജോലി കഴിഞ്ഞു വന്നു കുളിമുറിയിൽ കയറിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു. എന്തൊക്കെയോ നേടി എന്നുള്ള തോന്നൽ മനസ്സിൽ ആദ്യമായി പൊങ്ങി വന്നൂ. അതുവരെ എൻ്റെ ദുഃഖങ്ങൾ ഏറ്റു വാങ്ങിയ ആ ഷവറിൽ നിന്നുള്ള ഓരോ തുള്ളി വെള്ളവും ആദ്യമായി എൻ്റെ പൊട്ടിച്ചിരി ഏറ്റു വാങ്ങി.

അയാൾക്ക്‌ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ഒരു കുട്ടി ആയിരുന്നില്ല. ക്യാൻസർ ആണെന്ന് അറിഞ്ഞതോടെ ഭാര്യ ഇട്ടിട്ട് പോയി. അല്ലെങ്കിലും അയാളെ ഇനി അവർക്കെന്തിനാണ്. 

ഈ കഴിഞ്ഞ ഒരു വർഷം മുഴുവൻ എൻ്റെ മുന്നിൽ കിടന്നാണ് അയാൾ വേദന തിന്നത്. അത് കണ്ടു ഞാൻ മനസ്സിൽ ഒത്തിരി സന്തോഷിച്ചു. അയാളുടെ കണ്ണിൽ നിന്ന് വീണ ഓരോ തുള്ളിയും എനിക്ക് കൂടുതൽ കരുത്തേകി.

ഇന്നിപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നൂ. അയാളുടെ ജഡം ഇപ്പോൾ പുഴു അരിച്ചു തുടങ്ങി കാണും.

ഇനി ഞാൻ പുതിയ ജീവിതം തുടങ്ങുകയാണ്. 

പക്ഷേ അവിടെ എൻ്റെ മാതാപിതാക്കൾക്ക് ഒരു സ്ഥാനവും ഉണ്ടാകില്ല. ജന്മം നൽകിയാൽ മാത്രം അല്ലെങ്കിൽ പണം നൽകിയാൽ മാത്രം ആരും മാതാവോ പിതാവോ ആകില്ല. കിട്ടാത്ത സ്നേഹം അതെന്നും ഒരു തീരാകടമാണ്. അത് തിരിച്ചു കിട്ടണമെന്ന് വയസ്സ് കാലത്തു ആഗ്രഹിക്കരുത്. ഒരു പക്ഷേ ഇത്തിരി ത്യാഗം സഹിച്ചിരുന്നെങ്കിൽ അവർക്കു എന്നെ കൂടെ കൊണ്ട് പോകുവാൻ കഴിഞ്ഞേനെ. അതുമല്ലെങ്കിൽ മോളെ നിന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ എന്ന് ഒരിക്കൽ എങ്കിലും ചോദിക്കാമായിരുന്നില്ലേ. നാട്ടിൽ ലീവിന് വരുമ്പോൾ എങ്കിലും എൻ്റെ കണ്ണിൽ നോക്കി ഇത്തിരി ധൈര്യം തരാമായിരുന്നില്ലേ. ചോദിക്കാനും പറയുവാനും ആരെങ്കിലും ഒക്കെ ഉണ്ടെന്നുള്ള ഒരു തോന്നൽ എങ്കിലും എനിക്ക് ഉണ്ടാക്കുവാൻ അവർക്കായില്ല. എത്രയോ രാത്രികളിൽ ഞാൻ വേദനകൊണ്ട് കരഞ്ഞിരിക്കുന്നൂ. അതും ആരും കേട്ടില്ല.

ഇനി വയ്യ, എൻ്റെ സങ്കടങ്ങൾ അത് ആ മണ്ണിൽ ഞാൻ ഉപേക്ഷിച്ചു. ഒപ്പം ചില ബന്ധങ്ങളും. മറക്കുവാൻ ഞാൻ ശ്രമിക്കും, പക്ഷേ പൊറുക്കുവാൻ വയ്യ. അത് എൻ്റെ തെറ്റാണോ. എൻ്റെ തെറ്റാകും, ജീവിക്കുവാൻ പണം വേണം എന്ന് അമ്മ പറയുമായിരിക്കും. ആ പണം കൊണ്ടാണ് നീ ഡോക്ടർ ആയത് എന്നും പറയുമായിരിക്കും. 

ശരിയാകും. 

പക്ഷേ 

"എനിക്ക് നഷ്ടമായ എൻ്റെ ബാല്യം ഇനി നല്കുവാൻ അവർക്കാകില്ല. ആ കണ്ണുനീർ തുടയ്ക്കുവാനും പണത്തിനു ആകില്ല. എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും എനിക്ക് നഷ്ടമായ പുഞ്ചിരി അതിൻ്റെ വില തിട്ടപ്പെടുത്തുവാൻ ആർക്കും ആകില്ല."

............................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA