പ്രണയം PRANAYAM
പ്രണയത്തെപറ്റി ഒരുപാടു കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. പക്ഷേ, എന്നാലും പ്രണയത്തെക്കുറിച്ചു പ്രണയദിനത്തിൽ എഴുതണം എന്നുണ്ടായിരുന്നൂ. പക്ഷേ ആ ദിവസ്സങ്ങളിൽ എന്തോ എഴുതുവാൻ തോന്നിയില്ല.
പ്രണയം, കാമം, മോഹം ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ കുട്ടികൾക്ക് അറിയാമോ എന്നറിയില്ല. എല്ലാ കാലത്തും പ്രണയം ഉണ്ടായിരുന്നൂ. അത് തുറന്നു പറയാനുള്ള ചങ്കൂറ്റം ഉള്ളവർ കുറവായിരുന്നൂ എന്ന് മാത്രം. പ്രണയം മനസ്സിൽ കുഴിച്ചു മൂടി ജീവിക്കുന്നവർ ആണ് അധികവും.
അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത് ഒരാൾക്ക് മനസ്സു തുറന്നു ഒരാളെ മാത്രമേ പ്രണയിക്കുവാൻ കഴിയൂ എന്നാണ്. ഈ ആദ്യപ്രണയത്തെ പറ്റി ഒത്തിരി പേർ എഴുതിയിട്ടും പാടിയിട്ടും ഒക്കെ ഉണ്ട്. ബാക്കി പലരോടും തോന്നുന്നത് മോഹമോ കാമമോ ഒക്കെ ആയിരിക്കും. 'Lust' എന്ന് പറയുന്നതാവും ശരി. പ്രണയിക്കുന്ന ആളെ പിരിഞ്ഞു മറ്റൊരു ജീവിതാന്തസ്സിലേക്കു പോകുന്നതാണ് ഏറ്റവും വിഷമം പിടിച്ച കാര്യം. ജീവിതം ഒന്നല്ലേ ഉള്ളൂ, അത് പ്രണയിക്കുന്ന ആൾക്കൊപ്പം ആയിക്കോട്ടെ. പക്ഷേ അത് പ്രണയം തന്നെയാണ് എന്ന് ആദ്യം ഉറപ്പു വരുത്തിയിട്ട് വേണം എന്നുമാത്രം.
എൻ്റെ നിൻ്റെ എന്ന് പറയാതെ സ്വപ്നങ്ങൾ ഒരുമിച്ചു ജീവിതമെന്ന പുസ്‌തകത്തിൽ എഴുതുവാൻ കഴിഞ്ഞാൽ എന്നെ സംബന്ധിച്ച് അതാണ് പ്രണയം. എൻ്റെ സ്വപ്നങ്ങളെ അവൻ എപ്പോൾ അവൻ്റെ സ്വപ്നങ്ങളോട് ചേർത്ത് വച്ചുവോ അപ്പോൾ അവനെ ഞാൻ പ്രണയിച്ചു തുടങ്ങി. അതാണ് എൻ്റെ പ്രണയം. എല്ലാ സ്വപ്നങ്ങളും നേടുവാൻ ആയില്ലെങ്കിലും വീഴുമ്പോൾ താങ്ങുവാനും മനസ്സിലാക്കുവാനും ഒരാളുണ്ട് എന്ന് തോന്നി തുടങ്ങിയാൽ പ്രണയം പൂർത്തിയായി.
'live in relationship' മുതലുള്ള പല ആചാരങ്ങളും ഉള്ള കാലമാണല്ലോ ഇത്. എന്നാലും ഒന്നിച്ചൊരുമിച്ചു പോകുവാൻ സാധിക്കും എന്ന് തോന്നിയാൽ അതിനെ ഒരു താലിച്ചരട് കൊണ്ട് ബന്ധിക്കണം എന്നുള്ള ആ പഴയ ചിന്താഗതിക്കാരിയാണ് ഞാൻ. പ്രണയം സത്യം ആണെങ്കിൽ ജീവിതകാലം മുഴുവൻ ആ വ്യക്തിക്കൊപ്പം അത് സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചു നിൽക്കുവാൻ നമുക്ക് സാധിക്കും.
....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ