ENTE APPACHAN എൻ്റെ അപ്പച്ചൻ
ജീവിതത്തിൽ കടങ്ങൾ ഒന്നും ബാക്കി വയ്ക്കരുത് എന്നുള്ളത് എനിക്ക് നിർബന്ധമാണ്. എന്നോട് "എഴുതണം നീ" എന്ന് ആവശ്യപ്പെട്ടത് എൻ്റെ ഭർത്താവാണെങ്കിൽ അതിനുള്ള അടിത്തറ എനിക്ക് സ്വന്തമായത് എൻ്റെ പൈതൃകത്തിൽ നിന്നാണ്. അപ്പച്ചനായിരുന്നു കുട്ടിക്കാലത്തു ഒത്തിരി കഥകൾ എനിക്ക് പറഞ്ഞു തന്നിരുന്നത്. ആ കഥകൾ പിന്നീട് എഴുതുവാൻ എനിക്ക് ചാലകശക്തി നൽകി. അപ്പച്ചൻ എഴുതുമെന്ന് എനിക്കറിയാം..
ലോഡ്ഷെഡിങ്, ഇന്നത്തെ കുട്ടികൾക്ക് അറിയില്ലായിരിക്കും, അന്നൊക്കെ എൻ്റെ കുട്ടിക്കാലത്തു അത് ജീവിതത്തിൻ്റെ ഭാഗം ആയിരുന്നല്ലോ. ആ സമയങ്ങളിൽ രാത്രീ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണ വിളക്കിനു ചുറ്റിലും ഞാനും എൻ്റെ മൂന്നു ആങ്ങളമാരും ഉണ്ടാകും അപ്പനോടൊപ്പം കാതുകൾ കൂർപ്പിച്ചു. എനിക്ക് പ്രേതകഥകൾ കേൾക്കുവാൻ ഒത്തിരി ഇഷ്ടം ആയിരുന്നൂ. ഒരു കൊന്തയും കൈയ്യിൽ പിടിച്ചു അപ്പച്ചൻ പറഞ്ഞു തരുന്ന ആ കഥകൾ ഞാൻ അങ്ങനെ കേട്ടിരിക്കും. ഒരു കഥ തന്നെ അപ്പച്ചനെകൊണ്ട് പല പ്രാവശ്യം ഞാൻ പറയിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ വലുതായപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയതും ആ കാര്യത്തിൽ ആണ്. ആ പഴയ കുട്ടിയുടെ ജിഞാസയോടെ കഥകൾ കേട്ടിരിക്കുവാൻ എനിക്കാവുന്നില്ല.
അമ്മിച്ചിയെപറ്റി ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒത്തിരി എഴുതിയിട്ടുണ്ട്. എന്തോ ഇന്നുവരെ അപ്പച്ചനെകുറിച്ച് ഒന്നും എഴുതിയിട്ടില്ല. നാട്ടിൽ ചെല്ലുമ്പോഴൊക്കെ അപ്പച്ചൻ ചോദിക്കാറുണ്ട്, നീ ഇപ്പോൾ എഴുതാറില്ലേ. ഒരുപക്ഷേ എന്നെങ്കിലും അപ്പച്ചനെപ്പറ്റി ഞാൻ എഴുതും എന്ന് പുള്ളിയും വിചാരിച്ചു കാണും. എൻ്റെ കഥകൾ ഒന്നും അപ്പച്ചൻ വായിച്ചിട്ടില്ല. അതെനിക്കറിയാം. എന്നാലും നാട്ടുകാരൊക്കെ മോളുടെ കഥ വായിച്ചു എന്ന് പറയുമ്പോൾ പുള്ളി ഭയങ്കര ഹാപ്പിയാണ്. പക്ഷേ എൻ്റെ പുസ്തകത്തിൻ്റെ ആദ്യത്തെ കോപ്പി അമ്മിച്ചിയും അപ്പച്ചനും കൂടെ ആണ് ഏറ്റുവാങ്ങിയത് കേട്ടോ.
എൻ്റെ അപ്പച്ചനെ നാട്ടിൽ എല്ലാവരും അറിയും.."അഗസ്റ്റിൻ കൊടിയൻ". ആ അപ്പച്ചൻ്റെ മകൾ എന്ന മേൽവിലാസത്തിൽ ആയിരുന്നൂ സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ ഞാൻ അറിയപ്പെട്ടിരുന്നത്. അപ്പച്ചൻ കോൺട്രാക്ടർ ആയതുകൊണ്ട് തന്നെ അപ്പച്ചൻ പണിയുന്ന കോളേജിലും സ്കൂളിലും തന്നെയാണ് ഞാൻ പഠിച്ചിരുന്നതും. കോളേജ് ഗേറ്റിൽ നിന്നും ഏതെങ്കിലും ഒരു ഇടവേള സമയത്തു പുറത്തു കടക്കാമെന്നു ഞാൻ വിചാരിച്ചാൽ നടക്കില്ല. ആ കോളേജിലെ (St. Xavier's) വാച്ച്മാൻ മുതൽ പ്രിൻസിപ്പൾ വരെ ചോദിക്കും. "അഗസ്റ്റിൻ ചേട്ടൻ എങ്ങോട്ടാ?". അവരൊക്കെ എന്നെ അങ്ങനെയാണ് അന്ന് വിളിച്ചിരുന്നത്. അന്ന് വൈകുന്നേരം ആ വിവരം അപ്പച്ചൻ അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഞാൻ ഒരു നല്ല കുട്ടിയായിരുന്നൂ.
ഇന്നും എനിക്കും പൂർണ്ണമായും മനസ്സിലാകാത്ത ഒരു വ്യക്തിത്വം അതെൻ്റെ അപ്പച്ചൻ ആണ്. അല്ലെങ്കിലും ഒരിക്കലും നമ്മൾക്കാർക്കും മനസ്സിലാകാത്ത ഒരാൾ, അവരുടെ സ്നേഹം, അത് അപ്പൻ മാത്രം ആയിരിക്കും.
ഈ ജൂൺ പത്താം തീയതി അപ്പച്ചൻ ഒരു സ്‌ട്രോക്കിലൂടെ കോമ സ്റ്റേജിലേക്ക് പോയി. ഇത്രയും ദിവസ്സങ്ങൾ ആയിട്ടും അദ്ധേഹം കണ്ണുതുറന്നിട്ടില്ല. ഇപ്പോൾ തോന്നുന്നൂ കുറച്ചു നേരത്തെ അപ്പച്ചനെപ്പറ്റി എഴുതാമായിരുന്നൂ എന്ന്. ഇനി ഞാൻ എഴുതുന്നതൊന്നും അദ്ധേഹത്തിനു വായിക്കുവാൻ കഴിയില്ല.
എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒക്കെ അപ്പച്ചൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നൂ. എനിക്ക് പേടിയോ അതോ ബഹുമാനമോ ആണ് പുള്ളിയോട്. കോളേജിൽ പഠിക്കുമ്പോഴും അതിനൊന്നും മാറ്റം വന്നില്ല. ഞാൻ അങ്ങനെ പുറത്തു ഒറ്റയ്ക്ക് പോകുന്നത് പുള്ളിക്ക് ഇഷ്ടമല്ല.
അന്നൊരിക്കൽ എം എസ് സിക്കു പഠിക്കുമ്പോൾ തമിഴ്‌നാട്ടിൽ രണ്ടുദിവസ്സത്തെ കോൺഫെറെൻസ് നടക്കുന്നു. ആദ്യം മുഴുവൻ ക്ലാസും പോകുവാമെന്നു തീരുമാനിച്ചു. പിന്നെ എല്ലാവരും കാലു മാറി. ഞങ്ങൾ അഞ്ചുപേരായി അവസാനം. വീട്ടിൽ പറഞ്ഞപ്പോൾ അപ്പച്ചൻ വിടില്ല. അല്ലെങ്കിലും അതുവരെ ഞാൻ എവിടെ പോകുവാണെങ്കിലും കൂട്ടിനു മൂന്ന് ആങ്ങളമാരിൽ ഒരാൾ ഉണ്ടാകും. അങ്ങനെ പാവം മൂത്ത ആങ്ങള ജോസ് കൊടിയൻ, മൈക്രോബയോളജിയുടെ രണ്ടുദിവസ്സത്തെ കോൺഫറൻസ് എൻ്റെ കൂടെ 'തിരുച്ചെങ്കോട്' താമസിച്ചു കൂടി. ഇപ്പോഴും ആ പാവം അന്ന് കിട്ടിയ അവൻ്റെ പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് എന്നെ ഇടയ്ക്കു കാണിച്ചു തരുവാൻ വേണ്ടി സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അല്ലെങ്കിലും പണ്ടേ, അപ്പച്ചൻ വേണ്ട എന്ന് പറയുന്ന എല്ലാ കാര്യങ്ങൾക്കും മൂത്ത ആങ്ങളയാണ് എനിക്ക് പൂർണ്ണ പിന്തുണ. അന്നൊക്കെ ജീസസ് യുത്തിലും മറ്റും ക്യാമ്പുകൾക്കു പോകുമ്പോൾ എനിക്ക് കൂട്ടായിട്ടു അവനുണ്ടാകും. ഇല്ലെങ്കിൽ അപ്പച്ചൻ വിടില്ല. അങ്ങനെയൊക്കെ ആണെങ്കിലും അപ്പച്ചൻ ഒരു കാര്യം എനിക്ക് സമ്മതിച്ചു തന്നിരുന്നു. വണ്ടി ഓടിക്കണം എന്ന് പറഞ്ഞപ്പോൾ നീ എൻ്റെ TVS സുസുക്കി ബൈക്ക് ഓടിച്ചാൽ മതി എന്ന് പറഞ്ഞു അതിൽ പഠിപ്പിച്ചു. അതിൻ്റെ ഗിയർ ബോക്സ് ഓടിച്ചു ഞാൻ പൊളിച്ചും കൊടുത്തു.
പിന്നീട് എപ്പോഴോ എനിക്ക് തോന്നി, ഞാൻ വളരുന്ന എൻ്റെ നാട്ടിൻപുറത്തു അതിൻ്റെ ചട്ടക്കൂടുകളിൽ നിന്ന് മാത്രം ഞാൻ വളർന്നാൽ മതി എന്ന് പുള്ളിക്ക് തോന്നിക്കാണും. അതൊക്കെ അന്ന് എനിക്ക് മനസ്സിലാകുമായിരുന്നില്ല. മക്കളെപ്പറ്റി മാതാപിതാക്കൾ ചിന്തിക്കുന്നത് എങ്ങനെയാണ് എന്ന്, ഇന്ന് പക്ഷേ എനിക്ക് മനസ്സിലാകും. കാരണം ഇന്ന് ഞാൻ ഒരമ്മയാണ്.
എനിക്ക് ഡോക്ടറേറ്റ് കിട്ടുമ്പോൾ, സ്റ്റേജിൽ അവർ അത് വിളിച്ചു പറയുമ്പോൾ എഴുന്നേറ്റു നിന്ന് ആദ്യം കൈയ്യടിച്ചത് അപ്പച്ചൻ ആയിരുന്നൂ. മെഡിസിന് പോകുവാൻ ഇഷ്ടമായിരുന്ന എന്നോട് അത് വേണ്ട എന്ന് പറഞ്ഞത് അപ്പച്ചൻ ആണ്. സത്യം പറഞ്ഞാൽ ആ വാശിക്കാണ് മൈക്രോബയോളജിയിൽ ഞാൻ ഡോക്ടറേറ്റ് എടുത്തതും, പേരിനൊപ്പം Dr കൊണ്ടുനടക്കുന്നതും...
സത്യത്തിൽ എൻ്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ഒത്തിരി പേരിൽ ഒരാൾ അപ്പച്ചനാണ്. എൻ്റെ ജീവിതത്തിൽ ഞാൻ നേടിയതിനൊക്കെയും എന്നെ സഹായിച്ച എൻ്റെ വാശി, അതിൻ്റെ മൂലകാരണം അപ്പച്ചൻ ആണ്. ഒറ്റയ്ക്ക് ഞാൻ ഒന്നും നേടിയിട്ടില്ല.
കോൺട്രാക്ടർ ആണെങ്കിലും കള്ളിമുണ്ട് ഉടുത്തു വെയിലത്ത് നിന്ന് അപ്പച്ചൻ പണി എടുക്കും. സ്‌കൂളിലേയും കോളേജിലേയും ജനലിലൂടെ ആ കാഴ്ച ഞാൻ എത്രയോ വട്ടം കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ അധ്വാനത്തിൽ നിന്നും പങ്കു പറ്റുന്ന ഞാൻ എല്ലാത്തിലും മുന്നിൽ നിൽക്കണം എന്ന വാശി, സത്യത്തിൽ അതാണെന്നെ ഇതുവരെ എത്തിച്ചത്. അല്ലെങ്കിലും അപ്പച്ചനെപ്പറ്റി എഴുതുവാൻ എനിക്കറിയില്ല. ചിലതൊക്കെ എഴുതുവാൻ ആകില്ല. ചിലതൊക്കെ പറയുവാനും കഴിയില്ല. ചിലർ അങ്ങനെയാണ് അവർ നമുക്ക് ആരാണ് എന്ന് പറഞ്ഞുതരുവാൻ ആകില്ല.. ഒന്നുമാത്രം അറിയാം. അപ്പച്ചൻ കോമയിലേക്കു പോയപ്പോൾ ജീവിതത്തിൽ വന്ന ഒരു ശൂന്യത ഉണ്ട്. അത് നികത്തുവാൻ ഇനി ആർക്കും കഴിയില്ല.
.... സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ