AMINA BUS - ആമിന ബസ് FB, N, G, A

ആരെങ്കിലും ഒരു പ്രൈവറ്റ് ബസിനെ ഇത്രയും സ്നേഹിക്കുമോ..

സ്നേഹിക്കുമല്ലോ......

സംശയം ഉള്ളവർ വന്നാൽ മതി ഞങ്ങളുടെ നാട്ടിലേയ്ക്ക്. ഇന്നും എന്നോ ഓട്ടം നിർത്തിയ ഒരു ബസ് പഴമക്കാർ നെഞ്ചിലേറ്റി ജീവിക്കുന്നത് ഇവിടെ കാണാം.

അപ്പോൾ പറഞ്ഞു വരുന്നത് ആ സുന്ദരിയെ പറ്റിയാണ്. പച്ചത്തട്ടം അണിഞ്ഞു മന്ദം മന്ദം ഞങ്ങളുടെ നാട്ടിലൂടെ ഓടി നടന്നിരുന്ന സുന്ദരി.

അന്നൊക്കെ എൻ്റെ നാട്ടിൽ ഒത്തിരി ബസ് സർവിസുകൾ ഉണ്ടായിരുന്നില്ല. ആകെ ഉള്ളത് ആമിന ബസ് ആണ്.

വാരാപ്പുഴയെയും ആലുവയെയും തമ്മിൽ ബന്ധിപ്പിക്കുവാൻ പാനായികുളത്തു കൂടെ ഓടിയിരുന്ന ബസ്. ഞങ്ങളുടെ സ്വന്തം ആമിന ബസ്.

രാവിലെ 8.30  നും വൈകുന്നേരം 5 മണിക്കും ഉള്ള ഇവളുടെ ട്രിപ്പുകൾ ഒത്തിരി സഹായമായിരുന്നൂ പ്രത്യേകിച്ചും ഓഫീസിൽ ജോലി ഉള്ളവർക്ക്.എത്രയോ നാൾ ഞങ്ങളുടെ നാട്ടിലെ ജനങ്ങളെ കൃത്യ സമയത്തു ഓഫീസുകളിലും വേണ്ട സ്ഥലത്തെല്ലാം എത്തിച്ചത് അവളായിരുന്നൂ.

 എഴുത്തും വായനയും അറിയാത്തവർ വരെ ബസ് സ്റ്റാൻഡിൽ പോലുംഅവളെ ഒരുകൂട്ടം ബസ്സുകളുടെ ഇടയിൽ നിന്നും എളുപ്പത്തിൽ കണ്ടുപിടിക്കുമായിരുന്നൂ...

എനിക്കാണെങ്കിൽ അവളോട്‌ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്.

അമ്മ വീടിൻ്റെ മുന്നിലൂടെയാണ് ഇവളുടെ പോക്ക്. എപ്പോഴെങ്കിലും ഒറ്റയ്ക്ക് അമ്മ വീട്ടിൽ പോകുവാൻ തോന്നിയാൽ അമ്മ അതിൽ കയറ്റി വിടും. എവിടെ ഇറക്കി വിടണമെന്ന് കിളിയെ അമ്മ പറഞ്ഞേൽപ്പിക്കും . കിറുകൃത്യമായി അവരതു ചെയ്യും.

ബസ് സ്റ്റോപ്പിൽ എത്തുന്നവർ ആദ്യം ഹൈദ്രോസ്‌കയോട് (ബസ് സോപ്പിലെ പീടിക നടത്തുന്ന ഇക്ക) ചോദിച്ചിരുന്നതു ആമിന പോയോ എന്നായിരുന്നൂ.

കുശുമ്പുള്ള കുട്ടികൾ അന്ന് പറയുമായിരുന്നൂ, ഈശ്വരാ ഇന്നും ആമിന ടീച്ചേഴ്സിനെയും കൊണ്ട് കൃത്യ സമയത്തു വരണ്ണ്ടല്ലോ എന്ന്. ആമിന വൈകിയാൽ അദ്ധ്യാപകരും ക്ലാസ്സിൽ വരുവാൻ വൈകും.

ഏതായാലും ഒരു പതിറ്റാണ്ടിലേറെ അവൾ ഞങ്ങളുടെ ഗ്രാമത്തിൻ്റെ എല്ലാമായിരുന്നൂ.പിന്നീടെപ്പോഴോ അവൾ വരാതെയായി. മുതലാളി വിറ്റതാണോ എന്നൊന്നും അറിയില്ല.

പതിയെ എൻ്റെ ആമിനയുടെ സ്ഥാനം സുനിത (പുതിയ ബസ്) തട്ടിയെടുത്തു. എന്നിട്ടും ആ തട്ടമിട്ട സുന്ദരി തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിച്ചൂ...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC