ANASHASYAM അനാശാസ്യം FB

അവനെ ഞാൻ ബാബു എന്ന് വിളിക്കാം. പണ്ടത്തെ സിനിമയിലെല്ലാം കുട്ടികൾക്കു ബാബു എന്ന പേരാണല്ലോ.. അപ്പോൾ ഞാൻ പറയുന്നത് ബാബുവിൻ്റെ കഥയാണ്..

ബാബുവിനെ ഞാൻ ആദ്യമായി കാണുന്നത് നാട്ടിലെ ഇടവഴിയിൽ വെച്ചാണ്, പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയായിട്ടു മാത്രമേ എനിക്ക് അന്ന് അവനെ കണ്ടപ്പോൾ തോന്നിയുള്ളൂ.

പിന്നീടെപ്പോഴോ അവനെ ഞാൻ സ്കൂൾ യുവജനോത്സവ വേദിയിൽ കണ്ടു. എത്ര രസമായിട്ടാണ് അവൻ നൃത്തം ചെയ്തത്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച ഞാൻ അവൻ്റെ ഏഴയലത്തു പോലും വരില്ല.

പിന്നീട് അങ്ങോട്ടു സ്കൂളിലെ ഏതു വേദികളിലും മതി മറന്നു നൃത്തമാടുന്ന ഒരു അത്ഭുതമായി എൻ്റെ മുന്നിൽ അവൻ മാറി. 

ഒരു പഴയ സ്കൂൾ യൂണിഫോം ഷർട്ടും പാൻസും മാത്രമേ അവനു ഉണ്ടായിരുന്നുള്ളൂ. പാവം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. 

പെട്ടെന്ന് ഒരു ദിവസം അവൻ സ്കൂളിൽ വരാതെയായി.അവൻ ഒളിച്ചോടിപ്പോയി എന്ന് ആരൊക്കെയോ പിറുപിറുക്കുന്നതു ഞാൻ കേട്ടു. 

"പന്ത്രണ്ടു വയസ്സുള്ള അവൻ എന്തിനു ഒളിച്ചോടി പോകണം" എന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നൂ.. അത് പതിയെ അവൻ്റെ ഭൂതകാലം ചികയുവാൻ എന്നെ പ്രേരിപ്പിച്ചൂ..

അവനെക്കുറിച്ചു ഞാൻ അറിഞ്ഞ കഥകളൊന്നും സന്തോഷം നല്കുന്നതായിരുന്നില്ല. 

അവൻ്റെ അമ്മ ഒരു വേശ്യ ആയിരുന്നൂ. അവനു അച്ഛൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അവനെ സംബന്ധിച്ച് അത് ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നൂ...  

വേശ്യ എന്ന പദത്തിൻ്റെ അർഥം പൂർണ്ണമായി എനിക്ക് അന്ന് അറിയില്ലായിരുന്നൂ...

എന്നും രാത്രിയിൽ ഓട്ടോയിൽ കയറി പോകുന്ന അമ്മ രാവിലെ വന്നു തളർന്നു കിടന്നുറങ്ങുന്നത് എന്തിനാണെന്ന് അവനു അറിയില്ലായിരുന്നൂ..

എന്നോ ജീവിതം മടുത്തു മനസ്സ് മരവിച്ചു പോയ അവർക്കു അവനെ സ്നേഹിക്കുവാനോ നോക്കുവാനോ സമയം ഉണ്ടായിരുന്നില്ല...

ആരോ ചെറുപ്പത്തിൽ അവരെ ചതിച്ചു അവർക്കു കൊടുത്ത സമ്മാനം ആയിരുന്നൂ അവൻ. സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അവർക്കു ജീവിക്കുവാൻ ശരീരം വിൽക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല...

അമ്മ എപ്പോഴൊക്കെയോ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു ആ വീടിൻ്റെ ഒരു കോണിൽ അവൻ ജീവിതം തള്ളി നീക്കി. 

ചുറ്റിലും ഉള്ളവർ അവനെ പുഛത്തോടെ നോക്കുന്നത് എന്തിനാണെന്ന് അവനു മനസ്സിലായില്ല. അല്ലെങ്കിൽ പലതും അവൻ കണ്ടില്ലെന്നു വച്ചൂ...

തൻ്റെ ദുഃഖങ്ങൾ മറക്കുവാൻ അവൻ വേദികളിൽ നിറഞ്ഞാടി. നാടോടിനൃത്തം അവൻ കളിക്കുമ്പോൾ അവൻ്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ..

ആയിടയ്ക്കാണ് ഒരു ദിവസം രാത്രിയിൽ പുറത്തു പോയ അവൻ്റെ അമ്മ പിറ്റേന്ന് തിരിച്ചു വന്നില്ല. രണ്ടു ദിവസ്സം കഴിഞ്ഞിട്ടും അമ്മ തിരിച്ചു വരാതെ ആയപ്പോൾ അവൻ നന്നേ വിഷമിച്ചൂ...

ക്ലാസ്സിൻ്റെ ഒരു കോണിൽ വിഷമിച്ചിരുന്ന അവനെ ആരും ശ്രദ്ധിച്ചില്ല. അവനു പ്രത്യേകിച്ച് കൂട്ടുകാരും ഉണ്ടായിരുന്നില്ല. 

ദിവസ്സങ്ങൾ കടന്നു പോയി.. അവൻ്റെ വിഷമം കണ്ടു മനസ്സലിഞ്ഞ ആരോ അവൻ്റെ അമ്മയെ പറ്റി അന്വേഷിച്ചു. അവനോടു അത്  പറയുവാൻ അവർ നന്നേ വിഷമിച്ചൂ...

അവൻ്റെ അമ്മയെ അനാശാസ്യത്തിന് പോലീസ് അറസ്റ്റു ചെയ്തു. ഇപ്പോൾ അവർ ജയിലിൽ ആണത്രേ ..

അത് ആ കുഞ്ഞു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നൂ. പുറത്തിറങ്ങുമ്പോഴുള്ള അയൽക്കാരുടെ തീക്ഷ്ണനോട്ടവും അർത്ഥo വെച്ചുള്ള സംസാരവും അവനെ തളർത്തി. 

സഹപാഠികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്ന അവസ്ഥ അവനു സങ്കല്പിക്കാവുന്നതിലും അധികമായിരുന്നൂ.

ഒരു പക്ഷെ അനാശാസ്യം എന്ന വാക്കിൻ്റെ അർഥം മനസ്സിലാക്കുവാനുള്ള പക്വത അവനു ഉണ്ടായിരുന്നിരിക്കണo. 

ആ നിമിഷത്തിൽ താൻ അതുവരെ കഴിച്ച ഭക്ഷണത്തോടു പോലും അവനു വെറുപ്പ് തോന്നികാണണം. അങ്ങനെ ആ രാത്രിയിൽ അവൻ അവിടെ നിന്നും പോയി. 

അവൻ എവിടെ എന്നോ എന്ത് സംഭവിച്ചുവെന്നോ എനിക്കറിയില്ല. 

പിന്നീടെത്രയോ യുവജനോത്സവ വേദികളിൽ നാടോടിനൃത്തം കളിക്കുന്നവരുടെ കൂട്ടത്തിൽ അവനെ ഞാൻ തിരഞ്ഞു...

ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവൻ്റെ തിരോധാനം ഇന്നും മനസ്സിൽ അവശേഷിക്കുന്നൂ..

പിന്നീടെപ്പോഴോ ഒരിക്കൽ പിച്ച തെണ്ടി മുന്നിൽ വന്ന സ്ത്രീ അവൻ്റെ അമ്മയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു...

ജയിലിൽ നിന്നും ഇറങ്ങിയ അവർ അവനെ അന്വേഷിച്ചു നാട്ടിൽ വന്നിരുന്നൂ. അവനെ കാണാതെ ആയപ്പോൾ മാത്രമാണ് ഒളിപ്പിച്ചു വച്ചിരുന്ന വാത്സല്യം പുറത്തു വന്നത്. അവനെ അന്വേഷിച്ചു നടന്നു അവർ തളർന്നു. 

ആ ദിവസ്സങ്ങളിൽ എപ്പോഴോ അവർക്കു മനസ്സിൻ്റെ താളം തെറ്റി....

വേശ്യകളുടെ മക്കൾക്ക് എന്താ ഭൂമിയിൽ ജീവിക്കുവാൻ അവകാശമില്ലേ... തെറ്റ് ചെയ്യുന്നത് പെണ്ണ് മാത്രമാണോ .. കൂടെ കിടക്കുന്ന ആണിനെ എന്തെ ആരും കുറ്റം പറയുന്നില്ല...അവരുടെ മക്കൾക്ക് ഇവിടെ ജീവിക്കാമെങ്കിൽ വേശ്യയുടെ മക്കൾക്കും ഇവിടെ ജീവിക്കാം.

ഈ ഭൂമിയിൽ നീതിമാനെ തീരുമാനിക്കുന്നത് ആരാണ്.... എന്തേ അവനെ പോലെ ഒരു കുട്ടിയെ ആശ്വസിപ്പിച്ചു കൂടെ നിർത്തുവാൻ അവൻ്റെ അയല്പക്കകാർക്കു ആർക്കും തോന്നിയില്ല....

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G