ORU KUNJABADHAM ഒരു കുഞ്ഞബദ്ധം FB

ഭാഷകൾ തമ്മിൽ അന്തരം ഉള്ളപ്പോൾ ആശയവിനിമയം സാധ്യമാവുമെങ്കിലും ചിലപ്പോഴൊക്കെ അത് കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കും.

ബാംഗ്ലൂരിൽ ഞാൻ വന്ന സമയത്തു കന്നഡ കേട്ടാൽ ഞാൻ കുന്തം വിഴുങ്ങിയ പോലെ നിൽക്കുമായിരുന്നൂ.

ഒരു വാക്ക് പോലും മനസ്സിലാവില്ല. പിന്നെ പതിയെ പതിയെ ഞാൻ ആ ഭാഷ പഠിച്ചെടുക്കുകയായിരുന്നൂ. ആ സമയത്തൊക്കെ ഇഷ്ടം പോലെ അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.

അന്നൊരിക്കൽ ഞാനും അനുപേട്ടനും കൂടെ മൈസൂർക്കൊരു യാത്ര പോയി. മൈസൂർ പാലസ് കണ്ടതിനു ശേഷം ഒന്ന് ചാമുണ്ഡി ഹിൽസിലേക്കു പോകാമെന്നു വിചാരിച്ചൂ.

അപ്പോഴാണ് രാത്രി മൈസൂർ പാലസിൽ ദീപം തെളിയിക്കുന്നത് കാണണം എന്ന ചിന്ത വന്നത്.

അന്ന് ഒരു പൊതു അവധി ദിവസം ആയിരുന്നൂ അതുകൊണ്ടു തന്നെ ദീപം തെളിയിക്കുവാനുള്ള സാധ്യത കൂടുതലായിരുന്നൂ. ഇൻറർനെറ്റിൽ വിവരമൊന്നും ഇല്ല.

ഞാൻ അനുപേട്ടനോട് പറഞ്ഞു "ഏതെങ്കിലും നാട്ടുകാരോട് കാര്യം ചോദിക്കാം"

അനുപേട്ടന് കന്നഡ അറിയില്ല അന്ന്. ഞാൻ കന്നടയിൽ ഏതാണ്ടൊക്കെ ഒപ്പിക്കും എന്ന കോൺഫിഡൻസ് എനിക്കുണ്ട്, ആ കാര്യത്തിൽ ലേശം അഹങ്കാരവും ഇല്ലാതില്ല.

അതുകൊണ്ടു തന്നെ ഞാൻ അനുപേട്ടനോട് പറഞ്ഞു

 "ധൈര്യമായിട്ടു പോരെ, ദാ ഇപ്പോൾ തന്നെ എല്ലാം ശരിയാക്കി തരാം."

 അന്ന് അത്ര തിരക്ക് ഉള്ള ദിവസം ആയിരുന്നില്ല. കഷ്ടപ്പെട്ട് ഞാൻ ഒരു നാട്ടിൻപുറത്തുകാരി ചേച്ചിയെ കണ്ടെത്തി എനിക്കാവുന്ന വിധത്തിൽ കാര്യം പറഞ്ഞു.

ചേച്ചി എന്നെ അന്തം വിട്ടു നോക്കികൊണ്ട് നിൽപ്പാണ്.

വീണ്ടും കൈയും കാലും വരെ ഉപയോഗിച്ചു ഞാൻ കാര്യമായി തന്നെ  പ്രശ്നം കന്നടയിൽ അവതരിപ്പിച്ചൂ.

ഉടനെ ചേച്ചി എന്നോട് കന്നടയിൽ ഒരു കാര്യം പറഞ്ഞു.

"അമ്മ ഇംഗ്ലീഷ് ഗൊതില്ല"

എന്ന് പറഞ്ഞാൽ അവർക്കു ഇംഗ്ലീഷ് അറിയില്ല എന്ന്.

അത് കേട്ടതും അനുപേട്ടൻ ഒറ്റ ചിരി.

എനിക്കാണെങ്കിൽ ആകെ ഒരു കുഴപ്പം അപ്പോൾ ഞാൻ പറയുന്നതു കന്നഡ അല്ലേ....

ഇന്നും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല...

അല്ലെങ്കിലും എൻ്റെ കന്നഡ മനസ്സിലാവണമെങ്കിൽ കുറച്ചൊക്കെ തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളൊക്കെ അറിയണം...

പിന്നല്ലാതെ നമ്മൾ മലയാളികളോടാണോ ഭാഷയെ പറ്റി പറയുന്നത്..

അതുകൊണ്ടാണല്ലോ നാട്ടിലെ എല്ലാ ബംഗാളികളും നന്നായിട്ടു മലയാളം പറയുന്നത്.. എന്നാൽ നമ്മൾ ഒട്ടു ഹിന്ദി പഠിക്കത്തുമില്ല....

.....................സുജ അനൂപ്








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC