JOSEPH KODIYAN ജോസഫ് കൊടിയൻ FB, G

തറവാട്ടിൽ തെക്കേ മൂലയിലായി തൂക്കിയിട്ടിരുന്ന കറുത്ത ഉടുപ്പിട്ട (കപ്പൂച്ചിൻ) അച്ചൻ്റെ പടം എനിക്കെന്നും അത്ഭുതമായിരുന്നൂ.

ആരാണെന്നു അറിയില്ല. പക്ഷെ കാണുമ്പോൾ ഒരു പ്രൗഢി ഒക്കെ ഉണ്ട്. എപ്പോഴും കെടാതെ ഒരു ബൾബ് അതിനു മുൻപിൽ പ്രകാശിച്ചു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ മരിച്ചു പോയ ഒരാളുടെ ആണ് അത് എന്ന് എനിക്ക് അറിയാമായിരുന്നൂ..

ഒരിക്കൽ അപ്പച്ചനാണ് അദ്ദേഹത്തെ പറ്റി പറഞ്ഞു തന്നത്.

 ഞാൻ വിചാരിച്ചിരുന്നത് പോലെ അപ്പച്ചൻ ഒറ്റ മകനായിരുന്നില്ല എന്ന സത്യം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.

അപ്പച്ചന് ഒരു ചേട്ടൻ ഉണ്ടായിരുന്നൂ.എനിക്ക് അപ്പച്ചൻ്റെ അഞ്ചു പെങ്ങമ്മാരെ മാത്രമേ അറിയാമായിരുന്നുള്ളൂ.

എട്ടാം തര0 മുതൽ ആ ചേട്ടൻ സെമിനാരിയിലായിരുന്നൂ. അന്നൊക്കെ ഏഴാം തരാം കഴിഞ്ഞാൽ സെമിനാരിയിൽ ചേരാം. മഞ്ഞുമ്മൽ സിആർസിയുടെ ആസ്പിരന്സ് ഹോമിലായിരുന്നൂ അദ്ദേഹം താമസിച്ചിരുന്നത്.

പഠനത്തിലും വായനയിലും എഴുത്തിലും എല്ലാം അദ്ദേഹം മികവ് പുലർത്തിയിരുന്നു എന്ന് പറയപ്പെടുന്നൂ. പലപ്പോഴും പഴമക്കാർ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നതു കേട്ടിരുന്നൂ.

മക്കളിൽ ഏറ്റവും സമർത്ഥനായിരുന്നൂ ചേട്ടൻ എന്നാണ് അപ്പച്ചൻ പറഞ്ഞിരുന്നത്. പ്രായത്തിൽ കവിഞ്ഞ ബുദ്ധിയും പക്വതയും ഉണ്ടായിരുന്നൂ. സെമിനാരിയിലെ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നത്രേ.

അച്ഛനായാൽ ഉടൻ തന്നെ മുന്നോട്ടുള്ള പഠനത്തിന് റോമിലേക്ക് അവസരം ആ സമയത്തു ആ സെമിനാരിയിൽ അദ്ദേഹത്തിന് മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞു കേട്ടിരുന്നൂ.

താമസിക്കുന്ന സ്ഥലത്തു നിന്നും മംഗലപ്പുഴ സെമിനാരിയിൽ പോയാണ് അദ്ദേഹം പഠിച്ചിരുന്നത്. തീയോളജി രണ്ടാം വർഷം പഠിക്കുമ്പോൾ 22 വയസ്സിലാണ് മരണം സംഭവിക്കുന്നത്.

അച്ഛനാകുവാൻ രണ്ടു വർഷം കൂടി മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

അദ്ധേഹത്തിൻ്റെ  മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പറഞ്ഞു കേട്ട അറിവാണ്. പക്ഷെ ഇന്നും ദുരൂഹത നിറഞ്ഞു നിൽക്കുന്ന ഒരു മരണമാണ് അത്.

ഇത്ര ചെറുപ്പത്തിലേ അദ്ദേഹം പോകുമെന്ന് ആരും വിചാരിച്ചിരുന്നില്ല.

ചേട്ടൻ മരിക്കുമ്പോൾ ഒന്നും ചോദിച്ചറിയുവാനുള്ള ഒരു മാനസീകാവസ്ഥയിൽ ആയിരുന്നില്ല ആരും. അപ്പച്ചന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണം എന്ന യാഥാർഥ്യം ഉൾക്കൊള്ളുവാൻ ആർക്കും ആയില്ല.

ഒരു മകൻ അച്ഛനാവാൻ പോയത് കൊണ്ട് തന്നെ രണ്ടാമത്തെ മകനെ വളരെ കണിശതയോടെയാണ് അപ്പൂപ്പൻ വളർത്തി കൊണ്ട് വന്നത്. ഏഴാം തരാം കഴിഞ്ഞപ്പോൾ അപ്പച്ചനും സെമിനാരിയിൽ ചേരുവാൻ ആശിച്ചിരുന്നൂ. പക്ഷെ അപ്പൂപ്പൻ സമ്മതിച്ചില്ല.

എന്നും എൻ്റെ മനസ്സിൽ വല്യേപ്പച്ചൻ്റെ മരണം ഒരു ചോദ്യ ചിഹ്നമാണ്. ആര് എന്തിനു വേണ്ടി അത് ചെയ്തു.... ?

ഈ ജന്മം എനിക്ക് ഒരിക്കലും അതിനുള്ള ഉത്തരം കിട്ടില്ല.

ആ കാലഘട്ടത്തിൽ സയൻസ് ഇത്ര പുരോഗമിച്ചിട്ടില്ല. എതിർത്ത് ചോദിക്കുവാനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നുമില്ല.

മകനെ നഷ്ടപ്പെട്ട അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും വേദന അത് അവരോടു കൂടെ മണ്ണിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു.

എന്തോ.. വീട്ടിൽ ആര് മരിച്ചാലും ഇന്നും അടക്കം ചെയ്യുവാൻ കപ്പൂച്ചിൻ ഉടുപ്പിട്ട ആരെങ്കിലും വരും. ഒരു കർത്തവ്യം പോലെ അവരതു ചെയ്യുന്നൂ. മരിച്ചു പോയ വല്യേപ്പച്ചൻ്റെ ആത്മാവിനു വേണ്ടി.

അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും ശവസംസ്കാരവും അവിടെ നിന്നുള്ള അച്ഛൻമാരാണ് ഒരു മകൻ്റെ സ്ഥാനത്തു നിന്നും ചെയ്തു തന്നത്.

 പക്ഷെ ഞങ്ങൾ ബന്ധുക്കളുടെ ദുഃഖം എന്നെങ്കിലും മാറുമോ. ഇപ്പോഴും ചേട്ടനെ ഓർത്തു വിഷമിക്കുന്ന ആളാണ് എൻ്റെ അപ്പച്ചൻ.

ഒരിക്കലും കാണാത്ത വല്യേപ്പച്ചനെ ഓർത്തു ഞാൻ വിഷമിക്കുമ്പോൾ അപ്പച്ചന് എത്ര മാത്രം വിഷമം തോന്നിയിരിക്കും. അത് കൊണ്ട് തന്നെയാണ് എൻ്റെ മൂത്ത ആങ്ങളയുടെ പേര് ജോസഫ് കോടിയൻ എന്നിട്ടത്.

ഒരിക്കൽ അമ്മ എനിക്ക് മഞ്ഞുമ്മൽ സിആർസിയുടെ  സെമിത്തേരിയിൽ അദ്ദേഹത്തിൻ്റെ കല്ലറ കാണിച്ചു തന്നൂ. ജോസഫ് കൊടിയൻ എന്ന് അതിന്മേൽ എഴുതിയിട്ടുണ്ടായിരുന്നൂ....

ബ്രദർ ജോസഫ് കൊടിയൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഇതു സമർപ്പിക്കുന്നൂ..

.....................സുജ അനൂപ്

ബ്രദർ ജോസഫ് കൊടിയൻ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA