KOODOTHRAM കൂടോത്രം FB, N

എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്, എന്നും എക്കാലവും മാർക്കറ്റിൽ ഏറ്റവും ചിലവുള്ള സാധനo കൂടോത്രം ആണെന്ന്.. ആരാണാവോ ഈ പദം കണ്ടു പിടിച്ചത്. അവനു വല്ല അവാർഡും കൊടുക്കണം.

കുട്ടിക്കാലത്തു കേട്ടിട്ടുള്ള കഥകളിൽ കുറെ എങ്കിലും ഈ പദവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഏതായാലും പ്രശ്നങ്ങളും പരാജയങ്ങളും സംഭവിക്കുമ്പോൾ താൻ മൂലമല്ല അത് കൂടോത്രം മൂലമാണെന്നത്  പൊതുവെ ഉള്ള ഒരു വിശ്വാസമാണ്.എല്ലാ നാടുകളിലും ജാതി മത വ്യത്യാസമില്ലാതെ ഇന്നും നിലനിൽക്കുന്ന ഒരേ ഒരു സംഭവം.

ആരും അറിയില്ല എന്ന് പറയണ്ട " കുട്ടികൾക്ക് കണ്ണ് കിട്ടാതിരിക്കുവാൻ എന്തൊക്കെ ചെയ്തു കൂട്ടുന്ന നാടാണ് ഇത്.."

ഈ സ്ട്രാറ്റജി ഉപയോഗപ്പെടുത്തി ജീവിക്കുന്ന ഒത്തിരി പേരെ നമുക്ക് ചുറ്റും കാണാം. പെട്ടെന്ന് പണക്കാരനാവാൻ ആഗ്രഹിക്കുന്നവർ ഇതിൻ്റെ പുറകെ പോവുന്നത് കാണാം.

കൂടോത്രം ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല..

പക്ഷെ കുട്ടിക്കാലത്തെപ്പോഴോ കൂടോത്രം എന്ന വിഷയവുമായി ബന്ധപ്പെട്ടു ഞാൻ കേട്ട ഒരു കഥയുണ്ട്. ആ കഥയാണ് ഇവിടെ കുറിക്കുന്നത്..

അമ്മ പറഞ്ഞതാണ് ഈ കഥ. പണ്ട് അമ്മയുടെ ഒരു അകന്ന ബന്ധുവിൻ്റെ  വീടിനടുത്തു സംഭവിച്ചതാണിത് എന്നാണ് പറഞ്ഞത്.

 അന്ന് നാട്ടിലെ ഒരു പ്രമാണിയുടെ മകൾക്കു സംഭവിച്ച കഥയാണ് ഇത്.  അന്ന് പെൺകുട്ടിക്ക് ഒരു ഇരുപതു വയസ്സ് പ്രായം കാണും, കാണാനും സുന്ദരി, വിദ്യാഭ്യാസവും ഉണ്ട്. കോളേജിൽ പഠിക്കുന്ന കുട്ടിയാണ്.ആയിടയ്ക്കാണ് പെട്ടെന്ന് അവളുടെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്രേ.

അവൾക്കു ഒരു പാവപ്പെട്ട വീട്ടിലെ പയ്യനോട് പ്രണയം. താഴ്ന്ന ജാതിയിൽ പെട്ട പയ്യൻ. വിദ്യാഭ്യാസവും ഇല്ല. അക്കാലത്തൊക്കെ ജാതി വിവേചനം ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന സമയമാണ്.ഏതായാലും താമസിയാതെ സംഭവം വീട്ടിൽ അറിഞ്ഞു.ആകെ പ്രശ്നം ആയി.

പെൺകുട്ടി സവർണ്ണ ജാതിക്കാരി ആയിരുന്നൂ.വീട്ടുകാർ എത്ര തല്ലിയിട്ടും അവൾ പ്രണയം മറക്കുവാൻ തയ്യാറായില്ല. അവൻ്റെ കൂടെ ഇറങ്ങി പോവും എന്നാണ് പറയുന്നത്.

അങ്ങനെ ഇരുന്നപ്പോഴാണ് ബന്ധുക്കളാരോ കൂടോത്രം ആയിരിക്കും എന്ന കാര്യം പറഞ്ഞത്.ഏതായാലും അവർ ഉടനെ തന്നെ ആരെയോ പോയി കണ്ടു ഒഴിപ്പിക്കൽ കർമ്മം നടത്തി എന്ന് പറയപ്പെടുന്നൂ.കർമ്മത്തിനു ശേഷം അവൾ ഛർദിച്ചെന്നും അതിൽ കൈവിഷം ഉണ്ടായിരുന്നൂ എന്നും പറയപ്പെടുന്നൂ.

ഏതായാലും അതോടെ അവൾ അവനെ മറന്നൂ. എന്ന് മാത്രമല്ല അങ്ങനെ ഒരാളെ സ്നേഹിച്ചിരുന്നതോ അതുവരെ സംഭവിച്ച കാര്യങ്ങളോ അവൾക്കു പിന്നെ ഓർമ്മയുണ്ടായിരുന്നില്ല.ഉഗ്രകൈവിഷം ആയിരുന്നൂ പോലും.വശീകരണമന്ത്രം ആയിരുന്നത്രേ പ്രയോഗിച്ചത്.

സ്വത്തു മോഹികളായ അവളുടെ തന്നെ ബന്ധുക്കളാരോ ഈ പെൺകുട്ടി നശിച്ചു പോയാൽ അവളുടെ സ്വത്തെല്ലാം സ്വന്തമാക്കാം എന്ന് കരുതി ചെയ്യിച്ചതാണെന്നു പറയപ്പെടുന്നു. അവൾ കഴിച്ച ഭക്ഷണത്തിലൂടെ കൈവിഷം കൊടുത്തു എന്നാണ് പറഞ്ഞത്.ഏതായാലും അതോടെ അവൾ വേറെ വിവാഹം കഴിച്ചു. ഇപ്പോൾ സുഖമായി ജീവിക്കുന്നൂ.

തെറ്റൊന്നും ചെയ്യാത്ത അവനു പക്ഷെ അവളെ മറക്കാനായില്ല.
തൻ്റെ ജീവിതം പ്രണയത്തിനായി സമർപ്പിച്ചു അവനും എവിടെയോ ഏകനായി ജീവിക്കുന്നൂ..

പക്ഷേ ... എൻ്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചോദ്യം മറ്റൊന്നായിരുന്നൂ...

 ഇനി അവനെ മറക്കുവാൻ വല്ല കൈവിഷവും അവൾക്കു വീട്ടുകാർ കൊടുത്തതായിരിക്കുമോ?...

അമ്മ ഈ കഥ പറഞ്ഞു തന്നിട്ട് ഒരു ഉപദേശവും തന്നു "പരിചയമില്ലാത്ത ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത്".

അമ്മ ഒരു പക്ഷെ ഇങ്ങനെ ഒരു കഥ പറഞ്ഞു തന്നത് പെൺകുട്ടിയായ ഞാൻ ഒത്തിരി ശ്രദ്ധിച്ചു ജീവിക്കുവാൻ വേണ്ടിയാകും എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഉപദേശങ്ങൾ മനസ്സിൽ ഉറപ്പിക്കണം. കതിരിൽ വളം വെച്ചിട്ടു കാര്യം ഇല്ലല്ലോ. അതിനു ഇങ്ങനെയുള്ള കഥകൾ ഒരു പക്ഷെ എന്നെ സഹായിച്ചിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നൂ.

"വെറുതെ, അത് ചെയ്യരുത്. ഇതു ചെയ്യരുത് എന്നൊക്കെ പറഞ്ഞാൽ ആരും അനുസരിക്കില്ല. പക്ഷേ.. ഇങ്ങനെ ഓരോ കഥകളിലൂടെ  പറയുമ്പോൾ നമ്മൾ പേടിച്ചു അനുസരിക്കും. അത് കൊണ്ട് മാത്രമാകും ഇത്തരം കഥകൾ ഒരു പക്ഷേ ആ കാലഘട്ടത്തിൽ പ്രചരിച്ചിരുന്നത്"

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ