MANIKYAM "മാണിക്യം" FB, A

കുട്ടിക്കാലത്തു കേട്ടതിൽ ഏറ്റവും ഇഷ്ടം എനിക്ക് തോന്നിയത് "മാണിക്യം" എന്ന വസ്തുവിനെ പറ്റിയുള്ള കഥയോടായിരുന്നൂ. പിന്നീട് നാഗിൻ സിനിമകൾ കാണുമ്പോൾ ഞാൻ ഈ കഥ ഓർക്കുമായിരുന്നൂ.

കേട്ടറിഞ്ഞ കഥകൾ അനുസരിച്ചു മാണിക്യം സർപ്പത്തിൻ്റെ സ്വന്തമാണ്. കുട്ടിക്കാലത്തെപ്പോഴോ അമ്മ പറഞ്ഞു തന്ന കഥയാണ് ഇത്.

സർപ്പത്തിൻ്റെ  വായിൽ ആണ് അത് മാണിക്യം സൂക്ഷിക്കുന്നതത്രെ; സർപ്പം അത് എപ്പോഴും കൂടെ കൊണ്ട് നടക്കും. ഇടയ്ക്കെപ്പോഴെങ്കിലും അതിനു വെള്ളം കുടിക്കണം എന്ന് തോന്നിയാൽ അത് കുളക്കരയിൽ വയ്ക്കും എന്നിട്ടു വെള്ളം കുടിക്കും.

ആ സമയത്തു സർപ്പം കാണാതെ ആരെങ്കിലും മാണിക്യം മോഷ്ടിച്ചാൽ സർപ്പം തല തല്ലി മരിക്കും. അങ്ങനെയാണ് നാഗശാപം ഉണ്ടാവുന്നത്.

ചിലപ്പോൾ സർപ്പം ആ കല്ല് എടുക്കുവാൻ വിധിക്കപ്പെട്ട നല്ല മനുഷ്യർക്ക് കൊടുത്തിട്ടു പോവുമത്രേ. തൻ്റെ ഭൂമിയിലെ ജീവിതം തീരാറായി എന്ന് തോന്നുമ്പോഴാണ് സർപ്പം അങ്ങനെ ചെയ്യാറുള്ളതത്രെ.

ആ കല്ലിനു ഒരു മുറി മുഴുവൻ നിറയ്ക്കുന്ന അത്രെയും പ്രകാശം ഉണ്ടാക്കുവാൻ സാധിക്കും പോലും...അതുകൊണ്ടു തന്നെ മാണിക്യം കിട്ടുന്നവർ അത് നല്ല പട്ടു കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണം.. ഇല്ലെങ്കിൽ ആരേലും കട്ട് കൊണ്ട് പോവും...

കാലം തികയാതെ ഇനി ഈ മാണിക്യം സർപ്പത്തിൻ്റെ  കൈയ്യിൽ നിന്നും ആരേലും തട്ടി എടുത്താൽ ആ സർപ്പം തല തല്ലി മരിക്കുമത്രേ; അയാൾക്ക്‌ നാഗശാപവും കിട്ടും.

മാണിക്യം വിധിച്ച മനുഷ്യനിൽ നിന്നും അത് വിധിക്കാത്ത ആൾ തട്ടി എടുത്താൽ അവനു സർവനാശം വരുമത്രേ:

മാണിക്യം കൈയ്യിൽ വെച്ചാൽ ഐശ്വര്യം വരുമെന്നാണ് പൊതുവെ ഉള്ള വിശ്വാസം...

ഏതായാലും അങ്ങനെ 'അമ്മ' പറഞ്ഞു തന്ന ഒരു കഥയാണ് "മാണിക്യം"

പണ്ടൊരിക്കൽ ഞങ്ങളുടെ നാട്ടിൽ സംഭവിച്ച കഥയാണ്.  അന്നൊരിക്കൽ അയലത്തെ വീട്ടിലെ കുട്ടി കുളക്കടവിൽ പോയിരുന്നപ്പോൾ തിളങ്ങുന്ന ഒരു കല്ല് കിട്ടി. അത് "മാണിക്യം" ആയിരുന്നു. പക്ഷെ അവനതു മനസ്സിലായില്ല.

ഒരു നേരമെങ്കിലും വയറു നിറയെ ഭക്ഷണം കഴിക്കുവാൻ  ഗതി ഇല്ലാത്ത  വീട്ടിലെ കുട്ടിയായിരുന്നൂ അവൻ. അവൻ്റെ അമ്മയുമായി വഴക്കിട്ടു  കുളക്കടവിൽ ഇരുന്നപ്പോഴാണ് അവൻ ആ തിളങ്ങുന്ന കല്ല് കാണുന്നത്.

ഭാഗ്യം വരുമ്പോൾ അത് അനുഭവിക്കുവാൻ യോഗവും കൂടി വേണം ശരിയല്ലേ..

ഈ കല്ലുമായി ആ കുട്ടി നേരെ പോയത് അമ്മായിയുടെ വീട്ടിലേക്കായിരുന്നൂ സ്വന്തം വീട്ടിലേക്കു അവൻ അപ്പോൾ പോയില്ല. അവനതു വെറുതെ കളിക്കുവാൻ പോക്കറ്റിൽ ഇട്ടിരുന്നതായിരുന്നൂ.

പക്ഷെ ആ നാഗം അവനു വച്ച് നീട്ടിയ സമ്മാനമായിരുന്നൂ അത്. അവൻ്റെ വീട്ടിലെ ദുഃഖങ്ങൾ മനസ്സിലാക്കി മനസ്സ് നിറഞ്ഞു കൊടുത്ത സമ്മാനം.

കല്ല് കണ്ട അമ്മായിക്ക് അത് "മാണിക്യം" ആണെന്ന് മനസ്സിലായി.
ഒരിക്കൽ പോലും അവനു ഭക്ഷണം കൊടുക്കാത്ത അമ്മായി അന്ന് അവനു വയറു നിറയെ ഭക്ഷണം കൊടുത്തിട്ടു ആ കല്ല് അവൻ്റെ  കൈയിൽ നിന്നും തട്ടി എടുത്തു. ഒരു കച്ചി കൊടുക്കുന്ന ലാഘവത്തോടെ അവനതു കൊടുത്തു.

പാവം പയ്യൻ അവൻ കയ്യും വീശി വീട്ടിലേക്കു പോയി. അവനു വിധിച്ച മാണിക്യം അങ്ങനെ അമ്മായിയുടെ കൈകളിലായി.

പക്ഷെ നാഗശാപത്തിൽ നിന്നും  ഓടി ഒളിക്കുവാൻ അമ്മായിക്ക് ആവുമോ....

അമ്മായി നേരെ ആ നാട്ടിലെ പ്രമാണിയുടെ വീട്ടിൽ പോയി. അവിടെ നിന്നും തന്ത്രത്തിൽ  ഒരു പട്ടു കടം വാങ്ങി വീട്ടിൽ വന്നൂ. ആരെയും അറിയിക്കാതെ ആ മാണിക്യം പട്ടിൽ ഒളിപ്പിച്ചു..

പിന്നെ പതിയെ അമ്മായിക്ക് സ്വത്തുവകകൾ വരുവാൻ തുടങ്ങി. പെട്ടെന്ന് ഏതൊക്കെയോ വ്യാപാരങ്ങൾ തുടങ്ങുവാനും അതിലൂടെ നേട്ടങ്ങൾ കൊയ്യുവാനും അവർക്കു സാധിച്ചൂ. ആ അമ്മായി അങ്ങനെ പെട്ടെന്ന് ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരി ആയി മാറിയത്രെ:

പക്ഷെ വിധിക്കാത്ത മാണിക്യം കൈപറ്റിയ അമ്മായിയെ നാഗശാപം പിന്തുടർന്നൂ...

അമ്മായിയുടെ കൈ വിരലുകൾ എല്ലാം പതിയെ അറ്റു പോയി. മരിക്കുമ്പോൾ അവർക്കു വിരലുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നൂ. ആ കൈ കൊണ്ടാണല്ലോ അവർ എല്ലാം തട്ടി എടുത്തത്.

മാത്രമല്ല അമ്മായിയുടെ കുടുംബത്തിലെ എല്ലാവരും അപകടത്തിൽ പെട്ട് മരിച്ചു. അമ്മായിയുടെ മക്കളെല്ലാം തന്നെ അപകടത്തിൽ പെട്ടാണ് മരിക്കുന്നത്. എല്ലാവരും  സ്വത്ത് അനുഭവിക്കാതെ മരിച്ചൂ.

കൊച്ചുമക്കളെ മാത്രമല്ല ഇപ്പോഴും അവരുടെ തലമുറകളെ മൊത്തം നാഗശാപം പിന്തുടരുന്നുണ്ട് എന്ന് പറയപ്പെടുന്നൂ.

ആയുസ്സെത്തി ആരും ആ വീട്ടിൽ ഇപ്പോഴും മരിക്കാറില്ലത്രേ... ഏതായാലും ഇപ്പോഴും അവിടെ മാണിക്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നൂ.

ഇതിനിടയിൽ ആ കുട്ടിയുടെ വീട്ടുകാർ അമ്മായിയോട് മാണിക്യം തിരിച്ചു ചോദിച്ചുവെന്നും അവർ തനിക്കങ്ങനെ ഒന്നിനെ പറ്റി അറിയില്ല എന്ന് പറഞ്ഞതായും പറയപ്പെടുന്നു.

ഈ കഥ കേട്ട് മാണിക്യം അന്വേഷിച്ചു ഞാനും കസിൻസും കൂടെ എത്ര കുളത്തിൻ്റെ  ചുറ്റിനും തിരഞ്ഞു എന്ന് അറിയാമോ.... മാണിക്യവും കണ്ടില്ല വെള്ളം കുടിക്കുവാൻ സർപ്പവും വന്നില്ല... നടന്നു കാലു തേഞ്ഞതു മാത്രം മിച്ചം...

എപ്പോഴോ എനിക്ക് തോന്നിയിരുന്നൂ അമ്മായിയുടെ വീട്ടുകാരെ പിന്തുടർന്നത് നാഗശാപം ആണോ അതോ ആ കുട്ടിയുടെ കണ്ണീരാണോ എന്ന്.

തനിക്കു ലഭിക്കേണ്ട ഭാഗ്യം തട്ടിയെടുത്ത അമ്മായിയെ അവൻ ശപിച്ചു കാണില്ലേ...

ഓരോ രാത്രികളിലും വയറു നിറച്ചുണ്ണുവാൻ കഴിയാതെ കിടന്നുറങ്ങിയ അവൻ്റെ കണ്ണുനീരാവുമോ ആ കുടുംബത്തെ നശിപ്പിച്ചത്.

തട്ടിയെടുത്ത ഭാഗ്യം ഒറ്റയ്ക്ക് അനുഭവിക്കാതെ കുറച്ചെങ്കിലും പകുത്തു ആ പാവം കുട്ടിക്ക് കൊടുക്കുവാൻ അവൻ്റെ അമ്മായിക്ക് എന്തേ തോന്നിയില്ല. ആർത്തി മൂത്തു അമ്മായി മനുഷ്യത്വം മറന്നു പോയിക്കാണും..

.........................................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC