" PADAVAN" പടവൻ, FB, A, G, LF

അന്നും ഇന്നും കഥകൾ കേൾക്കുവാൻ എനിക്കു ഒത്തിരി ഇഷ്ടമാണ്. 

എൻ്റെ കുട്ടിക്കാലത്തു വൈകുന്നേരങ്ങളിൽ കുടുംബപ്രാർത്ഥനയ്ക്കു ശേഷം ചിലപ്പോഴൊക്കെ അപ്പച്ചൻ പ്രേത കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നൂ. കൂടുതലും പവർ കട്ട് സമയങ്ങളിൽ. എനിക്കെന്തോ അന്നും ഒത്തിരി ഇഷ്ടം ഈ പ്രേതകഥകളോടായിരുന്നൂ.

ജീവിച്ചിരിക്കുന്ന മനുഷ്യരെയാണോ അതോ പ്രേതങ്ങളെയാണോ പേടിക്കേണ്ടത്...

അന്ന് മനസ്സിൽ പതിഞ്ഞ  ഒരു പേരായിരുന്നൂ "പടവൻ".  രാത്രിയുടെ ഇരുളിൽ ഒളിച്ചിരിക്കുന്ന പടവൻ. 

ഒറ്റയ്ക്കു പുറത്തിറങ്ങിയാൽ പടവൻ വരുമത്രേ. എല്ലായിടത്തും വരില്ല  കേട്ടോ. എൻ്റെ ഭാഷയിൽ പറഞ്ഞാൽ പുള്ളിക്കാരന് വീതം കിട്ടിയ കുറെ സ്ഥലങ്ങൾ ഉണ്ട്  അവിടെ മാത്രമേ വരൂ.എന്തായാലും ഈ കാര്യത്തിൽ പുള്ളിക്കാരൻ മാന്യനാണ് എന്നു തോന്നുന്നൂ.

അങ്ങനെ പറഞ്ഞാൽ പുള്ളി എൻ്റെ  നാട്ടിൽ വന്നിരുന്നത് "കുളവേലി പാടത്തു" ആയിരുന്നൂ. രാത്രി പന്ത്രണ്ടു മണിക്ക് ആരും അക്കാലത്തു ആ വഴിക്കു പോവില്ലായിരുന്നൂ. 

പറഞ്ഞു കേട്ടത് വെച്ച് പെട്ടെന്നാണ് നമ്മുടെ മുന്നിൽ പടവൻ പ്രത്യക്ഷപ്പെടുക.

"ഒരാളുടെ പൊക്കത്തിൽ പ്രക്ത്യക്ഷപ്പെടുന്ന ഒരു ചെകുത്താൻ, പെട്ടന്ന് ആകാശം വരെ പൊക്കമുള്ള ഒരാളാവും, പിന്നെ പെട്ടെന്ന് നിലത്തേയ്ക്കു ഒടിഞ്ഞോടിഞ്ഞു വീഴും".

കണ്ടു പേടിച്ചവർ രക്തം ഛർദ്ദിച്ചു മരിക്കും. ഇങ്ങനെ ആരേലും മരിച്ചിട്ടുണ്ടോ എന്നറിയില്ല. 

ഏതായാലും ഈ വഴിയേ പള്ളിക്കൂടത്തിൽ പോവുമ്പോൾ അന്നെല്ലാം മനസ്സിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നൂ. 

ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കെങ്ങാനും സമയം തെറ്റി പുള്ളി വന്നാലോ. അതായിരുന്നൂ എൻ്റെ പേടി. 

ഇടയ്ക്കൊക്കെ ഊണ് കഴിക്കുവാൻ ഈ സമയത്തു ഞാൻ സ്കൂളിൽ നിന്നും വീട്ടിൽ പോവാറുണ്ടല്ലോ ....

ഇന്നിപ്പോൾ കുളവേലി പാടം നിറയെ വീടുകൾ ഉണ്ട് . എല്ലാവരും കൂടെ പടവനെ ഓടിച്ചു വിട്ടു കാണും.

പക്ഷേ ഇന്നും വലിയ കൊന്ത കഴുത്തിലിട്ടു പവർ കട്ട് സമയത്തു കഥ കേൾക്കുന്ന ആ ചെറിയ കുട്ടിയുടെ മനസ്സിൽ പടവൻ ജീവിക്കുന്നൂ. ബാല്യത്തിലെ പേടിപ്പിക്കുന്ന ഓർമ്മയായി.

പടവനടിക്കുക എന്നൊരു ചൊല്ല് തന്നെയുണ്ട്.. സ്പീഡിൽ വണ്ടി ഓടിച്ചു വന്നു നെഞ്ചും തല്ലി വീഴുമ്പോൾ ആണ്  ഇങ്ങനെ പറയാറുള്ളത്.. ഇതു ശരിക്കും ഈ കഥയുമായി ബന്ധപ്പെട്ടു വന്നതാണ് ...

ഇനി ഇപ്പോൾ എൻ്റെ വരികളിലും അവൻ ജീവിക്കട്ടേ ...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC