PALAKAPALLU പലകപല്ല്, FB, N, A, G, TMC

ഇന്നത്തെ കഥ പലകപ്പല്ലിനെ കുറിച്ച് ഉള്ളതാണ്..

അന്നെല്ലാം ഒരു പ്രായത്തിൽ പാൽപ്പല്ലു പറിച്ചു കളയുന്നതെല്ലാം നമ്മൾ തന്നെയാണല്ലോ..

ഇളകിയാടുന്ന പല്ലു പറിച്ചെടുക്കുന്നതിനു ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടല്ലോ... പല്ലിൽ നൂല് കെട്ടി വലിച്ചു പറിച്ചെടുക്കുന്നതാണ്‌ കൂടുതൽ പേരും ചെയ്തിരുന്നത്..

മുന്നിലെ പല്ലു പറിഞ്ഞു പോയതിൻ്റെ  സങ്കടത്തിൽ വാ തുറക്കാതെ രണ്ടുമൂന്നു ദിവസ്സം നടക്കുന്നവരും കുറവല്ല.. മുന്നിലെ രണ്ടു പല്ലില്ലാത്ത കുട്ടികളുടെ ചിരിക്കു തന്നെ ഒരു ചന്തം ഉണ്ട്..

കുട്ടിക്കാലത്തു ഞങ്ങൾ എല്ലാവരും പാൽപല്ലു പറിക്കുന്ന പ്രായത്തിൽ കാണാതെ പഠിച്ചു വച്ചിരുന്ന ഒരു വാക്യം ഉണ്ട്

 " പലക പല്ല് പോയി കീരിപ്പല്ല് വാ"...

അന്നൊക്കെ ഈ പാൽപല്ല് പോവുന്ന സമയത്തു അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വരിയാണ് ഇത്. ഇതെങ്ങാനും മറന്നു പോയാൽ തീർന്നൂ... 

കല്യാണം കഴിക്കുവാൻ നല്ല ചെറുക്കനെ കിട്ടുമോ... കോന്ത്ര പല്ലിയെ ആര് കെട്ടാൻ...

അപ്പോൾ സംഭവം എന്താണെന്നു വെച്ചാൽ... 

അന്നൊക്കെ പൊഴിയുന്ന പാൽപല്ല് ചുമ്മാ എറിഞ്ഞു കളയുവാൻ പാടില്ല.. അതെടുത്തു ഒരു ഓലപ്പുര അന്വേഷിച്ചു  പോകണം.... പിന്നെ സർവ്വ ശക്തിയുമെടുത്തു ആ പാൽ പല്ല് ഓലപ്പുരയുടെ മുകളിലേയ്ക്ക് വലിച്ചെറിയണം.. അപ്പോൾ പറയേണ്ട ഡയലോഗ് ആണ് മുകളിൽ പറഞ്ഞ വരികൾ...

ഈ ഡയലോഗും കൃത്യമായ ഉന്നവും കാരണം എത്ര പേർക്കാണ് സുന്ദരമായ കീരിപ്പല്ലുകൾ കിട്ടിയിരിക്കുന്നത് ...

അതുപോലെ തന്നെ ചെയ്യാത്തവർക്കെല്ലാം പലകപ്പല്ല് വന്നു കോന്ത്ര പല്ലികളും ആയിട്ടുണ്ടാവും...

അമ്മയുടെ ഉപദേശം കാരണം ഞാൻ ചുമ്മാ റിസ്ക് എടുത്തിട്ടില്ല... എൻ്റെ സർവ്വ ശക്തിയും എടുത്തു തറവാട്ടിലെ ഓലമേഞ്ഞ തൊഴുത്തിൻ്റെ മുകളിലേയ്ക്കു എല്ലാ പാൽ പല്ലും എറിഞ്ഞു.... 

അമ്മയുടെ അഭിപ്രായത്തിൽ അതുകൊണ്ടു മാത്രം ആണത്രേ എനിക്ക് നല്ല പല്ലുകൾ കിട്ടിയത്....

ശരിയാണോ......എന്തോ?..

ഇന്നിപ്പോൾ എൻ്റെ മകൻ്റെ പാൽപ്പല്ലു ആടി തുടങ്ങിയിരിക്കുന്നൂ. അവനാണെങ്കിൽ അത് പറിച്ചു കളയാനും സമ്മതിക്കുന്നില്ല. അമ്മ കഥ എഴുതുന്നത് കൊണ്ടാവും അവനും നല്ല വാചകമടിയാണ്.

"പാൽപ്പല്ലു പഴം പോലെയാണ്. പഴുത്തു കഴിയുമ്പോൾ താനേ കൊഴിഞ്ഞു പോകും.." അവൻ്റെ ന്യായീകരണമാണ്.

...................................സുജ അനുപ് 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ