PATAHAYATHILE NIDHI പത്തായത്തിലെ നിധി FB

വളരെ പണ്ട് പറഞ്ഞു കേട്ട ഒരു കഥയാണ്.. അപ്പച്ചനാണ് എന്നോ ഒരിക്കൽ ഒരു പവ്വർ കട്ട് സമയത്തു ഇരുട്ടത്തു പേടിച്ചിരിക്കുന്ന എനിക്ക് ഈ കഥ പറഞ്ഞു തന്നത്..

അത്യാവശ്യം നല്ല ധൈര്യം ഉള്ള കുട്ടി ആയതു കൊണ്ട് തന്നെ എന്നെക്കാട്ടിലും വലിയ ഒരു കൊന്ത കഴുത്തിലിട്ടുകൊണ്ടാണ് ഞാൻ കഥ കേൾക്കുവാൻ പോയിരുന്നത്..

പണ്ടൊരിക്കൽ ഒരു വെള്ളപ്പൊക്ക സമയത്തു നടന്ന കഥയാണ്.. അന്നെല്ലാം വെള്ളപൊക്കം വന്നാൽ കിട്ടുന്നതെല്ലാം കെട്ടി പെറുക്കി ഓടുക മാത്രമേ രക്ഷയുള്ളൂ..ഏതായാലും അങ്ങനെ ഒരു വെള്ളപ്പൊക്ക സമയം... ആളുകളെല്ലാം വീട്ടിൽ തന്നെ ഇരുപ്പാണ്.. പുറത്തിറങ്ങാൻ പറ്റില്ല.. വറുതിയാണ് എവിടെയും..

അപ്പോഴാണ് പുഴയുടെ അരികിൽ താമസിച്ചിരുന്ന അയാൾ ( ആരോ ആകട്ടെ) ആ കാഴ്ച കാണുന്നത്..അയാളുടെ വീട്ടിൽ ആ സമയത്തു ആരും ഉണ്ടായിരുന്നില്ല..പുഴയിൽ വെള്ളം ഉയരുന്നതിനു മുൻപേ തന്നെ തൻ്റെ ഭാര്യയെയും കുട്ടികളെയും അയാൾ മലയിലുള്ള ഭാര്യയുടെ വീട്ടിലേക്കു പറഞ്ഞു വിട്ടിരുന്നൂ..

പുഴയിലൂടെ ഒരു പത്തായം ഒഴുകി വരുന്നൂ..

 മഴവെള്ളപൊക്കത്തിൽ നിധി ഒഴുകി വരുന്ന കഥകളെല്ലാം അന്ന് ഒത്തിരി ഉള്ളതാണ്.. അയാൾ പെട്ടന്ന് തന്നെ പത്തായം പിടിക്കുവാൻ ഓടി..അയാൾ വളരെ കഷ്ടപ്പെട്ട് ആ പത്തായം കരയ്ക്കു അടുപ്പിചൂ.. ആരും ഇത് കാണുന്നില്ലെന്ന് അയാൾ ഉറപ്പിച്ചിരുന്നൂ..

പത്തായം തുറന്നു നോക്കിയ അയാൾ പത്തായത്തിനുള്ളിൽ കണ്ടത് പേടിച്ചു വിറച്ചിരിക്കുന്ന ചെറുപ്പക്കാരിയായ ഒരു തമ്പുരാട്ടിക്കുട്ടിയെ ആണത്രേ..ആ പെൺകുട്ടി ഇരുന്നിരുന്ന പത്തായത്തിൽ സ്വർണ്ണനാണയങ്ങളും ആഭരണങ്ങളും ഒത്തിരി ഉണ്ടായിരുന്നൂ ..

 അയാളോട് തന്നെ ഉപദ്രവിക്കരുതെന്നും സ്വർണ്ണം മുഴുവൻ തരാമെന്നും ആ തമ്പ്രാട്ടി പറഞ്ഞു..

ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി എന്ന് പറഞ്ഞ അവരെ അയാൾ തൻ്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി.. വയറു നിറയെ ഭക്ഷണവും കൊടുത്തു..
എന്നാൽ ദിവസ്സങ്ങൾ കഴിയുന്തോറും അയാളുടെ മനസ്സിൽ ദുരാശ വർധിച്ചു വന്നു....

അവൾ ജീവിച്ചിരുന്നാൽ അവളെ തേടി ആരെങ്കിലും വരും.. അവൾ സ്വർണ്ണവും കൊണ്ട് പോവും..അയാളുടെ ചിന്തകൾ  അവളെ എങ്ങനെ എങ്കിലും കൊല്ലണം എന്ന് മാത്രമായി..

ഏതായാലും അന്ന് രാത്രിയിൽ അവൾക്കു കൊടുത്ത ഭക്ഷണത്തിൽ അയാൾ വിഷം ചേർത്തു.. അത് കഴിച്ചു ബോധം കേട്ട അവളെ കഴുത്തു ഞെരിച്ചു അയാൾ കൊന്നു..

മരിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം അയാൾ അവളുടെ ശരീരം പുഴയിൽ തള്ളി..

പാവം തമ്പുരാട്ടി ആ പുഴയുടെ ആഴങ്ങളിലെവിടെയോ മറഞ്ഞു..

ആ പത്തായം അയാൾ ഭദ്രമായി തൻ്റെ വീട്ടിലെ ഒരു മുറിയിൽ സൂക്ഷിച്ചൂ.. ദിവസ്സങ്ങൾ നീങ്ങി കൊണ്ടിരുന്നൂ..

വെള്ളം പുഴയിൽ താണു തുടങ്ങിയപ്പോൾ അയാളുടെ ഭാര്യയും കുട്ടികളും വീട്ടിൽ തിരിച്ചെത്തി..

ആ വീട് അടഞ്ഞു കിടക്കുകയായിരുന്നൂ.. അകത്തു നിന്നും പൂട്ടിയ വീട്ടിൽ അയാൾ ഉണ്ടാവുമെന്ന് കരുതി അവൾ വിളിച്ചു നോക്കിയെങ്കിലും ആരും വാതിൽ തുറന്നില്ല..

പത്തായം വച്ചിരിക്കുന്ന മുറിയുടെ ജനൽ അവർ എങ്ങനെയോ തള്ളി തുറന്നൂ..അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു..

ചത്ത് ചീഞ്ഞു കിടക്കുന്ന തൻ്റെ ഭർത്താവിൻ്റെ ശരീരം ആണ് അവർ അവിടെ കണ്ടത്.. ആ വീട് മൊത്തം കടന്നാൽ കൂടുകളും ഉണ്ടായിരുന്നൂ.

കടന്നാൽ ആക്രമണത്തിൽ നിന്നും അവർ എങ്ങനെയോ വെള്ളത്തിൽ ചാടി രക്ഷപെട്ടു..അയാൾ എങ്ങനെ മരിച്ചു എന്നോ .. കടന്നൽ കൂടുകൾ അവിടെ എങ്ങനെ വന്നു എന്നോ ഇന്നും ആർക്കും അറിയില്ല..

പക്ഷെ ആ വീട് ഇന്നും ഒരു പ്രേതഭവനം പോലെ അവിടെ നിൽക്കുന്നൂ.. അതിനുള്ളിൽ ആ പത്തായപ്പുരയും.. ആർക്കും ആ സ്വർണ്ണം ഇന്നും എടുക്കുവാൻ സാധിച്ചിട്ടില്ല..

സ്വർണ്ണം ശ്രമിച്ചിട്ടുള്ളവരെല്ലാം അപകടമരണം വരിച്ചതായി പറയപ്പെടുന്നൂ..ഇന്നും ആ വീടിൻ്റെ   അരികിലൂടെ രാത്രികാലങ്ങളിൽ ആരും പോകാറില്ലത്രേ.. ചിലപ്പോഴൊക്കെ രാത്രികളിൽ ആ മുറ്റത്തിരുന്നു ഒരു പെൺകുട്ടി കരയാറുണ്ടത്രെ..

ആ പുഴയിലൂടെ ആളില്ലാതെ തുഴഞ്ഞു പോകുന്ന വഞ്ചിയെ കണ്ടതായി പറയുന്നവരും കുറവല്ല....

പത്തായത്തിലെ  നിധി ....... അങ്ങനെ ആർക്കും കിട്ടിയില്ല.....

ഈ കഥ സത്യമാണോ അതോ കെട്ടുകഥയാണോ എന്നൊന്നും അറിയില്ല. പക്ഷെ പുഴയുടെ ആഴങ്ങളിലേക്ക് താണു പോയ ആ തമ്പുരാട്ടിക്കുട്ടി എൻ്റെ മനസ്സിലെവിടെയോ തങ്ങി നിന്നൂ...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ