PRATHIBHA COLLEGE - പ്രതിഭ കോളേജ് FB, N, G

 ഒരു  കാലഘട്ടത്തിൽ നാടിൻ്റെ മുഖച്ഛായ തീരുമാനിച്ചിരുന്നത് പാരലൽ കോളേജുകൾ ആയിരുന്നൂ. അതില്ലാത്ത ഒരു നാടുണ്ടായിരുന്നോ. പാരലൽ കോളേജുകൾ തമ്മിൽ വിദ്യാർത്ഥികളെ കൂട്ടുവാൻ ഒരു
മത്സരം തന്നെ ഉണ്ടായിരുന്നു.

എൻ്റെ ഓർമ്മയിലും അങ്ങനെ തിളങ്ങി നിൽക്കുന്ന ഒരു പാരലൽ കോളേജ് ഉണ്ട്. പ്രതിഭ കോളേജ് എന്നായിരുന്നൂ അതിൻ്റെ പേര്. ഞാനും അവിടെ പഠിച്ചിട്ടുണ്ട് കേട്ടോ...

അത് ഒരു ട്യൂഷൻ സെൻറ്റർ ആയിരുന്നൂ. പാനായിക്കുളം പുതിയറോഡിലായിരുന്നു അത് ഉണ്ടായിരുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഇവിടെയാണ് ട്യൂഷന് പോയിരുന്നത്.

പനമ്പ് കൊണ്ട് മറച്ച ഒരു ട്യൂഷൻ സെൻറ്റർ. കുറച്ചു ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു സംരംഭം. പതിയെ അത് വിജയത്തിലേക്ക് കുതിച്ചു തുടങ്ങി.

എൻ്റെ പള്ളിക്കൂടത്തിൽ പെൺകുട്ടികൾ മാത്രം ആണല്ലോ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരു  കോളേജിൻ്റെ അനുഭവം ആദ്യമായി കിട്ടിയത് ഇവിടെ നിന്നായിരുന്നൂ.

ജോഷിസാറിൻ്റെ  കണക്കു ക്ലാസും ജോണിസാറിൻ്റെ ഇംഗ്ലീഷ് ക്ലാസും ഇന്നും മനസ്സിൽ തളിരിട്ടു നിൽക്കുന്നൂ. സ്നേഹമുള്ളവരായിരുന്നൂ അദ്ധ്യാപകരെല്ലാം. തിരിച്ചു ഞങ്ങൾക്കും അവരോടു ബഹുമാനമായിരുന്നൂ.

നല്ല മഴയുള്ള സമയത്തു പനമ്പിൽ തട്ടി വീഴുന്ന വെള്ളത്തിൻ്റെ താളം ആസ്വദിച്ചു കൊണ്ട് ആ ക്ലാസ്സിൽ അങ്ങനെ ഇരിക്കുവാൻ ഒരു പ്രത്യേക സുഖമായിരുന്നൂ.

പിന്നീടെപ്പോഴോ അത് അടച്ചു പൂട്ടി. പിന്നീടൊരിക്കലും എൻ്റെ നാട്ടിൽ ഒരു പാരലൽ കോളേജ് തുറന്നിട്ടില്ല.

മുന്നോട്ടുള്ള ജീവിതത്തിൽ പലപ്പോഴും ഇവിടുന്നു കിട്ടിയ  അറിവുകളും അനുഭവങ്ങളും തുണച്ചിട്ടുണ്ട്. ചില ഓർമ്മകൾ അങ്ങനെയാണ് ജീവിതത്തിൽ നമ്മൾ എത്ര മുന്നോട്ടു പോയാലും അങ്ങനെ മനസ്സ് നിറഞ്ഞു നിൽക്കും.

നല്ല അദ്ധ്യാപകരും അവർ കാട്ടി തന്ന വഴികളും ഈ പ്രയാണത്തിൽ എന്നെ തുണക്കട്ടെ..

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA