THIRICHARIVU തിരിച്ചറിവ് FB, N, G, K, P, A, KZ, TMC, LF, NA, EK

ജീവിതം നമ്മുക്ക് ചിലതൊക്കെ കരുതി വച്ചിട്ടുണ്ടാകും. ചിലപ്പോൾ നമ്മൾ അതൊന്നും തിരിച്ചറിയാതെ ഇരുട്ടിൽ തപ്പി കൊണ്ടിരിക്കും.

എന്ന് നാം സ്വയം തിരിച്ചറിയുന്നുവോ അവിടെ നമ്മുടെ ചിന്താഗതി മാറും. നല്ലൊരു മാറ്റം അത് എപ്പോഴും വിജയത്തിലേയ്ക്ക് നയിക്കും.

മുന്നോട്ടുള്ള ജീവിതത്തിൽ വാശിയോടെ പഠിച്ചുയരുവാൻ എനിക്ക് പ്രേരണയായ ഒരു സംഭവം ആണ് ഇന്ന് ഇവിടെ കുറിക്കുന്നത്.

അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. 

നാലാം ക്ലാസ്സുവരെ വളരെ നല്ല രീതിയിൽ പഠിച്ച ഞാൻ ചെറുതായി ഒന്ന് ഉഴപ്പുവാൻ തുടങ്ങിയിരുന്നോ ....

എനിക്ക് തന്നെ അത് നന്നായിട്ടറിയാം.

അന്ന് ഒരു ദിവസം ഓണാവധി കഴിഞ്ഞു സ്കൂൾ തുറന്നിട്ടേയുള്ളൂ.

ആ പീരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. ക്ലാസ് ടീച്ചർ അന്ന്  സിസ്റ്റർ ലൂയിസ ആണ്. ഒരു പാവം സിസ്റ്റർ ആണ്. 

പുള്ളിക്കാരിക്ക് എന്നെ വലിയ കാര്യം ആണ്. ഇന്നും അങ്ങനെ തന്നെ ആണ് കേട്ടോ. ഇടയ്ക്കൊക്കെ അമ്മയോട് എന്നെ പറ്റി അന്വേഷിക്കാറുണ്ട്.

പെട്ടെന്ന് സിസ്റ്റർ ക്ലാസ്സിലേയ്ക്ക് വന്നു പറഞ്ഞു

 "ഓണപ്പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യ പേപ്പറിനു ഉത്തരം എഴുതി കൊണ്ട് വരാത്തവർ കളിക്കുവാൻ പോവേണ്ട. ക്ലാസിനു അകത്തിരുന്നു ഉത്തരം എഴുതിക്കൊള്ളണം"

എനിക്ക് ആകെ സങ്കടം വന്നു. ഞാൻ ഉത്തരമൊന്നും എഴുതിയിട്ടില്ല. 

പക്ഷെ ഞാൻ രണ്ടും കല്പിച്ചു കളിക്കുവാൻ പോയി.

 ബെല്ലടിച്ചു...

അടുത്ത പിരീഡ് ആണ്. സിസ്റ്റർ വരുന്നുണ്ട്.

ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ ഇരുന്നു. സിസ്റ്റർ ഓരോ കുട്ടികളെ വിളിച്ചു ബുക്ക് നോക്കുന്നുണ്ട്.

എൻ്റെ ഊഴം വന്നു.... ഹൃദയമിടിപ്പു കൂടി.....

 ഒന്നും എഴുതാത്ത പുസ്തകവുമായി ഞാൻ സിസ്റ്ററുടെ മുന്നിലേക്ക് ചെന്നു. 

സിസ്റ്റർ പുസ്തകം വാങ്ങി, തുറന്നു നോക്കി. പിന്നെ എൻ്റെ മുഖത്തേയ്ക്കും നോക്കി. 

ഞാൻ വിചാരിച്ചൂ "സിസ്റ്റർ എന്നെ ഇപ്പോൾ തല്ലും"

ഒന്നും സംഭവിച്ചില്ല. സിസ്റ്റർ എന്നോട് പോയി ഇരുന്നു കൊള്ളുവാൻ  പറഞ്ഞു.

ആ ക്ലാസ്സിൽ ആർക്കും ഒന്നും മനസ്സിലായില്ല. എല്ലാവരും വിചാരിച്ചതു ഞാൻ ചോദ്യോത്തരം എഴുതിയിട്ടുണ്ട് എന്നാണ്. എനിക്ക് വലിയ കുറ്റബോധം തോന്നി.

പെട്ടെന്ന് ബെല്ലടിച്ചൂ...

എല്ലാ കുട്ടികളും പുറത്തേയ്ക്കു പോയി.

സിസ്റ്റർ എന്നെ പതിയെ അരികിലേയ്ക്ക് വിളിചൂ. ഞാൻ വിചാരിച്ചൂ "വഴക്കു പറയുവാനാണെന്നു"

സിസ്റ്റർ എൻ്റെ കൈ പിടിച്ചു. ആ കൈയിൽ പിടിച്ചു സിസ്റ്റർ ഒരു കാര്യം മാത്രമേ അന്ന് ആവശ്യപ്പെട്ടുള്ളൂ.

" ഇനി എന്നും നന്നായി പഠിക്കണം". 

അന്ന് കുറ്റബോധത്തോടെ ഞാൻ മനസ്സിൽ സിസ്റ്ററിനു കൊടുത്ത ഒരു വാക്കുണ്ട്. 

"ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല."

അന്ന് മുതൽ  പഠിക്കുന്ന ക്ലാസ്സിലെല്ലാം വാശിയോടെ ഒന്നാമതെത്തുവാൻ ഞാൻ ശ്രമിക്കും. പഠ്യേതര വിഷയങ്ങളിലും ഒന്നാമത് എത്തണം എന്നത് എനിക്ക് നിർബന്ധമാണ്.

അന്ന്  ഒരു പക്ഷെ മറ്റുള്ളവരുടെ മുന്നിൽ വച്ച് സിസ്റ്റർ എന്നെ തല്ലിയിരുന്നെങ്കിൽ എൻ്റെ ചിന്താഗതി തന്നെ മാറിപ്പോയേനെ. 

ഇന്നും എൻ്റെ കുട്ടികൾ ചെറിയ തെറ്റ് ചെയ്യുമ്പോൾ അത് മനസ്സിലാക്കുവാൻ ആവുന്നതും അത്കൊണ്ട് തന്നെയാണ്.

കുട്ടികളെല്ലാം അങ്ങനെയാണ്. തെറ്റ് തിരിച്ചറിയുവാൻ മുതിർന്നവർക്ക് സാധിക്കണം. 

ഇന്ന് ഡോക്ടറേറ്റ് എടുത്തു നിൽക്കുമ്പോൾ എൻ്റെ മനസ്സിൽ ആ സംതൃപ്തി ഉണ്ട്.

പറഞ്ഞ വാക്ക് നിറവേറ്റിയതിൻ്റെ....

ചെറിയ ഒരു തിരിച്ചറിവ് എൻ്റെ ജീവിതം ആകെ മാറ്റി മറിച്ചു. എന്നിലെ എന്നെ അന്ന് ഞാൻ തിരിച്ചറിഞ്ഞു...... 

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G