UNNESO KODUTHA PANI ഉണ്ണീശോ കൊടുത്ത പണി FB, N, A, G

എന്നും കഥകളിൽ കുഞ്ഞു ആങ്ങളയെ മാത്രം ഉപദ്രവിച്ചാൽ പോരല്ലോ.  ഇടയ്ക്കൊക്കെ ആളെ മാറ്റി പിടിക്കേണ്ടേ. അപ്പോൾ ഇന്നത്തെ കഥ എൻ്റെ രണ്ടാമത്തെ ആങ്ങളെയെ കുറിച്ചാണ്. സിനോജ് എന്നാണ് അവൻ്റെ പേര്.

അന്നൊരിക്കൽ സിൽവി അങ്കിൾ ഗൾഫിൽ നിന്നും വന്നപ്പോൾ അവനു ഒരു ലേസർ ലൈറ്റ് കൊണ്ട് കൊടുത്തു. അന്ന് അവനു ഒരു പത്തു വയസ്സ് പ്രായം കാണും. ആശാൻ ആ ലേസർ ലൈറ്റ് ഉപയോഗിച്ചുപയോഗിച്ചു അതിൻ്റെ പണിക്കുറ്റം തീർത്തു. എന്ന് പറഞ്ഞാൽ ബാറ്ററി തീർന്നു എന്ന് പറയാം.

അപ്പോഴാണ് കുന്നേൽ പള്ളി പെരുന്നാൾ വരുന്നത്. ആശാൻ പള്ളിയിൽ പോയി കഷ്ടപ്പെട്ട് ഒരു കടയിൽ നിന്നും ബാറ്ററി സംഘടിപ്പിച്ചൂ. അവനു ആ ലൈറ്റ് അത്രയും പ്രീയപെട്ടതായിരുന്നൂ.

അവൻ്റെ അലമാര തുറന്നു നോക്കണം. ഇഷ്ടമുള്ള ഒന്നും കളയില്ല. ഇഷ്ടമുള്ള മിഠായിയുടെ കവർ വരെ സൂക്ഷിച്ചു വയ്ക്കും.

ബാറ്ററി ഇട്ട ശേഷം അവൻ പതിയെ ലൈറ്റ് ഓൺ ചെയ്തു നോക്കി. ലൈറ്റ് കത്തുന്നില്ല. വീണ്ടും ബാറ്ററി ഊരിയിട്ട് തിരികെ ഇട്ടു നോക്കി. സംഭവം കത്തുന്നില്ല. ആശാന് വിഷമം ആയി.

ഇനി ഇപ്പോൾ ഒരു വഴി മാത്രമേ ഉള്ളൂ. ഉണ്ണീശോ കനിയണം.

അവൻ നേരെ പള്ളിയുടെ ഉള്ളിലേയ്ക്ക് കയറി. ഉണ്ണീശോയ്ക്കുള്ള ഓഫറുകൾ തുടങ്ങി.

"എൻ്റെ ഉണ്ണീശോയെ ഈ ലൈറ്റ് കത്തുകയാണെങ്കിൽ ഞാൻ ഒരു അഞ്ചു കൂടു മെഴുകുതിരി കത്തിച്ചേക്കാം"

ഉണ്ണീശോ ഓഫർ സ്വീകരിച്ചില്ല എന്ന് തോന്നുന്നൂ ലൈറ്റ് കത്തിയില്ല.

"എൻ്റെ ഉണ്ണീശോയെ ഈ ലൈറ്റ് കത്തിയാൽ ഞാൻ ഒരു പത്തു കൂടു മെഴുകുതിരി കത്തിച്ചേക്കാം"

ഏതായാലും ഈ പ്രാവശ്യവും ഓഫർ പാളി.

അവസാനം അവൻ രണ്ടും കല്പിച്ചു കടുത്ത ഓഫർ കൊടുത്തു.

" ഈ ലൈറ്റ് കത്തിയാൽ ഞാൻ എന്നും പള്ളിയിൽ പോവുന്ന നല്ല കുട്ടിയായിരിക്കും"

അവനെ പോലെ രാവിലെ എഴുന്നേൽക്കുവാൻ മടിയുള്ള ഒരുത്തൻ കൊടുത്ത ഓഫർ നോക്കണേ..

സംഭവo ഒത്തു. ലൈറ്റ് കത്തി. ഓഫ് ചെയ്തു വീണ്ടും ഓൺ ചെയ്തു നോക്കി. ഒരു കുഴപ്പവും ഇല്ല.

പണി പാളി എന്ന് അവനു മനസ്സിലായി. എങ്ങനെ എങ്കിലും തടി തപ്പണം.

അവൻ്റെ ബുദ്ധി പ്രവർത്തിച്ചൂ. ഉണ്ണീശോയ്ക്കിട്ടു ഒരു ചെറിയ പണി.

"അല്ല എൻ്റെ ഉണ്ണീശോയെ ഇപ്പോൾ മൊത്തം കൺഫ്യൂഷൻ ആയല്ലോ. പറഞ്ഞതിൽ ഏതു ഓഫർ ആണ് നിനക്കിഷ്ടമായതെന്നു എനിക്ക് അറിയില്ലല്ലോ.

പറഞ്ഞത് എങ്ങനെയാണെന്ന് അറിയില്ല. ഞാൻ പറഞ്ഞതിൽ ഏതു ഓഫർ ആണ് വേണ്ടതെങ്കിലും എനിക്ക് നീ തന്നെ ഒന്ന് പറഞ്ഞു താ".

ഉണ്ണീശോയോടാണ് അവൻ്റെ കളി. അപ്പോൾ തന്നെ അവനു പണി കിട്ടിയല്ലോ.

ലൈറ്റ് കെട്ട് പോയി. അവൻ വീണ്ടും വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല. പിന്നീടുന്നുവരെ ആ ലൈറ്റ് കത്തിയിട്ടില്ല.

ആ ലേസർ ലൈറ്റ് ഒരു ഓർമ്മ പോലെ  ഇന്നും അവൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. അന്ന് തുടങ്ങി ഇന്നു വരെ ഉണ്ണീശോയും വേളാങ്കണ്ണി മാതാവും കഴിഞ്ഞിട്ടേ അവൻ്റെ ജീവിതത്തിൽ ആർക്കും സ്ഥാനമുള്ളൂ..

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G