ADYATHE PENNUKANAL ആദ്യത്തെ പെണ്ണുകാണൽ

ആദ്യത്തെ പെണ്ണുകാണൽ ചടങ്ങാണ്...

മനസ്സിൽ ഒരു ചെറിയ പേടി ഇല്ലാതില്ല. വീട്ടിൽ എല്ലാവർക്കും സന്തോഷം. ചടങ്ങു കൊഴുപ്പിക്കുവാൻ നന്നായി തന്നെ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ഉള്ള സാരികളിൽ നല്ലതൊന്നു എടുത്തു ഞാൻ ശരിയാക്കി വച്ചൂ. ആങ്ങളമാർക്കു ആയിരുന്നൂ കൂടുതൽ തിടുക്കം. അളിയൻ ആകുവാൻ പോവുന്ന ആളെ ഒന്ന് കാണണം..

മൂന്നാൻ പറഞ്ഞ കാര്യങ്ങൾ വച്ചാണ് പെണ്ണ് കാണുവാൻ സമ്മതിച്ചത്. പെട്ടെന്ന് വിളിച്ചു പറയുകയായിരുന്നൂ.

"ചെറുക്കൻ ഉച്ചയ്ക്ക് വരും. "

അതുകൊണ്ടു തന്നെ ആരെയും വിളിച്ചു പറയുവാൻ സമയം കിട്ടിയില്ല.

അമ്മ അമ്മയുടെ ആങ്ങളയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ചെറുക്കനെ പറ്റി നന്നായി അന്വേഷിക്കുവാൻ.

"ചെറുക്കൻ ഏതോ ബാങ്കിൽ മാനേജർ ആണ്. MBA വരെ പഠിച്ചിട്ടുണ്ട്. കൊള്ളാവുന്ന കുടുംബം ആണത്രേ."

മൂന്നാൻ പറയുന്നത് കേട്ടാൽ തോന്നും ആ ചെക്കനെ കെട്ടിയില്ലെങ്കിൽ എൻ്റെ ജന്മം പാഴായി പോകുമെന്ന്..

സാധാരണ ആരെയും, നന്നായി അന്വേഷിച്ചറിയാതെ പെണ്ണ് കാണുവാൻ സമ്മതിക്കില്ല.

ഞാൻ അമ്മ പറഞ്ഞപോലെ ഒരുങ്ങി നിന്നു.

സിനിമയിൽ കണ്ടത് പോലെ നാണം അഭിനയിക്കുവാൻ അറിയില്ല. നിലത്തു വരയ്ക്കുവാനും അറിയില്ല.

കൃത്യം പത്തരയായപ്പോൾ മൂന്നാൻ എത്തി.

 പതിനൊന്നു മണിയായപ്പോൾ അയല്പക്കത്തെ വീടിൻ്റെ മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നു. വരാന്തയിൽ ഇരുന്നിരുന്ന മൂന്നാൻ അവരോടു വീട്ടിലേയ്ക്കു ബൈക്ക് എടുത്തു വയ്ക്കുവാൻ പറയുന്നത് ഞാൻ കേട്ടു.

ജനലിലൂടെ ചെറുക്കനെ കണ്ട ഞാൻ ചിരിച്ചു ചിരിച്ചു ചാവാറായി. മൂത്ത ആങ്ങളായാണ് കൂടെ ഉണ്ടായിരുന്നത്. അവൻ അപ്പോൾ തന്നെ അപ്പനെ മുറിയിലേയ്ക്കു വിളിച്ചൂ..

" ആ കോന്തൻ എൻ്റെ പെങ്ങളെ കാണണ്ട. പെണ്ണ് ഇവിടെ ഇല്ല എന്ന് പറഞ്ഞു മടക്കി വിട്ടേയ്ക്കു. "

അവൻ എന്നോടും പറഞ്ഞു " ഞാൻ താഴേയ്ക്ക് ഇറങ്ങി വരില്ല. നീയും മുറി വിട്ടു ഇറങ്ങണ്ട"

അപ്പൻ പക്ഷെ സമ്മതിച്ചില്ല..

" വീട്ടിൽ വരുന്നവരെ അപനിക്കുവാൻ പാടില്ല. നീ ചായയൊന്നും കൊണ്ട് വരണ്ട. അമ്മ ചായ കൊടുത്തോളും. വിളിക്കുമ്പോൾ ഒന്ന് വന്നാൽ മതി"

എനിക്ക് ചിരി സഹിക്കുവാൻ പറ്റുന്നുണ്ടായിരുന്നില്ല. ആദ്യമായി വീട്ടിൽ നടക്കുന്ന ചടങ്ങു. അതിപ്പോൾ അങ്കിൾ ബൺ സിനിമ പോലെ ആയി.

ആന കറുപ്പ് എന്ന് കേട്ടിട്ടേ ഉളളൂ. അതിൻ്റെ കൂടെ ആനത്തടി (ഒരു 125 കിലോ ഉണ്ടാവും), കോന്ത്രപല്ലു നാലെണ്ണം പുറത്തു തള്ളി നില്പുണ്ട്. പോരാത്തതിന് കുടവയറും.. ഭാഗ്യം കഷണ്ടി ഇല്ല..

ഹാവൂ ... എന്താ ഒരു അവസ്ഥ...

ഏതായാലും ചടങ്ങുകൾ തുടങ്ങി.  ആങ്ങളമാർ  ഒറ്റകെട്ടായി  മാറി നിന്നു. അവർക്കു ചെറുക്കനെ പിടിച്ചില്ല.

അമ്മ നാണത്തോടെ ചായ കപ്പുമായി ചെറുക്കൻ്റെ മുന്നിലേയ്ക്ക്..

ഈശ്വരാ എന്നേലും നാണം അമ്മയ്ക്കാണ്.. കൈ ചെറുതായി വിറക്കുന്നുണ്ടോ...

അപ്പോഴേയ്ക്കും എനിക്ക് പ്രവേശനത്തിനുള്ള അനുമതി കിട്ടി. ചെന്നിട്ടു വേഗം തിരിച്ചു പോക്കോളണം എന്നാണ് അപ്പൻ പറഞ്ഞത്..

എവിടെ നടക്കാൻ..

എന്നെ കണ്ടതും ചെറുക്കൻ " വരൂ , എവിടെ ഇരിക്കൂ" എന്ന് പറഞ്ഞു തൊട്ടടുത്തുള്ള കസേര കാണിച്ചു തന്നൂ..

അപ്പന് വന്ന ദേഷ്യം..

ഞാൻ തിരിഞ്ഞു നോക്കി.. അമ്മ അവിടെ അടുക്കളയുടെ അടുത്തുണ്ട്.. പുള്ളിക്കാരി അവിടെ ഇരുന്നു ചിരിച്ചു തകർക്കുകയാണ്..

എൻ്റെ കാര്യമാണെങ്കിൽ കണ്ടാമൃഗത്തിൻ്റെ മുന്നിൽ പെട്ട അവസ്ഥ.. വല്ലതും ബാക്കി വച്ചാൽ മതിയായിരുന്നൂ..

ഞാൻ എന്തായാലും കസേരയിൽ ഇരുന്നൂ..

പുള്ളി ഉടനെ തന്നെ "എനിക്ക് തന്നെ ഇഷ്ടമായി. നമുക്ക് ഭാവിയെ കുറിച്ച് സംസാരിക്കാം.."

എൻ്റെ സീൻ വീണ്ടും കോണ്ട്ര...

പുള്ളി പിന്നെ ചറ പറ ചോദ്യങ്ങൾ ആയിരുന്നൂ.. എല്ലാത്തിനും മറുപടി പറഞ്ഞു കൊണ്ട് ഈ പാവം ഞാനും.

ഭാഗ്യം ഉടനെ തന്നെ അപ്പൻ ഇടപെട്ടു " ബാക്കി കാര്യങ്ങൾ കല്യാണം കഴിഞ്ഞു സംസാരിക്കാം"

ഏതായാലും അവർ അപ്പോൾ തന്നെ ഇറങ്ങി.

ഇറങ്ങുവാൻ നേരത്തു അപ്പൻ്റെ കാലിൽ തൊട്ടു ആ ചെക്കൻ അനുഗ്രഹം കൂടെ വാങ്ങിയേനെ...

ആ സമയത്താണ് അങ്കിളിൻ്റെ ഫോൺ വരുന്നത്

" സംഗതി പ്രശ്നം ആണ്. അവിടെ മൊത്തം അന്വേഷിച്ചൂ. പെണ്ണ് കാണിക്കരുത്. നമുക്ക് ചേർന്ന ബന്ധം അല്ല."

ആഹാ... എന്താ ടൈമിംഗ്..

ചെറുക്കൻ വന്നു ചായയും കുടിച്ചു പോയി.. ഉണ്ടായിരുന്ന പഴംപൊരി, ഉണ്ടൻ പൊരി മുതലായവയും തീർന്നു..

അപ്പോഴാണ് കഥയിലെ വില്ലൻ മൂന്നാൻ്റെ വരവ്. ചെറുക്കനെ റോഡിൽ വിട്ടിട്ടുള്ള വരവാണ്..

പുള്ളിക്കാരൻ ഭയങ്കര സന്തോഷത്തിലാണ് ... ഇവിടെ എല്ലാവരും കലിപ്പിലും..

അപ്പൻ അന്ന് അയാളോട് പറഞ്ഞ മാസ്സ് ഡയലോഗ് ഉണ്ട്

 " ദേ .. താനിങ്ങോട്ടു ഒന്ന് നോക്ക്. എൻ്റെ കുടവയർ കണ്ടല്ലോ.. അപ്പോൾ ചെറുക്കന് ഇതിൽ കൂടുതൽ കുടവയർ വേണ്ട.. പിന്നെ സൗന്ദര്യം ഏറ്റവും കുറഞ്ഞത് എൻ്റെ അത്രയെങ്കിലും വേണം, ഇനി ബുദ്ധിമുട്ടാണെൽ എൻ്റെ അത്രയും കഷണ്ടിയും ആയിക്കോട്ടെ.. പിന്നെ ശരീരം ആനയുടെ അത്രയും വേണ്ട.."...

അന്ന് ഓടിപ്പോയ മൂന്നാനെ പിന്നെ ആ വഴിയേ കണ്ടിട്ടില്ല..

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC