AVAL NILEENA അവൾ നിലീന FB, N, G, P, E, K, A, AP, KZ, SXC
കലാലയത്തിലെ പിജി ദിവസ്സങ്ങൾ പെട്ടെന്ന് വിരസമായത് പോലെ തോന്നി.
വീണ്ടും പഴയ കോളേജിൽ തന്നെ ചേർന്നുവെങ്കിലും പഴയ സൗഹ്രദങ്ങൾ എല്ലാം വഴി പിരിഞ്ഞു പോയിരിക്കുന്നൂ..
ആ ദിവസ്സങ്ങളിൽ എപ്പോഴൊ ആണ് അവൾ പെട്ടെന്ന് ഒരു മാലാഖയെ പോലെ മുന്നിലേയ്ക്ക് കടന്നു വന്നത്.
ക്ലാസ്സ്മുറികളും ലൈബ്രറിയുമായി പെട്ടെന്ന് ഒതുങ്ങി തുടങ്ങിയ എന്നിലേയ്ക്ക് ഒരു വസന്തവുമായി അവൾ വന്നൂ.
ഒരിക്കൽ ലൈബ്രറിയുടെ മൂലയിൽ കുത്തിയിരുന്നു എനിക്കേറ്റവും ഇഷ്ടപെട്ട "വേരുകൾ" വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ നിശബ്ദതയിൽ എന്നെ തട്ടിയുണർത്തിയ പൊട്ടിച്ചിരി അവളുടേതായിരുന്നൂ.
കൂട്ടുകാരികളുമായി ഏതോ പുസ്തകം തിരഞ്ഞു കൊണ്ടിരുന്ന അവളുടെ മുഖവും ആ ചിരിയും ഞാനറിയാതെ എൻ്റെ ഹൃദയത്തിലാണ് പതിഞ്ഞത്.
അവൾ അറിയാതെ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി.
പുതിയതായി കോളേജിലേയ്‌ക്ക് വന്നവൾ. എന്നിട്ടും എല്ലാവർക്കും അവളെ അറിയാം.
പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മിടുക്കി. NSS ൻ്റെ സജീവ പ്രവർത്തക.
"എന്നിട്ടുമെന്തേ അവളെ ഞാൻ മാത്രം ഇതുവരെ അറിഞ്ഞില്ല..."
അങ്ങനെ അവളെ കാണുവാൻ വേണ്ടി മാത്രം ഞാൻ NSS ൻ്റെ സജീവ പ്രവർത്തകനായി....
കൂടുതൽ അടുത്ത് ഇടപഴകി തുടങ്ങിയപ്പോൾ ഒരിക്കൽ അവൾ എന്നോട് ചോദിച്ചൂ.
" ആകാശിന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?"
ആദ്യം ഒന്ന് പതറിയെങ്കിലും എന്നിലെ പുരുഷൻ പരാജയം സമ്മതിച്ചില്ല.
"എനിക്ക് നിന്നെ ഇഷ്ടമാണ്"
അതിനുള്ള മറുപടി പക്ഷെ അവൾ ഒരു വാടിയ ചിരിയിൽ ഒതുക്കി.
ഒന്നും മിണ്ടാതെ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നകന്നൂ..
എല്ലാം അവിടെ അവസാനിച്ചൂ.. ഒന്നും വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പെട്ടെന്ന് തോന്നി.
പക്ഷെ എനിക്ക് വീണ്ടും പ്രതീക്ഷ നൽകികൊണ്ട് പിറ്റേന്ന് അവൾ എന്നെ തേടി വന്നൂ..
" ആകാശ് വരൂ. നമുക്ക് പാർക്കിൽ പോയി ഇരിക്കാം"
.....................സുജ അനൂപ്
.....................സുജ അനൂപ്
ഞങ്ങൾ അടുത്തുള്ള പാർക്കിലെ ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നൂ..
അനന്തതയിലേയ്ക്ക് കണ്ണും നട്ടു അവൾ പറഞ്ഞു തുടങ്ങി..
"സ്വപ്നങ്ങൾ കാണുവാൻ എല്ലാവർക്കും അവകാശമില്ല. ചിലരുടെ ജീവിതം നഷ്ടപ്പെടുവാൻ മാത്രമാണ്. അത് കാണുമ്പോഴെങ്കിലും സ്വന്തം ജീവിതത്തിൻ്റെ വില മറ്റുള്ളവർ മനസ്സിലാക്കും."
"എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. എനിക്ക് മറ്റൊന്നും വേണ്ട. ഒരു ദിവസ്സം കൂടുതൽ ഈ ഭൂമിയിൽ ദൈവം നീട്ടി തന്നാൽ മതി"
എനിക്ക് അവൾ പറയുന്നതൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
പതിയെ അവൾ ആ ഫയൽ എൻ്റെ കയ്യിലേയ്ക്ക് വച്ച് തന്നൂ..
ആ ഫയൽ നിറയെ അവളുടെ മെഡിക്കൽ റിപോർട്ടുകൾ ആയിരുന്നൂ.
ഞാൻ അതെല്ലാം വായിച്ചു തീരുമ്പോഴേയ്ക്കും എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നൂ...
അവൾക്കു ക്യാൻസർ ആണ്. അതും ശരീരം മുഴുവൻ വ്യാപിച്ചു തുടങ്ങിയിരിക്കുന്നൂ..
രണ്ടു ഓവറികൾ ആദ്യം തന്നെ എടുത്തു കഴിഞ്ഞിരിക്കുന്നൂ.. ഇപ്പോൾ ഗര്ഭാശയത്തിലേയ്ക്ക് അത് പടർന്നു തുടങ്ങിയിരിക്കുന്നൂ..
ചികിത്സിച്ചിട്ടു കാര്യമില്ല...
അവൾ ജീവിക്കുന്നത് തന്നെ കുറെ വേദനസംഹാരികൾ മാത്രമുള്ള ലോകത്താണ്..
ഞാൻ അവളോട് ഒന്ന് മാത്രമേ ചോദിച്ചുള്ളൂ..
" പിന്നെ നീ എന്തെ ഇത്രയും നന്നായി ചിരിക്കുന്നൂ.. എന്തിനു നിന്നെ തോൽപിച്ച ദൈവത്തോട് പ്രാർത്ഥിക്കുന്നൂ?"
അവൾ പള്ളിയിൽ നിന്ന് പ്രാർഥിക്കുന്നതു കാണുമ്പോൾ എന്നും ഞാൻ അത്ഭുതപെട്ടിട്ടുണ്ട്..
അവൾ പറഞ്ഞ മറുപടി എന്നിലെ നിരീശ്വരവാദിയെ കുഴക്കി..
" ഞാൻ എന്തിനു കരയണം. ജീവിച്ചിരുന്ന ഈ ദിവസ്സങ്ങളിൽഒരിക്കൽ പോലും എനിക്ക് ദൈവം ഒരു കുറവും വരുത്തിയിട്ടില്ല."
"അപ്പച്ചനും അമ്മച്ചിക്കും ഞാൻ മാത്രമേ ഉള്ളൂ. എനിക്ക് ശേഷം അവർക്കു ആരെങ്കിലും വേണം. അതാണ് എന്നും ഞാൻ പ്രാർത്ഥിക്കുന്നത്. മരിക്കുന്നതിന് മുൻപേ എനിക്ക് അവനെ കണ്ടെത്തണമായിരുന്നൂ"
"ആ പ്രാർത്ഥന മൂലം എനിക്ക് ദൈവം തന്ന നിധിയാണ് നീ.. ഇനി എനിക്ക് മരണത്തെ പേടിയില്ല."
"പഠിച്ച ക്ലാസ്സുകളിലെല്ലാം എന്നെ സ്നേഹിച്ചവർ ഒത്തിരി ഉണ്ടായിരുന്നൂ.. പക്ഷെ ഇന്നാണ് ഞാൻ അവനെ കണ്ടെത്തിയത്.."
അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ച എന്നെ പക്ഷെ അവളാണ് ആശ്വസിപ്പിച്ചത്.
അന്ന് എന്നിലെ നിരീശ്വരവാദി മരിച്ചൂ.
" അവൾക്കു ഒരു ദിവസ്സം കൂടുതൽ കൊടുക്കണേ" എന്ന് പ്രാർത്ഥിക്കുവാൻ ഞാൻ പള്ളിയിൽ പോയി തുടങ്ങി.
അവൾക്കു വേണ്ടി ഞാൻ സന്തോഷം അഭിനയിച്ചൂ..
കോളേജിൽ എനിക്കല്ലാതെ അവളുടെ അദ്ധ്യാപകർക്കോ മറ്റു സഹപാഠികൾക്കോ അവളുടെ രോഗത്തെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നൂ..
അവൾ ഒരിക്കലും സഹതാപം ഇഷ്ടപ്പെട്ടിരുന്നില്ല...
ഇന്ന് എൻ്റെ "നിലീന" മോളുടെ ജന്മദിനമാണ്.
ഭാര്യക്ക് ആയിരുന്നൂ നിർബന്ധം മോളെയും കൂട്ടി സിമിത്തേരിയിൽ പോകണം എന്നത്...
മോളെയും കൂട്ടി ഞാനും ഭാര്യയും സിമിത്തേരിയിൽ പോയി.
അവളുടെ മരണം പെട്ടെന്നായിരുന്നൂ..
പിജി അവസാന സെമസ്‌റ്റർ പരീക്ഷ നടക്കുന്ന സമയം. പരീക്ഷയിൽ റാങ്ക് ഉറപ്പിച്ചു പഠിക്കുന്നതിനിടയിലാണ് അവൾ പെട്ടെന്ന് ആശുപതിയിൽ ആകുന്നത്.
തളർന്നു പോയ അവളുടെ അപ്പച്ചനും അമ്മച്ചിക്കും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
"എന്തിനും ഏതിനും അവൾക്കു തുണയായി ഞാൻ ആശുപത്രിയിൽ കൂടെ നിന്നൂ."
മരിക്കുന്നതിൻ്റെ തലേ ദിവസ്സം അവൾ അവളുടെ അപ്പച്ചനോട് പറഞ്ഞു ..
" ഞാൻ പോയാലും ഒരിക്കലും കരയരുത്. ആകാശിനെ ദൈവം എനിക്ക് പകരം തന്നിട്ടുണ്ട്. അവനിലൂടെ ഞാൻ പുനർജനിക്കും"
എൻ്റെ കൈയിൽ പിടിച്ചു കൊണ്ടാണ് അവൾ പോയത്. ..
എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നോർത്താണ് അവളുടെ മാതാപിതാക്കൾ വിഷമിച്ചത്...
അവളുടെ മരണത്തിനു ശേഷം എനിക്ക് രണ്ടു അച്ഛനമ്മമാർ ഉണ്ടായി.
അവളെ സ്നേഹിച്ചിരുന്നതിൽ കൂടുതൽ അവർ എന്നെ സ്നേഹിച്ചു.
" എൻ്റെ മുഖം ഒന്ന് വാടിയാൽ അവൾക്കു വിഷമം ആകുമത്രേ.."
എനിക്ക് വേണ്ടി വധുവിനെ കണ്ടെത്തിയത് പോലും രണ്ടു അച്ഛനമ്മമാർ ചേർന്നായിരുന്നൂ..
എല്ലാം തുറന്നു പറഞ്ഞിട്ടാണ് ഞാൻ ബിന്ദുവിനെ വിവാഹം കഴിച്ചത്. ഒരിക്കലും നിലീനയുടെ മാതാപിതാക്കളെ അവൾ വേർതിരിച്ചു കണ്ടില്ല..
കുട്ടി ജനിച്ചപ്പോൾ "നിലീന മോൾ" എന്ന് വിളിക്കണം എന്ന തീരുമാനം അവളുടേതായിരുന്നൂ..
അന്ന് എൻ്റെ നിലീനയുടെ അപ്പച്ചൻ്റെയും അമ്മച്ചിയുടെയും കണ്ണുകൾ നിറഞ്ഞു..
അന്ന് ഞാൻ ഒരു കാര്യം മനസ്സിലാക്കി
" ഇതാണോ അവൾ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നത്... എന്നിലൂടെ അവൾ പുനർജനിക്കുകയല്ലേ"
ഇന്ന് എൻ്റെ നിലീന എന്നെ വിട്ടു പിരിഞ്ഞിട്ടു ആറു വർഷങ്ങൾ ആയി. ഇന്ന് തന്നെയാണ് എൻ്റെ മോളുടെ ഒന്നാം പിറന്നാൾ.
"നിലീന മോളെ കൊണ്ട് എൻ്റെ ഭാര്യ വെള്ള റോസാപ്പൂക്കൾ എൻ്റെ നിലീനയുടെ കല്ലറയിൽ വെപ്പിച്ചൂ"
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ