MADHAVA MOOPPAN മാധവ മൂപ്പൻ FB, N, G
കുട്ടിക്കാലത്തെ ഓർമകളിൽ എപ്പോഴൊക്കെയോ അമ്മയുടെ വീട്ടിൽ (തിരുമൂപ്പം) പറമ്പു കിളക്കുവാൻ വരുന്ന മാധവ മൂപ്പൻ ഉണ്ട്. അന്നൊക്കെ അവധിക്കാലത്തു മൂപ്പൻ പറമ്പു കിളയ്ക്കുമ്പോൾ മൂപ്പനെ ശല്യം ചെയ്തു കൊണ്ട് ഞാനും കസിന്സും ചുറ്റിനും ഉണ്ടാവും...
രണ്ടു പേരാണ് പറമ്പിൽ സാധാരണ പണിക്കു വരാറുള്ളത്. മാധവ മൂപ്പനും നാരായണൻ മൂപ്പനും.
അവർ തൂമ്പ കൊണ്ട് മണ്ണ് വലിക്കുന്നത് തന്നെ കാണുവാൻ ഒരു ചന്തമാണ്. അവർ കഷ്ടപ്പെട്ട് പറമ്പു മൊത്തം കണ്ണികൾ കൂട്ടും. അത് കഴിയുമ്പോഴാണ് നമ്മുടെ കലാപരിപാടികൾ തുടങ്ങുന്നത്.
ഒരു കണ്ണിയിൽ നിന്നും മറ്റൊരു കണ്ണിയിലേയ്ക്ക് ചാടുവാൻ നല്ല രസമാണ്. ഉന്നം തെറ്റാതെ ഒരു കണ്ണിയിൽ നിന്നും ചാടിയാൽ മറ്റൊരു കണ്ണിയുടെ മുകളിൽ എത്തണം. അങ്ങനെ ഏറ്റവും കൂടുതൽ കണ്ണികൾ ചാടി പിടിക്കുന്ന ആളാണ് വിജയി.
അത് കാണുബോൾ അപ്പൂപ്പൻ ഓടി വരും "കണ്ണി ഇടിക്കരുത്" എന്ന് പറയുവാൻ.
സത്യം പറയാം..
അപ്പൂപ്പൻ പറയുന്നതൊക്കെ അക്ഷരം പ്രതി നമ്മൾ കേൾക്കും (ചെവിയുണ്ടല്ലോ) പക്ഷെ അനുസരിക്കില്ല. അപ്പൂപ്പൻ പോയിക്കഴിഞ്ഞാൽ വീണ്ടും ചാട്ടം തുടങ്ങും...
ഈ നാരായണ മൂപ്പനും മാധവ മൂപ്പനും മലയാളം പറയുന്നത് കേൾക്കുവാൻ നല്ല രസമാണ്. അവരുടെ മാതൃഭാഷ കൊങ്കണി ആയിരുന്നല്ലോ...
നമ്മൾ ഓരോ കണ്ണി പുറത്തു കയറിയിരുന്നു അവർ പറയുന്നത് കേട്ടുകൊണ്ടിരിക്കും.ഇടയ്ക്കിടയ്ക്ക് മലയാളത്തിലെ ഓരോ വാക്യങ്ങൾ കൊങ്കണിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യിക്കുന്ന ചടങ്ങും ഉണ്ട്.
ഇന്നിപ്പോൾ അവർ രണ്ടു പേരും എവിടെയാണ് എന്നറിയില്ല.. മരിച്ചു പോയി എന്ന് കേട്ടതായാണ് ഓർമ്മ..
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ