MAZHAKKALAM മഴക്കാലം FB, A, G

മനസ്സിൽ എന്നും മഴ തോരാതെ പെയ്യുകയാണ്....

 ഞാൻ എന്നും മഴയെ പ്രണയിച്ചിട്ടേയുള്ളൂ...

മണ്ണിൻ്റെ മണമുള്ള ആദ്യമഴ... മനസ്സിനെ തട്ടി ഉണർത്തും...

നല്ല കോരിച്ചൊരിയുന്ന മഴയിൽ കുടയില്ലാതെ ഇറങ്ങി നടന്നിരുന്ന കുട്ടിക്കാലമാണ് എനിക്ക് ഏറ്റവും ഇഷ്ടം..

പുത്തൻ യൂണിഫോമും ഇട്ടു ജൂൺ മാസത്തിൽ  ആദ്യത്തെ ക്ലാസ്സിലേയ്ക്ക് പാടവരമ്പത്തു കൂടെ നടന്നു പോവുമ്പോൾ വില്ലനായെത്തുന്ന മഴ....

മൊത്തം യൂണിഫോമും മഴയിൽ കുതിരും.. പിടിച്ചിരിക്കുന്ന കുടയുടെ കാറ്റത്തെ കസർത്തു വേറെ...എന്നാലും മഴയോട് ദേഷ്യം ഇല്ല... നനഞ്ഞങ്ങനെ ക്ലാസ്സിൽ ഇരിക്കുമ്പോൾ കിട്ടുന്ന  സുഖം....

നല്ല കോരിച്ചൊരിയുന്ന മഴയത്തു അടർന്നു വീഴുന്ന മഴത്തുള്ളികൾ ഓടിൻ്റെ മുകളിൽ തട്ടുമ്പോൾ ഉണ്ടാവുന്ന സംഗീതം അതും എനിക്ക് ഇഷ്ടമാണ്.. തറവാട് വീടിൻ്റെ പടികളിൽ ഇരുന്നു അത് ആസ്വദിച്ചിരുന്ന ഒരു കുട്ടിക്കാലമുണ്ട് എനിക്ക്...

മഴത്തുള്ളികളുടെ പാട്ടും ആസ്വദിച്ചു ജനാലയോടു ചേർന്നുള്ള കട്ടിലിൽ ഒരു പുതപ്പിനുള്ളിലേയ്ക്ക് ചുരുണ്ടു കൂടുന്നതിൻ്റെ സുഖം അതനുഭവിച്ചാലേ മനസ്സിലാകൂ..

മഴവെള്ളത്തിൽ എൻ്റെ എത്ര കടലാസു വഞ്ചികളാണ് ഒഴുകി പോയത്.... എല്ലാ അവധിക്കാലങ്ങളിലും കസിൻസിനോടൊപ്പം ഇറയത്തിരുന്നു കടലാസു വഞ്ചികൾ ഒഴുക്കി വിട്ടിരുന്ന ബാല്യകാലം..

വീട്ടിൽ അന്ന് രണ്ടു കുളങ്ങൾ ഉണ്ടായിരുന്നൂ... മഴയിൽ അത് നിറഞ്ഞു  വെള്ളം പറമ്പിലേയ്ക്ക് കവിഞ്ഞൊഴുകും.. ആ വെള്ളത്തിലാണ് അപ്പച്ചൻ ഉണ്ടാക്കി തരുന്ന ചങ്ങാടത്തിൽ ഞങ്ങൾ തുഴയുന്നത്... വാഴത്തടി കൊണ്ടുള്ള കൊച്ചു ചങ്ങാടം...

ഇന്ന് ഇപ്പോൾ ബാൽക്കണിയിലൂടെ കാണുന്ന മഴയ്ക്കും സൗന്ദര്യം ഉണ്ട്. ഒരു ചായക്കപ്പുമായി ഇങ്ങനെ നോക്കി നിൽകുമ്പോൾ കിട്ടുന്ന സുഖം ഏതു  വലിയ ഹോട്ടലിലെ സൗകര്യങ്ങൾക്കും പകർന്നു നൽകുവാൻ കഴിയില്ല...

ഇടയ്ക്കൊക്കെ ആലിപ്പഴം പൊഴിഞ്ഞു വീഴുന്നത് കാണാം...

പക്ഷെ....ഒരിക്കലൂം പേമാരിയായി പെയ്തിറങ്ങി സംഹാരതാണ്ഡവമാടുന്ന മഴയോട് സ്നേഹമില്ല...

സ്നേഹത്തോടെ തുള്ളി തുള്ളിയായി പതിയെ മണ്ണിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മഴയാണ് ഇഷ്ടം..

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC