ORMMAYILE ONAM ഓർമ്മയിലെ ഓണം FB

ഓർമ്മയിലെ ഓണക്കാലത്തിനു ഏഴഴകാണ്. ഇന്നത്തെ ഓണക്കാലത്തെ ആഘോഷങ്ങൾ കാണുമ്പോൾ ഒരു നഷ്ടബോധം എവിടെയോ ഞാൻ അറിയുന്നുണ്ട്...

അന്നൊക്കെ ഒൻപതു ദിവസ്സവും പൂക്കളം ഒരുക്കുന്നത് തന്നെ വലിയ ഒരു ചടങ്ങു ആണ്. പരീക്ഷാക്കാലം ആണെങ്കിലും പൂവ് ഇറക്കുവാൻ പറമ്പു മൊത്തം തെണ്ടി തിരിഞ്ഞു നടക്കുന്നതിനെ അപ്പനോ അമ്മയോ മുടക്കിയിട്ടില്ല.

വട്ടയില പറിച്ചു കുമ്പിള് കുത്തിയാണ് പൂ പറിക്കുവാൻ ഇറങ്ങുന്നത്. കാക്ക പൂവ്, തുമ്പ പൂവ്, ചെമ്പരത്തി, കൃഷ്ണ കിരീടം, മൂക്കുറ്റി പൂവ്, ആമ്പൽ, അരിപ്പൂവ് അങ്ങനെ നീളും ആ പട്ടിക.

ഞാനും ആങ്ങളമാരും കൂട്ടുകാരും കൂടെ എല്ലാ ദിവസ്സവും വൈകുന്നേരം പൂവ് ഇറക്കുവാൻ ഇറങ്ങും. വാശിയോടെ ആണ് ഓരോരുത്തരും പൂക്കൾ പറിക്കുന്നത്.  ഏറ്റവും വലിയ പൂക്കളം ആരാണ് ഇടുക എന്നുള്ളതാണ് വാശി.

പറിക്കുന്ന പൂക്കളെല്ലാം വെള്ളം തളിച്ച് വേർ തിരിച്ചു വയ്ക്കും. പല നിറത്തിലുള്ള ഇലകൾ പറിച്ചു അരിഞ്ഞു വയ്ക്കും.

രാവിലെ എഴുന്നേറ്റു പൂക്കളം ഇട്ടിട്ടാണ് പരീക്ഷയ്ക്ക് പോവുന്നത്. ജാതിയും മതവും ഒന്നും നോക്കിയല്ല അന്ന് ഓണം ആഘോഷിച്ചിരുന്നത്.

 അയല്പക്കത്തെ ഉഷ ചേച്ചിയുടെ വീട്ടിൽ പല നിലകളുള്ള തറ ചെല്ലപ്പൻ ചേട്ടൻ ഉണ്ടാക്കും. അതിലാണ് അവർ പൂക്കളം ഉണ്ടാക്കുക. ശേഖരിക്കുന്ന പൂക്കളുടെ നല്ലൊരു പങ്ക് അവിടെ കൊടുക്കും, അത് അമ്മയ്ക്ക് നിർബന്ധമാണ്..

ഉഷ ചേച്ചിയും ചെല്ലപ്പൻ ചേട്ടനും കൂടെ ഓണത്തപ്പനെ ഒരുക്കുന്നതും പൂവിളിക്കുന്നതും എല്ലാം കേൾക്കുവാൻ എന്ത് രസമായിരുന്നൂ.

അയല്പക്കത്തെ ഒന്ന് രണ്ടു വീടുകളിൽ നിന്നും അക്കാലത്തു പായസവും നെയ്യപ്പവും കായ വറുത്തതും ശർക്കര വരട്ടിയും വീട്ടിൽ ഓണത്തിന് എത്തും.

അന്നൊക്കെ സ്കൂളിൽ മുടങ്ങാതെ നടത്തുന്ന ഓണപൂക്കളമത്സരവും ഒത്തിരി ആസ്വദിച്ചിരുന്നൂ..

ഇന്നിപ്പോൾ അങ്ങനെ ഓണം മനം നിറഞ്ഞു ആഘോഷിക്കുന്നവർ ഉണ്ടോ..
ഓണത്തിൻ്റെ നാടൻ തനിമ എന്നോ എവിടെയോ പോയി മറഞ്ഞു.

 ടി വിക്കു മുന്നിൽ കുത്തിയിരിക്കുന്ന പുതിയ തലമുറയും പറമ്പിൽ ഓടിനടന്നു പൂവ് ശേഖരിക്കുന്ന പഴയ തലമുറയും.... എന്തൊരന്തരമാണ്..

ഇനി അതുപോലെ ഒരു ഓണം കാണുവാൻ സാധിക്കുമോ...

ഇപ്പോൾ എൻ്റെ എല്ലാ ഓണങ്ങളും ബാംഗ്ലൂരിലാണ്. ഇവിടെ ചന്തയിൽ നിന്നും വാങ്ങുന്ന പൂക്കൾ കൊണ്ടുള്ള ഒരു പൂക്കളവും പിന്നെ ചെറിയ ഒരു സദ്യയും.. പിന്നെ മോനുള്ള ഓണക്കോടിയും.. അതോടെ ഓണാഘോഷം പൂർണ്ണമായി..

 പൂവിളിയില്ല.. ആരവങ്ങളില്ല...

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC