ORU VARUTHIKKALATHINTE ORMAIKKU ഒരു വറുതിക്കാലത്തിൻ്റെ ഓർമ്മയ്ക്ക്‌ FB, N, G, A

പണ്ടൊക്കെ മഴക്കാലം വറുതിക്കാലം ആയിരുന്നത്രേ.. ഞാൻ പറയുന്നതു 1960 -1970 കാലഘട്ടത്തെക്കുറിച്ചാണ്. അന്നത്തെ മഴക്കാലത്തെ പറ്റി അമ്മ ഒരുപാടു പറയാറുണ്ട്.

പണ്ടൊക്കെ മഴക്കാലമാവുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ബന്ധുക്കളൊക്കെ അമ്മയുടെ വീട്ടിൽ വരുമത്രെ. പിന്നെ  ദിവസ്സങ്ങൾ ഉള്ള സൗകര്യത്തിൽ എല്ലാവരും കൂടെ ഒരുമിച്ചു കഴിയും.

അന്ന് മഴ തുടങ്ങിയാൽ കുറെ ദിവസ്സങ്ങൾ പിന്നെ പുറത്തേയ്ക്കു ഇറങ്ങുവാൻ പറ്റില്ല. അതുകൊണ്ടു തന്നെ വറുതിക്കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ വളരെ നേരത്തെ തന്നെ നടത്തണം.

അരി ചാക്കുകണക്കിന് വാങ്ങി വയ്ക്കും.

പിന്നെ പറമ്പിൽ നിന്നുള്ള എല്ലാം കേടുകൂടാതെ ഉണക്കി സൂക്ഷിക്കണം. വിറകു ശേഖരിച്ചു വയ്ക്കണം. ചൂട്ടു അറഞ്ഞു കരുതണം.

ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കൊന്നും അത് മനസ്സിലാവണം എന്നില്ല. 

അന്നൊക്കെ വെള്ളപ്പൊക്ക സമയത്തും ഭക്ഷണത്തിനു ക്ഷാമം വരില്ലത്രേ. അത്രമേൽ കരുതലോടെയാണ് അവർ മുന്നൊരുക്കങ്ങൾ നടത്തുന്നത്.

അമ്മ നാടിൻ്റെ തനതായ ശൈലിയിൽ ഉള്ള ചില മുന്നൊരുക്കങ്ങളെ പറ്റി പറഞ്ഞു തന്നിട്ടുണ്ട്.

എല്ലാ വീടുകളിലും അന്നൊക്കെ ഇഷ്ടം പോലെ കശുമാങ്ങ ഉണ്ടല്ലോ.. ആ കശുമാങ്ങ പറിച്ചെടുത്തു അണ്ടി ഉണക്കി വയ്ക്കും. കശുമാങ്ങ എടുത്തു ചെറുതായി വട്ടത്തിൽ അരിഞ്ഞിട്ടു ഉപ്പിട്ട് ഉണക്കി വയ്ക്കും.

പിന്നെ പച്ചമാങ്ങ പറിച്ചു ഉപ്പിട്ട് ഉണക്കി വയ്ക്കും.

ഉപ്പിലിട്ടു വയ്ക്കാവുന്നതൊക്കെ ശരിയാക്കും .. നെല്ലിക്ക, മാങ്ങാ, ചെറുനാരങ്ങാ, കാന്താരി മുളക് അങ്ങനെ പോവും ആ പട്ടിക.

പിന്നെ  വരുന്നത് അച്ചാറുകളുടെ പട്ടികയാണ്... ചെറുനാരങ്ങ, വടുകപ്പുളി നാരങ്ങ, മാങ്ങ, ചതാവേരി കിഴങ്ങു അങ്ങനെ പോവും അത്.

ഇറച്ചി ഉണക്കിയത്, ചെമ്മീൻ ഉണക്കിയത്, ചെറുമീൻ വലിയ മീൻ ഉണക്കിയത്.

നെല്ലിക്ക വൈൻ, മുന്തിരി വൈൻ തുടങ്ങിയ സ്പെഷ്യൽ സാധനങ്ങൾ വേറെ...

ചക്കക്കുരു പുഴുങ്ങി ഉണക്കിയതും ഉണ്ടാവുമത്രെ..

ഒരു സാധനം പോലും പറമ്പിൽ നിന്നും കിട്ടുന്നത് അനാവശ്യമായി കളയാതെ സൂക്ഷിച്ചു വയ്ക്കും എന്നാണ് അമ്മ പറഞ്ഞത്.

കാച്ചിലുകൾ പലതരത്തിൽ ഉള്ളത്, ചേമ്പ്, തേങ്ങ എന്നിവ പത്തായപ്പുരയിൽ കരുതും.

പറ്റാവുന്ന ധാന്യങ്ങൾ എല്ലാം ഉണക്കി പൊടിച്ചു വറുത്തു വയ്ക്കും. അരിപ്പൊടി, ഗോതമ്പു പൊടി, കമ്പം പൊടി അങ്ങനെ....

അരി കുറുക്കി കൈ കൊണ്ട് തോണ്ടി ഇത്തൽ പരുവത്തിൽ വാഴയിലയിൽ തേയ്ക്കുമത്രേ.. അത് ഉണക്കി ടിന്നിൽ അടച്ചു സൂക്ഷിക്കും. അതിനെ ഇത്തൽ എന്ന് തന്നെയാണ് വിളിച്ചിരുന്നത്...

ആഞ്ഞിലിക്കുരു ഉണക്കി വറുത്തു വയ്ക്കും (പണ്ടത്തെ സിനിമയിലെല്ലാം ഇത് ഞാൻ കണ്ടിട്ടുണ്ട്).

എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ബാല്യത്തിൽ അമ്മവീട്ടിൽ അപ്പൂപ്പൻ്റെ  കാലം കഴിയുന്നത് വരെ ഉപ്പിലിട്ട സാധനങ്ങളും അച്ചാറുകളും എപ്പോഴും കരുതി വച്ചിട്ടുണ്ടായിരുന്നൂ.

എന്നോ ഒരിക്കൽ വീണ്ടും വറുതിക്കാലം വന്നാലോ എന്ന ചിന്ത ആ തലമുറയിലെ ആളുകളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നിരിക്കണം...

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ