പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC


രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു വെള്ള പാട് എൻ്റെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് അത് ശരീരം മുഴുവൻ വ്യാപിക്കുവാൻ തുടങ്ങി.

അന്ന് ഞാൻ ഒത്തിരി വിഷമിച്ചൂ.

മരുന്നുകൾ എത്ര കഴിച്ചിട്ടുo  അത് മാറിയില്ല..

എന്നേലും കൂടുതൽ വിഷമിച്ചത് എൻ്റെ മാതാപിതാക്കൾ ആയിരുന്നൂ..

ആളുകൾ എന്തൊക്കെ പറഞ്ഞു

" നാഗശാപം ആണത്രേ.."

"കുടുംബത്തിന് ഞാൻ ഒരു ശാപമാണ്" എന്ന് പറഞ്ഞവർ വരെ ഉണ്ട്.

എൻ്റെ വയസ്സ് എത്രയാണ്?..

ഞാൻ എത്ര മാത്രം വിഷമിക്കുന്നൂ? എന്നൊന്നും നാട്ടുകാർ ചിന്തിക്കില്ലല്ലോ..

സ്കൂളിൽ പോലും എൻ്റെ അടുത്തിരിക്കുവാൻ ഒത്തിരിപേർ മടിച്ചിരുന്നൂ.. എൻ്റെ ചോറ്റു പാത്രത്തിൽ നിന്നും ആരും ഒന്നും എടുത്തു കഴിക്കില്ലായിരുന്നൂ..

എന്നെ ഒന്ന് തലോടുവാൻ ഇഷ്ടപെടാത്ത അദ്ധ്യാപകർ വരെ ഉണ്ടായിരുന്നൂ..

എത്ര പ്രാവശ്യം ദൈവത്തോട് ഞാൻ ചോദിച്ചൂ

" എൻ്റെ ദൈവമേ എന്തിനു നീ എന്നെ ഉപേക്ഷിക്കുന്നൂ?"

അന്നൊരിക്കൽ ഒരു കല്യാണച്ചടങ്ങിനു ഞാൻ പോയതാണ്..

എനിക്ക് ഒരു പതിനൊന്നു വയസ്സ് ഉണ്ടാവും.

ഒരിക്കലും ആഘോഷങ്ങളിൽ പങ്ക്‌ എടുക്കുവാൻ എനിക്ക് തീരെ ഇഷ്ടമില്ല.
കാരണം എല്ലാവർക്കും ഞാൻ ഒരു ദുശ്ശകുനമാണ്. ചിലർ എന്നെ അസഹ്യപ്പെടുത്തുന്ന രീതിയിൽ തുറിച്ചു നോക്കും..

അടുത്ത ബന്ധുവിൻ്റെ വിവാഹം ആണ്.

"പോയെ തീരു" എന്നുള്ളത് അമ്മയുടെ തീരുമാനം ആയിരുന്നൂ.

പെട്ടെന്ന് അമ്മ എന്നെ ഫോട്ടോയിൽ നിൽക്കുവാൻ വിളിച്ചു.

സന്തോഷത്തോടെ ഞാൻ ഓടി ചെന്നു..

പക്ഷെ....

"എന്നെ ഫോട്ടോയിൽ നിർത്തില്ല" എന്ന് മണവാട്ടിയുടെ അച്ഛൻ അവിടെ നിന്ന എല്ലാവരും കേൾക്കെ പറഞ്ഞു..

"ഫോട്ടോയുടെ ഭംഗി പോകുമത്രേ..."

അപമാനഭാരത്താൽ എൻ്റെ തല കുനിഞ്ഞു..

ഞാൻ അവിടെ നിന്നും ഓടി പോയി കാറിൽ ഇരുന്നൂ..

എന്നെ  അത്ഭുതപ്പെടുത്തികൊണ്ട് അമ്മയും അച്ഛനും ഫോട്ടോയിൽ നിൽക്കാതെ കൂടെ പോന്നൂ...

വീട്ടിൽ എത്തിയ ഞാൻ നേരെ മുറിയിൽ കയറി കട്ടിലിൽ കിടന്നൂ...

"എത്ര മാത്രം ഞാൻ കരഞ്ഞു എന്ന് എനിക്ക് അറിയില്ല"

ഞാൻ ചെയ്ത തെറ്റിന് എനിക്ക് കിട്ടിയ ശിക്ഷയല്ല എൻ്റെ രോഗം...

അന്നാദ്യമായി ഞാൻ ഹൃദയം നുറുങ്ങി കരഞ്ഞു...

"ആത്മഹത്യ ചെയ്താലോ" എന്ന് പോലും ഞാൻ ആലോചിചൂ..

കണ്ണുകളും കാതുകളും ഇറുക്കി അടച്ചിട്ടും ആളുകളുടെ കുത്തുവാക്കുകൾ മാത്രം എനിക്ക് ചുറ്റും ഉള്ളതായി എനിക്ക് തോന്നി..

ആരോ പതിയെ എൻ്റെ തലയിൽ തലോടി...

അമ്മയാണ്...

അമ്മ എന്നോട് അന്ന് ഒരു കാര്യം ആവശ്യപ്പെട്ടു..

"ഇനി ഞാനും മോനും ഒരു ആഘോഷത്തിലും പോകില്ല. എൻ്റെ കുട്ടിക്ക് ഈ അമ്മയുണ്ട്."

"നീ എനിക്ക് വാക്ക് തരണം. ഒരിക്കലും മരണത്തെ പറ്റി ചിന്തിക്കില്ല എന്ന്. ഇന്ന് നിന്നെ കളിയാക്കിയവർ എല്ലാവരും നിന്നെ അസൂയയോടെ നോക്കണം."

" ഈ അസുഖം വന്നവർക്കു നീ ഒരു സഹായം ആകണം. ഇവിടെ വന്നു നിന്നെ ആളുകൾ ക്ഷണിച്ചു കൊണ്ട് പോകണം. ഈ നാട്ടിൽ നീ അറിയപ്പെടണം. അതിനായി നീ പഠിച്ചു ഉയരണം. നിനക്ക് മാത്രമേ അതിനു സാധിക്കൂ. അതിനായിട്ടാണ് ദൈവം നിനക്ക് ഈ രോഗം തന്നിട്ടുള്ളത് "

ഞാൻ എൻ്റെ കണ്ണുനീർ തുടച്ചു..

പഠിച്ച എല്ലാ ക്ലാസ്സുകളിലും ഞാൻ ഒന്നാമനായി..

ഇന്ന് എനിക്ക് ഒരു കമ്പനി ഉണ്ട്. കോടികൾ വിറ്റു വരവുള്ള കമ്പനി. കീഴെ ജോലി ചെയ്യുന്ന 500 തൊഴിലാളികളും...

ഇന്ന് എന്നെ കളിയാക്കിയ എൻ്റെ ബന്ധു വന്നിരുന്നൂ..

"അയാളുടെ കൊച്ചുമകളുടെ വിവാഹം ആണത്രേ... പ്രധാന അതിഥി ഞാൻ ആണ് പോലും.."

അമ്മയുടെ മുഖത്തേയ്ക്കു ഞാൻ നോക്കി..പറഞ്ഞ വാക്ക് ഞാൻ പാലിച്ചൂ..

പക്ഷെ ആ വിവാഹത്തിന് ഞാൻ പോകില്ല..

അയാൾ ക്ഷണിച്ചത് എന്നെയല്ല എൻ്റെ പണത്തെയും പദവിയേയും ആണ്...

ഇന്നാദ്യമായി എനിക്ക് തോന്നി...

 " ഈ ലോകം പണത്തിനും പദവിക്കും വേണ്ടി ഉള്ളതാണ്. മനുഷ്യനോ അവൻ്റെ മനസ്സിനോ ഇവിടെ ഒരു വിലയും ഇല്ല"

.....................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA