VIDHYALAYATHILE ADYA DHINAM വിദ്യാലയത്തിലെ ആദ്യ ദിനം FB, N, G, A

ജീവിതത്തിൽ മറക്കുവാൻ പറ്റാത്ത പല സംഭവങ്ങളും ഉണ്ടാവും.

അങ്ങനെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ് എൻ്റെ സ്കൂളിലെ ആദ്യദിവസത്തെ പറ്റി...

ഞാനും മൂത്ത ആങ്ങളയും തമ്മിൽ ഒരു വയസ്സിൻ്റെ വ്യത്യാസമേ ഉള്ളൂ. അതുകൊണ്ടു തന്നെ അവനെ ആവുമല്ലോ ആദ്യം സ്കൂളിൽ വിടുന്നത്.

അവനെ എന്നും അമ്മയാണ് സ്കൂളിൽ കൊണ്ട് പോയി വിടുക. ഞാൻ അമ്മയുടെ ഒക്കത്തു ഇരിപ്പുണ്ടാവും. അന്നും എന്നും കാഴ്ച കാണുവാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്..

അവൻ്റെ ക്ലാസ് ടീച്ചർ ഒരു സിസ്റ്റർ ആയിരുന്നൂ.

എന്നെ കാണുമ്പോഴൊക്കെ സിസ്റ്റർ കളിപ്പിക്കും. സിസ്റ്ററിനു എന്നെ വലിയ കാര്യം ആയിരുന്നത്രേ...

അമ്മ പറയുന്നത് അനുസരിച്ചാണെങ്കിൽ "ഞാൻ ആര് കൈ കാണിച്ചാലും ചാടി പോവും."

നഴ്സറി ആയതുകൊണ്ട് ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ എല്ലാം ഉണ്ട്. അതെല്ലാം കണ്ടിട്ട് ഞാൻ എന്നും കരച്ചിലായിരുന്നത്രെ..

 "ചേട്ടൻ്റെ കൂടെ ക്ലാസ്സിൽ ഇരിക്കണം എന്നുള്ളതാണ് ഈ പാവത്തിൻ്റെ  ആവശ്യം "

അമ്മയ്ക്ക് വ്യക്‌തമായി കാര്യം അറിയാം...

"കളിപ്പാട്ടങ്ങൾ എടുത്തു കളിക്കുവാനുള്ള അടവാണ്."

അമ്മയെ കൂടാതെ ഞാൻ ഒറ്റയ്ക്ക് എങ്ങും നിൽക്കില്ല എന്നും അമ്മയ്ക്ക് അറിയാം.

ഏതായാലും എൻ്റെ ദിവസ്സമുള്ള കരച്ചിൽ കാരണം അവസാനം ഗതി കെട്ടു  സിസ്റ്റർ ഒരു ദിവസ്സം എന്നെ ചേട്ടൻ്റെ കൂടെ ഇരുത്തുവാൻ അമ്മയോട് പറഞ്ഞു.

സിസ്റ്ററുടെ അഭിപ്രായത്തിൽ

"ഇത്രയും പഠിക്കുവാൻ ആഗ്രഹമുള്ള കുട്ടികൾ അപൂർവ്വമാണത്രെ"

അമ്മ പറഞ്ഞു " എന്നാൽ പിന്നെ സിസ്റ്ററുടെ ഇഷ്ടം പോലെ നടക്കട്ടെ."

അങ്ങനെ ഞാൻ ആദ്യമായി ക്ലാസ്സിൽ ഇരുന്നു.

പക്ഷെ അമ്മ പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു.

അമ്മ ഉച്ചയ്ക്ക് തിരിച്ചു ചേട്ടനെ വിളിക്കുവാൻ വരുമ്പോൾ കാണുന്നത് "ഒക്കത്തു എന്നെയും എടുത്തു കൊണ്ട് കഷ്ടപ്പെട്ട് നിൽക്കുന്ന സിസ്റ്ററിനെ ആണ് "

"അമ്മ പോയി പത്തു നിമിഷം കഴിഞ്ഞപ്പോൾ ഞാൻ ഒക്കത്തു കയറിയതാണത്രേ. അമ്മയെ കാണണം. നിലത്തു നിർത്തിയാൽ കരച്ചിലാണ്. ഒക്കത്തു വച്ചാൽ മിണ്ടില്ല."

അന്നത്തെ കാലത്താണെങ്കിൽ ഒരു ഫോൺ പോലും ഇല്ല.

 "പിന്നെ എന്ത് ചെയ്യുവാൻ?."

കുട്ടികൾ മൊത്തം ചിരി. സിസ്റ്ററിനു ഒരക്ഷരം അന്ന് പഠിപ്പിക്കുവാൻ കഴിഞ്ഞില്ല...

അതിൽ പിന്നെ എന്തോ ഞാൻ എത്ര കരഞ്ഞിട്ടും സിസ്റ്റർ എന്നെ ക്ലാസ്സിൽ ഇരുത്തിയിട്ടില്ല....

"പാവം പഠിക്കുവാൻ ആഗ്രഹമുള്ള നല്ല കുട്ടിയായിരുന്നില്ലേ ഞാൻ.. ?"

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA