EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA
വേനൽ അവധിക്കു അമ്മയുടെ വീട്ടിൽ പോയി നിൽക്കുന്ന സമയത്താണ് ഈർക്കിൽ കളിയോട് ഇഷ്ടം തോന്നി തുടങ്ങിയത്.
അമ്മയാണ് കുട്ടിക്കാലത്തെപ്പോഴോ ഈർക്കിൽ കളി പഠിപ്പിച്ചത്..
അമ്മ തന്നെയാണ് കല്ല് കളിയും, കടലാസ്സിൽ കളിക്കുന്ന കള്ളനും പോലീസും, പിൻ ഇടൽ കളിയും എല്ലാം പഠിപ്പിചൂ തന്നത് ...
അവധിക്കാലത്തു മഴ പെയ്യുന്ന സമയം പുറത്തിറങ്ങി കളിക്കുവാൻ സാധിക്കില്ല...
ഇന്നത്തെ പോലെ അന്ന് അധികം ചാനലുകൾ ഇല്ലാത്തതിനാൽ ടെലിവിഷൻ്റെ മുന്നിൽ ചടഞ്ഞു കൂടി സമയം കളയാനും വയ്യ.
ആ സമയങ്ങളിലൊക്കെ ഒരു രക്ഷകനായി മുന്നിൽ ഉണ്ടായിരുന്നത് ഈർക്കിൽ കളിയായിരുന്നൂ.
അമ്മൂമ്മ കെട്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന ചൂലിൽ നിന്നും കുറച്ചു ഈർക്കിൽ അടിച്ചു മാറ്റുന്നൂ. പിന്നെ നേരെ അപ്പൂപ്പൻ്റെ മുറിയിൽ നിന്നും പുസ്തകവും പേനയും എടുത്തു കഴിഞ്ഞാൽ കളിക്കുവാനുള്ള സാമഗ്രികൾ ശരിയായി...
ഏറ്റവും നീളമുള്ള ഈർക്കിലിന് 100 പോയന്റ് , പിന്നെ 50 .. പിന്നെ 10 പോയിന്റ് ഉള്ള ചെറിയ ഈർക്കിൽ പത്തെണ്ണം. ഞങ്ങൾ ഇങ്ങനെയാണ് കളിക്കുവാൻ ഈർക്കിൽ എടുത്തിരുന്നത്. മൊത്തം അനങ്ങാതെ എടുത്താൽ 250 പോയന്റ് കിട്ടും.
നടുക്കത്തെ മുറിയിൽ ഇരുന്നു കസിൻസിനൊപ്പം ഈർക്കിൽ കളിക്കുന്നത് കാണുമ്പോൾ അങ്കിൾമാർക്കും സന്തോഷം...
കുറച്ചു നേരമെങ്കിലും അടങ്ങി ഒതുങ്ങി കുരുത്തക്കേടൊന്നും കാണിക്കാതെ ഇരിക്കുമല്ലോ..
കസിൻസ് ഒത്തിരി പേര് ഉണ്ടായിരുന്നൂ...
അതുകൊണ്ടു തന്നെ എല്ലാ നാടൻ കളികളും വാശിയോടെ തന്നെ അന്ന് കളിച്ചിരുന്നൂ..
ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞു പോയ നാളുകളെ ഓർത്തു ഒട്ടും നഷ്ടബോധം തോന്നാറില്ല..
കുസൃതി കാണിക്കേണ്ട പ്രായത്തിൽ ആവശ്യത്തിൽ കൂടുതൽ കുസൃതി കാണിച്ചും..
ഓടി വീഴേണ്ട പ്രായത്തിൽ ഓടി വീണും..
മരം കയറേണ്ട പ്രായത്തിൽ മരം കയറിയും..
മഴയിൽ നനഞ്ഞും... ഒക്കെയാണ് കുട്ടിക്കാലം മുന്നോട്ടു പോയത്...
ഇന്നിപ്പോൾ അതെല്ലാം മോനും അനന്തരവർക്കും പറഞ്ഞു കൊടുക്കുമ്പോൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ കഴിഞ്ഞു പോയ കുട്ടിക്കാലം തിരിച്ചു വരുന്നത് പോലെ തോന്നും..
നാട്ടിൽ നിന്നും അകന്നു നിൽക്കുമ്പോൾ മനസ്സിൽ മരുപ്പച്ചയായി ഈ ഓർമ്മകൾ മിന്നി മറയുന്നൂ...
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ