കുടുംബം KUDUMBAM FB, N

" അച്ഛൻ എന്തിനാണ് ഇങ്ങനെ ചെയ്തത്..?

 അവൻ്റെ  ചോദ്യത്തിനുള്ള ഉത്തരം നൽകുവാൻ എനിക്കാവുമോ....

ഒരു പത്തുവയസ്സുകാരൻ്റെ നിഷ്കളങ്കതയ്ക്കു മുന്നിൽ എനിക്ക് അത് തുറന്നു പറയാനാവില്ല..

കാരണം അവനു നഷ്ടമായത് അവൻ്റെ എല്ലാം എല്ലാമാണ്..

എനിക്ക് നഷ്ടമായത് നല്ലൊരു കുടുംബ സുഹൃത്തിനെ മാത്രമാണ്..

സന്തോഷങ്ങൾ നിറഞ്ഞ മീരയുടെയും ഹരിയുടെയും  ജീവിതത്തിൽ ഇരുൾ പടർത്തിയത് ആരാണ്...?

ഹരിയും മീരയും രണ്ടു കുട്ടികളും അടങ്ങുന്ന കൊച്ചു കുടുംബം.

എത്രയോ കാലമായി എനിക്ക് അവരെ അറിയാം..

കിട്ടുന്ന ശമ്പളത്തിൽ ഹരി നന്നായി കുടുംബം നോക്കി പോന്നൂ...

ബസ് കണ്ടക്ടർ ആയിരുന്ന അവൻ്റെ ജീവിതത്തിലേയ്ക്ക് ഗീതു കടന്നു വന്നത് അവൻ വിവാഹിതൻ ആണെന്ന് അറിയാതെ ആയിരുന്നൂ...

എപ്പോഴോ... ഹരിക്കു പറ്റിയ തെറ്റ്...

അവൻ്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ തിരിച്ചറിയുവാൻ മീരയും വൈകി..

ഹരിയുടെ രണ്ടാം വിവാഹത്തിന് രണ്ടു ദിവസ്സം മുൻപേ മാത്രമാണ് മീര എല്ലാം അറിയുന്നത്..

സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച് മീര ഹരിയെ ചോദ്യം ചെയ്തു. അത് താങ്ങാനാവാതെയാണ് ഹരി ആത്മഹത്യ ചെയ്തത്...

ഒരു നിമിഷത്തെ കുറ്റബോധവും കോപവും എല്ലാം നശിപ്പിച്ചൂ...

പിന്നെ  കുറെ നാളുകൾ മീര വീടിനു പുറത്തു  ഇറങ്ങിയതേ ഇല്ല.. ഒത്തിരി സമയമെടുത്താണ് അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്...

ഹരിയുടെ മുതലാളിയുടെ കാരുണ്യത്തിൽ അവൾക്കു ഒരു ജോലിയും കിട്ടി...

എനിക്കെന്നും വിഷമം അപ്പുവിനെ ഓർത്തു  മാത്രമായിരുന്നൂ..

അവനു എന്തിനും ഏതിനും അച്ഛൻ മതിയായിരുന്നൂ...

പാവം കുട്ടി..

അച്ഛൻ്റെ മരണത്തിനു ശേഷം അവൻ മനസ്സ് തുറന്നു ചിരിച്ചു ഞാൻ കണ്ടിട്ടില്ല..

വളരെ ദിവസ്സങ്ങൾക്കു ശേഷം  ഇന്നാദ്യമായി അവൻ എന്നോട് മനസ്സ് തുറന്നു...

"അഛനെ സ്നേഹിക്കുവാൻ ഞങ്ങളില്ലേ..."

"എന്നിട്ടും അച്ഛൻ എന്തിനാണ് എന്നെ ഇട്ടിട്ടു പോയത്.."

"ഇനി എനിക്ക് ആരുണ്ട്..?"

"അഛൻ്റെ ബൈക്കിൻ്റെ പുറകിൽ ഇരിക്കുവാൻ എനിക്ക് കൊതിയാവുന്നൂ.."

 "ഒരു ഉരുള ചോറ് അച്ഛൻ തരുന്നത് കഴിക്കുവാൻ എനിക്കിനി ആവുമോ..?"

എൻ്റെ കണ്ണുനീർ അവൻ കാണാതെ ഞാൻ മറച്ചു പിടിച്ചൂ..

അന്നാദ്യമായി ഹരിയോട് എനിക്ക് വെറുപ്പ് തോന്നി..

നിഷ്കളങ്കമായി സ്നേഹിക്കുന്ന ഈ കുരുന്നിനെ വിട്ടു കാമം തീർക്കുവാൻ പോയവൻ..

സ്നേഹം ആണ് തിരയുന്നതെങ്കിൽ അത് അവനു മക്കളുടെ രൂപത്തിൽ വീട്ടിൽ ഉണ്ടായിരുന്നൂ..

ചെയ്ത തെറ്റ് തിരുത്തുവാൻ നോക്കാതെ ഒളിച്ചോടി പോയവൻ...

മീരയോടും എനിക്ക് സഹതാപം അല്ല, ദേഷ്യം ആണ് തോന്നിയതപ്പോൾ..

ഒരു നിമിഷം സഹിച്ചു ക്ഷമയോടെ ഹരിയെ തിരുത്തിയിരുന്നെങ്കിൽ അപ്പുവിന് അവൻ്റെ അച്ഛനെ നഷ്ടപെടുമായിരുന്നോ...

തെറ്റ് പറ്റാത്തവർ ലോകത്തിൽ കുറവല്ലേ..

എല്ലാം സഹിക്കുവാനും പൊറുക്കുവാനും ഒരു സ്ത്രീയ്ക്ക് സാധിക്കേണ്ട..

വേണം..

കാരണം ഒരു കുടുംബം " കൂടുമ്പോൾ ഇമ്പമുള്ളതാക്കുവാൻ അവൾക്കു മാത്രമേ കഴിയൂ..."

എല്ലാം തികഞ്ഞു ഭൂമിയിൽ ആർക്കും ജീവിതം കിട്ടാറില്ല. ക്ഷമിച്ചും പൊറുത്തും മുന്നോട്ടു പോയേ തീരൂ..

.....................സുജ അനൂപ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC