ARTHAM അർത്ഥം FB, N, K, E, P, A,G, AP, LF

കോളേജിലെ ഇടനാഴിയിലെവിടെയോ വെച്ചാണ് അവനെ ആദ്യമായി ഞാൻ കാണുന്നത്...

പിന്നീടെപ്പോഴോ കലാലയ രാഷ്ട്രീയത്തിലെ തീപ്പൊരി പ്രാസംഗികനായി അവനെ ഞാൻ കണ്ടൂ..

അവൻ്റെ വാക്കുകൾ ഓരോന്നും പതിഞ്ഞത് പക്ഷേ എൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ ആയിരുന്നൂ.....

അർത്ഥം അറിയാതിരുന്നിട്ടു കൂടി ആ വാക്കുകൾ ഞാൻ മനഃപാഠ൦ ആക്കി..

എപ്പോഴോ ഞാനറിയാതെ എൻ്റെ മനസ്സ് എനിക്ക് കൈമോശം വന്നിരുന്നൂ...

അവനെ കാണുവാൻ മാത്രം എൻ്റെ കലാലയ ജീവിതത്തിലെ  ഇടവേളകൾ  ഞാൻ മാറ്റി വച്ചൂ...

എന്നിട്ടും അവൻ മാത്രം എന്നെ തിരിച്ചറിഞ്ഞില്ല...

അല്ലെങ്കിൽ തന്നെ ഒത്തിരി ആരാധികമാരുടെ ഇടയിൽ അവൻ കാണാതെ ഒതുങ്ങി ഒളിഞ്ഞു നിന്നിരുന്ന എന്നെ അവൻ എങ്ങനെ തിരിച്ചറിയും..

ആകാശത്തിൽ പാറി നടക്കുന്ന പക്ഷിയെ മോഹിക്കുവാൻ ചിറകുകൾ ഇല്ലാത്ത എനിക്ക് അവകാശം ഉണ്ടോ?

എപ്പോഴൊക്കെയോ കൂട്ടുകാരികൾ എന്നെ സംശയത്തോടെ നോക്കി. അവർക്കൊന്നും പിടി കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. ഒരിക്കൽ എങ്കിലും അവനോടു ഇഷ്ട്ടമാണെന്നു പറയുവാൻ എൻ്റെ മനസ്സു വെമ്പി.

എനിക്കതിനുള്ള ധൈര്യമില്ല...

.............................................

കലാലയ ജീവിതം ബിരുദത്തോടെ അവസാനിപ്പിച്ച് അപ്പൻ എന്നെ കെട്ടിച്ചു വിട്ടൂ.

വീട് എന്ന രണ്ടക്ഷരത്തിനുള്ളിൽ പിന്നെ എല്ലാം ഒതുങ്ങി..

ഭർത്താവിനോട് ഞാൻ ഒരിക്കൽ പറഞ്ഞ എൻ്റെ പ്രണയകഥ അന്നേ അദ്ദേഹം ഒരു തമാശയായി ചിരിച്ചു തള്ളിക്കളഞ്ഞിരുന്നൂ..

ഒരിക്കലും തുറന്നു പറയാതെ എൻ്റെ മനസ്സിലെ കല്ലറയിൽ അടക്കിയ എൻ്റെ പ്രണയം..

കാലം എത്ര വേഗമാണ് കടന്നു പോയത്...

മകൻ ജനിച്ചത് ഏഴു വർഷത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നൂ...

മകൻ  ജനിച്ചപ്പോൾ അവൻ്റെ പേര് എന്താവണം എന്ന് ഞാൻ മുൻപേ നിശ്ചയിച്ചിരുന്നൂ.

മോനെയും കൂട്ടി ആദ്യമായി പള്ളിയിലേയ്ക്ക് പോയ ദിവസ്സം...

മാമ്മോദിസാ മുക്കുവനായി വന്നതു ഇടവകയിലെ പുതിയ കൊച്ചച്ചൻ ആയിരുന്നൂ..

എൻ്റെ പഴയ ചുരുണ്ട മുടിയുള്ള ആ യുവപ്രാസംഗികനെ അവിടെ വെള്ളകുപ്പായത്തിൽ ഞാൻ കണ്ടു...

അദ്ദേഹം അവനു മാമ്മോദീസ നല്കി..

"അദ്ധേഹത്തിൻ്റെ പേരാണ് മകന് എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ പോലെ തന്നെ സന്യാസി ആവട്ടെ" എന്നും അനുഗ്രഹിച്ചൂ...

എൻ്റെ നിറഞ്ഞു നിന്ന കണ്ണുകൾ ഞാൻ ആരും കാണാതെ ആ നിമിഷം ഞാൻ തുടച്ചൂ...

ഇന്നും പക്ഷേ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല...

കുശലപ്രശ്നങ്ങൾക്കിടയിൽ ഭർത്താവു അദ്ദേഹത്തോട് പറഞ്ഞു..

"ഇവൾ പഠിച്ചിരുന്നത് തങ്ങളുടെ കലാലയത്തിൽ ആണ്.."

കൂടെ പഠിച്ചിരുന്ന പലരെയും അദ്ദേഹത്തിന് ഓർമ്മയുണ്ട്. എന്നെ കണ്ടതായി പോലും ഓർക്കുന്നില്ല...

..........................

രാത്രിയിൽ എപ്പോഴോ ഒഴുകിയ കണ്ണുനീർ തുടച്ചു മാറ്റുന്ന എന്നെ കെട്ടിപിടിച്ചു കൊണ്ട് ഭർത്താവു പറഞ്ഞു..

"എൻ്റെ കുട്ടി, ഇന്നും നീ ആ തീപ്പൊരി പ്രസംഗികനെ മറന്നില്ലേ?"

അദ്ദേഹത്തെ ഞെട്ടി തിരിഞ്ഞു നോക്കിയ എന്നോട് അദ്ദേഹം പറഞ്ഞു

"തുറന്നു പറയാത്ത പ്രണയവും, തിരിച്ചറിയപെടാത്ത സ്നേഹവും ഒരിക്കലും ഒരു ഭാരമായി ചുമന്നു നടക്കരുത്. ഇന്നലെകളെ മറന്നു ഇന്നിലേയ്ക്ക് നീ തിരിച്ചു വരണം. നിന്നെ നഷ്ടമാകുന്ന ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. നിന്നെ മനസ്സിലാക്കുവാൻ എനിക്ക് കഴിയും"

അവിടെ ഞാൻ പ്രണയo തിരിച്ചറിഞ്ഞു...

ആ വാക്കിൻ്റെ അർത്ഥം തിരിച്ചറിഞ്ഞു..

എന്നെ മനസ്സിലാക്കുന്ന, എൻ്റെ ഒരു നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കുന്ന, എൻ്റെ ഇഷ്ടങ്ങൾ ഞാനറിയാതെ തിരിച്ചറിയുന്ന എൻ്റെ ഭർത്താവ്.

ഞാൻ വിഷമിക്കുമ്പോൾ അതിനെ കൂടുതൽ കുത്തി നോവിക്കാതെ കൂടെ നിൽക്കുന്ന ഭർത്താവ്...

ഇവിടെ എൻ്റെ പ്രണയം സഫലമായി എന്ന് ഞാൻ തിരിച്ചറിയുന്നൂ...

.....................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA