PRETHAM പ്രേതം FB, N

 "ഹോമം നടത്തുന്നുണ്ട്ത്രേ, എന്നെ പിടിച്ചു കെട്ടുവാൻ മഹാമാന്ത്രികൻ വന്നിട്ടുണ്ടു പോലും...."

വരട്ടേ...

ഞാൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എനിക്ക് അങ്ങനെ ആരുടെ മേലും കയറുകയും വേണ്ട...

എന്നിട്ടും എന്തിനാണ് എന്നെ എല്ലാവരും ഉപദ്രവിക്കുന്നത്....

 തെറ്റ് ചെയ്തവരെ അല്ലേ ശിക്ഷിക്കേണ്ടത്...

ഈ പാവം അമ്മയെ വെറുതേ വിട്ടു കൂടെ ...

ഞാൻ സുഭദ്ര..

ചെറുപ്പത്തിലേ അപ്പനും അമ്മയും മരിച്ചൂ. പിന്നീടുള്ള ജീവിതം മൊത്തം അമ്മാവൻ്റെ വീട്ടിലെ ചായ്‌പിൽ ആയിരുന്നൂ...

എല്ലുമുറിയെ പണിയെടുപ്പിക്കുവാൻ അവിടെ അമ്മായി ഉണ്ടായിരുന്നൂ. ഒരിക്കലും വയറു നിറയെ ഞാൻ ഉണ്ടിട്ടില്ല..

എന്നിട്ടും ഞാൻ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല.

"എൻ്റെ കണ്ണുനീർ കണ്ടു മരിച്ചു പോയ അച്ഛനമ്മമാർ വിഷമിക്കരുത്. എൻ്റെ കണ്ണുനീർ ഭൂമിയിൽ വീണു ഭൂമിദേവി പൊള്ളരുത്..."

പതിനെട്ടാം വയസ്സിൽ അമ്മാവൻ കണ്ടെത്തിയ വരൻ, പ്രായം കൂടുതലായിരുന്നിട്ടു കൂടി ഞാൻ വിവാഹത്തിനു സമ്മതിച്ചൂ...

ഉമിത്തീയിൽ നിന്നും എരിതീയിലേക്കുള്ള എൻ്റെ പ്രയാണം അവിടെ തുടങ്ങി...

എല്ലാം ഞാൻ സഹിച്ചൂ...

ആദ്യപ്രസവത്തിനു എന്നെ കൊണ്ട്പോകുവാൻ ആരും വന്നില്ല.
പ്രസവം വീട്ടിൽ മതി, പൈസ ചിലവാക്കില്ല എന്ന വാശി അദ്ദേഹത്തിൻ്റെ അമ്മയുടേതായിരുന്നൂ...

ഒടുക്കം വയറ്റാട്ടിക്കുo എന്നെ രക്ഷിക്കാനായില്ല...

പക്ഷേ... കണ്ണടയ്ക്കും മുൻപേ ഞാൻ കണ്ടൂ...

എൻ്റെ പൊന്നു മകളെ...

ആ നിമിഷം ഞാൻ കരഞ്ഞു....

" എനിക്ക് വേണം അവളുമൊത്തുള്ള കൊച്ചു സന്തോഷങ്ങൾ... അവളെ പിരിയുവാൻ വയ്യ..."

എന്നിട്ടും ഒരു ഈശ്വരനും എൻ്റെ കരച്ചിൽ കേട്ടില്ല...

അദ്ദേഹത്തെ ഞാൻ സമ്മതിച്ചൂ...

"എൻ്റെ ആണ്ടുബലി നടത്തിയതിനു ശേഷം മാത്രം ആണല്ലോ അദ്ദേഹം വേറെ വിവാഹം കഴിച്ചത്..."

ഇപ്പോൾ എൻ്റെ കുട്ടിയെ അവർ കഷ്ടപെടുത്തുന്നൂ. വീട്ടിലെ പണിയെല്ലാം ചെയ്തിട്ടും അവൾക്കു വയറു നിറയെ ആഹാരമില്ല,അവൾക്കു നല്ല ഉടുപ്പില്ല..

 അതെല്ലാം ഞാൻ സഹിക്കാം പക്ഷേ...രണ്ടാനമ്മ അവളെ തല്ലുന്നൂ..

അത് സഹിക്കുവാൻ എനിക്കാവില്ല...

 ഞാൻ ഇവിടെ അലയുന്നത് എൻ്റെ മകൾക്കു വേണ്ടി മാത്രമാണ്...

ഇല്ലെങ്കിൽ അവർ അവളെ കൊല്ലും...

"ഒരു അമ്മയുടെ നീറ്റൽ ആർക്കെങ്കിലും മനസ്സിലാവുമോ..?"

എൻ്റെ കുട്ടിയുടെ ചോര ഊറ്റി കുടിക്കുന്ന ആ യക്ഷിയെ അല്ലേ തളയ്‌ക്കേണ്ടത്..

എൻ്റെ കുഞ്ഞിൻ്റെ കണ്ണ് ഇനി നിറയില്ലെന്നു പറയൂ..

ഞാൻ പോയിക്കൊളാം നിങ്ങൾ പറയുന്നിടത്തേയ്ക്കു....

 ബന്ധനസ്ഥയായി കിടയ്ക്കാം മോക്ഷമില്ലാതെ, നിങ്ങൾ പറയുന്ന സ്ഥലത്തു..

"ഇല്ലെങ്കിൽ എന്നെ ആർക്കും തളയ്ക്കാനാവില്ല. ഏതു തന്ത്രിയുടെ മുന്നിലും ഈ അമ്മ തളരില്ല. മന്ത്രവും തന്ത്രവും പൊട്ടിച്ചെറിഞ്ഞു ഞാൻ വരും എൻ്റെ കുഞ്ഞിന് കാവലായി..."

കാരണം ഞാൻ അമ്മയാണ്....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC