ARHATHA അർഹത, FB, N, E, P, A, AP

"മീനാക്ഷിക്ക് തീരെ വയ്യ. ഇന്നലെ ഞാൻ കണ്ടിരുന്നൂ. ക്യാൻസർ പടർന്നു കൊണ്ടിരിക്കുകയാണത്രെ, ഇനി അധിക നാൾ ഉണ്ടാവില്ല"

ജോലിക്കാരി ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നൂ. അവർ അങ്ങനെയാണ്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അന്വേഷിച്ചറിയും. അത് പിന്നെ പോകുന്ന വീട്ടിലെല്ലാം എത്തിക്കും.

മീനാക്ഷിയെ എനിക്ക് ചെറുപ്പം മുതലേ അറിയാം.  മീനാക്ഷിയും ഭർത്താവും രണ്ടു ആണ്മക്കളും ചേർന്ന സന്തുഷ്ട കുടുംബം. സ്നേഹിച്ച പുരുഷനെ ഭർത്താവായി കിട്ടിയവൾ. ഉള്ളത് കൊണ്ട് സന്തോഷമായി അവർ ജീവിക്കുന്നൂ. അവരുടെ സ്നേഹം കണ്ടു എന്നും എല്ലാവരും അത്ഭുതപെട്ടിട്ടേ ഉള്ളൂ.

എപ്പോഴാണ് അവൾക്കു വഴി തെറ്റിയത്....?

ചെറ്റപുരയിൽ നിന്നും മാളികയിലേക്കു എളുപ്പത്തിൽ നടക്കുവാൻ നോക്കിയപ്പോൾ. കിട്ടുന്നത് പോരാ എന്ന തോന്നൽ അവളെ എത്തിച്ചത് എവിടെയാണ്? കൂലിപ്പണിയിൽ നിന്നും കിട്ടുന്നത് ആർഭാടം നയിക്കുവാൻ തികയില്ലല്ലോ. അവളുടെ ദുരാശ അവളെ നയിച്ചത് നൈമിഷികമായ നേട്ടങ്ങളിലൂടെ മാത്രമാണ്.

അവൾ തൻ്റെ ശരീരത്തിൻ്റെ വില തിരിച്ചറിഞ്ഞിരുന്നൂ.എല്ലാറ്റിനും തുണ അവളുടെ ഭർത്താവായിരുന്നൂ. മീനാക്ഷിക്കായി അതിഥികളെ കൂട്ടികൊണ്ടു വന്നിരുന്നത് സ്വന്തം ഭർത്താവു തന്നെയായിരുന്നൂ.

ഒരിക്കൽ അങ്ങനെ അവിടെ എത്തിയതായിരുന്നൂ ഹരി. അയാൾ പിന്നീട് അവിടെ സ്ഥിരം സന്ദർശകനായി. നല്ലൊരു വ്യാപാരിയായിരുന്ന അയാളുടെ പണം പതിയെ മീനാക്ഷിയുടെ വീട്ടിലേക്കൊഴുകി തുടങ്ങി.

അയാളുടെ വ്യാപാരം തകർന്നു തുടങ്ങിയ സമയത്താണ് ഒരിക്കൽ അയാളുടെ ഭാര്യ, മാലതി,  മീനാക്ഷിയുടെ വീട്ടിലേയ്ക്കു കയറി ചെന്നത്.

"തൻ്റെ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും ഭർത്താവിനെ വിട്ടു കൊടുക്കണം" എന്ന് അവർ ആവശ്യപ്പെട്ടു. പക്ഷേ.. മീനാക്ഷി അവരെ അവിടെ നിന്നും ഇറക്കി വിട്ടൂ.

അധികം വൈകാതെ കടക്കെണിയിൽ മുങ്ങി ഹരി ആത്മഹത്യ ചെയ്തു. അങ്ങനെ ആ കുടുംബം അനാഥമായി. ഹരിയുടെ പണം കൊണ്ട് മീനാക്ഷി അപ്പോഴേയ്ക്കും നല്ലൊരു നിലയിൽ എത്തിയിരുന്നൂ.

വീണ്ടും ഒരിക്കൽ കൂടി മാലതി മീനാക്ഷിയെ തേടി വന്നൂ. മരിക്കുന്നതിൻ്റെ  തലേന്ന് ഹരി താൻ ചെയ്തു പോയ തെറ്റുകളോർത്തു ഒത്തിരി കരഞ്ഞുവത്രേ. മീനാക്ഷി കൊടുക്കുവാനുള്ള പണത്തിൻ്റെ കണക്കും അയാൾ പറഞ്ഞിരുന്നത്രെ.

"ജീവിക്കുവാൻ വേറെ മാർഗ്ഗമില്ല. കുറച്ചു പണം തന്നൂ സഹായിക്കൂ.." മാലതിയുടെ അലറിക്കരച്ചിൽ കേട്ട് നാട് മുഴുവൻ നടുങ്ങിയെങ്കിലും മീനാക്ഷിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. തലതല്ലി കരഞ്ഞുകൊണ്ട് മാലതി അവിടെ നിന്നും പോയി.

കാലം കടന്നു പോയികൊണ്ടിരുന്നൂ. പണം ആണ് എല്ലാത്തിലും വലുത് എന്ന് ചിന്തിച്ച മീനാക്ഷിക്ക് അവൾ അർഹിച്ചിരുന്ന ശിക്ഷ തന്നെ കിട്ടി.

 മീനാക്ഷി ഉണ്ടാക്കിയതെല്ലാം അവരുടെ ആൺമക്കൾ രണ്ടും കൂടെ നശിപ്പിച്ചൂ. വീട് ജപ്തി ആയപ്പോൾ മക്കൾ രണ്ടു പേരും ദൂരെ നാട്ടിലേയ്ക്ക് അവരവരുടെ കുടുംബത്തോടൊപ്പം പോയി. മീനാക്ഷിയും ഭർത്താവും അങ്ങനെ വാടക വീട്ടിലേയ്ക്കു മാറി.

പതിയെ മീനാക്ഷിക്ക് വയ്യാതെയായി. ഉള്ളതെല്ലാം പെറുക്കി മീനാക്ഷിയെ ഭർത്താവു ചികിത്സിച്ചൂ. അധികം താമസിയാതെ മനസ്സ് മടുത്തു അയാൾ ആത്മഹത്യ ചെയ്തു. ഹരിയുടെ മക്കൾ അനുഭവിക്കേണ്ടത് പിടിച്ചു വാങ്ങിയ മീനാക്ഷിക്കു ഒടുക്കം എല്ലാം നഷ്ടമായി.

ഇപ്പോൾ മീനാക്ഷി ഓർക്കുന്നുണ്ടാവുമോ താൻ  മൂലം അനാഥരായ ഹരിയുടെ മക്കളെ. നേടിയതൊന്നും നേട്ടം അല്ലെന്നും അർഹിക്കാത്തതു കൈപറ്റരുതെന്നും അവർ ഇപ്പോഴെങ്കിലും മനസ്സിലാക്കി കാണുമോ..?

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA