CYCLE സൈക്കിൾ, FB, N, G, E, A, TMC, NA
അതൊരു കാലം...
അന്നൊക്കെ വലിയ സൈക്കിൾ ചവിട്ടുന്ന ചേട്ടൻമ്മാരെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. റാലി സൈക്കിളും BSA SLR സൈക്കിളും ചവിട്ടി ചേട്ടൻമ്മാർ അങ്ങനെ പോകും.
സൈക്കിൾ ചവിട്ടുവാൻ പഠിക്കണം എന്ന് തോന്നിയത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്..
അന്ന് കൊടുവഴങ്ങയിൽ സുകുമാരൻ എന്ന ചേട്ടൻ്റെ സൈക്കിൾ കടയുണ്ട്. അവിടെ നിന്ന് അവധി ദിവസ്സങ്ങളിലെല്ലാം മൂത്താങ്ങള കൊച്ചു സൈക്കിൾ വാടകയ്ക്ക് എടുക്കും. അതിലാണ് ഞാൻ ആദ്യമായി സൈക്കിൾ ചവിട്ടുവാൻ പഠിച്ചത്.മണിക്കൂർ നിരക്കിൽ ആയിരുന്നൂ അന്ന് സൈക്കിളിനു വാടക ഈടാക്കിയിരുന്നത്...
അതുപോലെ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയാണ് നാട് മുഴുവൻ ബെന്നി അങ്കിളിൻ്റെ വലിയ സൈക്കിളിൽ ചുറ്റി കറങ്ങിയിരുന്നത്.
സിനിമയ്ക്ക് ഞങ്ങൾ കസിൻസിനെ മൊത്തം കെട്ടി പെറുക്കി ബെന്നി അങ്കിളോ അല്ലെങ്കിൽ സിൽവി അങ്കിളോ ചെട്ടിഭാഗം ശ്രീ ദുർഗ്ഗയിലോ ഡേവിസണിലോ കൊണ്ടുപോയിരുന്നതും സൈക്കിളിൽ തന്നെ ആയിരുന്നൂ...
അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ സാജു അങ്കിളിൻ്റെ ചെറിയ ചുവന്ന BSA SLR സൈക്കിൾ ചവിട്ടി കൊണ്ട് നടക്കുമായിരുന്നൂ. അത്യാവശ്യം വലിയ മുറ്റം ഉണ്ടായിരുന്നത് കൊണ്ട് ചവിട്ടുവാനും സുഖമായിരുന്നൂ.. മാറി മാറി ഊഴം നോക്കി കാത്തിരുന്നൂ ഞാനും കസിൻസും മാറി മാറി ചവിട്ടും...
സ്വപ്നം കണ്ടിരുന്ന BSA യുടെ ലേഡി ബേഡ് ഞാൻ സ്വന്തമാക്കിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നൂ. പിന്നീട് അങ്ങോട്ട് വർഷങ്ങളോളം സ്കൂളിൽ പോകുവാനും കറങ്ങി നടക്കുവാനും കൂട്ട് അവൾ ആയിരുന്നൂ...
മുൻപിൽ കൊട്ട വച്ചിട്ടുള്ള എൻ്റെ കറുത്ത നിറത്തിലുള്ള സൈക്കിളിനെ ഞാൻ ഒത്തിരി പ്രണയിച്ചിരുന്നൂ...
ഒരു തുള്ളി അഴുക്കു പോലും പിടിക്കാതെ നക്കി തുടച്ചു ഓമനിച്ചു കിട്ടാവുന്ന തൊങ്ങലുകൾ ഒക്കെ പിടിപ്പിച്ചു ഒത്തിരി നാൾ അവളെ ഞാൻ സ്നേഹിച്ചു കൊണ്ട് നടന്നൂ.
പിന്നീട് കലാലയ ജീവിതത്തിൻ്റെ നാളുകളിൽ "കൈനറ്റിക് ഹോണ്ട " കടന്നു വന്നൂ. ബിരുദത്തിനു പഠിക്കുമ്പോഴേക്കും, തിരക്ക് പിടിച്ച എൻ്റെ ജീവിതത്തിൽ നിന്നും ഒറ്റപെട്ടു ആ പഴയ പാവം സൈക്കിൾ വീടിൻ്റെ ഒരു മൂലയിൽ കുറേ നാൾ പൊടി പിടിച്ചു കിടന്നൂ. പിന്നീട് അതാർക്കോ വിറ്റൂ...
എന്നിട്ടും എപ്പോഴൊക്കെയോ സ്വപ്നങ്ങളിൽ അവൾ ബെല്ലും മുഴക്കി കടന്നു വരുന്നൂ...
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ