ENTE KALIPPATTANGHAL എൻ്റെ കളിപ്പാട്ടങ്ങൾ, FB, N, A, G
ബാല്യത്തിലെ ഒരേട് ഏതൊരു പെൺകുട്ടിയേയും പോലെ ഞാൻ മാറ്റി വച്ചതു എൻ്റെ കൊച്ചു പാവകുട്ടിക്ക് വേണ്ടിയായിരുന്നു.
ആദ്യമായി എനിക്ക് കിട്ടിയ കളിപ്പാട്ടം ആ പാവയായിരുന്നൂ. എന്തിനെന്നറിയാതെ ഞാൻ അതിനെ ഒക്കത്തു വച്ച് കൊണ്ട് നടക്കുമായിരുന്നൂ.
ആങ്ങളമാരൊക്കെ കാറും ബസ്സും എടുത്തു കളിക്കുമ്പോൾ ഞാൻ എൻ്റെ പാവയ്ക്കു പുതിയ വസ്ത്രങ്ങളൊക്കെ കൈ കൊണ്ട് തയ്ച്ചും അതിനെ കുളിപ്പിച്ചും സമയം നീക്കുമായിരുന്നൂ.
അന്ന് എനിക്ക് നാല് വയസ്സ് കാണും. ഏകദേശം രണ്ടു വർഷത്തോളം ആ പാവ എൻ്റെ കൂടെ ഉണ്ടായിരുന്നൂ..
കൂട്ടുകാരി സിജിയ്ക്കും എൻ്റെ കൈയ്യിലുള്ള പോലത്തെ ഒരു പാവയുണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ രണ്ടു പാവകളേയും വച്ചാണ് ഞങ്ങൾ ഒരുമിച്ചു കളിച്ചിരുന്നത്.
ഒരിക്കൽ മൂത്താങ്ങള അതിൻ്റെ കൈയ്യും കാലും പറിച്ചെടുത്തൂ. കുറച്ചു നേരം ആ പാവയെടുത്തു കരഞ്ഞതായാണ് എൻ്റെ ഓർമ്മ.
വാശിയുടെ കാര്യത്തിൽ മുൻപിൽ ആയതുകൊണ്ടോ മറ്റോ ആണോ എന്നറിയില്ല പിന്നീടൊരിക്കലും ഞാൻ ഒരു പാവയെ വാങ്ങിയിട്ടുമില്ല അത് വച്ച് കളിച്ചിട്ടുമില്ല...
പിന്നീട് എനിക്ക് ഉണ്ടായിരുന്നത് ഒരു കൊച്ചു ചുവന്ന കാർ ആയിരുന്നൂ. അപ്പച്ചൻ എനിക്ക് മാത്രമായി വാങ്ങി തന്നതാണ്. അതുപയോഗിച്ചു കുറച്ചു നേരം കളിക്കും, അത് ഉപയോഗിച്ച് കളിക്കുന്നതിൽ കൂടുതൽ അതിനെ എടുത്തു തുടച്ചു സൂക്ഷിച്ചു വയ്ക്കുന്നതിൽ ആയിരുന്നൂ എനിക്ക് താല്പര്യം...
ആങ്ങളമാർ അവമ്മാരുടെ മൊത്തം മെക്കാനിക്കൽ പാഠങ്ങളുടെ ആദ്യകാല പരീക്ഷണങ്ങൾ നടത്തിയിരുന്നത് കളിപ്പാട്ടങ്ങളിൽ ആയിരുന്നൂ..
അങ്ങനെ ഒരു സുപ്രഭാതത്തിൽ കുഞ്ഞാങ്ങളയുടെ പരീക്ഷണക്ലാസിലെ പാവം വസ്തുവായി അത് മാറി.
പാവം ഞാൻ...
ചക്രങ്ങൾ വേർപെട്ടു ശരീരം പലകഷണങ്ങൾ ആക്കി അവൻ എനിക്ക് അതിനെ തിരിച്ചു തന്നൂ. അങ്ങനെ ആറു വർഷത്തോളം പൊന്നു പോലെ ഞാൻ കൊണ്ട് നടന്ന എൻ്റെ കാർ ശവമായി...
എന്തോ കളിപ്പാട്ടങ്ങൾ ഇങ്ങനെ രണ്ടെണ്ണങ്ങൾ മാത്രമേ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ....
കാരണം അന്നും ഇന്നും ജീവൻ ഇല്ലാത്ത കളിപ്പാട്ടങ്ങളെക്കാൾ ഞാൻ എന്നും പ്രണയിച്ചിരുന്നത് ചെടികളേയും പൂക്കളേയും ആണ്..
പിന്നെ പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും പോകുമ്പോൾ കൈ നിറയെ വാങ്ങി ഇടുന്ന കുപ്പി വളകളേയും തനി നാടൻ ഭാഷയിൽ പറഞ്ഞാൽ "ക്യൂടെക്സ്" കുപ്പികളേയും....
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ