ഏഴാം ദിവസ്സം EZHAM DHIVASSAM, FB, N, K, E, P, A, KZ

"മോനെ, നീ ചെയ്യുന്നത് തെറ്റല്ലേ, അവളെ മോഹിപ്പിച്ചിട്ടു നീ മറ്റൊരു പെണ്ണിൻ്റെ കഴുത്തിൽ മിന്നു കെട്ടരുത്. നീ അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കുവാൻ നിനക്ക് സാധിക്കില്ല."

"അമ്മയ്ക്ക് രാവിലെ വേറെ പണിയൊന്നുമില്ലേ.. എനിക്ക് അപ്പൻ പറഞ്ഞ പെണ്ണ് മതി. എനിക്കാരോടും സ്നേഹവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.." മനു ഉറക്കെ വിളിച്ചു കൂകി.

"മനു പറഞ്ഞ വാക്കുകൾ തകർത്തത് എൻ്റെ ഹൃദയമാണ്. ഇപ്പോൾ ഇവിടെ നിന്നത് കൊണ്ട് മാത്രം എല്ലാം എനിക്ക് അറിയുവാൻ കഴിഞ്ഞു."

അവൻ ആനിയെ സ്നേഹിച്ചിരുന്നതിനെല്ലാം ചുക്കാൻ പിടിച്ചത് ഞാൻ തന്നെയാണ്, അവൻ്റെ പെങ്ങൾ എന്ന് പറയുവാൻ എനിക്ക് ഇപ്പോൾ നാണം തോന്നുന്നൂ.

"എല്ലാം എൻ്റെ തെറ്റാണ്.."

ഞാനും  ആനിയും അയല്പക്കക്കാരാണ്. പണത്തിൻ്റെ അന്തരം എന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നൂ. കൗമാരത്തിലെപ്പോഴോ അവർ തമ്മിൽ സ്നേഹിച്ചു തുടങ്ങി.

"അവനോടു ആനിക്കു തോന്നിയ ഇഷ്ടം അവൻ്റെ  ഉള്ളിലും ഉണ്ട് എന്നറിഞ്ഞ ദിവസ്സമാണ്‌അവൾ ജീവിതത്തിൽ  ഏറ്റവും കൂടുതൽ സന്തോഷിച്ചത്രേ.."

എനിക്കും അമ്മയ്ക്കും എല്ലാം അറിയാമായിരുന്നൂ.

പത്താം ക്ലാസ്സു കഴിഞ്ഞു ഞാൻ കോളേജിലേയ്ക്കും ആനി തുന്നൽ ക്ലാസ്സിലേയ്‌ക്കും അവൻ ഡിപ്ലോമയ്ക്കും പോയി. എന്നിട്ടും അവരുടെ പ്രണയം അങ്ങനെ തുടർന്നൂ.

പലപ്പോഴും അവളുടെ കൂട്ടുകാരികൾ അവളോട് പറഞ്ഞു "മനു നിന്നെ ചതിക്കും. അവൻ സമ്പന്നനാണ്."

എന്നിട്ടും അവനായി അവൾ തന്നെതന്നെ നൽകി. ആ മനുവാണ് ഇന്ന് അവളെ വേണ്ട എന്ന് പറയുന്നത്.

പിറ്റേന്ന് അവളെ കണ്ടപ്പോൾ  ഞാൻ പറഞ്ഞു.

"അടുത്ത മാസം മനുവിൻ്റെ വിവാഹമാണ്."

ആനി എൻ്റെ കൈയ്യിൽ പിടിച്ചൂ ഒത്തിരി കരഞ്ഞു. പിന്നീട് കണ്ണുനീർ തുടച്ചിട്ട് അവൾ പറഞ്ഞു..

" എൻ്റെ കണ്ണുനീർ ആരും ഇനി കാണില്ല. ഞാൻ എല്ലാം സഹിക്കും. കാരണം അർഹിക്കാത്ത സ്നേഹം ഞാനാണ് പകർന്നു നൽകിയത്. അത് എൻ്റെ മാത്രം തെറ്റാണു"

വിവാഹത്തിന് പള്ളിയിൽ മുന്നിൽ തന്നെ ആനി ഉണ്ടായിരുന്നൂ.

മനുവിൻ്റെ പെണ്ണ് സുന്ദരിയായിരുന്നൂ. ലിസ്സി എന്നാണ് പേര്. അവൾ ഉടുത്തൊരുങ്ങി അവൻ്റെ ഒപ്പം നിൽക്കുമ്പോൾ പക്ഷേ പിടയുന്നതു  ആനിയുടെ  നെഞ്ചാണ് എന്ന് എനിക്കറിയാം. താലി അവളുടെ കഴുത്തിൽ വീണപ്പോൾ അസ്തമിച്ചതു ആനിയുടെ സ്വപ്നങ്ങളും.

കാലം കടന്നു പോയിക്കൊണ്ടിരുന്നൂ...

ആനി പക്ഷേ.. വേറെ വിവാഹം കഴിച്ചില്ല.

"അശുദ്ധമായ ശരീരം ഞാൻ ഒരിക്കലും മറ്റൊരുത്തനായി മാറ്റി വക്കില്ല. വിവാഹം വേണ്ട എന്നുള്ളത് എൻ്റെ തീരുമാനമാണ്. മനസ്സ് കൊണ്ട് മറ്റൊരാളെ എനിക്ക് ഇനി സ്നേഹിക്കുവാൻ കഴിയില്ല. എൻ്റെ ആങ്ങള വിവാഹം കഴിച്ചത് മുതൽ എനിക്ക് നേരെയുള്ള നാത്തുൻ്റെ മുറുമുറുപ്പ് പോലും ഞാൻ കണ്ടില്ലെന്നു നടിക്കുവാണ്.." അന്ന് കണ്ടപ്പോൾ അവൾ എൻ്റെ കൈയ്യിൽ പിടിച്ചു ഒത്തിരി കരഞ്ഞു.

മനുവിൻ്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞിരിക്കുന്നൂ. അവർക്കു കുട്ടികളില്ല. ലിസിയുടെ ദുഃഖം കണ്ടപ്പോഴാണ് ഞാൻ ലിസ്സിയോട് ആനിയെ പോയി കാണുവാൻ ആവശ്യപ്പെട്ടത്‌.അവളോട് എല്ലാം ഞാൻ തുറന്നു പറഞ്ഞു. ഇനി വേണ്ടത് അവൾ ചെയ്യട്ടെ എന്ന് ഞാൻ തീരുമാനിച്ചൂ.

അവൾ രണ്ടു ദിവസ്സം കഴിഞ്ഞപ്പോൾ ആനിയുടെ വീട്ടിലേയ്ക്കു ചെന്നൂ...

"ആനി ഇല്ലേ ഇവിടെ? "

ആരാണാവോ രാവിലെ എന്നെ തേടി വരുവാൻ. എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കുവാൻ ആയില്ല. മനുവിൻ്റെ ഭാര്യ ലിസിയാണ്.

"വിവാഹം കഴിഞ്ഞിട്ട് ഇന്നുവരെ ഞാൻ  അവളോട് സംസാരിച്ചിട്ടില്ല. കാരണം അവളെ കാണുമ്പോഴൊക്കെ ഞാൻ അറിയാതെ എൻ്റെ കണ്ണുനീർ ഒഴുകി വരും. മനസ്സിൽ അടക്കി വച്ച സങ്കടങ്ങൾ പുറത്തു വരും."

"ലിസ്സി വരൂ..."

ആദ്യമായാണ് അവർ എൻ്റെ വീട്ടിൽ വരുന്നത്. ഭാഗ്യത്തിന് ആങ്ങളയുടെ ഭാര്യ ഇല്ല.

ലിസ്സി യാതൊരു മറയുമില്ലാതെ പറഞ്ഞു തുടങ്ങി...

 " വിവാഹം കഴിഞ്ഞിട്ട് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ആനി എന്നെ ശപിക്കരുത്. ആനിയുടെ ഭാഗ്യം ഞാനായിട്ട് തട്ടി എടുത്തിട്ടില്ല. വിവാഹം കഴിഞ്ഞു ഇവിടെ വന്നതിനു ശേഷം പോലും എനിക്കൊന്നും അറിയില്ലായിരുന്നൂ. മനുവിൻ്റെ സഹോദരിയാണ് ആനിയെ പറ്റി പറഞ്ഞത്. മരണക്കിടക്കയിൽ  പോലും മനുവിൻ്റെ അമ്മ ആനിയെ ഓർത്തു സങ്കടപെട്ടിട്ടേ ഉള്ളൂ, അതിൻ്റെ കാരണം ഇന്നാണ് എനിക്ക് മനസ്സിലായത്.."

ലിസിയെ ആനി സന്തോഷത്തോടെ പറഞ്ഞയച്ചൂ...

ഏതായാലും രണ്ടു മാസ്സങ്ങൾക്കു ശേഷം ലിസ്സി എനിക്കായി മധുരപലഹാരങ്ങൾ കൊടുത്തയച്ചൂ, വിശേഷം ഉണ്ടെന്നറിയിക്കുവാൻ. പിന്നീട് ലിസിയെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടി കൊണ്ടുപോയി. വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നൂ.

ഏതായാലും ലിസ്സി പിന്നെ തിരിച്ചു വന്നത് നല്ലൊരു ആൺകുഞ്ഞിനെയും കൊണ്ടായിരുന്നൂ. അവൾ എവിടെ പോയാലും ആ കുഞ്ഞിനെ ആനിയെ  ഏല്പിക്കുമായിരുന്നൂ. അവനെ കൊണ്ട് അവളെ ആനിയമ്മ എന്നവൾ വിളിപ്പിച്ചൂ...

അവരുടെ ജീവിതത്തിലേയ്ക്ക് ഒരിക്കലും  കടന്നു ചെല്ലുവാൻ ആനി ഇഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടും ലിസ്സി എല്ലാം മനസ്സിലാക്കി അവളെ ചേർത്ത് നിറുത്തി.

മനുവിൻ്റെ മരണം പെട്ടെന്നായിരുന്നൂ. ഹൃദയാഘാതം എന്നു എല്ലാവരും പറഞ്ഞു. ലിസിയെ എല്ലാവരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നൂ. മോനെ ലിസ്സി എൻ്റെ കൈയിലാണ് ഏല്പിച്ചത്.

"അവളെക്കാൾ അധികം ആനി വേദനിക്കുന്നുണ്ട് എന്ന് ലിസിക്ക് പക്ഷേ.. അറിയാമായിരുന്നൂ..."

മനുവിൻ്റെ മരണം നടന്നു ഏഴാം ദിവസ്സം ആനിയും മരിച്ചൂ. ഹൃദയാഘാതം ആയിരുന്നൂ. സിമിത്തേരിയിൽ മനുവിൻ്റെ തൊട്ടടുത്തു തന്നെ അവൾക്കായി കുഴി ഒരുങ്ങി.

മരണത്തിൽ എങ്കിലും അവർ ഒന്ന് ചേർന്നല്ലോ എന്ന് ഓർത്തു പോലും ആശ്വസിക്കുവാൻ എനിക്ക് കഴിഞ്ഞില്ല...

 കാരണം മനു എപ്പോഴെങ്കിലും അവളെ സ്നേഹിച്ചിരുന്നോ..?

" പക്ഷേ എനിക്ക് ഒന്ന് മാത്രം അറിയാം ആനിയുടെ സ്നേഹം സത്യമായിരുന്നൂ. മനുവില്ലാത്ത ഒരു ലോകത്തു ഒരു നിമിഷം പോലും ജീവിക്കുവാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല."

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA