KARMMAPAHALAM കർമ്മഫലം FB, N, P, K, E, G, A, KZ, AP,


"മസ്തിഷ്ക മരണം സംഭവിച്ചൂ. ഇനി ഒന്നും ചെയ്യുവാനില്ല"

ഡോക്ടർ പറയുന്നത് ഞാൻ കേട്ടു.

എല്ലാം ഞാൻ അറിയുന്നുണ്ട്. ദേഹി ദേഹത്തിൽ നിന്നും അകന്നു തുടങ്ങുകയാണ്.

പക്ഷേ...

ഈ നിമിഷം എനിക്ക് കുറ്റബോധമുണ്ട് എൻ്റെ ഇന്നലെകളെ ഓർത്ത്‌..

സാധാ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് എന്നും മനസ്സിൽ പണക്കാരൻ ആവണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നൂള്ളൂ.

പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഞാൻ മനസ്സിലാക്കിയിരുന്നൂ..

ഏതു വിധേനയും പണക്കാരൻ ആകണം എന്ന ആഗ്രഹമാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്..

ആദ്യമായി ഒരു കൂലിത്തല്ല്‌ ഞാൻ ഏറ്റെടുക്കുന്നത്  പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്.

അതും ഒരുത്തനെ ചെറുതായി ഒന്ന് പേടിപ്പിക്കുന്നതിനു 5000 രൂപ പ്രതിഫലം ലഭിച്ചൂ..

പിന്നീടൊരിക്കലും പഠിക്കണം എന്ന് തോന്നിയിട്ടില്ല.

പേരിനു കോളേജിൽ ചേർന്നൂ എന്നല്ലാതെ പഠനത്തിൽ ഞാൻ ശ്രദ്ധിച്ചില്ല.

എല്ലാം അറിഞ്ഞിരുന്ന അമ്മ എന്നെ തിരുത്തുവാൻ ശ്രമിച്ചിരുന്നൂ. പക്ഷേ..അവരുടെ കണ്ണുനീർ എന്നെ തിരുത്തിയില്ല...

അന്നൊരു വെള്ളിയാഴ്ച ആയിരുന്നൂ.

ചെറിയ രീതിയിൽ വന്ന ആ കൂലിത്തല്ലു ഞാൻ ഏറ്റെടുത്തു.

പറഞ്ഞ സ്ഥലത്തു ഞാൻ ചെന്നൂ..

അവിടെ ഒരു ചെറുപ്പക്കാരി കൊച്ചിനേയും കൊണ്ട് നിൽക്കുന്നുണ്ടായിരുന്നൂ. അവളുടെ ഭർത്താവിനെ ആണ് തള്ളേണ്ടിയിരുന്നത്...

തടയുവാൻ വന്ന അവളെ തള്ളി മാറ്റി ഞാനും സുഹൃത്തും അവനെ തല്ലി ചതച്ചൂ.

ഒരിക്കലും കുറ്റബോധം എനിക്ക് തോന്നിയിട്ടില്ല.

"കർമ്മം ചെയ്യുക,  കൂലി എണ്ണിപറഞ്ഞു വാങ്ങുക" എന്നതിനപ്പുറം ഒന്നിനും എൻ്റെ ജീവിതത്തിൽ സ്ഥാനം ഇല്ല...

പിന്നീട് ഒരിക്കൽ ആ വഴിക്കു പോവേണ്ടി വന്നപ്പോൾ അവൾ മുറ്റത്തുണ്ടായിരുന്നൂ. പുച്ഛത്തോടെ ഞാൻ അവളെ നോക്കി..

അവളാണ് എന്നോട് അകത്തേയ്ക്കു ഒന്ന് വരുവാൻ പറഞ്ഞത്.

അവിടെ കട്ടിലിൽ ഞാൻ കണ്ടൂ "ജീവച്ഛവമായി കിടക്കുന്ന അവളുടെ ഭർത്താവിനെ".

"നീ അനുഭവിക്കും" എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ അവളെ തൊഴിച്ചു തെറിപ്പിക്കുവാൻ തോന്നിയെങ്കിലും എന്നിലെ കാമഭ്രാന്തനെ മത്തു പിടിപ്പിച്ചത് അവളുടെ സൗന്ദര്യo ആയിരുന്നൂ..

ഭർത്താവു തളർന്നു കിടക്കുന്നൂ. ചോദിക്കാനും പറയാനും ആരുമില്ല..

പിറ്റേന്ന് രാത്രിയിൽ ഒരു കുപ്പിയും വാങ്ങി അവളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയാണ് എനിക്ക് അപകടം സംഭവിക്കുന്നത്..

" കൂട്ടുകാരൻ അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചു പോയി" എന്ന് ആരോ പറയുന്നത് ഞാൻ അവ്യക്തമായി കേട്ടിരുന്നൂ..

എന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ ആക്കി. പുറമെ പരിക്കൊന്നും ഉണ്ടായിരുന്നില്ല..

"ആന്തരീക രക്തസ്രാവം ഉണ്ട്. രക്ഷപ്പെടില്ല" എന്ന് ഡോക്ടർ പറഞ്ഞു

എന്നിട്ടും ദൈവ വിശ്വാസിയായ അമ്മ  പൂജാരിയെ പോയി കണ്ടൂ..

പക്ഷേ.. പ്രശ്നം വച്ച പൂജാരി തീർത്തു പറഞ്ഞു..

" കർമ്മഫലം ആണ്, രക്ഷിക്കുവാൻ പറ്റില്ല. ഒരു പെൺകുട്ടിയുടെ കണ്ണുനീർ അവനു ചുറ്റും മരണം വിതറി നില്പുണ്ട്"

അമ്മ കരഞ്ഞു കൊണ്ട് എൻ്റെ കിടയ്‌ക്കയ്‌ക്ക്‌ അരികിൽ ഇരുന്നു ഇതു പറയുമ്പോൾ  എനിക്ക് മനസ്സിലായി..

"പണം, പ്രതാപം, കായിക ബലം തുടങ്ങി എനിക്കുള്ള ഒന്നിനും എന്നെ രക്ഷിക്കുവാൻ ആവില്ല"

"ഇതൊന്നും ഇല്ലാതിരുന്നിട്ടും എൻ്റെ പിടിയിൽ നിന്നും അവളെ രക്ഷിച്ച ഒരു ശക്തിയുണ്ട്. ഒരു പക്ഷെ, അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ആവുകയില്ലായിരുന്നൂ...."

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA