ശരി SHARI, FB, N, P, K, E, G, AP, A, KZ

"എൻ്റെ നീതു, നീ എന്താ ഇവിടെ..?

അവൾ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി. എനിക്കു അത് വിശ്വസിക്കുവാൻ ആയില്ല. പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നി.

അപ്പോഴും എൻ്റെ ചെവിയിൽ ആ ചോദ്യം മുഴങ്ങികൊണ്ടേയിരുന്നൂ. അവളുടെ അപ്പൻ അവസാനമായി എന്നോട് ചോദിച്ച ആ ചോദ്യം. പിന്നീട് അദ്ദേഹത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ..

തേങ്ങി കരഞ്ഞു കൊണ്ട് എൻ്റെ കൈ ചേർത്ത് പിടിച്ചു അദ്ദേഹം ചോദിച്ചൂ...

"മോളെ നീ നീതു എന്തെങ്കിലും നിന്നോട് പറഞ്ഞോ, അവൾ ഇന്ന് വീട്ടിൽ തിരിച്ചു വന്നില്ല."

എനിക്ക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. അടുത്ത കൂട്ടുകാരിയെ ആണ് കാണാതായിരിക്കുന്നത്. ഇന്നും ഒരുമിച്ചു ക്ലാസ്സിൽ ഇരുന്നവർ ആണ്.

"അറിയില്ല അങ്കിൾ. എനിക്കൊന്നും അറിയില്ല.." എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

കലാലയ ജീവിതത്തിലാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത് അതും  ബിരുദത്തിനു പഠിക്കുമ്പോൾ. മൂന്ന് വർഷമായി ഒരുമിച്ചുണ്ട്. എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല.

നല്ല സാമ്പത്തിക ഭദ്രതയുള്ള വീടായിരുന്നൂ അവളുടേത്‌. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരശാല അവരുടേതാണ്. അപ്പനും അമ്മയ്ക്കും അവർ രണ്ടുപെൺമക്കളായിരുന്നൂ. സ്വർഗ്ഗം പോലെ സുന്ദരമായ വീട്. ചേച്ചിയുടെ വിവാഹം കഴിഞ്ഞു, അവൾ ദുബായിലാണിപ്പോൾ. അവളും ചേച്ചിയും തമ്മിൽ പത്തു വർഷത്തെ പ്രായ വ്യത്യാസം ഉണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ കൊഞ്ചിച്ചാണ് എല്ലാവരും അവളെ വളർത്തിയത്.

അവളാണെങ്കിൽ പഠിക്കുവാൻ മിടുക്കി. ഞാനും അവളും വാശിക്കാണ് പഠിച്ചിരുന്നത്.

"കൂടുതൽ മാർക്ക് വാങ്ങുന്ന ആൾക്ക് സ്കൂട്ടി വാങ്ങി തരാമെന്നു പറഞ്ഞത് അവളുടെ അപ്പനാണ്."

അവളെ അവളുടെ അപ്പനും അമ്മയും സ്നേഹിക്കുന്നത് കാണുമ്പോൾ പലപ്പോഴും എനിക്ക് നഷ്ടബോധം തോന്നിയിട്ടുണ്ട്. അനാഥാലയത്തിൽ വളർന്നവർക്കു മാത്രമേ ആ സ്നേഹത്തിൻ്റെ ആഴം മനസ്സിലാവുകയുള്ളൂ. കിട്ടാത്ത സ്നേഹം അതെന്നും ഒരു വിങ്ങലാണ്.

മദർ എന്നെ മുറിയിലേയ്ക്കു വിളിപ്പിച്ചൂ.

 "മോളെ നിനക്ക് എന്ത് തോന്നുന്നൂ?"

ഞാൻ മദറിനോട് എനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.

"അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ.. അവൾക്കു അവൾ വരുന്ന ബസ്സിലെ ആൾക്കാരുമായി നല്ല ചങ്ങാത്തം ഉണ്ട്. ആ വഴിക്കു ഒന്ന് അന്വേഷിച്ചാലോ..?"

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ മറ്റൊരു കൂട്ടുകാരി വഴിയാണ് ഞാൻ എല്ലാം അറിഞ്ഞത്.

" അവൾ ആ ബസ്സിലെ കിളിയുടെ കൂടെ ഓടിപ്പോയി. മതത്തിൻ്റെ വേലി തകർത്തു, സാമ്പത്തിക ഭദ്രത ഇല്ലാത്ത, സ്വഭാവ ഗുണം ഇല്ലാത്ത ഒരാളുടെ കൂടെയാണ് അവൾ പോയതത്രെ."

എനിക്ക് അവളുടെ അപ്പനെയും അമ്മയെയും ഏങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. പതിയെ ഞാൻ എൻ്റെ ചെറിയ ലോകത്തിലേയ്ക്ക് ചുരുങ്ങി. അവൾ എന്നിൽ ഏല്പിച്ച മുറിവ് അത്രയ്ക്ക് വലുതായിരുന്നൂ.

അവളുടെ അപ്പൻ പിന്നീട് ഇവിടുത്തെ വ്യാപാരശാല വേറെ ആരെയോ ഏല്പിച്ചു അമ്മയെയും കൂട്ടി, ദുബായിലേക്ക് പോയി എന്നറിഞ്ഞു. താമസിയാതെ അവിടെ വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചൂ.

വൈകാതെ പഠനം കഴിഞ്ഞു അകലെയുള്ള ഒരു കോളേജിൽ പഠിപ്പിക്കുവാൻ എനിക്ക് അവസരം കിട്ടി. ആ സമയത്താണ്, എൻ്റെ വിവാഹം നടക്കുന്നത്.

അനാഥയായ ഒരു കുട്ടിയെ കൊണ്ട് മാത്രമേ മകനെ വിവാഹം കഴിപിക്കൂ എന്ന് തീരുമാനിച്ച ഒരമ്മ. എനിക്കും അത് അത്ഭുതമായിരുന്നൂ.

"ഒരു കുറവും ഇല്ലാത്ത എന്നെ അവർ എന്തെ സ്വീകരിക്കുന്നൂ..?"

ഒരു പക്ഷേ.. ഞാൻ അറിയാത്ത എൻ്റെ മാതാപിതാക്കൾ ചെയ്ത പുണ്യം...
ഇന്നുവരെ കണ്ടിട്ടില്ലെങ്കിലും എന്നും ഞാൻ അവരെ സ്നേഹിച്ചിട്ടേ ഉള്ളൂ. ഒരിക്കലൂം എനിക്ക് എൻ്റെ മാതാപിതാക്കളോട് ദേഷ്യം ഇല്ല. എന്നെ ഗർഭത്തിലെ കൊല്ലാതെ ഒരു അനാഥാലയത്തിൽ അവർ ഏല്പിച്ചില്ലേ. ആർക്കറിയാം ചതിക്കപ്പെട്ട ഒരു അമ്മയുടെ മകളല്ല ഞാനെന്നു.

വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസ്സം മാത്രമേ ആയിട്ടുള്ളൂ. അവിടെ വച്ചാണ് എൻ്റെ നീതുവിനെ ഞാൻ കാണുന്നത്,  "തോട്ടത്തിൽ പണി എടുക്കുവാൻ വരുന്നവരുടെ കൂടെ."

അവൾ എന്നോട് എല്ലാം പറഞ്ഞു.

" പ്രണയ സമയത്തുണ്ടായിരുന്ന ആ സ്നേഹം പിന്നീട് അവനിൽ അവൾ കണ്ടില്ല. ബിരുദം അന്ന് പൂർത്തിയാക്കുവാൻ സാധിച്ചില്ല. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഗർഭിണിയുമായി. മകൾക്കു ഇപ്പോൾ ആറു വയസ്സായി. അവനാണെങ്കിൽ ഇപ്പോൾ തിരിഞ്ഞു നോക്കാറില്ല. വാടക വീട്ടിലാണ് താമസം. കുടിയും കഞ്ചാവും എല്ലാം അന്നേ ഉണ്ടായിരുന്നൂ. മറ്റൊരു പെണ്ണും കൂടെ ഉണ്ടെന്നു ഇപ്പോൾ കേൾക്കുന്നൂ. മോളെ നോക്കുവാൻ അവൾ കൂലിപ്പണിക്ക് പോകുന്നൂ. ഇടയിൽ കുറ്റബോധം ഉണ്ട്. അപ്പൻ മരണപെടുവാൻ കാരണം താൻ ആണല്ലോ എന്നോർത്ത്. അതുകൊണ്ട്  തന്നെ നാട്ടിൽ പിന്നീട് പോയിട്ടില്ല."

"ദൈവമേ, നീ എന്നെ ഇവിടെ എത്തിച്ചത് അവൾക്കു വേണ്ടി ആണല്ലോ.." അറിയാതെ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവളെ ആശ്വസിപ്പിച്ചു ഞാൻ തിരിച്ചയച്ചൂ.

അന്ന് തന്നെ ഞാൻ അവളുടെ ചേച്ചിയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവളുടെ ചേച്ചി നാട്ടിലെത്തി. വൈകാതെ തന്നെ അവളെയും മോളെയും കൂട്ടി ചേച്ചി തിരിച്ചു പോയി. അവൾക്കായി അവളുടെ അപ്പൻ കരുതി  വച്ചിരുന്ന സ്വത്തു മുഴുവൻ അവൾക്കു നൽകി. പിന്നീട് ചേച്ചി അവളോട് പറഞ്ഞു.

"നീ പോയതിൽ മനം നൊന്താണ് നിൻ്റെ അപ്പൻ മരിക്കുന്നത്. പണക്കാരനായ അപ്പനെ മാത്രമേ നീ കണ്ടിട്ടുള്ളൂ. മണലാരണ്യത്തിൽ ആയുസ്സിൻ്റ നല്ലൊരു ഭാഗവും കഷ്ടപ്പെടേണ്ടി വന്ന ഒരു പാവം അപ്പൻ്റെ കഥ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അപ്പൻ നാട്ടിൽ സ്ഥിരമായി നിന്നതു തന്നെ നിൻ്റെ ജനനത്തിനു ശേഷമാണ്. അത്രയ്ക്ക് അദ്ദേഹം നിന്നെ സ്നേഹിച്ചിരുന്നൂ."

"ഇന്നലെ കണ്ട ഒരുത്തൻ്റെ പുറകെ നീ പോയപ്പോൾ തകർന്നു പോയ അപ്പനെയും അമ്മയെയും ആശ്വസിപ്പിക്കുവാൻ എനിക്കായില്ല. അപ്പനും അമ്മയും ഒരുമിച്ചു കുറച്ചു കാലം കൂടെ ജീവിക്കുമായിരുന്നില്ലേ ഈ ഭൂമിയിൽ.."

"ഒരിക്കലും നിൻ്റെ അപ്പൻ നിന്നെ ശപിച്ചിട്ടില്ല. എന്നും നിന്നെ ഓർത്തു വേദനിച്ചിട്ടേയുള്ളൂ. നിനക്ക് നന്മ വരണമേ എന്ന് പ്രാർത്ഥിച്ചിട്ടേയുള്ളൂ.നിന്നെ വിഷമിപ്പിക്കരുത് എന്ന് മരിക്കുമ്പോഴും അദ്ദേഹം എന്നോട് പറഞ്ഞു"

"നീ പ്രാർത്ഥിക്കണം മോളെ. നീ നിൻ്റെ അപ്പനോടും അമ്മയോടും ചെയ്തത് ഒരിക്കലും നിൻ്റെ മകൾ നിന്നോട് ചെയ്യാതിരിക്കട്ടെ. നീ അവളെ നന്നായി വളർത്തണം. തെറ്റും ശരിയും അറിഞ്ഞു തന്നെ അവൾ വളരണം."

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA