ശിഖണ്ഡി SHIGHANDI (അനുഭവകഥ), FB, N, K, AP, A, E, P, G, KZ

ശിഖണ്ഡി

ബാംഗ്ലൂർ നഗരത്തിൻ്റെ ഭാഗം ആയതിനു ശേഷം പലപ്പോഴും ട്രാഫിക് സിഗ്നലുകളിൽ ഞാൻ ഇവരെ കാണാറുണ്ട്.

മെഡിക്കൽ വിഷയം തന്നെ എടുത്ത് പഠിച്ചത്കൊണ്ടും പിന്നെ അത്യാവശ്യം സൈക്കോളജിയും പഠിച്ചത്കൊണ്ടും ഇവരെക്കുറിച്ചു ശാസ്ത്രീയമായി എനിക്ക് അറിയാം.

പക്ഷേ... ഇവരുടെ ജീവിതരീതികൾ കൂടുതലായി അറിയണം എന്ന് എനിക്ക് എന്നും തോന്നിയിട്ടുണ്ട്. ഇവരിൽ തന്നെ പൈസ ഉണ്ടാക്കുവാൻ മാത്രമായി അഭിനയിക്കുന്നവരും ഉണ്ട് കേട്ടോ....

ഒരിക്കൽ ആങ്ങളയും ഭാര്യയും ബാംഗ്ലൂർ സന്ദർശിക്കുവാൻ വന്ന സമയം അവരെയും കൂട്ടി ലാൽബാഗിൽ പോയി (ഒൻപതു വർഷം മുൻപേ നടന്ന സംഭവം ആണ്). കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോൾ ഒന്നിരിക്കുവാൻ തോന്നി ഞങ്ങൾ മൂന്ന് പേരും കൂടെ അവിടെ പുൽത്തകിടിയിൽ ഇരുന്നൂ..

ആ സമയത്താണ് ഒരു ശിഖണ്ഡി ഞങ്ങളുടെ അടുത്തേയ്ക്കു വരുന്നത്. അവൾ വന്നു പൈസ ചോദിച്ചൂ. സാധാരണ ഞാൻ തല തിരിച്ചു കളയാറാണ് പതിവ്.

അന്നെന്തോ, ഇരുപതു രൂപ എടുത്തു കൊടുത്തു. അത് വാങ്ങി അവൾ സന്തോഷത്തോടെ എന്നെ നോക്കി.

അവൾ ചോദിച്ചൂ.. "ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നോട്ടെ..?"

"അതിനെന്താ..ഇരിക്കൂ.."

ഞങ്ങൾ കൊണ്ട് വന്ന ഭക്ഷണം അവൾക്കും കൂടെ കൊടുത്തൂ.

പതിയെ അവൾ അവളുടെ കഥ പറഞ്ഞു തുടങ്ങി.

എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ മലയാളത്തിൽ സംസാരിച്ചു തുടങ്ങി. ഞാനും ആങ്ങളയും മലയാളത്തിൽ സംസാരിക്കുന്നതു അവൾ കേട്ടിരുന്നൂ.

"കേരളത്തിൽ നിന്നാണ്. അവിടെ ഞങ്ങളെപ്പോലെ ഉള്ളവർ കുടുംബത്തിന് മാനക്കേടാണ് ചേച്ചി. അതുകൊണ്ടാണ് ഞാൻ ഇവിടേയ്ക്ക് പോന്നത്."

" എല്ലാ മാസവും കൃത്യമായി എൻ്റെ കൈയ്യിൽ നിന്നും വീട്ടുകാർക്ക് പൈസ അയച്ചു കൊടുക്കാറുണ്ട്. എനിക്ക് എന്ത് പറ്റി എന്നോ, സുഖമാണോ എന്നോ ഒന്നും  അവർ അന്വേഷിക്കാറില്ല. അവർക്കു അത് മാനക്കേടാണ്. പക്ഷേ എൻ്റെ പണം കൈപറ്റുവാൻ അവർക്കു മടിയില്ല.."

"സങ്കടമുണ്ട് ചേച്ചി"

ഞാൻ ചോദിച്ചൂ..

"വേറെ എന്തെങ്കിലും പണി ചെയ്തു ജീവിച്ചു കൂടെ.."

"ഞങ്ങൾക്ക് ആരാണ് പണി തരുക. ഞാൻ അധികം പഠിച്ചിട്ടില്ല. ചേച്ചിയുടെ വീട്ടിൽ എനിക്ക് പാത്രം കഴുകുന്നതോ, പോട്ടെ..അടുക്കള പണിയോ തരുമോ..?

ഞാൻ പെട്ടെന്ന് നിശബ്ദയായി..

"ഇവരെ വീട്ടിൽ അങ്ങനെ ആരും കയറ്റില്ല. അത് ശരിയാണ്.."

അവൾ വീണ്ടും പറഞ്ഞു തുടങ്ങി.. (അവൾക്കു പെണ്ണ് എന്ന് വിളിക്കുന്നതാണ് സന്തോഷം)

"ചേച്ചി, ഞാൻ ചില ഹോട്ടലുകളിലെല്ലാം നിന്ന് നോക്കി. ആദ്യം സ്നേഹം നടിക്കുന്നവർ, പിന്നെ പതുക്കെ അടുത്ത് വന്നു ചോദിക്കും..നിനക്ക് എന്ത് ലൈംഗീക അവയവം ആണ് ഉള്ളത്. രതി ചെയ്യുവാൻ താല്പര്യം ഉണ്ടോ...?

"ചേച്ചി ഞങ്ങളും മനുഷ്യർ ആണ്. ഇതെല്ലാം കേൾക്കുമ്പോൾ ദുഃഖം ഉണ്ട്. പകൽ മാന്യന്മാർ എത്ര മോശമായാണ് രാത്രിയിൽ പെരുമാറുന്നത് എന്ന് അറിയാമോ..?

"നിങ്ങൾക്കെല്ലാം എന്ത് സുഖമാണ് ജീവിതം ...?"

"ആര് തെറ്റ് ചെയ്താലും ഞങ്ങൾ ശിക്ഷിക്കപ്പെടും. ആരും ഞങ്ങളുടെ ഭാഗത്തു നിൽക്കില്ല. ഞങ്ങൾ ശപിക്കപെട്ടവർ ആണല്ലോ.."

"സ്നേഹമായി ഞങ്ങളോട് സംസാരിക്കുന്നവർ കുറവാണ്. എനിക്ക് സന്തോഷമുണ്ട് ചേച്ചി. ഞാൻ എല്ലാ ആഴ്ച അവസാനങ്ങളിലും ഇവിടെ ഉണ്ടാവും. ചേച്ചിയെ ഒരിക്കലും മറക്കില്ല കേട്ടോ."

അവൾ തുടർന്ന് കൊണ്ടേ ഇരുന്നൂ.

"ഞങ്ങളുടെ ഇടയിൽ തെറ്റ്  ചെയ്യുന്നവർ ഉണ്ട്. പക്ഷേ.. എല്ലാവരും അങ്ങനെ അല്ല. സാധാരണ മനുഷ്യരിലും പലതരമില്ലേ..?"

"പിന്നെ ഞങ്ങളെ പോലെ ഉള്ളവർ, ശരീരം വിൽക്കുമ്പോൾ, വാങ്ങുവാൻ നിൽക്കുന്നവർ ആരാണ് ..? അവരും തെറ്റുകാരല്ലേ..?"

ഞാൻ ഒന്നും മിണ്ടിയില്ല..

അവളുടെ ജീവിതരീതികൾ, ആചാരങ്ങൾ അങ്ങനെ ഒത്തിരി അവൾ പറഞ്ഞു തന്നൂ..

അവൾക്കു പോകുവാൻ നേരമായപ്പോൾ വീണ്ടും ഞാൻ ഒരു അമ്പതു രൂപ കയ്യിൽ കൊടുത്തൂ..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ പറഞ്ഞു.

"വേണ്ട ചേച്ചി, ഒരാളുടെ കയ്യിൽ നിന്നും ഒരു ദിവസ്സം ഒരിക്കൽ മാത്രമേ പണം വാങ്ങാവൂ. അറിയാതെ വീണ്ടും വാങ്ങി പോയാലെ ഉള്ളൂ. ഇല്ലേൽ ഭൂമി ദേവി കോപിക്കും.."

ഞാൻ നിർബന്ധിച്ചപ്പോൾ അവൾ പൈസ വാങ്ങി, നിലത്തിട്ടു ചവിട്ടി, എന്നിട്ടു എടുത്തു., പിന്നെ പറഞ്ഞു. "രണ്ടാമത് പൈസ വാങ്ങിയാൽ അങ്ങനെ ചെയ്യണമത്രെ.."

ഏതായാലും പിന്നീട് സിഗ്നലുകളിൽ അവരെ കാണുമ്പോൾ ഞാൻ മുഖം തിരിക്കാറില്ല. ചില്ലറ ഉണ്ടേൽ കൊടുക്കും. ഇല്ലെങ്കിൽ സ്നേഹത്തോടെ ഇല്ല എന്ന് പറയും.

കാരണം അവളെ പോലുള്ളവർക്കും ഈ ലോകത്തിൽ ജീവിക്കുവാൻ അവകാശമുണ്ട്. അവളെ വിധിക്കുവാൻ ഞാൻ ആരാണ്...?

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA