തെറ്റും ശരിയും THETTUM SHARIYUM, FB, N, K, P, G

"എല്ലാം എൻ്റെ തെറ്റാണ്. ചെയ്യുവാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്...? ഞാൻ ഇനി എന്ത് ചെയ്യണം മാഡം..?"

അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

പഠിക്കുവാൻ മിടുക്കനായ കുട്ടി. പതിനെട്ടു വയസ്സ് മാത്രമേ ആയിട്ടുള്ളൂ.
അവനാണ് ക്ലാസ്സിൻ്റെ ജീവൻ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവൻ വരാത്ത ദിവസ്സങ്ങളിലെല്ലാം എന്തോ ക്ലാസിനു ജീവൻ ഇല്ലാത്തതു പോലെ തോന്നും. അങ്ങനെയാണ് ആ കുട്ടിയെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്.

ബിരുദം ഒന്നാംവർഷ ക്ലാസ്സിലേയ്ക്ക് അവൻ കടന്നു വന്ന നാൾ മുതൽ എൻ്റെ പ്രീയപ്പെട്ട കുട്ടികളിൽ ഒരാളായി അവൻ മാറി.പെട്ടെന്നാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.

എവിടെയാണ് അവൻ്റെ ജീവിതത്തിൻ്റെ താളം തെറ്റിയത്?.

 അങ്ങനെയാണ് ഒരു ദിവസ്സം അവനോടു ലാബിലേയ്ക്ക് വരുവാൻ പറഞ്ഞത്. ആദ്യമൊന്നും ഒന്നും സംസാരിച്ചില്ലെങ്കിലും പതിയെ അവൻ എല്ലാം തുറന്നു പറഞ്ഞു.

പാവപെട്ട വീട്ടിലെ കുട്ടി. അവർ മൂന്ന് മക്കളാണ്. അപ്പൻ മരിച്ചു പോയി. അവൻ്റെ പഠന ചിലവുകൾ മൊത്തം വഹിക്കുന്നത് ഗൾഫിലുള്ള അമ്മാവനാണ്. അമ്മയെയും അനിയത്തിമാരെയും അമ്മാവൻ തന്നെയാണ് സഹായിക്കുന്നത്.

ബിരുദത്തിനു ചേർന്നപ്പോൾ അമ്മാവൻ അമ്മായിക്ക് ഒരു കൂട്ട് എന്ന നിലയിൽ  അവനെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു വന്നൂ. അമ്മാവന് രണ്ടു ചെറിയ പെൺകുട്ടികൾ ഉണ്ട്. അതുകൊണ്ടു തന്നെ അവനെ മകനെ പോലെ അദ്ദേഹം സ്നേഹിച്ചൂ.

അദ്ദേഹം ലീവ് കഴിഞ്ഞു തിരിച്ചു പോയി. പതിയേ പതിയെ അമ്മായിയോടുള്ള അവൻ്റെ സ്നേഹം വഴി തെറ്റി തുടങ്ങി. ഏതോ ദുർബ്ബല നിമിഷത്തിൽ അവർ തമ്മിൽ ഇണ ചേർന്നൂ. പിന്നീട് അവർക്കു അതൊരു ശീലം ആയി.

അടുത്താഴ്ച അമ്മാവൻ വീണ്ടും അവധിക്കു വരുന്നൂ. ഇപ്പോൾ അവനു ചെയ്തു പോയ തെറ്റിൽ കുറ്റബോധം ഉണ്ട്. പക്ഷേ.. എങ്ങനെ ആ പാപം കഴുകി കളയണം എന്ന് അവനു അറിയില്ല...

എല്ലാം കേട്ടിരിക്കുമ്പോഴും എനിക്ക് അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നൂ. അമ്മാവനോട് തുറന്നു പറഞ്ഞു മാപ്പിരന്നാൽ തകരുന്നത് അമ്മാവൻ്റെ കുടുംബ ജീവിതം ആയിരിക്കും.

"ഈ തെറ്റ് ഇനി ചെയ്യരുത്" എന്ന് ഞാൻ പറഞ്ഞു.

വീട്ടിലെത്തിയിട്ടും അവൻ ചെയ്ത തെറ്റിനുള്ള പരിഹാരം എന്ത് എന്ന ചിന്തയിലായിരുന്നൂ ഞാൻ. എൻ്റെ മുന്നിൽ രണ്ടു ദിവസ്സങ്ങൾ ഉണ്ട്. തിങ്കളാഴ്ച അവൻ്റെ അമ്മാവൻ വരും. ഇനി ഞാനും അവനെ തിങ്കളാഴ്ച മാത്രമേ കാണൂ.

ഞാനയറാഴ്ച രാവിലെ ഞാൻ പള്ളിയിലേയ്ക്ക് പോയി. തിരിച്ചു വീട്ടിലെത്തിയപ്പോൾ മാത്രമാണ് മൊബൈൽ തുടർച്ചയായി അടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

മറുതലയ്ക്കൽ കൂടെ പഠിപ്പിക്കുന്ന റോസ്‌ലിൻ ആയിരുന്നൂ..

"മോളെ, നീ വിഷമിക്കരുത്. ഇന്ന് രാവിലെ ബൈക്ക് അപകടത്തിൽ ജിത്തു മരിച്ചു പോയി. ഒരു കുട്ടി വിളിച്ചു പറഞ്ഞതാണ്. ശവസംസ്ക്കാരം നാളെ ഉണ്ടാവൂ. നാളെ കോളേജിന് അവധിയാണ്. എല്ലാവരും കൂടെ ഒരുമിച്ചു അവിടെ പോകുന്നുണ്ട്"

അവൻ ചെയ്ത തെറ്റിന് ദൈവം വിധിച്ച ശിക്ഷ ആവുമോ ഇത്.? അമ്മയുടെ സ്ഥാനം നൽകി ആദരിക്കേണ്ടവളെ ഉപഭോഗവസ്തു ആക്കി മാറ്റിയതിനുള്ള ശിക്ഷ.അല്ലെങ്കിൽ മനഃപൂർവം അവൻ തന്നെ അവനെ ശിക്ഷിച്ചതോ..?

പിറ്റേന്ന് അവൻ്റെ വീട്ടിലേയ്ക്കു ഞാൻ കടന്നു ചെന്നൂ. അവൻ്റെ  കൺകോണിൽ ഒരു കണ്ണുനീർത്തുള്ളി ഒളിഞ്ഞിരിപ്പുണ്ടോ..?

അമ്മാവന് വേണ്ടി അവൻ കരുതി വച്ചിരുന്നതാണോ അത്....

എനിക്ക് ഒന്നും അറിയില്ല....

ഒന്നും അറിയാത്തതു പോലെ കഠിന ദുഃഖം അഭിനയിച്ചു കൊണ്ട് ഒരു കോണിൽ അമ്മായിയെ ഞാൻ കണ്ടൂ...

തെറ്റ് ആരുടെ ഭാഗത്താണ്....

 പക്വത ഇല്ലാത്ത പ്രായത്തിൽ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി തെറ്റ് ചെയ്തവൻ ഒരു ഭാഗത്തു..?

പതിവ്രതയായിരിക്കും എന്ന വ്രതം എടുത്തു ഭർത്താവ് കെട്ടിയ താലിയും അണിഞ്ഞു തെറ്റും ശരിയും വ്യക്തമായി അറിഞ്ഞിരുന്നിട്ടും അവനെ തെറ്റിലേയ്ക്ക് നയിച്ച അമ്മായി മറുഭാഗത്തു...?

കാലം തെളിയിക്കട്ടെ. തെറ്റും ശരിയും...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G