TRANSGENDER ട്രാൻസ്‍ജെൻഡർ, FB, N, K, G, P, E, A


പലപ്പോഴും ഈ വാക്ക് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഞാൻ ഈ വാക്ക് ശ്രദ്ധിക്കുന്നത് കലാലയ കാലഘട്ടത്തിൽ വച്ചാണ്.

എന്നെ ആദ്യമായി ഭരതനാട്യത്തിൻ്റെ അടവുകൾ പഠിപ്പിച്ചു തന്ന എൻ്റെ ഡാൻസ് മാസ്റ്ററിനെ കുറിച്ചുള്ള ഒരു ലേഖനം ആയിടയ്ക്കാണ് വനിതയിൽ വരുന്നത്. ഞെട്ടലോടെയാണ് അന്ന് അത് ഞാൻ വായിച്ചത്.

വലിയ തലക്കെട്ടോടെയുള്ള ഒരു വാർത്തയായിരുന്നൂ അത്. എൻ്റെ മാസ്റ്റർ Sex Reassignment Surgery (SRS) നടത്തി ഒരു പെണ്ണായിരിക്കുന്നൂ. എനിക്ക് അത് ഒരിക്കലും സങ്കല്പിക്കുവാൻ പോലും ആകുമായിരുന്നില്ല.

ഞാൻ അറിയാത്ത പലരും ചെയ്തുകാണും. പക്ഷേ, എൻ്റെ ഗുരുവാണ്. ഒത്തിരി നാൾ എനിക്ക് വഴികാട്ടിയായിരുന്ന ആൾ.

എന്നെ പഠിപ്പിച്ചിരുന്ന സമയത്തൊക്കെ എൻ്റെ മാസ്റ്റർ അങ്ങനെ ചിന്തിച്ചിരുന്നോ എന്ന് എനിക്കറിയില്ല. അന്നൊക്കെ മാസ്റ്റർ ക്ലാസ്സിൽ അത്യാവശ്യം കാർക്കശ്യക്കാരൻ ആയിരുന്നൂ. അടവുകൾ തെറ്റിച്ചാൽ, കൈ മുദ്രകൾ തെറ്റിയാൽ കാലിൻ്റെ ഉപ്പൂറ്റിക്കാണ് കൈയ്യിലിരിക്കുന്ന കോലുകൊണ്ടു ഏറ് കിട്ടിയിരുന്നത്.

അതിൻ്റെ ദേഷ്യം തീർക്കുവാൻ കാലിരുന്നു തിരുമ്മുന്ന കൂട്ടത്തിൽ മനസ്സിൽ ഞാൻ പിറുപിറുക്കുമായിരുന്നൂ.

"ഈശ്വരാ, ഈ സാറിന് ഒരു കാലമാടത്തി ഭാര്യയെ കിട്ടണേ. അവളുടെ കയ്യിൽ നിന്ന് ഇയാൾക്ക് തല്ലു കിട്ടണേ .." (ഒന്നും വിചാരിക്കരുത്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഈ പാവത്തിൻ്റെ പ്രാർത്ഥനയാണ്)

അങ്ങനെ പറഞ്ഞു ആശ്വസിച്ചിരുന്ന നാളുകൾ. എന്നാലും എൻ്റെ പ്രാർത്ഥനയെല്ലാം വൃഥാവിലായി.എന്തായാലും മനസ്സുകൊണ്ട് എനിക്ക് ഒരിക്കലും അത് അന്ന് സ്വീകരിക്കുവാൻ സാധിച്ചില്ല. മാസ്റ്റർ അന്ന് ചെന്നൈയിൽ ആയിരുന്നത്കൊണ്ട് കാണുവാനും സാധിച്ചില്ല.

വർഷങ്ങൾക്കു ശേഷം വിവാഹം ഒക്കെ കഴിഞ്ഞു, ബാംഗ്ലൂരിൽ നിന്നും  ഞാൻ നാട്ടിൽ പ്രസവത്തിനു വന്ന സമയം...

 പ്രസവം കഴിഞ്ഞു വീട്ടിൽ പ്രസവ ശുശ്രുഷകളുമായി ഇരിക്കുന്ന ഒരു ദിവസ്സം, മാസ്റ്റർ അമ്മയെയും കൂട്ടി എന്നെയും മോനെയും കാണുവാൻ വന്നൂ. എൻ്റെ വിവാഹസമയത്തു മാസ്റ്റർ ചെന്നൈയിൽ ആയിരുന്നൂ.

ആദ്യം ഞാൻ ഒന്ന് അമ്പരന്നൂ..

 "എന്ത് വിളിക്കും? "ടീച്ചർ എന്നോ മാസ്റ്റർ എന്നോ ...?"

പിന്നീട് ടീച്ചർ എൻ്റെ അടുത്തിരുന്നു ഒത്തിരി വർത്തമാനം പറഞ്ഞു തുടങ്ങി.

ഞാൻ ചോദിച്ചൂ.. "എന്തേ, പറ്റിയത് ടീച്ചർ..?"

ടീച്ചർ പറഞ്ഞു തുടങ്ങി..

"കുട്ടി, എനിക്ക് ഒരിക്കൽ പോലും ഒരു പെണ്ണിനോട് ഇഷ്ട്o തോന്നിയിട്ടില്ല.
ഒരിക്കലും ഒരാൺ രൂപത്തിൽ എനിക്ക് പൂർണ്ണത ഉള്ളതായി തോന്നിയിട്ടില്ല. ശരീരം കൊണ്ട് ഞാൻ ഒരു പൂർണ്ണ പുരുഷൻ ആയിരുന്നൂ. മനസ്സുകൊണ്ട് ഒരു പെൺകുട്ടിയും. സ്വന്തം അസ്ഥിത്വം തേടി വിഷമിക്കുന്ന ഒരാളുടെ അവസ്ഥ കുട്ടിക്ക് മനസ്സിലാവുമോ എന്ന് അറിയില്ല. ഇന്ന് എനിക്ക് സന്തോഷമുണ്ട്."

"എന്നും ഒരുങ്ങി നടക്കുവാനും, പൊട്ടു കുത്തുവാനും, സാരി ഉടുക്കുവാനും ഞാൻ ഇഷ്ടപെട്ടിരുന്നൂ. ഒരു പുരുഷൻ്റെ ചിറകിൻ കീഴിൽ ഒതുങ്ങി കൂടുവാനാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നത്."

"സമൂഹം എന്നെ അംഗീകരിക്കുവാൻ സമയമെടുക്കുമായിരിക്കും. എനിക്ക് അതിൽ പരാതിയില്ല. എൻ്റെ അമ്മ  എൻ്റെ കൂടെയുണ്ട്. സ്വന്തം മകനെ അവർക്കു മനസ്സിലായി."

ഒരു പക്ഷേ ഞാൻ ഒരമ്മയാണല്ലോ, ഇപ്പോൾ അവരെ എനിക്ക് മനസ്സിലാക്കുവാൻ സാധിക്കും എന്ന് തോന്നിയത് കൊണ്ടാവും ടീച്ചർ എല്ലാം തുറന്നു പറഞ്ഞത്.

ടീച്ചർ ചെന്നൈയിൽ വച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപുള്ള ആറു മാസം ഒരു പെൺകുട്ടിയെ പോലെ വേഷം ധരിച്ചു ജീവിച്ചൂ. സമൂഹത്തിൽ ചേർന്ന് പോകുവാൻ കഴിയുമോ എന്ന് അറിയുവാനായിട്ടാണ് അങ്ങനെ ചെയ്തത്. പിന്നീട് ഒത്തിരി ശസ്ത്രക്രിയകൾ. ഹോർമോൺ ഇൻജെക്ഷനുകൾ എല്ലാം വേണ്ടി വന്നൂ. ഇപ്പോഴും മരുന്നുകൾ തുടരുന്നൂ. അങ്ങനെ ഒത്തിരി പറഞ്ഞു തന്നൂ.

എൻ്റെ ഓരോ ചോദ്യങ്ങൾക്കും ടീച്ചർ ഉത്തരം തന്നൂ. ഏകദേശം രണ്ടുമണിക്കൂറോളം ഞങ്ങൾ സംസാരിച്ചൂ.

എൻ്റെ മോനെ കുറച്ചു നേരം കളിപ്പിച്ചിരുന്നതിനു ശേഷം ടീച്ചർ തിരിച്ചു പോയി. എന്നിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ടീച്ചർ എൻ്റെ മുന്നിൽ നിന്നൂ. (ടീച്ചറുടെ പേര് പറഞ്ഞു തരില്ല, ആരും ചോദിക്കേണ്ട)

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ടീച്ചർ പറഞ്ഞു തന്ന പലതും മനസ്സിലാക്കുവാൻ ഒത്തിരി പ്രയാസപ്പെടേണ്ടി വന്നൂ.

 പിന്നീട് ഒരിക്കൽ എൻ്റെ അടുത്ത കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അയൽപക്കത്തുള്ള ഒരു പയ്യനെ അവൾ കാണിച്ചു തന്നൂ.

അവൻ്റെ നടത്തത്തിലും സംസാരത്തിലും ഒരു സ്ത്രൈണ ഭാവം ആർക്കും മനസ്സിലാവും. കലാലയത്തിൽ പഠിക്കുന്ന അവനെ നാട്ടിൽ പലരും "തെയ്യാരോ" എന്ന് വിളിച്ചു കളിയാക്കിയിരുന്നത്രെ. വീട്ടിൽ പോലും അവനു പലപ്പോഴും അവഗണനകൾ ഏറ്റു വാങ്ങേണ്ടി വന്നു.

 പെങ്ങളുടെ കല്യാണം അവൻ മൂലം നടക്കുന്നില്ല എന്ന കുറ്റപ്പെടുത്തൽ താങ്ങാനാവാതെ അവൻ ആത്മഹത്യ ചെയ്തു. ഒരു പക്ഷേ.. അവനെ മനസ്സിലാക്കുവാൻ ആരെങ്കിലും തയ്യാറായിരുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യില്ലായിരുന്നുവല്ലോ...

പിന്നെ ഞാൻ ഓർത്തൂ..

"സ്വന്തം ജീവിതം ഏതു വഴിക്കു നീങ്ങണം എന്നുള്ളത് അവരവരാണ് തീരുമാനിക്കുന്നത്. ഒരു ജന്മമേയുള്ളൂ. അവസാനം മടങ്ങുന്നത് എല്ലാവരും ആറടി മണ്ണിലേക്കാണ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ഇത്തിരി നേരം സന്തോഷമായി ഇരിക്കണം."

ചില ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് കണ്ടെത്തുവാൻ കഴിയില്ല. ഞാൻ പഠിച്ച കാര്യങ്ങൾ പരിമിതമാണ്. ഞാൻ നേടിയ അറിവുകൾക്കും പൂർണ്ണതയില്ല. എല്ലാത്തിനും ഉത്തരം തരേണ്ട ഒരാൾ മുകളിലുണ്ട്. അവനിലേക്കുള്ള യാത്രയിൽ ഞാൻ കണ്ട ചില മുഖങ്ങൾ മാത്രമാണിത്....

"പിന്നെ, മരണശേഷം ദൈവത്തെ കണ്ടു മുട്ടുമ്പോൾ എൻ്റെ ബാക്കി സംശയങ്ങൾ ഞാൻ അവിടെ ചോദിച്ചോളാം."

..........................................സുജ അനൂപ്












അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA