VALAPOTTUKAL വളപ്പൊട്ടുകൾ FB, N, G, A, NA

കൈ നിറയെ കുപ്പിവളകൾ ഇട്ടു നടന്നിരുന്ന ഒരു കുട്ടിക്കാലം എനിക്ക് ഓർമ്മയുണ്ട്. ഓരോ ഉടുപ്പ് വാങ്ങുമ്പോഴും അതിൻ്റെ നിറത്തിനനുസരിച്ചു കുപ്പിവളകൾ ഇടുവാൻ മോഹിച്ചിരുന്നു ഒരു കാലം.

അന്നൊക്കെ പട്ടു പാവാട ഉടുത്തു കുപ്പിവളകൾ ഇട്ടു തലയിൽ മുല്ലപ്പൂവ് ചൂടി നടക്കുന്നത് ഒത്തിരി ഇഷ്ടമായിരുന്നൂ.

പൊട്ടിവീണ കുപ്പിവളകൾ ശേഖരിക്കുവാനും ഇഷ്ടമായിരുന്നൂ. ആൺകുട്ടികൾ തീപ്പെട്ടിപടം കളിക്കുവാൻ ഇഷ്ടപെടുമ്പോൾ പെൺകുട്ടികൾ ഇഷ്ടപ്പെട്ടിരുന്നത് വളപ്പൊട്ടുകൾ ഉപയോഗിച്ച് കളിക്കുവാനാണ്.

അന്നങ്ങനെ മൊബൈലും, മാധ്യമങ്ങളും ധാരാളം ഇല്ലാത്തതു കൊണ്ടാവും പൊട്ടിപ്പോയ വളപ്പൊട്ടുകൾ കുപ്പികളിൽ ശേഖരിച്ചു വച്ച് ഞങ്ങൾ കളിച്ചിരുന്നത്.

പിന്നീടെപ്പോഴോ കുപ്പിവളകൾ ധരിക്കാതെയായി. എൻ്റെ ഊഹം ശരിയാണെങ്കിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അപ്പച്ചൻ   സ്വർണ്ണവളകൾ വാങ്ങി തരുന്നത്. ആ വളകൾ  കൈയ്യിൽ നിന്നും പിന്നെ ഊരി മാറ്റിയില്ല. ഊരി എവിടെ എങ്കിലും വച്ചാൽ പോകുമെന്ന ഭയം ഉണ്ടായിരുന്നൂ.

ഇവിടെ കർണാടകയിൽ വന്നപ്പോഴാണ് പ്രായഭേദമെന്യേ എല്ലാവരും കുപ്പിവളകൾ ഇടുന്നതു ശ്രദ്ധയിൽ പെട്ടത്. ഇവർക്ക് കല്യാണത്തിന് മണവാട്ടി പെണ്ണ് പച്ചയും ചുവപ്പും കറുപ്പും നിറത്തിലുള്ള  വളകൾ സ്വർണ്ണവളകളോടൊപ്പം ഇട കലർത്തി ഇടുന്ന ശീലം ഉണ്ട്.പുതിയതായി വിവാഹം കഴിച്ചവർ ഒരാഴ്ചയോളം കുറഞ്ഞത് കൈ നിറയെ വളകൾ ഇടണം. 

കൂടാതെ മിക്കവാറും എല്ലാ ആഘോഷങ്ങൾക്കും ഇവർ കൈ നിറയെ വളകൾ ഇടുന്നതു കാണാം. ഏറ്റവും സങ്കടകരമായ കാര്യം ഭർത്താവു മരിച്ചു കഴിഞ്ഞാൽ പന്ത്രണ്ട്  ദിവസ്സം ഭാര്യമാർ കൈ നിറയെ കുപ്പിവളകൾ ഇട്ടു, പൂ ചൂടി, സിന്ദൂരം ഇട്ടു നടക്കണം എന്നതാണ്. ചടങ്ങുകൾ കഴിയുന്ന ദിവസ്സം കുപ്പിവളകൾ പൊട്ടിച്ചു കളയും, സിന്ദൂരവും മായിച്ചു കളയും.  

ഇവിടെ കടകളിൽ നിറയെ കുപ്പിവളകൾ ഇരിക്കുന്നത് കാണാം. അത് കൊണ്ട് തന്നെ കുറച്ചു കുപ്പിവളകൾ ഞാനും വാങ്ങി, കുപ്പിവളകൾ ധരിക്കുന്നതു കുറവാണെങ്കിലും അതങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ മനസ്സിൽ  എവിടെയോ ആ പഴയകുട്ടി തുള്ളിച്ചാടും.

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA