ETHATHA ഇത്താത്ത- PART 1, FB, N, A, E, K, KZ, G, P, AP, PT, NL, LF, TMC, SXC

"ഇക്കാ, നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം. ഇനിയും എത്ര നാളാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ടാവില്ല. അത് നിങ്ങൾക്ക് അറിയാമല്ലോ.."

"എൻ്റെ പാത്തു, എനിക്കിനി വേറൊരു പെണ്ണ് വേണ്ട. നീ മതി..."

"എത്ര നാളായി ഞാൻ പറയുന്നൂ. ഇക്ക കേട്ട ഭാവം പോലും നടിക്കുന്നില്ലല്ലോ. ഞാൻ എന്തൊരു ഭാഗ്യം കെട്ടവൾ ആണ്. നിക്കാഹ് കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി, ഇതുവരെ ഒരു കുഞ്ഞിക്കാല് കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായില്ല. ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റം പറയുന്നൂ, ഞാൻ ഒഴിഞ്ഞു പോണമത്രേ..."

പതിവ് പോലെ  ഇക്ക ഒന്നും പറയാതെ പുറത്തേയ്ക്കു ഇറങ്ങിപോയി.

"ഇനി ഇപ്പൊൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യണം."

..................

പിറ്റേന്ന് ബ്രോക്കർ എന്നെ വന്നു കണ്ടു.

"സൈനുത്താ, നിങ്ങൾ ഈ പെണ്ണിനെ ഒന്ന് നോക്കൂ. ഇക്കയ്ക്കു ചേരും. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ ഭർത്താവ് അപകടത്തിൽ മരിച്ചൂ. ഒരു കുട്ടിയുണ്ട്. അതിനിപ്പോൾ അഞ്ചു വയസ്സായി. അത് ഭർത്താവിൻ്റെ വീട്ടിൽ ആണ്. അവർക്കു ഇവളെ വേണ്ട. ആ കുട്ടിയെ നോക്കുവാനുള്ള പാങ്ങൊന്നും ഇവരുടെ കുടുംബത്തിനില്ല. ഒരു പാവമാണ് അവൾ. അതിനൊരു ജീവിതം കൊടുത്താൽ പടച്ചവൻ നിങ്ങൾക്ക് വാരിക്കോരി തരും.."

എനിക്കെന്തോ ആ കുട്ടിയെ ഇഷ്ടമായി.

ഇക്ക അറിയാതെ ഞാൻ പോയി പെണ്ണിനെ കണ്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

കരഞ്ഞു കാലു പിടിച്ചാണെങ്കിലും നിക്കാഹിനു ഇക്ക സമ്മതിച്ചൂ...

.....................

ആദ്യരാത്രിയിൽ അവൾ ഇക്കയുടെ മുറിയിലേയ്ക്കു കയറുമ്പോൾ മനസ്സൊന്നു പിടഞ്ഞു.

"ഇതുവരെ എനിക്ക് മാത്രം അവകാശം ഉണ്ടായിരുന്ന ഭർത്താവിനെ ഇനി മറ്റൊരാളുമായി പങ്കു വയ്ക്കണം."

ദുഃഖം മുഴുവൻ ഞാൻ ഉള്ളിൽ കടിച്ചമർത്തി.

"സ്വന്തം പുരുഷനെ പങ്കുവയ്ക്കുവാൻ ഏതു ഭാര്യയാണ് ആഗ്രഹിക്കുക. തലയിണയിൽ മുഖം അമർത്തുമ്പോൾ അടക്കി വച്ചിരുന്ന കണ്ണീരെല്ലാം കവിളിലൂടെ ഒലിച്ചിറങ്ങി. ഇനി അങ്ങോട്ടു ഞാൻ തനിച്ചാകുമോ എന്ന പേടി മനസ്സിൽ കിടന്നു നീറി.."

പ്രതീക്ഷിച്ച പോലെ തന്നെ എല്ലാം നല്ലതായി വന്നൂ. മൂന്നാം മാസം അവൾ വിശേഷം അറിയിചൂ. ഇക്ക അവളെ കൂടുതലായി സ്നേഹിക്കുന്നതും കരുതുന്നതും കാണുമ്പോൾ എപ്പോഴൊക്കെയോ നെഞ്ച് ഒന്നു പിടഞ്ഞു.

"അവൾക്കു നന്മകൾ മാത്രം വരണമേ" എന്ന് മനസ്സിൽ പറയുമ്പോഴും ഹൃദയം വിങ്ങിപൊട്ടുകയായിരുന്നൂ.."

ഇനി ഇപ്പോൾ കുഞ്ഞു വന്നു കഴിയുമ്പോൾ ഞാൻ പുറത്താവുമെന്നു വരെ പേടി തോന്നി....

ആശുപത്രിയിൽ അവളുടെ കൂടെ നിൽക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചൂ. പക്ഷേ അവളുടെ ഉമ്മയ്ക്ക് അതിഷ്ടമായില്ല.

ഞാൻ നിന്നാൽ കുട്ടിക്ക് ആപത്താകുമെന്നു വരെ അവർ പറഞ്ഞു. ആരോടും ഒന്നും പറയാതെ വിഷമിച്ചു ഞാൻ ഇറങ്ങി.

ആശുപത്രിയിൽ നിന്ന് അദ്ദേഹമാണ് എന്നെ മകൻ ഉണ്ടായ കാര്യം വിളിച്ചറിയിച്ചത്. ഒരാഴ്ച കഴിഞ്ഞാണ് അവൾ വീട്ടിലേയ്ക്കു വന്നത്.

 അവൾ കുട്ടിയുമായി വന്നപ്പോൾ ഞാൻ മാറി നിന്നൂ.

"മച്ചിയായ ഞാൻ കുഞ്ഞിനെ തൊട്ടാൽ അവർക്കു ഇഷ്ടമായില്ലെങ്കിലോ."

കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ പക്ഷേ എൻ്റെ മനസ്സ് ഒരുപാടു ആഗ്രഹിച്ചൂ.

"എൻ്റെ ഇക്കയുടെ മകൻ. അല്ല എൻ്റെ മകൻ"

"ഇക്ക, സൈനുത്താ ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ കാണുവാൻ വന്നില്ലല്ലോ. ഇത്തയെ ഇങ്ങോട്ടു ഒന്ന് വിളിക്കൂ..."

"സൈനൂ, ഒന്നിങ്ങോട്ടു വന്നേ..."

മടിച്ചു മടിച്ചാണ് ഞാൻ അങ്ങോട്ട് ചെന്നത്. അവിടെ എന്നെ അഭുതപെടുത്തി കൊണ്ട് അവളുടെ കയ്യിൽ രണ്ടു വാവകൾ ഉണ്ടായിരുന്നൂ.

"ഇരട്ടക്കുട്ടികൾ ആണെന്ന്" അദ്ദേഹം പറഞ്ഞില്ലായിരുന്നൂ..

കുഞ്ഞുങ്ങളെ അവൾ എൻ്റെ കയ്യിലേയ്ക്ക് തന്നൂ.

"എൻ്റെ ഇത്ത, ഉമ്മ പറഞ്ഞതൊന്നും കേട്ട് ഇത്ത വിഷമിക്കരുത്. പടച്ചോൻ അറിഞ്ഞു തന്നെ നമുക്ക് രണ്ടാൾക്കും ഉള്ളത് തന്നില്ലേ. ഇതു രണ്ടും നിങ്ങളുടെ കുഞ്ഞുങ്ങളല്ലേ, എൻ്റെ വയറ്റിൽ പിറന്നൂ എന്നേ ഉള്ളൂ. നിങ്ങൾ  തന്നെയാണ് ഇവർക്കുമ്മ. കുറച്ചു വർഷം വൈകിയാലും നമുക്ക് ഒരു കടലോളം തന്നില്ലേ..."

അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു...

"എൻ്റെ ഉദരത്തിൽ പിറക്കാത്ത എൻ്റെ കുഞ്ഞുങ്ങൾ..."

ദിവസ്സങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നൂ. ഞാനും ഇക്കയും കുഞ്ഞുങ്ങളെ നിലത്തു വയ്ക്കാതെ നോക്കി.

പക്ഷേ...എപ്പോഴൊക്കെയോ അവളുടെ മനസ്സു തേങ്ങുന്നതു ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഞാൻ അവളുടെ ആദ്യ ഭർത്താവിൻ്റെ വീട്ടിൽ വരെ ഒന്ന് പോകുവാൻ തീരുമാനിച്ചത്.

"എൻ്റെ വീട്ടിൽ പോയിട്ട് വരാമെന്നാണ്" ഇക്കയോട് പറഞ്ഞത്.

ഞായറാഴ്ച ആയതു കൊണ്ട് തന്നെ എല്ലാവരും ആ വീട്ടിൽ കാണുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നൂ..

വാതിൽപ്പടിയിൽ വച്ച് തന്നെ അകത്തു നിന്നും ഒരു കുട്ടിയുടെ കരച്ചിൽ കേട്ടൂ.

"വേണ്ട, റസീന, ഓനെ ഇങ്ങനെ തല്ലല്ലേ. അതിനു ചോദിക്കാനും പറയുവാനും ആരും ഇല്ലാഞ്ഞിട്ടല്ലേ. എൻ്റെ മോനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ നീ ചെയ്യുമോ..?"

വാതിൽ തുറന്നു കിടക്കുകയായിരുന്നൂ. തല്ലു കൊണ്ട് കരയുന്ന ആ കുഞ്ഞിനെ ഞാൻ ഓടി ചെന്ന് വാരിയെടുത്തൂ.

ഉമ്മച്ചി എന്നെ നോക്കി....

ഞാൻ അവൻ്റെ കണ്ണുനീർ തുടച്ചൂ. അവളെ പിടിച്ചു രണ്ടു പൊട്ടിക്കുവാൻ തോന്നിയെങ്കിലും അത് ഞാൻ അങ്ങു ക്ഷമിച്ചൂ...

ഉമ്മച്ചിയെ ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കി. കുഞ്ഞിനെ അവൻ്റെ ഉമ്മായുടെ അടുത്തേയ്ക്കു വിടുവാൻ അവർക്കു സമ്മതം ആയിരുന്നൂ.

അവൻ്റെ ഉമ്മയുടെ രണ്ടാം വിവാഹം നടന്നതും എന്നെ പറ്റിയുമെല്ലാം അവർക്ക് അറിയാമായിരുന്നൂ.

നിക്കാഹിനു മുൻപ് അവൾ വന്നു എല്ലാം പറഞ്ഞിരുന്നത്രെ. കരഞ്ഞു കൊണ്ടും തൻ്റെ ഗതികേടിനെ ശപിച്ചു കൊണ്ടും ആണത്രേ അന്നവൾ അവിടെ നിന്ന് ഇറങ്ങിയത്. പണ്ടൊക്കെ ആഴ്ചയിലൊരിക്കലെങ്കിലും അവനെ കാണുവാൻ അവൾ വരുമായിരുന്നത്രെ....

"ഇടയ്ക്കൊക്കെ അവനെ അവിടെ കൊണ്ട് വന്നു കാണിക്കാം" എന്ന് ഞാൻ ഉറപ്പു നൽകി.

"അവനോടു ഉമ്മയുടെ അടുത്തേയ്ക്കു പോകാം" എന്ന് പറഞ്ഞതും അവൻ കരച്ചിലെല്ലാം നിറുത്തി.

വീട്ടിൽ എത്തിയതും അവൻ "ഉമ്മാ" എന്നും വിളിച്ചു കൊണ്ട് ഓടി. ആ വിളി കേട്ടാണ് ഇക്ക ഇറങ്ങി വന്നത്. ഇക്കയ്ക്കു എല്ലാം മനസ്സിലായി.

അവനെ കണ്ടതും അവൾ കരച്ചിലായി. അവൾ മനസ്സിൽ ഒതുക്കി വച്ചിരുന്നതൊക്കെയും അണപൊട്ടി ഒഴുകി.

അവൾ വന്നു എന്നെ കെട്ടിപിടിച്ചൂ...

"ഇത്താത്തയ്‌ക്കെങ്കിലും എന്നെ മനസ്സിലായല്ലോ. നിങ്ങളെ പോലെ ഒരു ഇത്താത്തയെ കിട്ടിയതാണ് എൻ്റെ ഭാഗ്യം.."

ആ നിമിഷം ഞാൻ ഓർത്തു.

"ചെറിയ ഒരു ജീവിതം അല്ലെ ഭൂമിയിൽ ഉള്ളൂ, അവൾക്കും മോനും ഇക്കയെ പോലെ ഒരാളെ നൽകുവാൻ കഴിഞ്ഞതല്ലേ ഏറ്റവും വലിയ പുണ്യം. പടച്ചവൻ ആഗ്രഹിക്കുന്നതും അതല്ലേ..."


...............................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G