മരുമകൻ MARUMAKAN FB, E, K, KZ, N, AP, G, A, P, PT, NL, SXC, LF

"രണ്ടു നാൾ കഴിഞ്ഞാൽ കിങ്ങിണിയുടെ കല്യാണം ആണല്ലോ, എനിക്ക് പുത്തൻ ഉടുപ്പൊക്കെ കിട്ടുമല്ലോ, ഞാനും കല്യാണത്തിന് പോവുമല്ലോ.."

അവൻ്റെ സന്തോഷം കണ്ടപ്പോൾ ഉള്ളു ഒന്ന് പിടഞ്ഞു.

"എൻ്റെ ദൈവമേ ഈ കുഞ്ഞിൻ്റെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കുവാൻ കഴിയണേ, പ്രശ്നങ്ങൾ ഒന്നും ഉണ്ടാവല്ലേ...?"

.................................

"ആദ്യത്തെ കൺമണി ആണായിരിക്കണം, അച്ഛനെ പോലെ ഇരിക്കണം" എന്നൊക്കെ ഞാനും ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്.

ദൈവം എൻ്റെ പ്രാർത്ഥനയും കേട്ടു.

അങ്ങനെ എനിക്ക് കിട്ടിയതാണ് എൻ്റെ പൊന്നുമോനെ.....

"ആരോഗ്യം, വേണം ബുദ്ധി വേണം എന്നൊക്കെ പ്രാർഥിച്ചത് മാത്രംഎന്തോ ദൈവം കേട്ടില്ല. ജനനത്തിനു ശേഷമാണ് അവനു ബുദ്ധിക്കു കുറവുള്ളത് മനസ്സിലായത് തന്നെ."

പിന്നീടങ്ങോട്ട് കാണാത്ത ഡോക്ടർമാരില്ല, നേരാത്ത നേർച്ചകളുമില്ല. എന്നിട്ടും അവനു മാത്രം മാറ്റമൊന്നും വന്നില്ല.

......................................................

അനിയത്തികുട്ടിയെ അവനു ഒത്തിരി ഇഷ്ടമാണ്. അനിയൻ മന്ദബുദ്ധിയാണ് എന്നും പറഞ്ഞു അവളുടെ ഒത്തിരി വിവാഹ ആലോചനകൾ മുടങ്ങി.

അവസാനം കൂടിയ തുകയും ഒരു വീടും കൂടെ കൊടുക്കാമെന്നു സമ്മതിച്ചിട്ടാണ് പയ്യൻ്റെ അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ചത്.

"ഈ രീതിയിൽ ഒരു വിവാഹം നടത്തുന്നതിൽ എനിക്ക് എതിർപ്പുണ്ട്. പക്ഷേ.. എനിക്ക് വേറെന്തു ചെയ്യുവാൻ സാധിക്കും...?"

അയല്പക്കക്കാർ വരേ കളിയാക്കും

"എൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണ് എനിക്ക് കിട്ടിയത് പോലും. ഒരു മണ്ടനെ കിട്ടിയല്ലോ മകനായിട്ട്"

"എൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷ എനിക്ക് തന്നാൽ പോരെ, എൻ്റെ മകന്  എന്തിനു കൊടുക്കണം" എന്ന് എത്രയോ പ്രാവശ്യം ഞാൻ എൻ്റെ ദൈവത്തോട് ചോദിച്ചൂ.

അതിനും എനിക്ക് ഉത്തരം കിട്ടിയില്ല. പക്ഷേ എനിക്ക് ഒന്ന് മാത്രം അറിയാം മണ്ടൻ ആണെങ്കിലും എന്താ ഇത്ര മാത്രം അമ്മയേയും അച്ഛനെയും സ്നേഹിക്കുന്ന ഒരു കുട്ടി വേറെ കാണില്ല. അവനു കള്ളത്തരങ്ങളും അറിയില്ല.

എൻ്റെ പാവം മകൻ..............

സ്വന്തം വീട്ടിൽ ഇതു പോലെ ഒരു കുട്ടി ജനിക്കുമ്പോൾ മാത്രമേ കളിയാക്കുന്നവർക്കു ഒരമ്മയുടെ വേദന മനസ്സിലാകൂ...

"എല്ലാവരെയും പോലെ എനിക്കും സ്വപ്നങ്ങൾ ഉണ്ട്. എൻ്റെ മകൻ നല്ല നിലയിൽ എത്തണം. സ്വന്തം കാലിൽ നിൽക്കണം. പക്ഷേ ഒന്നും സാധിക്കില്ല.."

............................

കല്യാണത്തിൻ്റെ തലേന്ന് രാവിലെ തന്നെ ഞങ്ങൾ എല്ലാവരും ഹാളിൽ എത്തി. ഹാളിനോട് ചേർന്നുള്ള ഹോട്ടലിൽ റൂമുകൾ നേരത്തെ തന്നെ ഒരുക്കിയിരുന്നൂ.

അവൻ്റെ സന്തോഷമാണ് കാണേണ്ടിയിരുന്നത്.....

അത് കണ്ടപ്പോൾ അവൻ്റെ അച്ഛൻ്റെ കണ്ണ് നിറഞ്ഞു.

"അവനു ഇങ്ങനെ ഒരു ദിവസ്സം ഉണ്ടാകുമോ ജീവിതത്തിൽ...?"

അദ്ദേഹം നെടുവീർപ്പിട്ടൂ.

രാത്രിയിൽ ചെറുക്കൻ്റെ അച്ഛൻ അദ്ദേഹത്തോട് എന്തോ ആവശ്യപ്പെട്ടൂ. അദ്ദേഹം തർക്കിക്കുവാൻ ശ്രമിക്കുന്നത് പോലെ തോന്നിയെങ്കിലും അവസാനം പരാജയം സമ്മതിച്ചൂ.

എന്നോട് വന്നു അദ്ദേഹം പറഞ്ഞു....

" നാളെ നമ്മുടെ മോളുടെ വിവാഹം നടക്കണമെങ്കിൽ പന്തലിൽ നമ്മുടെ പൊന്നു മകൻ ഉണ്ടാവരുത്"

അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞതും ആദ്യമായി എൻ്റെ മുന്നിൽ നിന്ന് പൊട്ടി കരഞ്ഞു.

...............................................

പിറ്റേന്ന് മോനെ ഞാൻ ഹോട്ടൽ മുറിയിൽ ജോലിക്കാരനൊപ്പം നിറുത്തി. അവനിഷ്ടമുള്ള കപ്പ വറുത്തത് ഒരു പാക്കറ്റ് കൈയ്യിൽ നൽകി.

"അമ്പലത്തിൽ പോയിട്ട് വരാം" എന്നു കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.

ഹാളിൽ ആരും എൻ്റെ മകനെ പറ്റി അന്വേഷിച്ചില്ല.

ചെറുക്കൻ വന്നൂ. അവനെ മാലയിട്ടു സ്വീകരിക്കുവാൻ അനിയത്തിയുടെ മകൻ ചെന്നൂ.

പക്ഷേ....................

മരുമകൻ അകത്തേയ്ക്കു കടന്നു വരുവാൻ കൂട്ടാക്കിയില്ല. അവൻ ആ മാല തട്ടി മാറ്റി.

ബഹളം കേട്ട് ഞാൻ ഓടി ചെന്നൂ.

"ഈശ്വരാ, ഈ കല്യാണവും മുടങ്ങുമോ..? ഞാൻ സകല ദൈവങ്ങളേയും വിളിച്ചൂ....

മരുമകൻ എന്നെ അടുത്തേയ്ക്കു വിളിച്ചൂ..

"അമ്മയുടെ മകൻ എവിടെ?"

എനിക്ക് ഉത്തരം മുട്ടി...

"അവനല്ലേ എന്നെ സ്വീകരിക്കേണ്ടത്. അത് അവൻ്റെ അവകാശമല്ലേ. ഒരു ഡോക്ടർ ആയ ഞാൻ അവനെ മനസ്സിലാക്കിയില്ലെങ്കിൽ അവൻ്റെ കുറവുകൾ അംഗീകരിച്ചില്ലെങ്കിൽ പിന്നെ ആ സർട്ടിഫിക്കറ്റുകൾ എനിക്ക് എന്തിനാണ്.?"

"അമ്മ  അവനെ കൂട്ടി കൊണ്ട് വാ. കുറ്റം പറയുവാൻ നിൽക്കുന്ന ബന്ധുക്കളെ എനിക്ക് ഭയമില്ല. അവൻ്റെ പെങ്ങളുടെ വിവാഹത്തിന് അവനാണ് ആദ്യം വേണ്ടത്. മറ്റാരും ഇല്ലെങ്കിലും കുഴപ്പമില്ല.."

എൻ്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു ഒഴുകുകയായിരുന്നൂ. ഇനി ഇപ്പോൾ എനിക്ക് മരിക്കാനും ഭയമില്ല. അന്ന് വരെ എനിക്ക് നല്ലൊരു മകനെ എന്തേ തന്നില്ല എന്ന് ഓർത്തു ദുഖിച്ചിരുന്ന എൻ്റെ മനസ്സു ശാന്തമായി...

ഞാൻ ഓടിപോയി മകനെ കൂട്ടികൊണ്ട് വന്നൂ..

എൻ്റെ മകൻ സന്തോഷത്തോടെ ഹാളിലേയ്ക്ക്  ഓടി വന്നൂ. ഒന്നും അറിയാതെ തുള്ളിച്ചാടുന്ന അവനെ കണ്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു.

അവൻ ഇട്ട മാലയുമായി മരുമകൻ അകത്തേയ്ക്കു കടന്നു വന്നൂ.


............................ സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA