NANAYATHUTTU നാണയത്തുട്ട്, FB, E, N, K, KZ, AP, A, P, SXC

"ആ പിച്ചക്കാരൻ്റെ മകനല്ലേടാ നീ? കണ്ട തെണ്ടിപ്പരിഷകൾക്കൊക്കെ കയറി നിരങ്ങാനുള്ളതാണോ എൻ്റെ പറമ്പ്"

 കൂട്ടുകാരോടൊപ്പം പള്ളിക്കൂടത്തിൽ നിന്നും വരുന്ന വഴിയാണ് എല്ലാവരും കൂടെ പാടത്തിനരികിലുള്ള മത്തായി ചേട്ടൻ്റെ പറമ്പിൽ നിന്നും രണ്ടു പച്ച മാങ്ങ പൊട്ടിക്കുവാൻ തീരുമാനിച്ചത്.

"വേണ്ട" എന്ന് ഞാൻ പറഞ്ഞതാണ്....

"അന്യൻ്റെ മുതൽ ഒന്നും ആഗ്രഹിക്കരുത് " എന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുള്ളതാണ്. പക്ഷേ അവർ കേട്ടില്ല.

അവസാനം ഞാനും അവരോടൊപ്പം കൂടി, എങ്കിലും പറമ്പിൽ പോലും കയറാതെ ഞാൻ അവിടെ പറമ്പിൻ്റെ പുറത്തു കാത്തു നിന്നൂ......................

അവിടെ ഉടമസ്‌ഥൻ നിൽക്കുന്ന കാര്യം പക്ഷേ ഞാൻ ശ്രദ്ധിച്ചില്ല. അയാളുടെ ശബ്ദം കേട്ടതും  കൂട്ടുകാരെല്ലാം ഓടി. ചെരുപ്പിൻ്റെ വള്ളി പൊട്ടിയിരുന്നതിനാൽ ഓടുന്നതിനിടയിൽ തെന്നി ഞാൻ വീണു.

പുറകിൽ നിന്നും ഓടി വന്നു ഷർട്ടിൻ്റെ കോളർ പിടിക്കുന്ന കൂട്ടത്തിൽ അയാൾ ചോദിച്ച ചോദ്യമാണ് ഇത്..............................

ഒരു ആറാം ക്ലാസ്സുകാരൻ എന്ന പരിഗണന പോലും എനിക്ക് അയാളിൽ നിന്നും കിട്ടിയില്ല. അയാൾ പിടിച്ചു വലിക്കുന്ന കൂട്ടത്തിൽ എൻ്റെ ഷർട്ടും ചെറുതായി കീറി.

എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അപമാനഭാരത്താൽ തല കുനിഞ്ഞു.

അവിടെ നിന്നും കരഞ്ഞു കൊണ്ട് ഞാൻ വീട്ടിലെത്തി. ആരും കാണാതെ കുളിമുറിയിൽ ഇരുന്നു കുറേ നേരം കരഞ്ഞു.

............................

കുരുടനായ അച്ഛനും  കുരുടിയായ അമ്മയും അവർക്കു തണലായി കുറച്ചു മാത്രം കണ്ണ് കാണുന്ന വല്യച്ഛനും. പിന്നെ ഞാനും. എൻ്റെ കുടുംബമായി. കനാലിനു മുകളിലുള്ള ചെറ്റപുരയിലാണ് ഞങ്ങൾ താമസിക്കുന്നത്.

വല്യച്ഛൻ വിവാഹം കഴിച്ചിട്ടില്ല. അച്ഛച്ചനും അച്ഛമ്മയും മരിച്ചതിനു ശേഷം എന്നും അച്ഛന് തണലായി വല്യച്ഛൻ ഉണ്ട്.

പത്താം തരം വരെ പഠിച്ചിട്ടും അച്ഛന് പണിയൊന്നുമില്ല. രാവിലെ മുതൽ വൈകീട്ട് വരെ വഴി നീളെ പാടി നടന്നിട്ടു കിട്ടുന്ന പൈസ കൊണ്ടാണ് ഞങ്ങളുടെ ജീവിതം.

എത്രയോ പ്രാവശ്യം കൂട്ടുകാർ കളിയാക്കിയിരിക്കുന്നൂ

"പൊട്ടകണ്ണൻ്റെ  മകൻ എന്നും പറഞ്ഞു"

എന്നിട്ടും അച്ഛനെയും അമ്മയെയും ഞാൻ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല.

.............................

രാത്രിയിൽ കഞ്ഞി കുടിക്കുവാൻ ഇരുന്നപ്പോൾ കുടിക്കാനെടുത്ത കഞ്ഞിയിൽ എൻ്റെ കണ്ണുനീർ വീണൂ.

വല്യച്ഛനാണ്‌ ചോദിച്ചത്...

"എൻ്റെ ഉണ്ണിക്കെന്താ പറ്റിയത്...?

ഞാൻ കരഞ്ഞു പോയി. ഷർട്ട് കീറിയതും അയാൾ എന്നെ ചീത്ത വിളിച്ചതും ഞാൻ പറഞ്ഞു.

അറിയാതെ ഞാൻ ചോദിച്ചു പോയി. കരച്ചിലിനിടയിൽ എൻ്റെ വാക്കുകൾ പുറത്തേയ്ക്കു പോലും വന്നില്ല.

"എന്തിനാ വല്യച്ഛ എന്നെ എല്ലാവരും തെണ്ടി എന്ന് വിളിക്കുന്നത് ? നമ്മൾ പിച്ചക്കാരാണോ..?

അതുകേട്ടതും അച്ഛൻ്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു.

 "എൻ്റെ ഉണ്ണി വിഷമിക്കേണ്ട കേട്ടോ..."

"അച്ഛനും അമ്മയും അവർക്കു അറിയാവുന്ന പണിയല്ലേ ചെയ്യുന്നത്. അവർക്കും വയ്യാത്ത വല്യച്ചനും ഈ പണി മാത്രമേ അറിയൂ ഉണ്ണീ. നമ്മൾ ആരോടും ഭിക്ഷ ചോദിക്കാറില്ല. നമ്മളെ പോലുള്ളവരേ ആരും വെറുതേ വന്നു സഹായിക്കില്ല."

ഒരു ദീർഘശ്വാസം എടുത്തിട്ടു വല്യച്ഛൻ പറഞ്ഞു...

"വഴിയിൽ ഇരുന്നു പാട്ടു പാടി കിട്ടുന്ന പണം കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. വേറെ എന്ത് പണി കിട്ടുവാനാണ് നമ്മുക്ക്. ആ പണം നിൻ്റെ അച്ഛനും അമ്മയും തൊണ്ട കീറി പാടി ഉണ്ടാക്കുന്നതല്ലേ, പിന്നെ നീ എങ്ങിനെയാണ് കുഞ്ഞേ തെണ്ടി ആകുന്നത്.."

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും വല്യച്ഛൻ്റെയും അച്ഛൻ്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞൊഴുകി. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല.

..........................................

പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അത്ഭുതമാണ്. ഇത്രയൊക്കെ ചെയ്യുവാൻ എനിക്കെങ്ങനെ കഴിഞ്ഞു.

ആരുടെയും സഹായം കൈ പറ്റാതെ ഗവണ്മെന്റ് സ്കൂളിലും ഗവൺമെന്റ് കോളേജിലും മാത്രം പഠിച്ചാണ് ഞാൻ ഈ നേട്ടം കൊയ്തത്. എനിക്ക് താമസിയാതെ ഒഫീഷ്യൽ ഗസ്റ്റ് ഹൗസ് കിട്ടും. അവിടെ എൻ്റെ അച്ഛനും അമ്മയ്ക്കും വല്യച്ചനും ഒരു വിഷമവും ഉണ്ടാവില്ല.

"കനാലിനു മുകളിലെ കുടിലിൽ നിന്നും സിവിൽ സെർവീസിലേയ്ക്ക്..."

രാവിലെ വന്ന പത്രത്തിലെ വാർത്ത വല്യച്ഛൻ വായിച്ചു കൊടുക്കുമ്പോൾ അച്ഛൻ്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞു.

"തെണ്ടി" എന്ന വാക്ക് എന്നിൽ ഉണ്ടാക്കിയ മാറ്റം ഒത്തിരി വലുതായിരുന്നൂ. ഈ നാട്ടിലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് അന്നേ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടായിരുന്നൂ. അതിനു ഇനി എനിക്ക് സാധിക്കും.

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും കൊണ്ടു വന്നു  തന്ന കുറച്ചു തുട്ടുകളിൽ നിന്നാണ് എൻ്റെ ജീവിതം ഞാൻ പടുത്തുയർത്തിയത്. എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി ഞാൻ മറക്കില്ല. അതുകൊണ്ടു തന്നെയാണ് അവർ തന്ന തുട്ടുകളിൽ നിന്നും ഒരു ഒറ്റ രൂപ നാണയം മാത്രം ആരും കാണാതെ ഒരിക്കലും ചെലവാക്കാതെ ഞാൻ എൻ്റെ പോക്കറ്റിൽ എന്നും കൊണ്ട് നടക്കുന്നത്."

"എപ്പോഴൊക്കെ പരാജയഭീതി തോന്നിയിട്ടുണ്ടോ അപ്പോഴൊക്കെ ആ തുട്ട് ഞാൻ കൈയ്യിൽ എടുക്കും. അതിലേക്കു ഒന്ന് നോക്കും. അതിൽ തൊണ്ട പൊട്ടി പാട്ടു പാടുന്ന ഒരച്ഛനെയും ഒരമ്മയെയും ഞാൻ കാണാറുണ്ട്. ആ നിമിഷം എൻ്റെ ഭീതി മൊത്തം അകലും കാരണം, നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത ഞാൻ എന്തിനെ പേടിക്കുവാനാണ്. നേടുവാനാണെങ്കിൽ മുന്നിൽ ഒത്തിരി ഉണ്ട് താനും"

"ഇനി നാളെ അഹങ്കാരം കയറി മനസ്സ് പണത്തിനു പുറകെ പായുവാൻ തുടങ്ങിയാൽ വീണ്ടും ആ നാണയത്തുട്ടു എന്നെ ഒന്നു കൂടെ ഓർമ്മപെടുത്തും . ഈ നാണയം അച്ചൻ്റെ മുന്നിലെ പാത്രത്തിൽ നിക്ഷേപിച്ചിട്ടുണ്ടാകുക ഒരിക്കലും AC കാറിൽ വന്ന ഒരു പണക്കാരൻ ആവില്ല, ഏതോ ഒരു അത്താഴപട്ടിണിക്കാരൻ തൻ്റെ ഇല്ലായ്മ്മയിൽ നിന്നും കൊടുത്ത അവൻ്റെ അധ്വാനത്തിൻ്റെ  ഒരു അംശം ആകും. അവൻ കൊടുത്ത ഈ ഭിക്ഷ, എന്നെ പഴയകാലം ഓർമ്മപെടുത്തും. അവിടെ ഒരിക്കലും ഞാൻ ഒരു കൈക്കൂലിക്കാരൻ ആകില്ല........................ "

............................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA