പിറന്നാൾ സമ്മാനo PIRANNAL SAMMANAM,FB, E, K, N, AP, KZ, A
"എൻ്റെ കുഞ്ഞിന് ഒരു നല്ല കുപ്പായം വാങ്ങി കൊടുക്കണം. അവളുടെ ആറാമത്തെ പിറന്നാളാണ്, എൻ്റെ ദൈവമേ എൻ്റെ പ്രാർത്ഥന നീ ഒന്ന് കേൾക്കണേ...."
കഴിഞ്ഞ അഞ്ചു പിറന്നാളുകൾക്കും അദ്ദേഹം കൂടെ ഉണ്ടായിരുന്നൂ. ഒരു കുറവും അവൾക്കു അദ്ദേഹം വരുത്തിയിട്ടില്ല. കിട്ടുന്ന പണിക്കെല്ലാം അദ്ദേഹം പോവുമായിരുന്നൂ.
"മുതലാളിയുടെ വീട്ടിൽ ടാങ്ക് വൃത്തിയാക്കുവാൻ കൂട്ടുകാരനൊപ്പം സഹായത്തിനു പോയ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു."
"അദ്ദേഹം പോയതിൽ പിന്നെ അവളുടെ ആഗ്രഹങ്ങൾ അവൾ തന്നെ എന്നിൽ നിന്നും മറച്ചു വയ്ക്കാറാണ് പതിവ്. എന്നെ കൊണ്ടാവില്ല എന്നവൾക്കറിയാം. പിന്നെ എന്തിനു എന്നെ വിഷമിപ്പിക്കണം എന്നെൻ്റെ കുട്ടി കരുതിക്കാണും. അദ്ദേഹം പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്."
അദ്ദേഹം പോയതിൽ പിന്നെ ജീവിക്കുന്നത് ആ മുതലാളിയുടെ കാരുണ്യത്തിലാണ്. ഈ വലിയ മാളികയുടെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് എൻ്റെയും മകളുടെയും വാസം. കാരുണ്യം തോന്നി മുതലാളി തന്നതാണ് ഒന്ന് തല ചായ്ക്കുവാൻ ഈ ഇടം.
"മോളെയും കൂട്ടി ഒറ്റയ്ക്ക് കനാലിനു മുകളിലെ കുടിലിൽ കഴിയുവാൻ വയ്യ."
പാചകം ചെയ്യലും പാത്രം കഴുകലും നിലം തുടയ്ക്കലും തുടങ്ങി ഒത്തിരി കാര്യങ്ങൾ എനിക്ക് ചെയ്യുവാനുണ്ട്. മുതലാളിയും ഭാര്യയും മകളും രണ്ട് ജോലിക്കാരും മാത്രമേ ഇവിടെ ഉള്ളൂ. അതുകൊണ്ടു തന്നെ വലിയ കഷ്ടപ്പാട് എനിക്ക് തോന്നിയില്ല.
കരുണ കാണിക്കുന്നവരുടെ കൈയ്യിൽ നിന്നും കൂടുതൽ കൈ പറ്റുവാൻ മനസും അനുവദിച്ചില്ല.
മുതലാളിയുടെ മകൾക്കു (നീനു) മോളെ (ചിന്നു) ഇഷ്ടമാണ്. അവർ രണ്ടുപേരും സമപ്രായക്കാരാണ്. അവളുടെ പഴയ ഉടുപ്പുകളൊക്കെ മാഡം മകൾക്കു കൊടുക്കാറുണ്ട്.
"അവൾ പഠിക്കുന്ന സ്കൂളിൽ മകളെ അയയ്ക്കണമെന്നു അവൾ എപ്പോഴും പറയും"
പ്രൈവറ്റ് സ്കൂളിലെ ഫീസ് എന്നെ കൊണ്ട് താങ്ങില്ല. തൊട്ടടുത്ത് തന്നെയുള്ള ഗവണ്മെന്റ് സ്കൂളിൽ അവൾ അതുകൊണ്ടു പഠിക്കുന്നൂ...
ഇതെങ്ങാനും മുതലാളിയും ഭാര്യയും കേട്ടാൽ പിന്നെ അത് മതി. പിന്നെ വലിയൊരു ഭൂകമ്പം എവിടെ ഉണ്ടാവും.
.......................
"ചേട്ടാ, നീതുവിൻ്റെ വിവാഹം ഉറപ്പിച്ചൂ. അടുത്താഴ്ച നിശ്ചയമാണ്.നാളെ പോയി വസ്ത്രങ്ങളൊക്കെ എടുക്കണം."
മാഡം സാറിനോട് പറയുന്നത് ഞാൻ കേട്ടൂ. മുതലാളിയുടെ ഒരേ ഒരു പെങ്ങളുടെ മകളുടെ വിവാഹം. എൻ്റെ മകൾക്കു കൂടി ഒരു വസ്ത്രം കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് വെറുതേ കൊതിച്ചൂ.
എൻ്റെ മകൾക്ക് ഇവിടുത്തെ സ്റ്റോർ റൂമിലും അടുക്കളയിലും മാത്രമേ പ്രവേശനമുള്ളൂ. അതിനപ്പുറം അവൾ കയറിക്കൂട. അവളെ അനാഥാലയത്തിൽ ആക്കാത്തതു തന്നെ നീനുവിൻ്റെ വാശി കാരണം മാത്രമാണ്. അവളെ ഒരു ദിവസ്സം കണ്ടില്ലെങ്കിൽ നീനു പ്രശ്‌നം ഉണ്ടാക്കും.
.......................
വൈകീട്ട് നീനു ഓടി വന്നു. അവളുടെ കൈയ്യിൽ ഒരു പാക്കറ്റ് ഉണ്ടായിരുന്നൂ. കല്യാണത്തിന് ഇടുവാൻ വാങ്ങിയതാണത്രേ. രണ്ടെണ്ണം ഉണ്ട്. പാവം ഒന്ന് ചിന്നുവിന് കൊടുക്കുവാൻ വന്നതാണ്. നീനു അത് മോളോട് ഇട്ടു നോക്കുവാൻ പറഞ്ഞു.
"വേണ്ട, മോളെ സാറും മാഡവും അറിഞ്ഞാൽ പ്രശ്‌നം ആവും."
എന്നിട്ടും അവൾ മോളെ കൊണ്ട് ഉടുപ്പ് ഇടുവിചൂ. പെട്ടെന്ന് വന്ന മാഡം അത് അവളിൽ നിന്നും വലിച്ചൂരിയെടുത്തൂ. അവരതു എൻ്റെ മകളുടെ മുന്നിൽ വച്ച് കത്തിച്ചു കളഞ്ഞു.
നീനുവിനു തല്ലും കിട്ടി. കൂടെ ഒരു ഡയലോഗും അവൾ പറഞ്ഞു.
"ആഹാ, ഇതിനാണല്ലേ നീ രണ്ടു ഉടുപ്പുകൾ വാങ്ങിയത്. കണ്ട വൃത്തികെട്ടവരുമായുള്ള നിൻ്റെ കൂട്ടുകെട്ട് ഇവിടെ തീരണം. ഇവരെ പോലെ ഉള്ളവരുമായി കൂട്ടു കൂടിയാൽ നിനക്കും കഷ്ടകാലം മാത്രമേ ഉണ്ടാവൂ. നിൻ്റെ അപ്പനെ പറഞ്ഞാൽ മതി, വല്ലതും കൊടുത്തു ഒഴുവാക്കേണ്ടതിനു ഇവിടെ പിടിച്ചു കിടത്തിയിരിക്കുന്നൂ..."
ആ സംഭവം മനസ്സിൽ മായാതെ കിടന്നൂ. കൂടുതൽ വിഷമിച്ചതു മകൾ ആയിരുന്നൂ നീനുവിന് തല്ലു കൊണ്ടത് അവൾക്കു സഹിക്കാനായില്ല. പാവം എൻ്റെ കുട്ടി രാത്രി ഒന്നും കഴിക്കാതെ കരഞ്ഞു കിടന്നുറങ്ങി.
.........................
പിറ്റേന്ന് നീതുവും അച്ഛനമ്മമാരും വീട്ടിൽ വന്നൂ. വലിയ ഏതോ കമ്പനിയിലാണ് അവൾക്കു ജോലി. ഞാൻ ചായ ഉണ്ടാക്കി കൊണ്ട് ചെന്നൂ.
എന്നെ കണ്ട ഉടനെ അവൾ കൈയ്യിൽ നിന്നും ഒരു പൊതി എന്നെ ഏല്പിച്ചു.
"ഏല്ലാവർക്കും വസ്ത്രം വാങ്ങുന്ന കൂട്ടത്തിൽ സീതയ്ക്കും ചിന്നുവിനും കൂടെ വാങ്ങി, ഇഷ്ടമായോ എന്ന് നോക്കൂ..."
എൻ്റെ കണ്ണ് നിറഞ്ഞു. മനസ്സു മുഴുവൻ മകൾക്കുള്ള പിറന്നാൾ സമ്മാനം ആയിരുന്നൂ. അദ്ദേഹം മുകളിലിരുന്ന് എൻ്റെ മനസ്സ് കണ്ടിരിക്കുന്നൂ..
മാഡത്തിനു അത് തീരെ ഇഷ്ടമായില്ല.സാർ ഒന്നും പറഞ്ഞില്ല.
"ഇവർക്കൊക്കെ, വല്ല പഴയ വസ്ത്രവും കൊടുത്താൽ പോരെ. പുതിയതൊക്കെ എന്തിനാണ്...?"
പെട്ടെന്ന് നീതുവിൻ്റെ അമ്മ സാറിനോട് ചോദിച്ചൂ
"ഉണ്ണീ, നീ പഴയതൊക്കെ മറന്നോ? ഒന്നുമില്ലായ്മ്മയിൽ നിന്നും അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യത്തിൻ്റെ മുകളിലാണ് നീ ഇന്ന് ഇരിക്കുന്നത്. നിനക്കുള്ളതിൽ നിന്നും കുറച്ചൊക്കെ പാവപ്പെട്ടവർക്ക് കൊടുക്കണം. വന്ന വഴി ഒരിക്കലും നീ മറക്കരുത്."
" നിൻ്റെ വീട്ടിൽ വച്ച് പണിക്കിടയിലാണ് അവളുടെ ഭർത്താവു പോയത്. അവൻ കുഴഞ്ഞു വീണപ്പോൾ തന്നെ നീ ഒന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് ഇന്ന് അച്ഛൻ ഉണ്ടായേനെ. നിൻ്റെ വിലകൂടിയ കാറിൽ അവനെ കയറ്റിയില്ല. പോകുന്ന വഴിക്ക് മരിച്ചു പോയാൽ എന്ത് ചെയ്യും അല്ലെ. ആ ഒരു കാരണം കൊണ്ടല്ലേ അവൾക്കു അച്ഛനില്ലാതെ ആയത്. നീ അല്ലെ അതിനുത്തരവാദി.."
"പിന്നെ ഈ തിരക്കിനിടയിൽ ഞാൻ ഇവിടേയ്ക്ക് വന്നത് നീനു മോൾ എന്നെ ഇവിടെ ഇന്നലെ നടന്നതെല്ലാം വിളിച്ചു പറഞ്ഞതു കൊണ്ടാണ്."
"നിൻ്റെ ഭാര്യ ഒരു തെറ്റ് ചെയ്താൽ അത് നീ തിരുത്തണം. നമുക്ക് ആവശ്യത്തിൽ കൂടുതൽ ദൈവം തന്നിട്ടില്ലേ, അതിൽ കുറച്ചു അവരും അനുഭവിക്കട്ടെ."
"സീതേ, നീ ചിന്നുവിനെ വിളിക്കൂ."
"ചിന്നു മോൾ ഇവിടെ വന്നേ, മോൾക്കും അമ്മയ്ക്കും ഇനി മുതൽ ആന്റിയുടെ വീട്ടിൽ നിൽക്കാം കേട്ടോ. അവളെ ഞാൻ പഠിപ്പിച്ചോളാം, എൻ്റെ ഈ മകളെ ഞാൻ പഠിപ്പിച്ചു, ഇനി ഒരു മകളെക്കൂടി നോക്കുവാൻ എനിക്ക് ബുദ്ധിമുട്ടില്ല. എൻ്റെ ആങ്ങള ചെയ്ത തെറ്റിന് ഞാൻ പരിഹാരം ചെയ്‌തോളാം. നീ അവളെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്. ഇവരുടെ ഇവിടത്തെ അവസ്ഥയിൽ ഇന്ന് ഏറ്റവും കൂടുതൽ ദുഖിക്കുന്നതും."
"സീത, പോയി എല്ലാം എടുത്തിട്ട് വരൂ. നമ്മുക്ക് പോകാം.."
പെട്ടെന്നു മാഡം എന്നെ തടഞ്ഞു...
"വേണ്ട, ചേച്ചി. എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി. എനിക്ക് മകൾ ഒന്നേയുള്ളൂ. ഗർഭിണി ആയിരിക്കുമ്പോഴെല്ലാം ഇരട്ട കുട്ടികൾ വേണം എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. അവൾ ഇന്ന് മുതൽ എൻ്റെ മകളായി ഇവിടെ വളരും. ഇനി എൻ്റെ മകൾ പഠിക്കുന്ന സ്കൂളിൽ അവളും പഠിക്കും. അവൾക്കു ഇവിടെ ഒരു കുറവും ഉണ്ടാകില്ല.."
ആ നിമിഷം ഞാനോർത്തു....................
എൻ്റെ മകൾക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പിറന്നാൾ സമ്മാനമാണ് സ്വർഗ്ഗത്തിൽ നിന്നും അദ്ദേഹം ഇന്ന് തന്നത്.............
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ