ഭർത്താവ്‌ BHARTHAVU, FB, N, K, AP, E, KZ, A, P

"എനിക്ക് ഇനി അവളുടെ കൂടെ ജീവിക്കുവാൻ വയ്യ. അമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ..."

"എന്താ മോനെ നീ പറയുന്നത്. ഒരു കുട്ടിയായപ്പോഴാണോ നിനക്ക് ഇത് മനസ്സിലാകുന്നത്..?"

"എല്ലാം എൻ്റെ തെറ്റാണ്. ഞാൻ അമ്മ പറഞ്ഞത് അന്ന് കേൾക്കണമായിരുന്നൂ..."

"നീ ഒന്ന് കൂടെ നന്നായി ആലോചിക്കൂ. ജീവിതം അങ്ങനെയാണ് നമ്മൾ വിചാരിക്കുന്നത് പോലെ മാത്രം എല്ലാം നടക്കില്ല. സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങൾ നീ സംസാരിച്ചു തീർക്കണം. ഒരു കുട്ടിയുണ്ട്, അതിനെ കരയിപ്പിക്കരുത്.."

..............................

കലാലയദിനങ്ങളിൽ എന്നോ ഒരിക്കൽ, എപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കുന്ന അവൾ എൻ്റെ മനസ്സിൽ ഇടം നേടി.

 എപ്പോഴും എല്ലാ കലാപരിപാടികളിലും മുന്നിൽ നിൽക്കുന്നവൾ. എല്ലാവരും അവളുടെ പുറകെ ആയിരുന്നൂ, എന്നിട്ടും അവൾ എന്നെ സ്നേഹിച്ചൂ..

പഠനത്തിനപ്പുറം വീട് മാത്രം മനസ്സിലുള്ള അമ്മയുടെ പുന്നാര ഉണ്ണിയായ എന്നെ അവളിലേക്ക്‌ ആകർഷിച്ചത് അവളുടെ സംസാരമായിരുന്നൂ.

പെട്ടെന്ന് തന്നെ അവൾ എനിക്കെല്ലാം ആയി മാറുകയായിരുന്നൂ.

എൻ്റെ മാറ്റം അമ്മയാണ് ആദ്യം തിരിച്ചറിഞ്ഞത്. അമ്മയോട് എല്ലാം തുറന്നു പറഞ്ഞിരുന്ന ഞാൻ പതിയെ മൊബൈൽ ഫോണിനോടൊപ്പം എൻ്റെ ലോകത്തിലേക്ക് മാറുന്നത് അമ്മ മനസ്സിലാക്കി.

ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു..

"മോനെ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. നീ അവളെ കൂട്ടി വീട്ടിലേയ്ക്കു വരണം. എനിക്ക് അവളോട് ഒന്ന് സംസാരിക്കണം.."

.........................

വീട്ടിലേയ്ക്കു കയറി വന്ന അവളെയും അവളുടെ രീതികളെയും എന്തോ അമ്മയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായില്ല എന്ന് എൻ്റെ മനസ്സ് പറഞ്ഞു.

"സ്വന്തം മകനെ തന്നിൽ നിന്നും പിടിച്ചകറ്റുവാൻ വന്നവൾ മാത്രം ആയിരുന്നൂ അമ്മയ്ക്കവൾ..." എന്നാണ് എനിക്ക് തോന്നിയത്.

അവളുടെ ചാടിത്തുള്ളിയുള്ള സംസാരം പോലും അമ്മയിൽ നീരസം ഉണ്ടാക്കി.

ബിരുദാനന്ത ബിരുദം വരെ പുറത്തു പഠിച്ച ആധുനീക ചിന്താഗതിയുള്ള എൻ്റെ അമ്മയ്ക്ക് അവളുടെ രീതികളോടും ചിന്താഗതികളോടും വിയോജിപ്പുള്ളതു പോലെ തോന്നി. അവൾ പോയതിനു ശേഷം അമ്മ പറഞ്ഞു..

"ഉണ്ണീ, നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. അവൾ നിനക്ക് ചേരില്ല. അവൾക്കു അവളുടേതായ തീരുമാനങ്ങൾ ഉണ്ട്. നിൻ്റെ രീതികളുമായി അത് ചേരില്ല. വേഷം എന്തും ആർക്കും ധരിക്കാം. ആദ്യമായി ഇഷ്ടപെടുന്ന ആളുടെ വീട്ടിലേയ്ക്കു കടന്നു വരുമ്പോൾ ഒരു പെൺകുട്ടി പാലിക്കേണ്ട രീതികൾ അവൾക്കു അറിയില്ലേ...."

 "കുടുംബവും പ്രണയവും തമ്മിൽ നല്ല ദൂരമുണ്ട്. നിൻ്റെ ചിന്തകളും രീതികളും വേറെയാണ്. അത് അമ്മയ്ക്ക് മനസ്സിലാകും."

"പിന്നെ എല്ലാം നിൻ്റെ ഇഷ്ടം പോലെ ആകട്ടെ. നാളെ ഞാൻ ഒന്നും പറഞ്ഞു തന്നില്ല എന്ന് നിനക്ക് തോന്നരുത്. അതുകൊണ്ടു മാത്രം ഞാൻ എൻ്റെ അഭിപ്രായം പറയുന്നൂ.."

...............................

എൻജിനീയറിങ് കഴിഞ്ഞതും അവൾക്കു ക്യാമ്പസ് സെലക്ഷൻ വഴി നല്ല ജോലി കിട്ടി. അവളുടെ കൂടെ ആയിരിക്കുവാൻ ഞാനും ചെന്നൈയിൽ ഒരു ജോലി തപ്പിപിടിച്ചൂ.

അച്ഛനെയും അമ്മയെയും എതിർത്തുകൊണ്ടാണെങ്കിലും ഞങ്ങളുടെ വിവാഹം മംഗളകരമായി നടന്നൂ.

പുതുമോടിയെല്ലാം തീർന്നപ്പോൾ പതിയെ പതിയെ ജീവിതം കയ്‌പ്പേറിയതായി  മാറി.

എപ്പോഴൊക്കെയോ ഞാൻ ഇഷ്ടപ്പെട്ടിരുന്ന അവളുടെ സംസാരം പോലും എനിക്ക് അരോചകമായി തോന്നി. എന്തിനും ഏതിനും അവൾ എനിക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നത് പോലെ....

ജോലിക്കയറ്റം കിട്ടി അവൾ ഉയരങ്ങൾ താണ്ടുന്നൂ. ശബളം പോലും അവൾക്കാണ് കൂടുതൽ. പതിയെ പതിയെ ഞങ്ങൾക്കിടയിൽ തർക്കങ്ങൾ വന്നു തുടങ്ങി.

എന്നും കുറ്റപ്പെടുത്തുവാൻ അവൾ ഓരോ കാരണങ്ങൾ കണ്ടെത്തുവാൻ കാത്തിരിക്കുന്നത് പോലെ. എനിക്ക് ഇനിയും അവളോടൊത്തു കഴിയുവാൻ വയ്യ.

ഇന്നലെ അവൾ പെട്ടെന്ന് പറഞ്ഞു..

"ഇനി ഒന്നിച്ചു പോകുവാൻ ആകില്ല, നമുക്ക് പിരിയാം.."

ഞാൻ പറയുവാൻ കരുതി വച്ചിരുന്ന വാക്കുകൾ അവൾ പറഞ്ഞു.

...................................

കുഞ്ഞിനെ ഒന്നും അറിയിച്ചില്ല. നാല് വയസ്സുള്ള അവളുടെ ലോകത്തു ഡിവോഴ്സ് എന്ന വാക്കിന് എന്ത് പ്രസക്തി ആണുള്ളത്.

 ഞങ്ങൾ ഒന്നിച്ചു പോയി വക്കീലിനെ കണ്ടു. തിരിച്ചു വീട്ടിലെത്തിയതും അവൾ ഒന്നും പറയാതെ മാറി ഇരുന്നൂ.

പഴയതു പോലെ തന്നെ രാവിലെ എഴുന്നേറ്റു എല്ലാ പണികളും തീർത്തു അവൾ ഓഫീസിലേയ്ക്ക് പോയി.

ഉച്ചയ്ക്ക് അവളുടെ ഓഫീസിൽ നിന്നും എനിക്ക് ഒരു വിളി വന്നൂ..

" ഒന്ന് ഹോസ്പിറ്റൽ വരെ വരണം.."

ഞാൻ എത്തുമ്പോഴേയ്ക്കും അവളെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിച്ചിപ്പിച്ചിരുന്നൂ.

"ഹൃദയാഘതം ആയിരുന്നൂ. കൃത്യ സമയത്തു എത്തിച്ചതുകൊണ്ടു മാത്രം രക്ഷപെട്ടതാണത്രേ."

നാല്പത്തെട്ടു മണിക്കൂർ കഴിഞ്ഞാണ് അവളെ ഞാൻ കണ്ടത്. മോൾ എൻ്റെ തോളിൽ കിടന്നുറങ്ങി. എപ്പോഴോ അവളുടെ അമ്മ മോളെ എടുത്തു കൊണ്ട് പോയി.

അമ്മ എന്നോട് വീട്ടിൽ ചെന്ന് വിശ്രമിക്കുവാൻ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ഒന്നിനും സാധിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് വീട് ശൂന്യമായതു പോലെ. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം മനസ്സിൽ തെളിഞ്ഞു.

അവളുടെ അമ്മ ആശുപത്രിയിൽ നിന്നൂ. ദിവസ്സവും ഞാൻ മോളെ സ്കൂളിൽ അയച്ചിട്ട് അവളെ പോയി കണ്ടു.

പക്ഷേ...അവൾ ഇല്ലാത്ത വീട് എന്നെ ഒത്തിരി കാര്യങ്ങൾ പഠിപ്പിചൂ.

എന്നും ഞാൻ അമ്മയുടെ ഇള്ളകുട്ടിയായിരുന്നൂ. ഒരിക്കലും അവൾ രാവിലെ എഴുനേൽക്കുന്നതോ കുട്ടിയെ നോക്കുവാൻ കഷ്ടപെടുന്നതോ മനസ്സിലാക്കുവാൻ ഞാൻ ശ്രമിച്ചിരുന്നില്ല.

ഓഫീസിനും വീടിനും ഇടയിൽ നെട്ടോട്ടം ഓടുമ്പോൾ അറിയാതെ അവൾ ദേഷ്യപെടുന്നത് എന്തിനെന്നു ഇന്ന് എനിക്ക് മനസ്സിലാകും. ഈ ദിവസങ്ങൾ അവളില്ലാതിരുന്നപ്പോൾ എനിക്ക് അത് മനസ്സിലായി.

എൻ്റെ കാറിൻ്റെ കീ മുതൽ അടുക്കളയിലെ പഞ്ചസാര പാത്രം വരെ എവിടെയാണ് ഇരിക്കുന്നത് എന്ന് അവൾക്കറിയാം. എനിക്ക് ഒന്നുമറിയില്ല.

ഇനി ഒരിക്കലും ഞാൻ അവളെ കുറ്റപെടുത്തില്ല. തിരുത്തേണ്ടത് ഞാനാണ്. ഞാൻ എന്നും അവളുടെ പഴയ കാമുകൻ ആകുവാൻ ശ്രമിച്ചൂകൊണ്ടേയിരുന്നൂ.

കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള ദൂരം ഞാൻ നടക്കേണ്ടിയിരിക്കുന്നൂ...

..........................

അവൾ വീട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഒരുമിച്ചു പോയി വക്കീലിനെ കണ്ടു. മറ്റുള്ളവർ അവളെ പറ്റി പറയുന്നത് കേൾക്കുവാൻ നിൽക്കാതെ അവളെ ഞാൻ അവളായി മനസ്സിലാക്കുവാൻ ശ്രമിച്ചൂ..

അവിടെ എനിക്ക് എൻ്റെ ഭാര്യയെ കിട്ടി ഒപ്പം എൻ്റെ പഴയ കൂട്ടുകാരിയേയും..............

...........................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA