MANAM POLE MANGALYAM മനം പോലെ മംഗല്യം, FB, N, E, A, K, P, KZ, G, AP, NA, QL,SXC

"മോളെ, നിലീനയെ കാണുവാൻ ഇന്ന് ഒരു ചെറുക്കൻ വരുന്നുണ്ട്. നീ അവരുടെ മുന്നിൽ ഒന്നും വരരുത്. ഇതിപ്പോൾ എത്രമത്തെ ആലോചനയാണ് അവളുടെ നടക്കാതെ പോകുന്നത് എന്ന് തന്നെ എനിക്കറിയില്ല. പാവം എൻ്റെ കുട്ടി അതിൻ്റെ മനസ്സു കാണുവാൻ ഒരുത്തനും കഴിവില്ല.."

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തലയാട്ടിയെങ്കിലും മനസ്സിൽ അവളോട് ദേഷ്യം മാത്രമേ തോന്നിയുള്ളൂ.

അമ്മ പറഞ്ഞത് ശരിയാണ്, തുമ്പപ്പൂ പോലെ പരിശുദ്ധമാണ് അവളുടെ മനസ്സ്. ആരോടും ഒരു വഴക്കിനും അവളില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു അവൾ കഴിയുന്നൂ... 

പക്ഷേ...എന്നും എനിക്ക് അവൾ കാരണം വഴക്കു കേൾക്കുവാനെ നേരം ഉണ്ടായിട്ടുള്ളൂ. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും അവളാണ് മിടുക്കി. അദ്ധ്യാപകരുടെ കണ്ണിലുണ്ണി. അച്ഛനും അമ്മയ്ക്കും അവൾ കഴിഞ്ഞിട്ടേ ഉള്ളൂ എല്ലാവരും. കുട്ടിക്കാലം മുതലേ അവളെ പുകഴ്ത്തുന്നത് കേട്ടിട്ടാണ് ഞാൻ വളർന്നത്. 

അവളുടെ കല്യാണ ആലോചനകൾ ഓരോന്നായി മുടങ്ങുമ്പോൾ അറിയാതെ ഞാൻ മനസ്സിൽ സന്തോഷിച്ചൂ. ആ കാക്ക കറുമ്പിക്ക് അങ്ങനെ തന്നെ വേണം.

കാഴ്ച്ചയിൽ എന്നും ഞാൻ തന്നെയാണ് സുന്ദരി. ആ ഒരൊറ്റ കാര്യത്തിൽ മാത്രമാണ് എനിക്കവളെ തോല്പിക്കുവാൻ കഴിയുന്നത്.

................................

"എൻ്റെ കുട്ടി, നീ നന്നായി പ്രാർത്ഥിക്കൂ. പയ്യൻ പോലീസിൽ SI ആണ്. നല്ല തറവാട്ടുകാരാണ്. പണവും പ്രതാപവും ഉള്ള കുടുംബം. ഈ കല്യാണം നടന്നാൽ നിൻ്റെ ഭാഗ്യമാണ്."

അമ്മയുടെ വാക്കുകൾ തട്ടിയത് പക്ഷേ.. എൻ്റെ മനസ്സിൽ ആണ്.

"അവളുടെ ഭാഗ്യം ഞാൻ ഇന്ന് ശരിയാക്കി കൊടുക്കുന്നുണ്ട്.." മനസ്സിൽ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നൂ.

"ലതേ. ചെറുക്കനും കൂട്ടരും എത്തീട്ടോ.. നീ സുമിയോട് അകത്തേയ്ക്കു പോകുവാൻ പറയൂ. നിലീന മാത്രം മുൻവശത്തെയ്ക്ക് വന്നാൽ മതി.."

അവളുടെ പോക്ക് കണ്ടില്ലേ. കുണുങ്ങി കുണുങ്ങി ചെന്ന് ആ ചെറുക്കനെ വളക്കാമെന്ന അവളുടെ വിചാരം.

"എന്താ, മോളെ നിനക്ക് ശരത്തിനോട് എന്തെങ്കിലും സംസാരിക്കുവാനുണ്ടോ...?"

അച്ഛനാണ് പറഞ്ഞത്.

"മോളെ, നീ ശരത്തിനെയും കൂട്ടി തൊടിയിലേയ്ക്ക് ചെല്ലൂ. അവനു നിന്നോട് എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടാകും."

ആ അവസരത്തിനായാണ് ഞാൻ കാത്തു നിന്നത്. പുറകു വശത്തു കൂടെ പതിയെ ഞാൻ ആദ്യം തന്നെ തൊടിയിൽ എത്തി. വിചാരിച്ച പോലെ തന്നെ അവൾ ശരത്തിനെയും കൂട്ടി വന്നൂ. ഒന്നും അറിയാത്തതു പോലെ ഞാൻ അവരുടെ മുൻപിലെത്തി. പെട്ടെന്ന് തന്നെ എന്തോ അബദ്ധം പറ്റിയത് പോലെ ഓടിപോന്നൂ.

അവളുടെ വിവാഹം ഞാൻ മൂലം മുടങ്ങി എന്ന് വരരുതല്ലോ...

ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ  ശരത് നിലീനയോടു എന്നെ പറ്റി തിരക്കി. സംസാരം കഴിഞ്ഞു അവർ അകത്തെത്തിയതും എന്നെ ഇഷ്ടമായ വിവരം ശരത് അച്ഛനോട് പറഞ്ഞു.

...............................

അവർ പോയി കഴിഞ്ഞതും അച്ഛൻ എന്നെ വിളിച്ചു വഴക്കു പറഞ്ഞു. പക്ഷേ നിലീന അച്ഛനോട് പറഞ്ഞു..

"അനിയത്തിയെ മറച്ചു നിറുത്തി എനിക്ക് ഒരു വിവാഹം വേണ്ട അച്ഛാ. അത് ഒരിക്കലും ശാശ്വതം ആകില്ല. നമ്മൾ അയാളെ ചതിച്ചൂ എന്ന് വരില്ലേ. അയാൾക്കു അനിയത്തിയെ ഇഷ്ടം ആയെങ്കിൽ ആ വിവാഹം നടക്കട്ടെ. ഞാൻ മൂലം അവളുടെ വിവാഹം വൈകരുത്. അവൾക്കു വന്ന ഭാഗ്യം ഞാൻ മൂലം പോകരുത്. അത് എനിക്ക് വിഷമം ആണ്..."

എനിക്ക് വേണ്ടി വിവാഹത്തിന് ഓടി നടന്നതും എല്ലാം ചെയ്തത് അവൾ ആയിരുന്നൂ.

അടുത്ത മുഹൂർത്തത്തിൽ തന്നെ ശരത്തും ഞാനുമായുള്ള വിവാഹം നടന്നൂ..

എനിക്ക് അവളോട് പുച്ഛം മാത്രമേ തോന്നിയുള്ളൂ..

"സുന്ദരനും വിദ്യാസമ്പന്നനും ആയ എൻ്റെ ഭർത്താവിനെ കണ്ടു അവൾ നിരാശപ്പെടണം.." അത് മാത്രമായിരുന്നൂ എൻ്റെ ചിന്ത.

..........................

ആദ്യത്തെ പുതുമോടിയെല്ലാം കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു..

സത്യത്തിൽ ചേച്ചി ശരത്തിൽ നിന്നും രക്ഷപെടുകയായിരുന്നൂ.

"കാണുവാൻ സുമുഖൻ പക്ഷേ... പുറമെ മാത്രം ആയിരുന്നൂ. അയാൾ ഒരു വൃത്തികെട്ടവൻ ആയിരുന്നൂ. അയാൾ ഒരു സംശയരോഗി ആയിരുന്നൂ. പൊരുത്തക്കേടുകൾ മനസ്സിൽ പൂഴ്ത്തി എല്ലാവരുടെയും മുന്നിൽ ഞാൻ സന്തോഷം അഭിനയിച്ചൂ."

 മറ്റുള്ളവരുടെ മുന്നിൽ വച്ച്  അയാൾ എന്നെ സ്നേഹിക്കുന്ന രീതി  കാണുമ്പോൾ എല്ലാവരും അത്ഭുതപ്പെട്ടൂ.

"എൻ്റെ  ഭാഗ്യം ഓർത്തു എല്ലാവരും അസൂയപ്പെട്ടൂ..."

.....................

മൂന്ന് മാസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ കാണുവാൻ വന്നൂ. ഒപ്പം ഒരു സന്തോഷവാർത്തയും ഉണ്ടായിരുന്നൂ.

"ചേച്ചിയുടെ വിവാഹം ഉറപ്പിച്ചൂ. പയ്യൻ ഒരു സ്കൂൾ മാഷാണ്. വിനോദ് എന്നാണ് പേര്. കുഴപ്പമില്ലാത്ത കുടുംബം ആണ്. കാണുവാനും തരക്കേടില്ല. ശരത്തിൻ്റെ അത്ര പണമോ പ്രതാപമോ ഒന്നും ഇല്ല. മോൾ ഇന്ന് തന്നെ കൂടെ വരണം. അവൾ പ്രത്യേകം പറഞ്ഞു നിന്നെ കൂടെ കൊണ്ടേ ചെല്ലണമെന്ന്."

ഞാൻ അച്ഛനൊപ്പം ചെന്നൂ. ചേച്ചി ഓടി വന്നു എന്നെ കെട്ടി പിടിച്ചൂ.

ചേച്ചിയുടെ  വിവാഹവും അച്ഛൻ ആർഭാടപൂർവം നടത്തി.

"അവളിൽ നിന്നും ഞാൻ തട്ടി എടുത്ത പുണ്യം എനിക്ക് ശാപമായി മാറി."

"അവൾക്കോ അവളുടെ മനസ്സ് പോലെ തന്നെ ഒരു ചെറുക്കനെ കിട്ടി. ആദ്യ സംസാരത്തിൽ തന്നെ എനിക്ക് വിനോദേട്ടനെ ഇഷ്ടമായി."

തട്ടി പറിച്ചോ, പണം നോക്കിയോ അല്ല മംഗല്യം നടക്കേണ്ടത്. മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് അത്.

വിനോദേട്ടൻ അവളെ സ്നേഹിക്കുന്നതും അവളെ ഓരോ കാര്യങ്ങൾ ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുന്നതും കാണുമ്പോൾ എനിക്ക് അസൂയ തോന്നിയില്ല. കാരണം എൻ്റെ വിധി ഞാൻ ചോദിച്ചു വാങ്ങിയതാണ്.


.........................സുജ അനൂപ്









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA