NINAKKAYI PIRANNAVAN നിനക്കായി പിറന്നവൻ, FB, N, E, KZ, K, P

കലാലയദിനങ്ങൾ പലപ്പോഴും അവൾ വരാത്ത ദിവസ്സങ്ങളിൽ വിരസമായതു പോലെ തോന്നി.

അവളോട് അത് തുറന്നു പറയുവാനുള്ള ധൈര്യം പക്ഷേ എനിക്കില്ല. അടുത്ത കൂട്ടുകാരി എന്ന ലേബലിൽ എല്ലാം ഒതുക്കുമ്പോഴും പറയാതെ പറയേണ്ടി വരുന്ന പ്രണയം മനസ്സിൽ ഒരു വിങ്ങലായി......

"ഇനി വയ്യ, തുറന്നു പറഞ്ഞെ തീരു.. ഇനി ആകെ കൈയ്യിൽ ഉള്ളത് പത്തു ദിവസ്സമാണ്‌. മൂന്ന് വർഷം എത്ര വേഗം കടന്നു പോയി. സ്റ്റഡി ഹോളിഡേയ്‌സ് തുടങ്ങുവാൻ പോകുന്നൂ. ഇപ്പോഴെങ്കിലും ഞാൻ അത് തുറന്നു പറഞ്ഞില്ലെങ്കിൽ നാളെ അത് വേദനയായി എന്നിൽ അവശേഷിക്കും."

.........................

"മെറീന, എനിക്ക് നിന്നോട് സംസാരിക്കുവാനുണ്ട്..."

"എന്തിനാണ് ബിനോയ്, ഈ മുഖവുര. നിനക്ക് എന്നോട് എന്തും തുറന്നു പറയാമല്ലോ..."

കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല. ആദ്യമായാണ് അവളുടെ മുൻപിൽ എന്നും വായിട്ടലയ്ക്കുന്ന ഞാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്നത്. എൻ്റെ കണ്ണിൽ അവൾക്കു അത് തിരിച്ചറിയുവാൻ ആകുന്നില്ലേ.

പിന്നെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചൂ...

"പണ്ടാരം.. പഠിച്ച കവിതകളുടെ വരികളോ, മലയാള ഭാഷയോ വരുന്നില്ല. ഈശ്വരാ സകല ദൈവങ്ങളേയും ഒരുമിച്ചു വിളിച്ചൂ....."

"ഇല്ല മെറീന, ഇന്ന് ഞാൻ പറയുന്നത് നമ്മളെ കുറിച്ചാണ്, അത്...

എൻ്റെ സ്വപ്നങ്ങളിലെ മണവാട്ടി അത് നീയാണ്..

 നിനക്ക് അത് മനസ്സിലാവും..."

ഞാൻ പറഞ്ഞത് അവൾക്കു മനസ്സിലായോ എന്തോ....?

അവൾ ആദ്യം എന്നെ അത്ഭുതത്തോടെ നോക്കി.. പിന്നെ പറഞ്ഞു..

"ബിനോയ്, സ്നേഹം ഒരു തെറ്റല്ല.....

 പക്ഷേ ആദ്യം നീ എന്നെ അറിയണം.."

അവൾ പറഞ്ഞു തുടങ്ങി...

...........................................

കുട്ടിക്കാലത്തു വേനൽ അവധിക്കു അമ്മയുടെ വീട്ടിൽ പോയി നിൽക്കുമ്പോൾ അയല്പക്കത്തെ വീട്ടിലെ അമ്മച്ചിയുടെ വീട്ടിൽ ഡൽഹിയിൽ നിന്നും ഒരു കുട്ടി വരുമായിരുന്നൂ. അമ്മച്ചിയുടെ കൊച്ചു മകൻ.

അവനോടൊപ്പം ആയിരുന്നൂ എൻ്റെ കുട്ടിക്കാലം മുഴുവൻ ഞാൻ ചെലവഴിച്ചത്.

കാലം കടന്നു പോയികൊണ്ടിരുന്നൂ, ഒപ്പം ഞങ്ങളുടെ സൗഹ്രദവും വളർന്നൂ...

അവസാനമായി അവനെ ഞാൻ കണ്ടത് പത്താം ക്ലാസ്സിലെ വേനൽ അവധിക്കായിരുന്നൂ. അവൻ അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്നൂ...

അന്ന് അവസാനമായി പിരിയുമ്പോൾ അവൻ എനിക്ക് ഒരു കാർഡ് നൽകി. അവൻ്റെ സ്നേഹം മുഴുവൻ അതിൽ ഉണ്ടായിരുന്നൂ.

"ഞാൻ എന്തെങ്കിലും പറയും മുൻപേ, എൻ്റെ മറുപടി എഴുതി അറിയിച്ചാൽ മതി എന്ന് അവൻ പറഞ്ഞു.

 അവൻ അതിൽ മേൽവിലാസം വച്ചിരുന്നൂ. അവൻ്റെ വീട്ടിലെ ലാൻഡ്‌ലൈൻ നമ്പർ പോലും അതിൽ ഉണ്ടായിരുന്നൂ.

എന്നിട്ടും അവനോടു ഞാൻ അപ്പോൾ തന്നെ "ഇഷ്ടമല്ല, ഇനി തമ്മിൽ കാണില്ല" എന്ന് പറഞ്ഞു.

ഒരിക്കൽ പോലും ആ മേൽവിലാസത്തിൽ ഞാൻ ഇന്നുവരെ ഒരു കത്തെഴുതിയിട്ടില്ല. ഒരിക്കൽ പോലും അവനെ ഞാൻ പിന്നീട് കണ്ടില്ല.

ആ കണ്ടുമുട്ടലിനു ശേഷം പിന്നീടിതുവരെ ഒരു അവധിക്കാലം പോലും അവൻ എൻ്റെ കൂടെ ചെലവഴിക്കുവാൻ തയ്യാറായില്ല.

എന്നിട്ടും എപ്പോഴൊക്കെയോ ഒരു നൊമ്പരമായി അവൻ ഇന്നും ഈ മനസ്സിൽ ഉണ്ട്. ആ കത്ത് ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നൂ ഒരു നിധി പോലെ, എന്തിനെന്നറിയാതെ...

"ഞാൻ അവനെ സ്നേഹിച്ചിരുന്നൂ.." എന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

അവനെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നൂ. അവൻ എനിക്കായി ഇപ്പോഴും കാത്തിരിപ്പുണ്ടാവും എന്ന് എൻ്റെ മനസ്സ് പറയുന്നൂ...

"ബിനോയ്, എന്താ ചിരിക്കൂന്നേ..."

"ഇല്ല, ഒന്നുമില്ല..."

 "തീർച്ചയായും ഞാൻ നിന്നെ സഹായിക്കാം. പരീക്ഷ കഴിഞ്ഞാൽ നമ്മൾ അവനെ തേടി പോകും. എന്താ പോരെ.."

.................................

"ഡാഡി, എനിക്ക് ഡൽഹിയിൽ ഒരു ഇന്റർവ്യൂ ഉണ്ട്. ബിനോയ് കൂടെ ഉണ്ടാവും."

"അത് വേണോ മോളെ..."

"എന്താ ഡാഡി... അവൻ കൂടെ ഉണ്ടല്ലോ..."

"ശരി, എന്നാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി. ടിക്കറ്റ് ശരിയാക്കാം. പരീക്ഷ കഴിഞ്ഞല്ലോ..."

പെട്ടെന്നു മമ്മിയാണ് പറഞ്ഞത്..

"നമ്മുടെ, ടിറ്റോയുടെ വീട് അവിടല്ലേ, ഇവർ ചെറുപ്പത്തിലേ കൂട്ടുകാർ ആയിരുന്നില്ലേ. അവിടെ വരെ ഒന്ന് പോകണം കേട്ടോ മോളെ.."

അത് കേട്ടതും എൻ്റെ പകുതി ജീവൻ പോയി...

ഏതായാലും ഞാനും ബിനോയിയും അങ്ങനെ ഡൽഹിക്കു പുറപ്പെട്ടു..

............................

യാത്രയിൽ ഉടനീളം എൻ്റെ മനസ്സിൽ ടിറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

അവിടെ എത്തിയതും ബിനോയിയുടെ ഒരു കൂട്ടുകാരിയുടെ ഫ്ലാറ്റിൽ എല്ലാം വച്ചതിനു ശേഷം ഞങ്ങൾ റ്റിറ്റോയെ തേടി പുറപ്പെട്ടൂ...

വിചാരിച്ചതു പോലെ തന്നെ അവിടെ എല്ലാവരും ഉണ്ടായിരുന്നൂ..

പിറ്റേന്ന് ടിറ്റോയും ഞങ്ങളുടെ കൂടെ നാട് കാണിക്കുവാൻ വരാമെന്നു പറഞ്ഞു.

ഭാഗ്യത്തിന് എന്തിനു വന്നതാണ് എന്നുള്ള കാര്യം അവർ തിരക്കിയില്ല. ഇന്റർവ്യൂ ഉള്ള കമ്പനിയുടെ പേരടക്കം ഞാൻ പഠിച്ചു തയ്യാറാക്കി വച്ചിരുന്നൂ.. അതെല്ലാം വെറുതെയായി ...

.......................

പിറ്റേന്നുള്ള യാത്രക്കിടയിൽ ബിനോയി ഞങ്ങൾ ഒറ്റയ്ക്ക് ഇരിക്കുവാൻ സമയം തരുവാൻ ഒത്തിരി ശ്രമിച്ചിരുന്നൂ.

അപ്പോഴെല്ലാം അറിയാതെ മനസ്സിൽ ദുഃഖ൦ നിറഞ്ഞിരുന്നൂ...

ആ സമയത്തു ഞാൻ എപ്പോഴോ അവനോടു (ടിറ്റോ) എൻ്റെ അവസ്ഥ തുറന്നു പറഞ്ഞു. അവൻ ഒന്നും മിണ്ടിയില്ല. പകരം വൈകുന്നേരം വരെ കാക്കുവാൻ മാത്രം പറഞ്ഞു.

വൈകുന്നേരം അവൻ പറഞ്ഞ അവിടത്തെ നല്ലൊരു റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ അവൾ ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വന്നൂ..

അവൻ അവളെ പരിചയപ്പെടുത്തി..

"അവൻ്റെ മണവാട്ടി ആകുവാൻ പോകുന്നവൾ. കലാലയ ജീവിതത്തിൽ അവൻ്റെ മനസ്സിലേയ്ക്ക് കടന്നു വന്നവൾ.."

അവൻ പറഞ്ഞു..

"അവൾക്കു നിന്നെ അറിയാം. കലാലയ ജീവിതത്തിൽ ആദ്യ വർഷം മുതലേ  ഞങ്ങൾ കൂട്ടുകാരായിരുന്നൂ. നിന്നെ പറ്റി അവളോട് ഞാൻ പറഞ്ഞിരുന്നൂ. അന്നവൾ ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നൂ."

"നാല് വാലൻ്റെയിൻ ദിനങ്ങൾ ഈ കലാലയ ജീവിതത്തിൽ കടന്നു പോകും. അതിനുള്ളിൽ ഒരിക്കൽ എങ്കിലും അവൾ നിന്നെ തേടി വന്നാൽ ഞാൻ പിന്മാറാം. ഇല്ലെങ്കിൽ നീ എനിക്കായി അവളെ മറക്കണം."

ആ വാക്ക് ഞാൻ പാലിച്ചു.

"എഞ്ചിനീയറിംഗ് കഴിഞ്ഞ് പിന്നെയും ഒരു വർഷം കൂടെ ഞാൻ നിന്നെ കാത്തിരുന്നൂ. ഇന്നിപ്പോൾ നമ്മൾ തമ്മിൽ കണ്ടിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഈ അഞ്ചു വർഷങ്ങളിൽ ഒരിക്കൽ പോലും നിന്നെ ഓർക്കാതെ ഒരു ദിവസ്സം പോലും ഞാൻ ഇരുന്നിട്ടില്ല. ഒരിക്കൽ പോലും പക്ഷേ നിൻ്റെ ഒരു എഴുത്തോ സന്ദേശമോ എനിക്കായി വന്നില്ല."

കഴിഞ്ഞ ആഴ്ച ഞാൻ അവളെ പറ്റി വീട്ടിൽ പറഞ്ഞു.

"എനിക്കായി കഴിഞ്ഞ അഞ്ചു വർഷവും കാത്തിരുന്നവൾ. അവളെ ഇനി എനിക്ക് ഉപേക്ഷിക്കുവാൻ വയ്യ..."

ആ നിമിഷം എൻ്റെ കണ്ണുകൾ നിറഞ്ഞു.

ഞാൻ നോക്കി ബിനോയിയും അവളും തൊട്ടടുത്ത ടേബിളിൽ ഇരിപ്പുണ്ട്. അവൾക്കു എവിടെയൊക്കെയോ എന്നോട് സാമ്യം ഉണ്ട്. എൻ്റെ അതേ പൊക്കം, അതെ രീതിയിൽ മുടി വെട്ടി വച്ചിരിക്കുന്നൂ.

അത് ശ്രദ്ധിച്ചിട്ടെന്ന പോലെ ടിറ്റോ പറഞ്ഞു..

"പലപ്പോഴും അവൾ സംസാരിക്കുന്നതു പോലും നിൻ്റെ പോലെയാണ്. കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല. ഒരു പക്ഷേ, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നമുക്ക് ഒന്ന് ചേരാം.."

ടിറ്റോയുമായി പിരിഞ്ഞു ബിനോയിയുടെ കൂടെ ഫ്ളാറ്റിലേയ്ക്ക് പോകുമ്പോൾ എത്ര ശ്രമിച്ചിട്ടും അടക്കുവാൻ കഴിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു.

അപ്പോൾ ഒന്ന് എനിക്ക് മനസ്സിലായി...

എൻ്റെ അവസ്ഥ തന്നെ ആകില്ലേ ബിനോയിയുടേതും, കഴിഞ്ഞ മൂന്ന് വർഷങ്ങൾ അവൻ എനിക്കായി കാത്തിരിക്കുകയായിരുന്നില്ലേ....

ഞാൻ "ആകില്ല" എന്ന് പറഞ്ഞപ്പോൾ ബിനോയി എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും. അവനും എന്നെ ഒത്തിരി പ്രണയിച്ചതല്ലേ...

പതിയെ വാതിൽ തുറന്നു പുറത്തിറങ്ങിയ ഞാൻ കണ്ടു..

"എനിക്കായി ഉറക്കമിളച്ചു എൻ്റെ ബെഡ്റൂമിൻ്റെ വാതിലിൽ ചാരി ഇരിക്കുന്ന ബിനോയി, ഒരു പക്ഷേ ഞാൻ എന്തെങ്കിലും അബദ്ധം കാണിക്കുമെന്ന് അവൻ ഭയപ്പെട്ടിരുന്നിരിക്കണം."

ഏതായാലും എന്നെ കണ്ടതോടെ അവനു സമാധാനമായി.

അവനോടു ഞാൻ ഒന്നും പറഞ്ഞില്ല...

ഞാൻ നേരെ മമ്മിയെ വിളിച്ചൂ...

മമ്മിയോട് ഞാൻ എന്തെങ്കിലും പറയും മുൻപേ മമ്മി എന്നോട് ചോദിച്ചൂ

"മോളെ, നീ ടിറ്റോയോട് ഇപ്പോഴെങ്കിലും എല്ലാം തുറന്നു പറഞ്ഞോ, നിന്നെക്കാൾ നന്നായി നിന്നെ എനിക്കറിയാം. കാരണം ഞാൻ നിൻ്റെ അമ്മയാണ്. നീ ടിറ്റോയെ കാണുവാൻ വേണ്ടി മാത്രമാണ് പോകുന്നത് എന്ന് ഡാഡിക്കും അറിയാം..."

ഞാൻ മമ്മിയോട് എല്ലാം തുറന്നു പറഞ്ഞു..

"മോളെ, നീ വിഷമിക്കരുത്. നിനക്കു ഡാഡിയും മമ്മിയും ഉണ്ട്. മറ്റൊരു പെൺകുട്ടിയെ കണ്ടപ്പോൾ നിന്നെ ടിറ്റോ മറന്നൂ. നീ പക്ഷേ ബിനോയിയെ കണ്ടിട്ടും ടിറ്റോയ്ക്കായി കാത്തിരുന്നൂ. നിനക്ക് ചേരുക ബിനോയി ആണ് മോളെ.. അവനു നിന്നെ മനസ്സിലാകും. ദൈവം ചേർക്കുന്ന ജോഡി അതാവും ചേരുക. ഒരു പക്ഷേ ബിനോയി ആകും നിനക്കായി പിറന്നവൻ ..."

ഞാൻ ഒന്നും പറഞ്ഞില്ല....

ഇനിയും വൈകിയാൽ ബിനോയിയെ കൂടി എനിക്ക് നഷ്ടമാകും.

ഞാൻ ബിനോയിയുടെ അടുത്തിരുന്നൂ. ഞാൻ  എന്തെങ്കിലും പറയും മുൻപേ അവൻ പറഞ്ഞു..

"നാട്ടിൽ എത്തിയാൽ നീ പിജിക്ക്‌ ചേരണം, ഞാൻ ഇനി കലാലയത്തിലേക്കില്ല. അപ്പനെ ബിസിനെസ്സിൽ സഹായിക്കുവാൻ പോകുവാണ്. പിന്നെ രണ്ടു വർഷം കഴിയുമ്പോൾ ഞാൻ വന്നു പെണ്ണ് ചോദിക്കും. അതുവരെ ഈ മോതിരം നിൻ്റെ കൈയ്യിൽ കിടന്നോട്ടെ..."


.............................സുജ അനൂപ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA