THUNA തുണ FB, N, K, AP, A, KZ, P, E, NA

"ബിന്ദുവിനെ കാണുവാൻ നാളെ ആള് വരുന്നുണ്ട്. നീ നാളത്തേയ്ക്ക് വാങ്ങുവാനുള്ള സാധനങ്ങളുടെ ലിസ്റ്റ് താ. പയ്യനും മൂന്നാനും മാത്രമേ ഉണ്ടാകൂ എന്നാണ് പറഞ്ഞത്. അല്ല നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ എൽസി..."

"ഇല്ല ജോണേട്ട, എൻ്റെ മനസ്സ് ഇവിടെ ഇല്ല. ഈ കല്യാണമെങ്കിലും നടക്കുമെന്ന് ഏട്ടന് ഉറപ്പുണ്ടോ ...?. ഇതിപ്പോൾ എത്ര പേരുടെ മുന്നിലാണ് എൻ്റെ കുട്ടി അറവു മാടിനെ പോലെ നിൽക്കേണ്ടി വരുന്നത്. വില പേശുന്നവരുടെ ഇടയിൽ കിടന്നു ആ പാവം ദുഖിക്കുന്നത് കാണുമ്പോൾ എൻ്റെ നെഞ്ചാണ് പിടയുന്നത്.."

"നീ വിഷമിക്കാതെ, എല്ലാം ശരിയാകും.."

.....................................

ഒരു പാട് പ്രതീക്ഷകളോടെയാണ് ഞാനും ജോണേട്ടനും അവളെ (ബിന്ദു) വരവേറ്റത്. ആദ്യത്തെ കുട്ടി, ഞങ്ങളുടെ സ്വപ്നങ്ങളുടെ കാവൽക്കാരി. പിറന്നു കഴിഞ്ഞപ്പോഴാണ് അവളുടെ കാലുകളുടെ പ്രശ്നങ്ങൾ മനസ്സിലായത്.

എന്നിട്ടും ഞങ്ങൾ തളർന്നില്ല. അവൾക്കു വേണ്ട എല്ലാ ചികിത്സകളും നൽകി. അവൾക്കു ശേഷം ബീന വന്നു.

പഠിച്ച ക്ലാസ്സുകളിലെല്ലാം അവൾ ഒന്നാമതായിരുന്നൂ. എഴുതുവാനും വായിക്കുവാനും ഇഷ്ടം. നന്നായി പാട്ട് പാടും. എന്നിട്ടും എല്ലാവരും ആദ്യം കണ്ടത് അവളുടെ ചട്ടുകാൽ മാത്രമായിരുന്നൂ...

...................................

"മോളെ, ബീനെ, നീ ചേച്ചിയുടെ കൂടെ തന്നെ വേണേ. അവൾക്കു വിഷമം ഒന്നുമില്ലാതെ നോക്കണം.."

"എൽസി അവരിങ്ങോട്ടു എത്തി കേട്ടോ..."

"അല്ല. എന്താ ഏട്ടാ, മുഖത്തൊരു വിഷമം പോലെ. എന്തെങ്കിലും പ്രശ്‌നം ഉണ്ടോ...."

"ഞാൻ എങ്ങനെ അത് പറയും. ആ പയ്യൻ്റെ ഒരു കാല് പൊയ്‌കാൽ ആണ്. നമുക്ക് ഇതു വേണ്ട മോളെ. അവരെ ഞാൻ പറഞ്ഞയച്ചോളാം. എൻ്റെ മോൾക്ക് ആവശ്യം ഉള്ളതിൽ കൂടുതൽ ഞാൻ കരുതിയിട്ടുണ്ട്. എത്ര പണം കൊടുത്തിട്ടായാലും എല്ലാം തികഞ്ഞ ഒരുത്തൻ മതി നിനക്ക്."

"വേണ്ട അപ്പാ, അങ്ങനെ പറയരുത്. എനിക്ക് കുറവുകൾ ഉണ്ട്. അപ്പോൾ പിന്നെ അയാൾ എന്നെ കാണുന്നതിൽ എന്താ തെറ്റ്. ഇതുവരെ എൻ്റെ ഓരോ കല്യാണ ആലോചനകളും മുടങ്ങുമ്പോൾ അപ്പൻ എന്താ പറഞ്ഞത്, ആരും എൻ്റെ  മകളുടെ മനസ്സ് കാണുന്നില്ല എന്ന്, ശരിയല്ലേ.അതുപോലെ തന്നെ അല്ലെ അപ്പാ അയാളുടെ വീട്ടുകാരും വിചാരിക്കുന്നത്. അയാളെ എവിടെ നിന്നും ഇറക്കി വിട്ടാൽ അയാളുടെ വീട്ടുകാരും ആയാളും എന്ത് മാത്രം വിഷമിക്കും. എനിക്ക് എല്ലാം തികഞ്ഞ ഒരാളെക്കാൾ എന്നെ സ്നേഹിക്കുന്ന ഒരാളെ മാത്രമാണ് വേണ്ടത്..."

"എൻ്റെ മകളുടെ ഇഷ്ടം പോലെ എല്ലാം നടക്കട്ടെ. ഞാൻ ഇനി എതിര് പറയുന്നില്ല."

"ബീനമോളെ നീ ചേച്ചിയെയും കൂട്ടി മുൻവശത്തെയ്ക്ക് വാ..."

.....................

"മോനെ ബിനോയ്, ഇതാണെൻ്റെ മകൾ ബിന്ദു.."

"എനിക്ക് ബിന്ദുവിനോട് ഒറ്റയ്ക്ക് സംസാരിക്കണം എന്നുണ്ട്."

"അതിനെന്താ മോനെ, മോളെ ബിന്ദു നീ അവനെയും കൂട്ടി തൊടിയിലേയ്ക്ക് ചെല്ലൂ..."

തൊടിയിലൂടെ ബിനോയിയുടെ ഒപ്പം അവൾ നടക്കുന്നത് കാണുമ്പോൾ അറിയാതെ എൻ്റെ മനസ്സ് കൊതിച്ചൂ. ഈ കല്യാണം എങ്കിലും നടക്കണം എന്ന്. അമ്മ മനസ്സ് പിടയുന്നത് ആര് കാണുവാൻ..?

"ബിന്ദു എനിക്ക് നിന്നെ നേരത്തെ തന്നെ അറിയാം. കലാലയത്തിൽ നിൻ്റെ സീനിയർ ആയിരുന്നൂ ഞാൻ. നിൻ്റെ ക്ലാസ്സിലെ ഒരു കുട്ടിയെ ഞാൻ സ്നേഹിച്ചിരുന്നൂ. ജോലി കിട്ടിയതും അവളുമായുള്ള വിവാഹം നടത്തണമെന്ന് വീട്ടിൽ ഞാൻ പറയുവാനിരിക്കുകയായിരുന്നൂ. ആ സമയത്താണ് ഒരു അപകടത്തിൽ എനിക്ക് ഒരു കാൽ നഷ്ട്ടമാകുന്നത്. അത് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചൂ. കുറെ നാൾ ഞാൻ വീട്ടിൽ തന്നെ പണിക്കൊന്നും പോകാതെ ഇരിക്കേണ്ടി വന്നൂ. ഞാൻ അവൾക്കു ഒരു ബാധ്യത ആകും എന്ന് തോന്നിയ എൻ്റെ പ്രണയഭാജനം ആ സമയത്തു എന്നെ തള്ളി പറഞ്ഞു. വീട്ടുകാർ താങ്ങായി നിന്നത്‌ കൊണ്ട് മാത്രം എന്നിട്ടും ഞാൻ പിടിച്ചു നിന്നൂ..."

"ആ സമയങ്ങളിൽ എപ്പോഴോ ആണ് പഴയ പുസ്ടകങ്ങൾക്കിടയിൽ നിന്നും കോളേജ് മാഗസിൻ എൻ്റെ കൈയ്യിൽ കിട്ടുന്നത്. നിൻ്റെ ഓരോ രചനകളും എനിക്ക് ഒത്തിരി ഊർജം പകർന്നു തന്നൂ. അങ്ങനെയാണ് വീണ്ടും ജോലിക്കു പോയി തുടങ്ങിയപ്പോൾ ഞാൻ നിന്നെ പറ്റി അന്വേഷിച്ചത്. ഇന്ന് എനിക്ക് എല്ലാം ഉണ്ട്. പക്ഷേ, എനിക്ക് എന്നെ പോലെ തന്നെ കുറവുള്ള ഒരാളെ മതി. സ്നേഹിക്കുവാനുള്ള മനസ്സ് എനിക്കുണ്ട്. ബിന്ദു നീ ചിന്തിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി."

"അല്ല ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നൂ, നീ ഒന്നും ഇതുവരെ പറഞ്ഞില്ല..."

"ഇതുപോലെ ഒരാളെയാണ് ഞാൻ തേടിയത് എന്ന് അമ്മയോട് ഞാൻ പറഞ്ഞോളാം.."

അത്രയും പറഞ്ഞതും എനിക്ക് പിന്നെ അദ്ദേഹത്തിൻ്റെ മുഖത്തേയ്ക്കു നോക്കുവാൻ കഴിഞ്ഞില്ല...

...........................

അമ്മയ്ക്ക് എൻ്റെ മുഖം കണ്ടപ്പോഴേ എല്ലാം മനസ്സിലായി.

അപ്പൻ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ ആ വിവാഹം ഉറപ്പിച്ചൂ...
................................................

അങ്ങനെ ആളുകളുടെ കുറ്റം പറച്ചിലുകളുടെയും അടക്കി പറച്ചിലുകളുടെയും കുത്തിനോട്ടങ്ങളുടെയും ഇടയിൽ നിന്ന് കൊണ്ട് ബിനോയി എന്നെ നല്ലൊരു ദിവസ്സം താലി ചാർത്തി..

സഹതാപത്തോടെ നോക്കുകയും മറുവശത്തു കുറ്റം പറയുകയും ചെയ്യുന്നവരെ നേരിടുവാൻ എനിക്ക് ഇപ്പോൾ തുണയുണ്ട്. ഒന്നിച്ചു നേടുവാൻ ഞങ്ങൾക്ക് ഒരുപാടുണ്ട്....

.........................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G