എൻ്റെ ഭാഗ്യം ENTE BHAGYAM, FB, N, E, K, AP, A, P, KZ, NL, G, LF

"അമ്മയ്ക്കിപ്പോൾ എന്താ എന്നെ മനസ്സിലാകാത്തത് അച്ഛാ..."

"മോൾ അങ്ങനെ പറയല്ലേ. അമ്മയ്ക്കിപ്പോൾ കുഞ്ഞുവാവയെ നോക്കണ്ടേ. അതുകൊണ്ടു മോൾക്ക് തോന്നുന്നതാണ്..."

അവളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ. അവളോടുള്ള വനജയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.

മൂന്ന് വർഷം മുൻപേ ഏഴു വയസ്സുള്ള അവളുമായി വനജ കയറി വന്നപ്പോൾ ഞാനോർത്തൂ ആ കുട്ടി എത്ര ഭാഗ്യം ചെയ്തവളാണ്. അതുകൊണ്ടല്ലേ ഒരു ഗതിയും പരഗതിയും ഇല്ലാതിരുന്നിട്ടും വനജയെ പോലെ ഒരമ്മയെ കിട്ടിയത്.
..............................

ഞാനും വനജയും മാത്രമാണ് വീട്ടിൽ ഉള്ളത്. ഞാൻ മിക്കവാറും ടൂറിൽ ആയിരിക്കും. വിവാഹം കഴിഞ്ഞിട്ട് വർഷം പത്ത് ആയെങ്കിലും മക്കളില്ല. ആ ഒരു വിഷമം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.

വനജയുടെ ചേച്ചിയാണ് അമ്മ മരിച്ചതോടെ അച്ഛൻ വേറെ വിവാഹം കഴിച്ചപ്പോൾ കഷ്ടപ്പെടുന്ന ഈ കുട്ടിയെ പറ്റി വനജയോടു പറഞ്ഞത്. കുഞ്ഞിനെ കണ്ട ഉടനെ തന്നെ അവൾക്കു ഇഷ്ടമായി, അങ്ങനെയാണ് ഒരു ലക്ഷം രൂപയ്ക്കു അവളെ ഞങ്ങൾക്ക് കിട്ടുന്നത്...

അവൾ ഇവിടെ വന്നപ്പോൾ ദേഹം മുഴുവൻ തല്ലിയ പാടുകൾ ഉണ്ടായിരുന്നൂ. അതുകണ്ടു വനജ അന്ന് ഒത്തിരി കരഞ്ഞു. പിന്നീട് അങ്ങോട്ടു അവൾ ഈ വീട്ടിലെ രാജകുമാരി ആയി മാറുകയായിരുന്നു. അവൾ വന്നു കയറി മൂന്ന് മാസം കഴിഞ്ഞപ്പോൾ വനജ ഗർഭിണിയായി.

കുട്ടി ജനിച്ചു കഴിഞ്ഞതോടെയാണ് അവൾക്കു ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്.

ഇപ്പോൾ വനജയ്ക്കു അവളെ വേണ്ട..

.........................

"ആ നശൂലം എവിടെ പോയി കിടക്കുകയാണ്. ദീപു...."

"അമ്മാ ഞാൻ ദേ വരുന്നൂ..."

"വേണ്ട അമ്മ, എന്നെ തല്ലല്ലേ..."

"നിന്നോട് ഞാൻ കൊച്ചിൻ്റെ  തുണികൾ കഴുകി ഇടുവാൻ പറഞ്ഞതല്ലേ. പിന്നെ നീ അടുക്കളയിൽ എന്ത് നോക്കി കൊണ്ട് നിൽക്കുകയായിരുന്നൂ. എന്താ നീ ഒന്നും മിണ്ടാത്തത്."

"വേഗം പോയി തുണി കഴുകി ഇടൂ. പിന്നെ ആ പോർച്ചിൽ അയല്പക്കത്തെ കോഴികൾ കാഷ്ഠിച്ചതു കോരികളഞ്ഞു അവിടം മൊത്തം കഴുകി ഇടണം..."

ഒഴുകിയ കണ്ണുനീർ തുടച്ചു അവൾ പണി ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. പണം കൊടുത്തു അവളെ കൊണ്ട് വന്നത് ഇങ്ങനെ കഷ്ടപെടുത്തുവാൻ ആണോ. സ്വന്തം മോളെ പോലെ കരുതിയ അവളെ ഇപ്പോൾ വേലക്കാരിയാക്കി മാറ്റിയിരിക്കുന്നൂ..

"ആ കുഞ്ഞിൻ്റെ ഭാഗ്യം കൊണ്ടാണ് വനജ ഗർഭിണിയായത്. ഒരു അനിയത്തികുട്ടിക്കു വേണ്ടി അവൾ എത്ര പ്രാർത്ഥിച്ചിരിക്കുന്നൂ. എന്നിട്ടിപ്പോൾ..."

...........................

"ചേട്ടാ, നമുക്കിപ്പോൾ ഒരു മോളുണ്ടല്ലോ. ഇനി ദീപു ഈ വീട്ടിൽ വേണ്ട. അവൾക്കു എൻ്റെ മോളോട് അസൂയ തോന്നി വല്ലതും ചെയ്താലോ..."

"വനജേ, നീ എന്താണീ പറയുന്നത് നിന്നെ ആദ്യം 'അമ്മ എന്ന് വിളിച്ചത് അവളല്ലേ.."

"എനിക്കൊന്നും കേൾക്കണ്ട. എൻ്റെ കുട്ടിയുടെ ഭാഗ്യം ഞാൻ ആർക്കും പങ്കു വയ്ക്കില്ല. ചേട്ടൻ വെറുതെ അവളെ എൻ്റെ തലയിൽ കെട്ടി വയ്‌ക്കേണ്ട... "

"അവളെ നമ്മൾ എങ്ങോട്ടു പറഞ്ഞു വിടും. അവൾക്കു ഇനി ആരുണ്ട്. അവളുടെ അച്ഛൻ ഇനി അവളെ സ്വീകരിക്കുമോ."

"വല്ല അനാഥാലയത്തിലും കൊണ്ട് വിട്ടേക്ക്.."

...............................

"ഇതു ബാബുവിൻ്റെ വീടല്ലേ..."

"അതെ, സാർ ഇരിക്ക് ഞാൻ ചേട്ടനെ വിളിക്കാം..."

"ബാബുവിന് എന്നെ മനസ്സിലായോ.."

"ഉവ്വ് സാറെ, എൻ്റെ കുഞ്ഞിന് സുഖമാണോ സാറെ. അവളെ എൻ്റെ ഭാര്യ തല്ലികൊല്ലാതിരിക്കുവാനാണ് ഞാൻ സാറിനെ ഏല്പിച്ചത്. അവൾ സ്കൂളിൽ പോകുന്നുണ്ടോ.? അവളോട് ചെയ്ത തെറ്റിൻ്റെ ഫലം ഞാൻ അനുഭവിച്ചൂ സാറേ. എനിക്ക് കാൻസർ ആണ്. സുഖമില്ലാതെ ആയപ്പോൾ എൻ്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയി.."

"ബാബു വിഷമിക്കേണ്ട. അവൾ എൻ്റെ കൂടെ നന്നായി വളരുന്നൂ..."

അവിടെ നിന്നും തലകുനിച്ചു ഇറങ്ങുബോൾ ഞാൻ മനസ്സിൽ ഒന്നുറപ്പിച്ചിരുന്നൂ. വനജ എന്തും പറഞ്ഞോട്ടെ അവളാണ് എന്നെ ആദ്യമായി അച്ഛാ എന്ന് വിളിച്ചത്. അവൾ എൻ്റെ ഭാഗ്യമാണ്. എൻ്റെ മീനുവിനൊപ്പം ദീപുവിനെയും ഞാൻ വളർത്തും.

...........................

"വനജേ , നാളെ നീ ദീപുവിനെ തയ്യാറാക്കി എൻ്റെ കൂടെ അയക്കണം. അവളെ ഞാൻ അവളുടെ അച്ഛനോടൊപ്പം വിടുവാൻ തീരുമാനിച്ചൂ.."

രാവിലെ വസ്ത്രങ്ങളെല്ലാം ഒരു പെട്ടിയിലാക്കി എൻ്റെ കൂടെ കരഞ്ഞു കൊണ്ടിറങ്ങുന്ന ദീപുവിനെ വനജ തിരിച്ചു വിളിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചൂ. അതുണ്ടായില്ല. ആകെ അവൾക്ക് വേണ്ടി കരഞ്ഞത് എൻ്റെ മീനു മോൾ ആയിരുന്നൂ.

...............................

"മോളെ, ഇനി ഇതാണ് നിൻ്റെ സ്കൂൾ. ഇവിടെ ഹോസ്റ്റലിൽ നിന്ന് നിനക്ക് പഠിക്കാം. അച്ഛൻ മാസത്തിലൊരിക്കൽ വന്നു മോളെ കാണും. ആഴ്ചയിലൊരിക്കൽ ഫോണും വിളിക്കും. എൻ്റെ കുഞ്ഞിന് ഇവിടെ ഒരു കുറവും ഉണ്ടാകില്ല.."

"അച്ഛാ, വേണ്ട എന്നെ വീട്ടിൽ കൊണ്ടു പോയാൽ മതി. എനിക്ക് അനിയത്തികുട്ടിയും അമ്മയും ഒപ്പം വേണം.."

"ഒരിക്കൽ നിന്നെ തിരക്കി അവൾ വരും. നിൻ്റെ അനിയത്തികുട്ടി. അതുവരെ മോൾ ഇവിടെ നിൽക്കണം.."

............................

കാലം കടന്നു പോയി. എൻ്റെ രണ്ടുമക്കളും വളർന്നൂ. ദീപു മെഡിസിൻ  കഴിഞ്ഞു, പ്രാക്റ്റീസ് ചെയ്യുന്നൂ. ഒരിക്കൽ പോലും വനജ അവളെ തിരക്കിയില്ല.

മീനു പത്താം തരത്തിൽ പഠിക്കുന്നൂ. ആ സമയത്താണ് വനജയ്ക്കു സുഖമില്ലാതെ ആകുന്നതു.

"ചേട്ടാ, എനിക്ക് തീരെ വയ്യ..."

"ഇങ്ങനെ പേടിച്ചാലോ വനജേ. ഒരു ചെറിയ പനി വന്നപ്പോഴേയ്ക്കും നീ ഇങ്ങനെ തളർന്നാലോ.."

"ഇല്ല ചേട്ടാ, എനിക്കറിയാം എനിക്ക് വേറെ എന്തോ പ്രശ്നം ഉണ്ട്. എൻ്റെ ദീപുമോൾ ഉണ്ടായിരുന്നെങ്കിൽ എൻ്റെ മീനുവിന് ഒരു കൂട്ട് ഉണ്ടായിരുന്നേനെ.."

കുറച്ചു ദിവസ്സങ്ങളായി വനജയ്ക്കു വയ്യാതായിട്ടു. ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അവൾ ചെയ്‌ത തെറ്റോർത്തു പശ്ചാത്തപിക്കുന്നൂ...

.....................

"മോളെ, നീ പഠിക്കൂ. എന്നെ ഓർത്തു വിഷമിക്കരുത്.."

"വനജേ, അവൾ നന്നായി പഠിക്കും, നീ വിഷമിക്കേണ്ട.."

"എനിക്ക് എന്തെങ്കിലും പറ്റുമോ. ചേട്ടൻ ബാബുവിനെ വിളിക്കൂ. എനിക്ക് ദീപുവിനെ കാണണം.."

"അവൾ വരുമോ. എനിക്ക് സംശയമുണ്ട്.."

.....................

"വനജ ഉറങ്ങുകയാണ് മോളെ. നീ അവിടെ ഇരിക്ക്. മീനു കുളിമുറിയിൽ ആണ്. രണ്ടു ദിവസ്സം കഴിഞ്ഞാണ് ശസ്ത്രക്രിയ..."

"അച്ഛാ, അമ്മയ്ക്കിപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..."

വനജ കണ്ണ് തുറന്നൂ..

"ചേട്ടാ, ഈ പുതിയ ഡോക്ടർ ഏതാണ്. എന്നെ എന്തേ വിളിച്ചില്ല.."

"നീ നോക്ക് വനജേ. നിനക്ക് മനസ്സിലായില്ലേ.."

"എൻ്റെ ദീപു..."

"അമ്മ വിഷമിക്കേണ്ട. ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണ് അച്ഛൻ അമ്മയെ ഈ ആശുപത്രിയിൽ കൊണ്ട് വന്നത്.അമ്മയ്ക്കറിയോ, അച്ഛനാണ് എന്നെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത്. അനാഥാലയത്തിൽ കൊടുക്കുന്നൂ എന്ന് പറഞ്ഞു അച്ഛൻ മാറ്റി വച്ചിരുന്ന ഓരോ തുട്ടും എനിക്ക് വേണ്ടിയായിരുന്നൂ. എനിക്ക് അമ്മയോട് ദേഷ്യമില്ല. അമ്മയെ പറ്റിയും അനിയത്തികുട്ടിയെ പറ്റിയും അച്ഛൻ എപ്പോഴും പറയും. നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്തു എനിക്ക് അയച്ചു തരും ."

"മീനുവിന് എന്നെ മനസ്സിലായോ.."

"എൻ്റെ ചേച്ചിയെ, എനിക്ക് വേണം.."

"ഇപ്പോഴാണ് എനിക്ക് സമാധാനം ആയതു. എല്ലാവരും ഒന്നിച്ചല്ലോ.."

"എല്ലാം എൻ്റെ തെറ്റാണു, മാലാഖയെപ്പോലുള്ള ഒരു മോളെ ദൈവം എനിക്ക് തന്നിട്ട് ഞാൻ അത് തിരിച്ചറിയാതെ പോയി..."

"'അമ്മ അങ്ങനെ പറയരുത്. സ്വർഗം പോലെ ഉള്ള ഒരു കുടുംബത്തെ എനിക്കാണ് ദൈവം തന്നത്. അമ്മയ്ക്ക് ഒന്നും വരില്ല. ഞാൻ ഉണ്ടല്ലോ ഇനി നോക്കുവാൻ.."

"എൻ്റെ മോളെ നീയാണ് എൻ്റെ ഭാഗ്യം.."

....................................സുജ അനൂപ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA