KADAMA കടമ FB, N, K, A, P, E, KZ, AP, G

"നിൻ്റെ നാത്തൂൻ വിവാഹ മോചനത്തിനു ശ്രമിക്കുന്നു എന്ന് കേട്ടല്ലോ, ശരിയാണോ ഗീതേ..."

"അതെ ചേച്ചി, പറഞ്ഞു കേട്ടത് ശരിയാണ്. അവൾക്കു അവൻ്റെ കൂടെ ജീവിക്കേണ്ടത്രെ അവനു പണമൊക്കെ ഉണ്ട്. വിദ്യാഭ്യാസവും ഉണ്ട്. പക്ഷേ.. മുഴുവൻ സംശയരോഗമാണ്..."

"എൻ്റെ മോളെ, നീ അവൾ പറയുന്ന താളത്തിനു തുള്ളുവാൻ നിൽക്കേണ്ട കേട്ടോ, നാത്തൂനോക്കെ അകന്നു നിൽക്കുന്നതാണ് നല്ലതു. അടുത്ത് കഴിഞ്ഞാൽ പിന്നെ നിന്നെയും ഭർത്താവിനെയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു തെറ്റിക്കും. അവർക്കു കിട്ടാത്ത ഭാഗ്യം നമുക്ക് കിട്ടിയതിലുള്ള അസൂയ ഉണ്ടാകും.."

"എന്നാലും എനിക്കെന്തു ചെയ്യുവാൻ ആകും ചേച്ചി. അവർ പറയുന്നത് ഞാൻ കേൾക്കേണ്ട എന്നാണോ...?"

"നിന്നെക്കാളും ലോകപരിചയ൦ എനിക്ക് തന്നെയാണ്. നീ അവൾ വന്നു നിൽക്കുമ്പോൾ പണ്ടത്തെ അടുപ്പം കാണിക്കാതിരുന്നാൽ തന്നെ അവൾ അവിടെ നിന്നും പോയിക്കൊള്ളും. ജോലിയും കൂലിയും ഇല്ല. നിനക്ക് അവൾ ഒരു ബാധ്യത ആകും. ഇനിയും ഇതുപോലെ ആർഭാടമായി കെട്ടിച്ചു വിടുവാൻ ഒക്കെ പറ്റുമോ.."

"എനിക്ക് അറിയില്ല ചേച്ചി. നേരം വൈകി. ഞാൻ ഇറങ്ങട്ടെ. വീട്ടിൽ എത്തിയിട്ട് വിളിക്കാം..."

ബസിൽ ഇരിക്കുമ്പോൾ മൊത്തം ചേച്ചി പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കിടന്നു നീറി. അല്പം സമയം കണ്ണടച്ച് ഇരിക്കാം എന്ന് വിചാരിച്ചൂ..."

.....................................

 ഏട്ടനും അനിയത്തിയും അച്ഛനും അമ്മയും ആണ് ആ വീട്ടിലുള്ളത്. വിവാഹം കഴിഞ്ഞു ഞാൻ ചെല്ലുമ്പോൾ ഏട്ടൻ്റെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നൂ.

അവളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം ഒന്ന് കഴിയുന്നു . അത്യാവശ്യം സാമ്പത്തികം ഉള്ള വീടാണ് ഏട്ടൻ്റെ . അവൾക്കു വിവാഹത്തിന് വേണ്ടതെല്ലാം അവർ നേരത്തെ തന്നെ കരുതി വച്ചിരുന്നു അത്രേ.

ഒരിക്കലും എന്നെ അവിടെ മരുമകളായി കണ്ടിട്ടില്ല. നാത്തൂനേ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നൂ.എല്ലാം തകർത്തു കൊണ്ടാണ് അവൾ തിരിച്ചു വരുവാൻ പോകുന്നത്.

എനിക്ക് ഉള്ളിൽ പേടി തോന്നി.

എനിക്ക് വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. ചേച്ചി വിവാഹം കഴിഞ്ഞിട്ടും വീട്ടിൽ തന്നെയാണ്. അവളുടെ അമ്മായിയമ്മയും നാത്തൂനും ആയി പൊരുത്തക്കേടുകൾ അവൾക്കു പൊരുത്തപ്പെടുവാൻ വയ്യ. അവൾ പറയുന്നത് അവളുടെ അനുഭവങ്ങൾ വച്ചാകും.ഭർത്താവു ഗൾഫിൽ ആണെന്നും പറഞ്ഞു,അവിടെ അവളുടെ നാത്തൂൻ വീട്ടിൽ തന്നെ നിൽപ്പാണ്.

കണ്ണ് തുറക്കുമ്പോൾ ബസ് സ്റ്റോപ്പ് എത്തിയിരുന്നൂ. വീട് അടുത്ത് തന്നെയാണ്, ഞാൻ വേഗം വീട്ടിലേയ്ക്കു നടന്നൂ.

...............................

പിറ്റേന്ന് ഏട്ടൻ പോയി നാത്തൂനേ കൂട്ടികൊണ്ടു വന്നൂ.

ഞാൻ എന്തായാലും ആ ഭാഗത്തേയ്ക്ക് പോകുവാനോ അധികം സംസാരിക്കുവാനോ നിന്നില്ല. നാത്തൂൻ കൂടുതൽ സമയവും മുറിയിൽ തന്നെ കഴിച്ചു കൂട്ടി.

ഏട്ടനും വീട്ടുകാരും അറിയാതെ എൻ്റെ ഇഷ്ടക്കേട് പ്രവർത്തികളിലൂടെ ഞാൻ നാത്തൂന് മനസ്സിലാക്കി കൊടുത്തൂ. എന്നിട്ടും അവൾ എന്നോട് തിരിച്ചൊന്നും പറഞ്ഞില്ല...........

...................................

"ഗീതേ, നമുക്കൊന്ന് പുറത്തേയ്ക്കു ഇറങ്ങിയാലോ നാളെ.."

"ശരി ഏട്ടാ, നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം.."

എൻ്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നൂ. നാത്തൂൻ മൂലം ഞായറാഴ്ച പുറത്തേയ്ക്കു ഇറങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നൂ. ഇപ്പോൾ ഒരു മാസത്തിനു ശേഷമാണ് പുറത്തേയ്ക്കു പോകുന്നത്...

രാവിലെ തന്നെ എഴുന്നേറ്റു ഞാൻ തയ്യാറായി. ഭക്ഷണമൊക്കെ നാത്തൂൻ വയ്ക്കട്ടെ എന്ന് ഞാൻ തീരുമാനിചൂ. ഏട്ടനോടൊപ്പം ഞാൻ ഇറങ്ങി.

ആദ്യം ഏട്ടൻ എന്നെ ഒരു സിനിമയ്ക്ക് കൊണ്ട് പോയി. പിന്നെ ഞങ്ങൾ ഒന്നിച്ചു പാർക്കിൽ പോയിരുന്നൂ...

പതിയെ ഏട്ടൻ പറഞ്ഞു തുടങ്ങി..

"നിനക്കറിയാമോ, എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് അനിയത്തികുട്ടി ജനിക്കുന്നത്. നിനക്കും അവൾക്കും ഒരു പ്രായമാണ്. ഏട്ടൻ എന്നതിലുപരി അച്ഛൻ എന്ന സ്ഥാനമായിരുന്നു എന്നും എനിക്ക്..."

"നീ കാണുന്ന ഈ സാമ്പത്തിക സ്ഥിതി ഒന്നും അന്ന് ഞങ്ങൾക്ക് ഇല്ല. അച്ഛൻ്റെ തുച്ഛവരുമാനത്തിൽ ആയിരുന്നിട്ടു കൂടി അച്ഛൻ ഞങ്ങളെ നന്നായി പഠിപ്പിചൂ.."

"അവൾ  പഠിക്കുവാൻ മിടുക്കിയായിരുന്നൂ. എനിക്ക് കേരളത്തിന് പുറത്തു നല്ലൊരു പ്രൈവറ്റ് കോളേജിൽ എഞ്ചിനീറിങ്ങിനു സീറ്റ് വാങ്ങി തന്നിട്ട് അച്ഛൻ, പ്ലസ് ടു പാസ്സായ ശേഷം അവളെ ഗവണ്മെന്റ് കോളേജിൽ ബിരുദത്തിനു വിട്ടു. എൻട്രൻസ് കോച്ചിങ്ങിനു വരെ അവളെ വിട്ടില്ല."

"മെഡിസിന് ചേരുവാനാണ് അവൾ ആഗ്രഹിച്ചിരുന്നത്‌. തോറ്റും തൊപ്പിയിട്ടും ഒക്കെ തല്ലിക്കൂട്ടിയാണ് ഞാൻ എഞ്ചിനീറിങ് പാസ്സായത്‌. പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്കു അവകാശപ്പെട്ട പൈസ മുഴുവൻ ഞാൻ നശിപ്പിക്കുകയായിരുന്നില്ലേ എന്ന്. എനിക്ക് ഒരു ഗവണ്മെന്റ് സീറ്റ് ആണ് കിട്ടിയിരുന്നതെങ്കിൽ അവൾക്കും മെഡിസിന് കേരളത്തിൽ ചേരുവാൻ സാധിച്ചേനെ. ബിരുദത്തിനു ശേഷം അവളെ പഠിപ്പിക്കുവാൻ പോലുമായില്ല അച്ഛന്."

"നീ കരുതും പോലെ അല്ല അവളുടെ വിവാഹം നടന്നത്. നമ്മുടെ വിവാഹത്തിന് ഒരാഴ്ച മുൻപേയാണ് അവളുടെ വിവാഹം ഉറപ്പിച്ചത്. അവർ സ്ത്രീധനം ഒന്നും ചോദിച്ചില്ല. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം. ചെറുക്കാന് നല്ല ജോലി. ഉടനടി നടത്തണം എന്ന് മാത്രമേ അവർ പറഞ്ഞുള്ളു. പെട്ടെന്നു നടത്താമെന്നു അച്ഛനും തോന്നി."

"അവിടെ ചെന്ന് കയറിയപ്പോൾ മാത്രമാണ് അയാൾ മനോരോഗത്തിന് ചികിത്സ ചെയ്യുന്ന ആളാണ് എന്നവൾക്കു മനസ്സിലായത്. മയക്കു മരുന്നിനു അടിമയാണ്, എൻ്റെ കുട്ടി എല്ലാം സഹിച്ചൂ, ആരെയും ഒന്നും അറിയിച്ചില്ല.."

" നീ അവളുടെ കൈകൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിരുന്നോ അയാൾ അടിച്ച പാടുകൾ മറച്ചു വായിക്കുവാനാണ് അവൾ എന്നും നീളമുള്ള കൈകൾ ഉള്ള വസ്ത്രങ്ങൾ മാത്രം അണിഞ്ഞിരുന്നത്. സിഗരറ്റു കുറ്റി കൊണ്ട് പൊള്ളിച്ച പാടുകൾ ഉണ്ട് അവളുടെ ദേഹം മുഴുവനും. എല്ലാം അവൾ സഹിച്ചൂ. അയാൾ മറ്റു പെണ്ണുങ്ങളുടെ കൂടെ പോകും. എല്ലാം അവൾ എന്നിൽ നിന്നും നമ്മുടെ വീട്ടുകാരിൽ നിന്നും മറച്ചു വച്ചൂ.."

"നീ തന്നെ പറയൂ, നിൻ്റെ സ്വന്തം സഹോദരിക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ അവളെ നീ തുണയ്ക്കില്ലേ. അവൾക്കു വേണ്ട സഹായങ്ങൾ നീ ചെയ്യില്ലേ. നിനക്ക് ആണ് ഈ സ്ഥിതി വന്നിരുന്നതെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നൂ.."

എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ വീട്ടിൽ അച്ഛനോ അമ്മയോ ഏട്ടനോ എനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല. അവർക്കു  ഒരു പ്രയാസം വന്നപ്പോൾ അവർക്കു താങ്ങു ആയി നിൽക്കേണ്ട ഞാൻ ചെയ്തത് എന്താണ്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..

"ഏട്ടൻ വിഷമിക്കേണ്ട, എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി.."

...........................

ഇന്ന് എൻ്റെ നാത്തൂൻ്റെ രണ്ടാം വിവാഹമാണ്. എല്ലാം കൊണ്ടും അവൾക്കു ചേർന്ന ബന്ധം

"മോളെ, നീ അധികം ഓടി നടക്കേണ്ട, വയറ്റിൽ ഉള്ളതാണ്. പറയുന്നത് കേൾക്കു എൻ്റെ ഗീതേ.."

"'അമ്മ വിഷമിക്കേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല.."

"മോളെ, മിനി നീ ഏട്ടനൊപ്പം ഗീതയുടെ അനുഗ്രഹം കൂടെ വാങ്ങണം കേട്ടോ"

..................................

ഞാൻ ഓർത്തൂ...

അന്ന് പാർക്കിൽ നിന്നും തിരിച്ചെത്തിയ ശേഷം ഞാൻ അനിയത്തിയുടെ മുറിയിൽ പോയി കുറെ നേരം ഇരുന്നൂ. പതിയെ പതിയെ ദിവസങ്ങൾ എടുത്തു അവളെ ഞാൻ പഴയ മിനിയായി വീട്ടുകാർക്ക് നൽകി.

അവളുടെ കൂടെ കോടതിയിൽ പോകുവാനും അവൾക്കു എന്തിനും ഏതിനും തുണയായും ഞാൻ കൂടെ നിന്നൂ. പതിയെ അവളെ പറഞ്ഞു മനസ്സിലാക്കി പുതിയ ജീവിതത്തിനു സജ്ജയാക്കി. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പയ്യനെ അവൾക്കായി കണ്ടെത്തി നൽകി..

"ഗീതേ, നീ എന്താണ് ആലോചിക്കുന്നത്. ചെറുക്കനും പെണ്ണും ഇറങ്ങുവാൻ നിൽക്കുവാണ്..."

"ഏട്ടാ, ഞാൻ ദാ വരുന്നൂ.."

ഞാൻ കണ്ടൂ..

ചേച്ചി അവിടെ നില്പുണ്ട്. ആ വാ തുറന്നു നാത്തൂനേ കുറ്റം പറയുവാൻ ഞാൻ സമ്മതിച്ചില്ല. അതിനുള്ള ദേഷ്യം അവളുടെ മുഖത്തുണ്ട്.

ഞാൻ നോക്കിയത് ഏട്ടൻ്റെ മുഖത്തേയ്ക്കാണ്. സ്വന്തം കടമ നിറവേറ്റിയതിലുള്ള ചാരിതാർഥ്യം ആ മുഖത്തു ഉണ്ടായിരുന്നു. അതിനു കൂടെ താങ്ങായി നിൽക്കുവാൻ എനിക്കായി. അത് തന്നെയല്ലേ എൻ്റെ കടമ.

.................................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA