മീശ മാമൻ MEESHA MAMAN, FB, N, A, E, AP, K, KZ, P, PT, G, NL, LF, SXC, NA, EK

"മീശ മാമനു സുഖമില്ല..സുമിത്രേ.."

 "മാമൻ പോയിട്ടു കുറെ ആയില്ലേ അമ്മേ, എന്താ പറ്റിയത്. ഇനി എപ്പോഴാ വരുന്നത്.."

"എൻ്റെ സുമിത്രേ.. മീശമാമൻ ഇനി വരും എന്ന് തോന്നുന്നില്ല. അവനു കുറച്ചു സീരിയസ് ആണ്. നീ വേഗം പുറത്തേയ്ക്കു ഒന്നിറങ്ങി വാ.."

ലക്ഷ്മി ഏടത്തിയുടെ വീടിനു മുന്നിൽ ഒരു ചെറിയ ആൾകൂട്ടം. ഏടത്തി വലിയ വായിൽ "ശിവ" എന്നും വിളിച്ചു കരയുന്നുണ്ട്..

ഞാൻ അവിടെ തളർന്നിരുന്നു പോയി..

ആരോ പറയുന്നത് കേട്ടൂ.

"വണ്ടി മുതലാളി വിളിച്ചു പറഞ്ഞതാണത്രേ, രാവിലെ പെട്ടെന്ന് ഒരു നെഞ്ചു വേദന, കുടിച്ച ചായ പകുതിക്കു വച്ചു, വീണു പോയത്രെ, വണ്ടിയുടെ ക്‌ളീനർ ആണ് ആശുപത്രിയിൽ ആക്കിയത്. ആൾ പോയി എന്നും കേൾക്കുന്നുണ്ട്."

പിന്നെ ഞാൻ ഒന്നും നോക്കിയില്ല. നേരെ അമ്പല നടയിലേക്കു പോയി. ഉള്ളുരുകി പ്രാർത്ഥിചൂ..

"അച്ഛനെ നീ എടുത്തൂ, അന്നെനിക്ക് അറിവില്ല, അത് ഞാൻ ക്ഷമിചൂ, മറന്നൂ. ഇനി മാമനെ കൂടെ നീ എടുത്താൽ ഞാൻ ഈ നടയിൽ വന്നു തല തല്ലി ചാകും. എനിക്ക് എൻ്റെ മാമനെ വേണം.."

"മീശ മാമന് ഒന്നും വരരുത്.. ഞാൻ ഉള്ളുരുകി പ്രാർത്ഥിചൂ. വേണ്ട വഴിപാടുകൾ നടത്തി.."

.................................................

ഈ വീട് വാങ്ങി ഞാനും അമ്മയും അച്ഛനും വരുമ്പോൾ എനിക്ക് അഞ്ചു വയസ്സ്. അന്ന് മുതൽ ഉള്ള ബന്ധമാണ് ലക്ഷ്മി ഏടത്തിയുടെ വീടുമായിട്ട്.

ലക്ഷ്മി ഏടത്തിയുടെ ഭർത്താവ് മരിച്ചു പോയി. "മീശ മാമൻ" എന്ന് കുട്ടികൾ കളിയാക്കി വിളിക്കുന്ന ശിവൻ, ലക്ഷ്മി ഏടത്തിയുടെ ആങ്ങള ആണ്.

ലക്ഷി ഏടത്തിക്ക് രണ്ടു ആൺമക്കൾ ആണ്, മൂത്തയാൾ എൻ്റെ സീനിയർ ആണ് കലാലയത്തിൽ, രണ്ടാമനും ഞാനും ഒരുമിച്ചു പഠിക്കുന്നൂ. ആ കുടുംബം നോക്കുന്നത് ആങ്ങള (മീശ മാമൻ) ആണ്.

പ്രാരാബ്ധങ്ങൾക്കു നടുവിൽ വിവാഹം പോലും കഴിക്കുവാൻ മറന്നു പോയ ആൾ....

എൻ്റെ അച്ഛൻ മരിക്കുമ്പോൾ എനിക്ക് വയസ്സ് പത്ത്. പിന്നീടങ്ങോട്ട് മീശ മാമൻ എന്നെയും അവിടത്തെ കുട്ടികളെയും വേർതിരിച്ചു കണ്ടിട്ടില്ല. അവർക്കൊപ്പം എനിക്കും പുസ്തകങ്ങളും ഉടുപ്പും വാങ്ങി തരും.

"പാവം അമ്മ കൂലിവേലയ്ക്ക് പോയി കിട്ടുന്നത് ഒന്നിനും തികയില്ല എന്ന് മീശ മാമന് അറിയാം."

ലക്ഷ്മി ഏടത്തിയും അമ്മയും കിട്ടുന്ന പണിക്കൊക്കെ പോകും..

.....................

എന്നും എനിക്ക് മീശ മാമനെ ഓർത്തു സങ്കടമേ ഉള്ളൂ..

അമ്മ  ഒരിക്കൽ പറയുന്നത് കേട്ടൂ..

"മീശമാമൻ അയൽപക്കത്തുള്ള ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നൂ പോലും. അവളെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചൂ. പക്ഷേ, അവളെ മറ്റൊരാൾ കെട്ടി. ഒരു ലോറി ഡ്രൈവർക്കു മോളെ കൊടുക്കില്ല എന്നായിരുന്നൂ ആ പെൺകുട്ടിയുടെ അച്ഛൻ അന്ന് പറഞ്ഞതത്രേ. കുട്ടികൾ രണ്ടായപ്പോൾ (മൂന്നും, നാലും വയസ്സ്) അവളുടെ ഭർത്താവു മരിച്ചു പോയി. അവൾ തിരികെ വീട്ടിൽ എത്തി."

ഇന്നും മീശ മാമന് അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ട്. പക്ഷേ ലക്ഷ്മി ഏടത്തി സമ്മതിക്കില്ല...

ലക്ഷ്മി ഏടത്തി വേറെ പെണ്ണ് ഉറപ്പിക്കും എന്ന് പറഞ്ഞു പലപ്പോഴും മീശ മാമനോട് വഴക്കിടും. പക്ഷേ ഒരിക്കൽ പോലും മീശ മാമൻ മറ്റൊരു പെണ്ണിനെ കാണുവാൻ പോയിട്ടില്ല.

ആ തവണ ഓട്ടം കഴിഞ്ഞു വന്നപ്പോൾ  മീശ മാമൻ അമ്മയോട് പറഞ്ഞു..

"ലക്ഷ്മി ഏടത്തിയുടെ വിചാരം ഞാൻ ഇപ്പോഴും ആ പഴയ ചെറുപ്പക്കാരൻ ആന്നെന്നാണ് . വയസ്സ് നാല്പത്തി അഞ്ചു കഴിഞ്ഞു. അവൾ മാത്രമേ ഇപ്പോഴും എൻ്റെ മനസ്സിൽ ഉള്ളൂ. അത് ഒരിക്കൽ എടത്തിക്കു മനസ്സിലാകും."

വിഷമിച്ചാണ് ആ പ്രാവശ്യം മീശ മാമൻ പോയത്. പിന്നീട് ഇതുവരെ വന്നതേയില്ല. ഏടത്തിക്കു ബാങ്കിൽ പൈസ ഇട്ടു കൊടുക്കും. അത്ര തന്നെ.

ഇടയ്ക്കു അമ്മയെ വിളിക്കും "എന്നോട് സംസാരിക്കുവാൻ..."

ആ മാമനാണ് ഇപ്പോൾ ഈ അവസ്ഥ.

.............................

ഏടത്തി രണ്ടു ദിവസ്സമായിട്ടു ജലപാനം കഴിച്ചിട്ടില്ല. ഞാനും അമ്മയും അവിടെ തന്നെ നിന്നൂ.

വൈകിട്ട് ആയപ്പോൾ വണ്ടി മുതലാളി വിളിച്ചു പറഞ്ഞു...

"തീവ്രപരിചരണ വിഭാഗത്തിൽ ആണ്. ഒന്നും പേടിക്കുവാനില്ല. സമയത്തു എത്തിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടൂ. ഒരാഴ്ച കഴിഞ്ഞാൽ പോരാം..."

അതിനു ശേഷമാണ് ലക്ഷ്മി ഏടത്തി വെള്ളം കുടിച്ചത്.

.....................................

ഒരാഴ്ച കഴിഞ്ഞപ്പോൾ മീശ മാമൻ വന്നു, ലക്ഷ്മി ഏടത്തി മാമൻ്റെ അടുത്ത് നിന്നു മാറാതെ ഇരുന്നൂ ശുശ്രൂഷിചൂ.

മാമനെ കാണുവാൻ ചെന്ന എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കരയുന്ന എന്നെ കണ്ടതും മാമൻ കളിയാക്കി..

"എൻ്റെ സുമിത്രകുട്ടി പേടിച്ചു പോയോ, മാമനു അങ്ങനെ അങ്ങു പോകുവാൻ പറ്റുമോ. നിന്നെ സനലിനെ ഏൽപ്പിക്കാതെ ഞാൻ പോകില്ല.."

ഞാൻ ഞെട്ടി പോയി.

"ലക്ഷ്മി ഏടത്തിയുടെ മൂത്ത മകനും ഞാനും തമ്മിൽ ചെറിയ ഒരിഷ്ടം ഉള്ളത്, ആരോടും ഞാൻ പറഞ്ഞിട്ടില്ല. മാമൻ ഇതെങ്ങനെ കണ്ടു പിടിച്ചൂ.."

അപ്പോൾ തന്നെ ലക്ഷ്മി ഏടത്തി പറഞ്ഞു..

"നിന്നെ സനലിനെ കൊണ്ടു കെട്ടിക്കണം എന്നുള്ളത് ഞങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അവനു ഒരു ജോലി കിട്ടിക്കോട്ടെ.."

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഓടി പോന്നൂ..

..............................

പിറ്റേന്ന് ലക്ഷ്മി ഏടത്തി, അമ്മയെ കാണുവാൻ വന്നൂ , അവർ പലതും മനസ്സിൽ ഉറപ്പിച്ചിരുന്നൂ.

"അവനു ഇഷ്ടമുള്ള പെണ്ണ് മതി. ഇനി എനിക്ക് അവനോടു വാശി കാണിക്കുവാൻ വയ്യ. അവൻ പോയാൽ പിന്നെ എനിക്കും മക്കൾക്കും ആരുണ്ട്.."

ഏടത്തി പോയി ആ സ്ത്രീയെ കണ്ടൂ. അവരുടെ വിവാഹം ഉറപ്പിക്കുവാൻ അവളുടെ അച്ഛനോട് സംസാരിച്ചൂ.

"കുട്ടികൾ വലുതായി, ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കേണ്ട.." അവർ ലക്ഷ്മി ഏട്ടത്തിയോട് ക്ഷമ ചോദിച്ചൂ.

പക്ഷേ..ലക്ഷ്മി ഏടത്തി പിന്മാറിയില്ല...

 അവരുടെ മക്കളെ ലക്ഷ്മി ഏടത്തി എല്ലാം പറഞ്ഞു മനസ്സിലാക്കിചൂ. അവരും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ ആ വിവാഹം ഉറപ്പിച്ചൂ.

വിവാഹം കഴിഞ്ഞു രണ്ടു മക്കളുമായി കയറി വന്ന അവരെ ലക്ഷ്മി ഏടത്തി നിറഞ്ഞ മനസ്സോടെ സ്വീകരിച്ചൂ.

അത്ഭുതത്തോടെ  ഏടത്തിയെ നോക്കിയ അമ്മയോട് ഏടത്തി പറഞ്ഞു..

"അവൻ അന്ന് മരിച്ചു പോയിരുന്നെങ്കിൽ ഞാൻ എങ്ങനെ മരിച്ചു ചെല്ലുമ്പോൾ എൻ്റെ അമ്മയുടെ മുഖത്തു നോക്കുമായിരുന്നൂ. അമ്മ മരിക്കുമ്പോൾ ഒന്നേ എന്നോട് പറഞ്ഞുള്ളു."

"ലക്ഷ്മി, നിനക്കും മക്കൾക്കും വേണ്ടിയാണ് അവൻ ജീവിക്കുന്നത്. അവനും ആഗ്രഹങ്ങൾ ഉണ്ട്. ഒരിക്കലും അത് കണ്ടില്ല എന്ന് നീ വയ്ക്കരുത്. ഭൂമിയിൽ ജീവിതം കുറച്ചു നാളുകൾ മാത്രമേ ഉളളൂ. അതിനിടയിൽ വൈരാഗ്യം വച്ച് പുലർത്തരുത്‌. ഒന്ന് നഷ്ടപ്പെടുമ്പോൾ മാത്രമേ അതിൻ്റെ വേദന മനസ്സിലാകൂ. അവനെ നീ വിഷമിപ്പിക്കരുത്. ജീവിതത്തിൽ ഒരു സുഖവും എൻ്റെ കുട്ടിക്ക് കിട്ടിയിട്ടില്ല..."

"ഇപ്പോൾ എൻ്റെ അമ്മയ്ക്ക് സന്തോഷമാകും. അവൻ ഇഷ്ടപെടുന്ന ഒരു ജീവിതം വൈകി എങ്കിലും അവനു കിട്ടട്ടെ.."

ആ നിമിഷം നിറഞ്ഞതു എൻ്റെ മനസ്സാണ്. മീശ മാമൻ സങ്കടപ്പെട്ടിരിക്കുമ്പോൾ ഈ സുമിത്ര എങ്ങനെ സന്തോഷിക്കും. അച്ഛൻ മരിച്ചതിനു ശേഷം എനിക്ക് മാമനെ ഉണ്ടായിരുന്നുള്ളൂ. സ്നേഹിക്കുവാൻ മാത്രം അറിയുന്ന എൻ്റെ മാമൻ.

എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ...

ഇന്ന് എനിക്ക് മാമിയെയും പുതിയ രണ്ടു ആങ്ങളമാരെയും കിട്ടി...

..........................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA