അത്താണി ATHANI, FB, N, E, A, K, KZ, P, AP, SXC, G, TMC, NL,EK, QL

"മാഡം, വരുന്നുണ്ടല്ലോ. ഇന്നും നേരത്തെ തന്നെ എത്തിയല്ലോ.."

"വീട്ടിൽ വേറെ പണിയൊന്നും കാണില്ല. ഇവിടെ പിന്നെ ഒരുപാടു പണി ഉണ്ടല്ലോ..."

ദ്വയാർത്ഥം വച്ചുള്ള വാക്കുകൾ കേട്ട് ഓഫീസിലുള്ളവർ ചിരിക്കുമ്പോൾ ഒന്നും കേൾക്കാത്തത് പോലെ ഞാൻ പതിയെ നടന്നു എൻ്റെ ഇരിപ്പിടത്തിൽ പോയിരുന്നൂ..

"ഇതെല്ലാം എനിക്ക് ശീലമാണ്. സ്വന്തം കാര്യം അന്വേഷിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരുടെ ജീവിത്തിൻ്റെ ഉള്ളറകളിലേയ്ക്ക് എത്തി നോക്കുവാനാണ് എല്ലാവർക്കും താല്പര്യം.."

"എൻ്റെ ദേവി, എല്ലാം സഹിക്കുവാനും പൊറുക്കുവാനും എനിക്ക് സാധിക്കണേ.."

ഈ ഒരു പ്രാർത്ഥന മാത്രമേ എനിക്ക് എന്നും ഉണ്ടായിരുന്നുള്ളു..

പഴയപോലെ തന്നെ എന്നെ അടുത്തറിയാവുന്നവർ എന്നെ സഹതാപത്തോടെ നോക്കി...

....................................

ഞാൻ ഉമ. അച്ഛനും അമ്മയും ചേച്ചിയും  ഉണ്ടെനിക്ക്. ചേച്ചിയുടെ വിവാഹം കഴിഞ്ഞ സമയത്താണ് അച്ഛൻ തളർന്നു വീഴുന്നത്. ആ വിവാഹം നടത്തുവാൻ അച്ഛൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം എടുത്തിരുന്നൂ. വീടും പണയത്തിൽ ആയിരുന്നൂ. അച്ഛന് സമ്പാദ്യമായി പിന്നെ ഉണ്ടായിരുന്നത് ഞാൻ മാത്രം ആയിരുന്നൂ.

പഠിക്കുവാൻ മിടുക്കി ആയിരുന്നിട്ടും അച്ഛൻ തളർന്നു കിടപ്പായതോടെ എനിക്ക് പഠനം നിറുത്തേണ്ടി വന്നൂ. ഉള്ള ബി.കോം ബിരുദം വച്ച് ഈ കമ്പനിയിൽ കയറി പറ്റി.

ഞാൻ കൂടി തളർന്നാൽ ജീവിതം മുന്നോട്ടു പോകില്ല. പിന്നെ ഒരു ഓട്ടപാച്ചിൽ ആയിരുന്നൂ. നാട്ടിലെ ശമ്പളം ഒന്നിനും തികയില്ല എന്ന് തോന്നിയപ്പോഴാണ് ഈ മഹാനഗരത്തിൻ്റെ ഭാഗമായത്. കിട്ടുന്ന ശമ്പളത്തിനുള്ള ജോലി ആത്മാർഥമായി ചെയ്യുന്നൂ.

പലപ്പോഴും ബോസ് കൂടുതൽ പണികൾ ഏൽപ്പിക്കാറുണ്ട്. ഏല്പിക്കുന്ന ജോലികൾ കൃത്യമായി തീർത്തു കൊടുക്കും. അതുകൊണ്ടു തന്നെ ബോസിന് എന്നോട് പ്രിയം കൂടുതൽ ഉണ്ട്.

എട്ടു വർഷമായി ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നൂ. പ്രൊമോഷൻ കിട്ടി മാനേജർ സ്ഥാനത്തു എത്തിയത് പോലും ആർക്കും ഇഷ്ടമായില്ല. അതിനും കിട്ടി ചീത്തപ്പേര്..

ജോലി ചെയ്തു കുടുംബം നോക്കുന്നൂ. അച്ഛനുള്ള മരുന്നുകൾ വാങ്ങുന്നൂ. ലോൺ അടച്ചു തീർക്കുന്നൂ.

ഇവിടെ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്. അതിൽ കുറച്ചു കോളേജ് വിദ്യാർത്ഥിനികളും ഉണ്ട്. അതിരാവിലെ എഴുന്നേറ്റു അവർക്കുള്ള ഭക്ഷണം ഉണ്ടാക്കും. ആ വഴിയും അത്യാവശ്യം വരുമാനം ഉണ്ട്.

ഓഫീസിൽ കുറച്ചു പേരുടെ കണ്ണിൽ പക്ഷേ ഞാൻ ഒരു തെറ്റാണ്....

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ല. ശരിയാണ് എങ്ങനെ വിവാഹം കഴിക്കും ചേച്ചിയുടെ വിവാഹവും അതിനു ശേഷമുള്ള കാര്യങ്ങളും, അച്ഛനും അമ്മയ്ക്കും ഉള്ള മരുന്നുകളും നോക്കി വന്നപ്പോഴേക്കും വയസ്സ് മുപ്പത്തഞ്ചു ആയി.

ഇനി ഒരു വിവാഹം വേണം, പക്ഷേ വരുന്ന ആലോചനകൾ ഒന്നൊന്നായി ആളുകൾ മുടക്കുന്നൂ.

എനിക്ക് തണലായി ആരുമില്ല....

....................................

"ഉമ, ഒന്ന് ക്യാബിനിലേയ്ക്ക് വരണം.."

"ശരി സാർ, ഞാൻ എത്തിക്കോളാം.."

ബോസ് വിളിക്കുന്നതെന്തിനാണെന്നു അറിയില്ല.

"എനിക്ക് ഉമയോട് ഒരു കാര്യം പറയുവാനുണ്ട്. എനിക്ക് ഹൈദരാബാദിൽ ഒരു ബ്രാഞ്ചു ഉള്ള കാര്യം ഉമയ്ക്ക് അറിയാമല്ലോ.."

"ഉവ്വ് സാർ"

" നാളെ അവിടെ നിന്നും  മാനേജർ ബാലൻ എന്നൊരാൾ എന്നെ കാണുവാൻ വരും. ഉച്ചയ്ക്ക് ഭക്ഷണം നീ ബാലനോടൊപ്പം പുറത്തു പോയി  കഴിക്കണം. നമ്മുടെ ഗസ്റ്റ് ആണ്. ഒന്നിനും ഒരു കുറവും വരരുത്. രാവിലെ ബാലൻ ചെയ്യുന്ന പ്രെസെന്റ്റേഷനിൽ എല്ലാവരും പങ്കെടുക്കുകയും വേണം.."

"വലിയൊരു ജോലിയാണ് ബോസ് ഏല്പിച്ചത്. മനസ്സിൽ അപ്പോഴും ആശങ്ക നിന്നൂ. ഇനി അയാളോടൊപ്പം ഭക്ഷണം കഴിക്കുവാൻ പോയാൽ അതിലും വലിയ പ്രശ്നം ഉണ്ടാകും."

ഏതായാലും പ്രതീക്ഷിച്ച പോലെ തന്നെ അയാൾ വന്നു പോയതോടെ പുതിയ പേരും കിട്ടി.

ഭക്ഷണം കഴിക്കുവാൻ പോയതിനു  പോലും അവർക്കു മറ്റു പലതും ആണ് പറയുവാൻ ഉണ്ടായിരുന്നത്...

................................

"മോളെ, ഉമേ അമ്മാവൻ കൊണ്ട് വന്ന ആലോചനയാണ്. പയ്യൻ ഹൈദരാബാദിൽ ആണ്. നിനക്ക് ജോലി വിടേണ്ടി വരില്ല, അവിടെ നിങ്ങളുടെ കമ്പനിയുടെ ബ്രാഞ്ച് ഉണ്ടല്ലോ. നമുക്ക് ട്രാൻസ്ഫറിന് ശ്രമിക്കാം. മോൾ മറുത്തൊന്നും പറയരുത്. അമ്മയുടെ കണ്ണ് അടയുന്നതിനു മുൻപ് നിന്നെ എനിക്ക് ഒരാളെ ഏൽപ്പിക്കണം."

അമ്മ പറയുന്നതൊന്നും എൻ്റെ മനസ്സിൽ കയറുന്നുണ്ടായിരുന്നില്ല.

ഇനി ഈ പ്രായത്തിൽ ഒരു വിവാഹം.... തമാശ തന്നെ...

ചെറുക്കനും എന്നെ പോലെ തന്നെ വിവാഹം കഴിക്കുവാൻ മറന്നു പോയതാണത്രേ. കുടുംബസ്നേഹം കാരണം അനിയത്തിമാരെ വിവാഹം കഴിപ്പിച്ചു, അവരുടെ കാര്യങ്ങൾ എല്ലാം നോക്കി വന്നപ്പോഴേയ്ക്കും സ്വന്തം കാര്യം മറന്നു പോയി. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയത്രേ. അനിയത്തിമാർ രണ്ടും ഭർത്താക്കൻമ്മാരോടൊപ്പം വിദേശത്തു ആണത്രേ....

അമ്മ പറഞ്ഞതൊന്നും ഞാൻ കേൾക്കുവാൻ നിന്നില്ല.

എൻ്റെ സ്വപ്നങ്ങൾ എല്ലാം ഞാൻ എന്നെ മനസ്സെന്ന ശവക്കല്ലറയിൽ അടുക്കിയിരുന്നൂ....

 ചെറുക്കൻ്റെ പേര് പോലും ഞാൻ ചോദിച്ചില്ല. ജാതകപ്പൊരുത്തം ഉണ്ടെന്ന് അമ്മ പറയുന്നത് കേട്ടൂ..

പിറ്റേന്ന് പയ്യൻ കാണുവാൻ വന്നൂ. വെറുതെ ചായയുമായി ചെന്ന എന്നെ പക്ഷേ എതിരേറ്റത് ബാലനും എൻ്റെ ബോസും ആയിരുന്നൂ.

സ്തംഭിച്ചു നിൽക്കുന്ന എന്നെ നോക്കി ബോസ് പറഞ്ഞു.

"നിന്നെ പോലെ തന്നെ എനിക്ക് വേണ്ടപെട്ടവനാണ് ബാലൻ. നിങ്ങൾ തമ്മിൽ ചേരും എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ഇല്ലാത്ത പ്രെസെന്റേഷൻ ഉണ്ടാക്കി ബാലനെ വരുത്തിച്ചത്. ബാലൻ എനിക്ക് എൻ്റെ സഹോദരനെ പോലെയാണ്. എൻ്റെ ഉയർച്ചകളിലും താഴ്ചകളിലും അവൻ എന്നും എൻ്റെ ഒപ്പം ഉണ്ട്.."

ഞാൻ ഒന്നും പറഞ്ഞില്ല.

........................

വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചൂ....

അവർ തന്ന യാത്രയയപ്പു യോഗത്തിൽ ആദ്യമായി ഞാൻ മനസ്സ് തുറന്നു..

"ഇന്ന് എനിക്ക് സന്തോഷമുണ്ട്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അയാൾക്ക്‌ എൻ്റെ ബോസിൻ്റെ രൂപം ആയിരിക്കും എൻ്റെ മനസ്സിൽ അദ്ദേഹത്തിന്. എല്ലാ പെൺകുട്ടികൾക്കും സ്വപ്നങ്ങൾ ഉണ്ടാകും. പക്ഷേ എല്ലാവർക്കും അത് എത്തിപിടിക്കുവാൻ സാധിച്ചെന്നു വരില്ല. ചില ജന്മങ്ങൾ അങ്ങനെയാണ്. കഷ്ടപെടുവാൻ മാത്രം ഭൂമിയിലേയ്ക്ക് അയക്കപെട്ടവർ.."

" എൻ്റെ വിവാഹത്തിന് വേണ്ടി ഓടി നടക്കുവാൻ എനിക്ക് ആരുമില്ല. ഒരു കുടുംബത്തിൻ്റെ ഭാരം മുഴുവൻ ചുമന്നു ഞാൻ കഷ്ടപെടുമ്പോൾ എനിക്ക് ഒരു കൈ താങ്ങാകുവാൻ ആരും ഉണ്ടായിരുന്നില്ല. ഒരു വിവാഹം സ്വപ്നം കണ്ടു ഞാൻ ചെറുതായി അതിനു വേണ്ടി കരുതി വച്ചിരുന്നൂ. ഇടയ്ക്കു ഒന്ന് രണ്ടു ആലോചനകൾ മുടങ്ങി പോയപ്പോൾ ആ മോഹം ഞാൻ ഉപേക്ഷിച്ചൂ. മുന്നോട്ടുള്ള ജീവിതം എനിക്ക് എന്നും ഒരു ചോദ്യ ചിഹ്‌നം മാത്രം ആയിരുന്നൂ. അച്ചനും അമ്മയും പോയാൽ എനിക്ക് ആരുമില്ല. ചേച്ചിക്കു ഒരു ഭാരമായി അവരുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലുവാൻ വയ്യ."

"മറ്റുള്ളവരെ വിഷമിപ്പിക്കുവാൻ എല്ലാവർക്കും കഴിയും. പക്ഷേ. തെറ്റ് കുറ്റങ്ങൾ മാത്രം ചെകയാതെ നല്ലൊരു വാക്ക് പറയുവാനും സഹായിക്കുവാനും വലിയൊരു മനസ്സ് വേണം. എൻ്റെ മനസ്സിലെ ഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ എനിക്ക് ഒരു അത്താണി ഉണ്ടായിരുന്നില്ല. ഞാൻ തളർന്നാൽ ഒരു കുടുംബം തളർന്നു പോകുമായിരുന്നൂ. ഇന്നെനിക്കു ദുഖമില്ല. എൻ്റെ കുടുംബം മുഴുവൻ രക്ഷിച്ചു കഴിഞ്ഞിട്ടാണ് ഞാൻ എനിക്കായി ഒരു വഴി തെരഞ്ഞെടുക്കുന്നത്."

"എല്ലാവരും വിവാഹത്തിന് വന്നു എന്നെ അനുഗ്രഹിക്കണം. നിങ്ങളൊക്കെയാണ് എനിക്ക് ചേട്ടനും ചേച്ചിയും ഒക്കെയായി ഉള്ളത്...."

പെട്ടെന്നു എല്ലാവരും എഴുന്നേറ്റു നിന്നൂ കയ്യടിച്ചൂ...

...................................

വിവാഹത്തിന് രണ്ടു ദിവസ്സം മുൻപേ തന്നെ ഓഫിസിൽ നിന്ന് പലരും വന്നു കാര്യങ്ങൾ തിരക്കി. പ്രതീക്ഷിക്കാത്ത പലരും വന്നു ഓടി നടന്നു ഓരോ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തു. ദൈവാനുഗ്രഹം പോലെ മനോഹരമായി വിവാഹം നടന്നൂ.


............................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA