SAMBADHYAM സമ്പാദ്യം, FB, N, E, P, KZ, K, AP, A, G, SXC

"എൻ്റെ മാതു നിന്നെ എന്നാണ് ഞാൻ ഒന്ന് സന്തോഷത്തോടെ കാണുക. എൻ്റെ മോളെ നിൻ്റെ വിധി ഇതായല്ലോ. എന്നും നിനക്ക് കഷ്ടപ്പാട് മാത്രമേ ഉള്ളല്ലോ."

അമ്മയുടെ കണ്ണുകൾ നിറഞ്ഞു...

"എൻ്റെ അമ്മ വിഷമിക്കുന്നത് എന്തിനാണ്. എനിക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല.."

"അമ്മ വിശക്കുന്നൂ..."

"സമയം പോയതറിഞ്ഞില്ല. അവൻ കമ്പനിയിൽ നിന്നും വന്നതല്ലേ. മോൾ അവനു എന്തെങ്കിലും കഴിക്കുവാൻ കൊടുക്കൂ.."

"അനികുട്ടാ, അമ്മ ഇപ്പോൾ വരാം കേട്ടോ, അമ്മമ്മ ഇറങ്ങുവാൻ നിൽക്കുവാണ്..."

"മോള് അവനു ഭക്ഷ്ണം കൊടുക്കൂ. അമ്മ അടുത്ത മാസം വരാം.."

..............................

എൻ്റെ മാതു എന്നും ഒരു പാവമായിരുന്നൂ. ആരോടും എതിർത്ത് ഒരു വാക്ക് പറയാത്ത, എല്ലാം മറ്റുള്ളവർക്ക് പകുത്തു കൊടുക്കുന്നവൾ..

പാവപെട്ട വീട്ടിലെ അവളെ തേടി ആ ആലോചന വന്നപ്പോൾ ആദ്യം എനിക്ക് വേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നൂ.

പിന്നീട് ഒരമ്മ എന്നതിലുപരി ഞാൻ ചിന്തിച്ചത് ഒന്നിന് താഴെ ഒന്നായി നിൽക്കുന്ന മൂന്നു പെണ്മക്കളെ കുറിച്ചായിരുന്നൂ. ഒരാൾ എങ്കിലും വേഗം കെട്ടിപോയാൽ അത്രയും ഭാരം കുറയും.

പാവം എൻ്റെ കുട്ടി.

അവളെ കൈ പിടിച്ചു അവനെ (സോമൻ) ഏൽപ്പിക്കുമ്പോൾ എനിക്ക് അറിയാമായിരുന്നൂ, "എൻ്റെ കുട്ടിയുടെ ചുമലിലേയ്ക്ക് വലിയൊരു ഭാരം ഞാൻ കയറ്റി വയ്ക്കുകയാണ് എന്ന്. അഞ്ചു അനിയൻമ്മാരും മൂന്ന് അനിയത്തിമാരും അച്ഛനും അമ്മയും ഉള്ള വീട്."

ചെന്ന് കയറിയ അന്ന്  മുതൽ ഇന്ന് വരെ എല്ലാവർക്കും അവൾ വച്ച് വിളമ്പി. കെട്ടി ഒരു മാസം കഴിഞ്ഞപ്പോൾ അവൻ ദുബായിക്ക് പോയി. പിന്നീട് വർഷത്തിലൊരിക്കൽ അവൻ വരുമ്പോൾ മാത്രം എൻ്റെ കുട്ടി പുറം ലോകം കണ്ടു. എന്നും അടുക്കളയിൽ ഒതുങ്ങി കൂടുവാനായിരുന്നൂ അവളുടെ വിധി.

എന്നിട്ടും അവൾ പരാതി ഒന്നും പറഞ്ഞില്ല. അതിനിടയിൽ രണ്ടു കുട്ടികളുമായി. പതിയെ പതിയെ അവൻ മൂന്ന് പെങ്ങമ്മാരെ വിവാഹം കഴിപ്പിച്ചു അയച്ചൂ. അനിയന്മ്മാർ നാലുപേരെ അവൻ ഗൾഫിൽ കൊണ്ട് പോയി. മാതുവിൻ്റെ ഇളയതുങ്ങളെ പോലും അവൻ തന്നെയാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. അവൻ്റെ ഇളയ അനിയൻ സുരേഷ് മാത്രം വീട്ടിൽ തന്നെ നിന്നൂ. അച്ഛനും അമ്മയും ഒറ്റയ്ക്കാണ് അവനു നാട്ടിൽ മതി പണി എന്നത് സോമൻ്റെ തീരുമാനം ആയിരുന്നൂ.

കാലം മുന്നോട്ടു പോയി അനിയന്മ്മാർ വലിയ വീടുകൾ വച്ചൂ. വിവാഹം കഴിച്ചൂ. എന്നിട്ടും സോമൻ മാത്രം തറവാട്ടിൽ നിന്നൂ. മരുഭൂമിയിൽ കഷ്ടപെട്ടുണ്ടാക്കിയതെല്ലാം പെങ്ങമ്മാരേയും എൻ്റെ മക്കളെയും വിവാഹം കഴിപ്പിച്ചയാക്കുവാൻ ചിലവായി. അനിയന്മ്മാരെ പഠിപ്പിക്കുവാനും അക്കരെ എത്തിക്കുവാനും പണം വേണ്ടേ...

മാതു മാത്രം ഒരു പരാതിയും പറഞ്ഞില്ല. സ്വന്തം മകളും മകനും വലുതായി വരുമ്പോൾ അവർക്കായി ഒന്നും കരുതുവാൻ ആയില്ലല്ലോ എന്ന സങ്കടം അവൾക്കു ഉണ്ടായിരുന്നൂ.

അവളെ മനസ്സിലാക്കിയത് പോലെ അപ്പോഴൊക്കെ സോമൻ പറയും " എൻ്റെ മാതു ഇനി ഒരഞ്ചു വർഷം കൂടെ. അത് കഴിഞ്ഞാൽ ഞാൻ അങ്ങു വരും. നമ്മുടെ മോളെ കെട്ടിക്കുവാനുള്ള പണം കയ്യിൽ വേണ്ടേ..."

.................................

കഴിഞ്ഞ വർഷം സോമൻ നാട്ടിലേയ്ക്ക് അവധിക്കു വന്നപ്പോഴാണ് താഴപ്പിഴകൾ തുടങ്ങിയത്. തീരെ ക്ഷീണിച്ചു അവശനായ സോമന് ക്യാൻസർ ആണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു. ഒരു മാസത്തിനുള്ളിൽ സോമൻ പോയി.

അച്ഛനെയും അമ്മയെയും അനിയന്മ്മാർ വിളിച്ചെങ്കിലും അവർ കൂടെ പോയില്ല. തറവാട്ട് വീട്ടിൽ അവർ എൻ്റെ മോളോടൊപ്പം നിന്നൂ

ഉള്ളത് കൊണ്ട് അരിഷ്ടിച് അവർ കഴിഞ്ഞു കൂടി. ബിരുദം കഴിഞ്ഞ മോളുടെ (വീണ) പഠനം നിറുത്തുവാൻ മാതു തീരുമാനിച്ചെങ്കിലും അനികുട്ടൻ അത് സമ്മതിച്ചില്ല. അവൻ അടുത്തുള്ള ഒരു കമ്പനിയിൽ ചെറിയ ജോലിക്കു കയറി. കിട്ടുന്ന ശമ്പളവും കൊണ്ട് അവർ പതിയെ ജീവിതം മുന്നോട്ടു നീക്കി. ഒരിക്കലും അനിയന്മ്മാരുടെയോ നാത്തൂൻമ്മാരുടെയോ മുന്നിൽ കൈ നീട്ടരുത് എന്ന തീരുമാനം മാതുവിൻ്റെതു മാത്രമായിരുന്നൂ...

"ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല സോമേട്ടൻ അവർക്കായി ജീവിതകാലം മുഴുവൻ കഷ്ടപെട്ടത്. അതിനു കൂലി ചോദിച്ചു ഞാൻ വാങ്ങില്ല. സോമേട്ടൻ്റെ ആത്മാവ് അത് സഹിക്കില്ല.." അവൾ എന്നും അത് മാത്രം പറഞ്ഞു.
..........................................

"അമ്മ എന്താണ് ഈ പറയുന്നത്  വീണ മോൾക്ക് കല്യാണ ആലോചന വന്നിട്ടുണ്ടെന്നോ.."

"അതെ മോളെ, പയ്യൻ ഷിപ്പിലാണ്, നമുക്ക് ഒന്ന് ആലോചിച്ചാലോ..."

"വേണ്ട അമ്മെ, അതൊന്നും ശരിയാകില്ല. സോമേട്ടൻ്റെ അമ്മയ്ക്കറിയാല്ലോ, മൂന്നാൻമ്മാർ പലതും പറയും പക്ഷേ, അവർക്കു കൊടുക്കുവാൻ നമുക്കൊന്നുമില്ല. പെണ്ണ് കണ്ടിട്ട് വിവാഹം മുടങ്ങിയാൽ എൻ്റെ കുഞ്ഞു അതെങ്ങനെ സഹിക്കും. അവൾ ചോദിക്കില്ലേ എൻ്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന്..."

"എൻ്റെ കുഞ്ഞിന് യോഗമില്ലാതെ പോയല്ലോ..."

എല്ലാം കേട്ടുകൊണ്ടാണ് വീണ വന്നത്

"അച്ഛമ്മ വിഷമിക്കേണ്ട..." വീണകുട്ടിക്കു ഈ വിവാഹം വേണ്ട. വീണകുട്ടി നന്നായി പഠിക്കുന്നുണ്ടല്ലോ..

"എൻ്റെ വീണമോളെ..."

...........................

"എല്ലാവരും ഉണ്ടല്ലോ. വാ മക്കളെ കയറിയിരിക്കു.."

"'അമ്മ എന്താ എല്ലാവരോടും കൂടെ അഭിയേട്ടൻ്റെ (രണ്ടാമത്തെ മകൻ) വീട്ടിലേയ്ക്കു വരുവാൻ പറഞ്ഞത്. എന്തെങ്കിലും കാര്യം ഉണ്ടോ.."

'അമ്മ എന്താ ഒന്നും മിണ്ടാത്തത്. അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ.."

"ഇല്ല മക്കളേ, എൻ്റെ മാതു ഉള്ളപ്പോൾ എനിക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല. പക്ഷേ.. നിങ്ങൾ മറന്ന പലതും എനിക്ക് നിങ്ങളെ ഓർമിപ്പിക്കുവാനുണ്ട്."

ഒരു നിമിഷം എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പറയാതെ തന്നെ അവർ ചെയ്യേണ്ട പലതുമുണ്ട്. എന്നിട്ടും എനിക്ക് പറയേണ്ടി വരുന്നൂ...

 "നിങ്ങൾക്ക് ഇപ്പോൾ ചേട്ടനെ ഓർമ്മ കാണില്ല. ഇന്ന് നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്കുള്ളതെല്ലാം എനിക്കും എൻ്റെ ഭാര്യക്കും മക്കൾക്കും മാത്രം ഉള്ളതാണ് എന്ന് കരുതി സോമൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് അവൻ്റെ കുട്ടികൾ ഇങ്ങനെ കഷ്ടപെടേണ്ടിവരില്ലായിരുന്നൂ. മാതുവും മണ്ടിയാണ് നിങ്ങളെ അവൾ ഇത്ര മാത്രം സ്നേഹിച്ചില്ലേ. വർഷങ്ങളോളം സ്വന്തം ഭർത്താവു കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നിങ്ങൾക്കായി അവൾ മാറ്റി വച്ചില്ലേ. നിങ്ങൾക്കായി അവൾ ഒന്നും പ്രതീക്ഷിക്കാതെ വച്ച് വിളമ്പിയില്ലേ.."

"എത്രയോ ദിവസ്സം വറ്റുകൾ മുഴുവൻ നിങ്ങൾക്കായി മാറ്റി വച്ച് അവൾ കഞ്ഞിവെള്ളം കുടിച്ചുറങ്ങി. ഗർഭിണി ആയപ്പോൾ പോലും അവൾ നിങ്ങൾക്കായി കഷ്ടപെട്ടില്ലേ.."

"നിങ്ങൾക്ക് അറിയില്ലേ... ഇന്ന് എൻ്റെ അനികുട്ടന് കോളേജിൽ പോകുവാൻ പൈസയില്ല. വീണയെ കെട്ടിക്കുവാൻ പണമില്ല."

"എൻ്റെ മാതുവിൻ്റെ കണ്ണീരു ഒരു തുള്ളി ഈ ഭൂമിയിൽ വീണാൽ നിങ്ങളുടെ ഒക്കെ സമ്പാദ്യം നശിച്ചു പോകും. ഒത്തിരി ദെണ്ണമുണ്ടെനിക്ക്. ഞാൻ ഇതു പറയാതെ എന്താ ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയില്ല അല്ലെ.."

" ഞാൻ ഇറങ്ങുന്നൂ, മുകളിൽ ഇരുന്നു എൻ്റെ മകൻ വിഷമിക്കുന്നുണ്ട് എന്ന് നിങ്ങൾ ഓർത്തോ..."

അമ്മ പോയി. അതോടെ വീട്ടിലെ പെണ്ണുങ്ങൾ കുശുകുശുപ്പു തുടങ്ങി...

"'അമ്മ അങ്ങനെ പലതും പറയും അഭിയേട്ടൻ അതൊന്നും കാര്യമാക്കേണ്ട. ഞാൻ പറയുന്നത്..."

"നീ ഒരക്ഷരം മിണ്ടരുത്..സുനന്ദ.. (അഭിയുടെ ഭാര്യ) നീ അകത്തു പോ. കൂടെ ബാക്കി നാലു പെണ്ണുങ്ങളെയും വിളിച്ചോ. പിന്നെ ഇനി ഒരക്ഷരം അമ്മയെ പറ്റിയോ ഏടത്തിയെ പറ്റിയോ അകത്തു നിന്ന് കേട്ടാൽ നിങ്ങൾ അഞ്ചിനേയും നിങ്ങളുടെ സ്വന്തം വീട്ടിൽ കൊണ്ട് പോയി ആക്കും പറഞ്ഞേക്കാം. പിന്നെ ഈ വീട്ടിലേക്കോ ഞങ്ങളുടെ ജീവിതത്തിലേയ്ക്കോ  നിങ്ങൾ അഞ്ചും തിരിച്ചു വരില്ല.."

..........................................

"അനികുട്ടാ, ആരോ കാളിങ് ബെല്ല് അടിക്കുന്നുണ്ടല്ലോ. ഒന്ന് നോക്കൂ.."

"എല്ലാവരും ഉണ്ടല്ലോ.. വാ കയറി ഇരിക്കൂ...., അമ്മെ ഇളയച്ഛൻമ്മാർ വന്നിട്ടുണ്ട്.."

"അമ്മ എവിടെ ഏടത്തി...."

"'അമ്മ അകത്തുണ്ട്. ഇപ്പോൾ വിളിക്കാം.."

"അമ്മേ......."

"ആ എല്ലാവരും ഉണ്ടല്ലോ.. എന്ത് പറ്റി പെട്ടെന്ന് ഇങ്ങനെ.."

"ഏടത്തി എന്താ ഞങ്ങളെ പറ്റി കരുതി വച്ചിരിക്കുന്നത്. ഞങ്ങൾ നന്ദി ഇല്ലാത്തവർ ആണെന്നാണോ .."

"മോനെ .. അത്.."

"ഏടത്തി ഒന്നും പറയണ്ട. തറവാട്ടിൽ നിന്ന് ഏടത്തിയെയും കുട്ടികളെയും ഞങ്ങൾ കൂട്ടി കൊണ്ട് പോകാതിരുന്നത്, നാളെ ഒരിക്കൽ ഏടത്തിക്ക് തോന്നരുത്, ഞങ്ങളുടെ വീട്ടിൽ വന്നു നിന്നതു തെറ്റായി പോയി എന്ന്. അതുകൊണ്ടു മാത്രമാണ്. ഏടത്തിയെ അവർ അവിടെ നിറുത്തി കഷ്ടപെടുത്തും. ഞങ്ങൾ വിദേശത്തായിരിക്കുമ്പോൾ നാട്ടിൽ നടക്കുന്നതൊന്നും അറിയുകയുമില്ല.ഏടത്തി ഒട്ടു ഒന്നും പറയുകയുമില്ല. ഇപ്പോൾ ഞങ്ങൾ എല്ലാവരും അമ്പലത്തിൽ ഉത്സവം ഒരുമിച്ചു കൂടണം എന്ന് തീരുമാനിച്ചു ഒരുമിച്ചെത്തിയതാണ്. ഇവിടെ എന്താ സംഭവിച്ചത് എന്ന് ഏറെക്കുറെ ഞങ്ങൾക്ക് മനസ്സിലായി.. "

"ഞങ്ങൾക്കും തെറ്റ് പറ്റി, വർഷങ്ങൾ മണലാരണ്യത്തിൽ കഷ്ടപ്പെട്ടിട്ടും ഏട്ടൻ ഒന്നും സമ്പാദിച്ചില്ല, എല്ലാം ഞങ്ങൾക്കായി ചെലവാക്കി. ഭാര്യമാരെ ഏൽപ്പിക്കാതെ ഞങ്ങൾ തന്നെ വന്നു കാര്യങ്ങൾ അന്വേഷിക്കണമായിരുന്നൂ..."

"ഇനി ഏടത്തി വിഷമിക്കരുത് കടം വീട്ടുന്നതായി കരുതുകയും ചെയ്യരുത്. ഏട്ടൻ്റെ മക്കളെ ഞങ്ങൾ നോക്കും. അവർക്കു ഒരു കുറവും ഒരിക്കലും വരില്ല.."

"വീണയെ പെണ്ണ് കാണുവാൻ ആളുകൾ വന്നോട്ടെ. അവളുടെ വിവാഹം ഞങ്ങൾ നടത്തും. അനികുട്ടൻ ഇനി ജോലിക്കു പോകേണ്ട. അവനെ ഞങ്ങൾ പഠിപ്പിക്കും.."

ആ നിമിഷം എൻ്റെ കണ്ണുകൾ നിറഞ്ഞു...

സോമേട്ടൻ ഈ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ എത്ര സന്തോഷിക്കുന്നുണ്ടാകും...

.................................

ഇന്ന് എൻ്റെ വീണമോളുടെ വിവാഹമാണ്. ഇനി എൻ്റെ കണ്ണടഞ്ഞാലും എനിക്ക് സന്തോഷമേ ഉള്ളൂ....

"ഏടത്തി, അവർ ഇറങ്ങാറായി കേട്ടോ..."

"വീണ മോളെ, അമ്മയുടെ അനുഗ്രഹം വാങ്ങിക്കു..."

"ഏടത്തി കരയരുത്. അവൾക്കു അവിടെ ഒരു കുറവും ഉണ്ടാകില്ല. ഇറങ്ങുന്ന സമയത്തു അവളെ വിഷമിപ്പിക്കേണ്ട ഏടത്തി."

അഭി എന്നെ ആശ്വസിപ്പിക്കുവാൻ നോക്കി...

സോമേട്ടൻ വിചാരിച്ചതിലും നന്നായി തന്നെ മോളുടെ വിവാഹം നടന്നൂ. അനിയത്തിമാരും അനിയന്മ്മാരും മത്സരിച്ചു തന്നെ വിവാഹം നടത്തി. ഒന്നിനും ഒരു കുറവും ഉണ്ടായില്ല.

ആദ്യമായി എൻ്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അമ്മ എന്നെ കെട്ടിപിടിച്ചൂ.

"ഇപ്പോൾ അമ്മയ്ക്ക് മനസ്സിലായി, എൻ്റെ മകൾക്കു ഇവിടെ ഒരു കുറവും ഉണ്ടാകില്ല എന്ന്. എന്നും നീ പറയാറുണ്ടായിരുന്നല്ലോ നിൻ്റെ സമ്പാദ്യം സ്നേഹം മാത്രമാണെന്ന്. ഇല്ല മോളെ അത് നീ ചെയ്ത പ്രവർത്തികളുടെ പുണ്യം കൂടിയാണ്.."

.................................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA